27 April 2024, Saturday

Related news

November 4, 2023
October 13, 2023
August 11, 2023
August 3, 2023
August 3, 2023
July 25, 2023
July 18, 2023
July 6, 2022
May 28, 2022
April 1, 2022

കലാകാരന്മാര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; സംഘടനകള്‍ക്ക് 25,000 രൂപ ധനസഹായം: ചിത്രീകരണം അവരവരുടെ നാട്ടില്‍

ബിജു കതിരോൻ
നെടുമങ്ങാട്
December 20, 2021 10:33 am

മഹാമാരിയുടെ കുത്തൊഴുക്കിൽ നിറം കെട്ടുപോയ കലാകാരന്മാരുടെ ജീവിതത്തിന് ഉണർവേകാൻ സംസ്ഥാന സർക്കാരും ലളിതകലാ അക്കാദമിയും. അടച്ചിരുപ്പിൽ വരച്ചതും മെനഞ്ഞതും ആവിഷ്ക്കരിച്ചതുമായ കലാരൂപങ്ങളും സൃഷ്ടികളും നാടിന് പരിചയപ്പെടുത്തുന്ന നവീന ആശയമാണ് വിജയകരമായി പൂർത്തിയാക്കി വരുന്നത്.
ശില്പകല, ചിത്രകല, നാടൻ കലകൾ, മറ്റ് കലാരൂപങ്ങൾ എന്നിവയുടെ മൾട്ടി മീഡിയാ മെഗാ സ്ട്രീമിങ് പ്രോഗ്രാമാണ് ദുരിത ജീവിതത്തിൽ നിന്ന് കലാകാരന്മാർക്ക് കൈത്താങ്ങാകുന്നത്. പങ്കെടുക്കുന്ന കലാകാരന്മാർക്ക് വ്യക്തിഗതമായി 2,500 രൂപയും സംഘടനകൾക്ക് 25,000 രൂപ വരെയും ലഭിക്കും. സാംസ്‌കാരിക വകുപ്പിന്റെ വെബ്‌സൈറ്റ് മുഖേനെയും സാംസ്‌കാരിക മന്ത്രിയുടെ ഔദ്യോഗിക എഫ്ബി പേജിലൂടെയും മറ്റും ഓൺലൈൻ പ്രദർശനവും അരങ്ങേറുന്നുണ്ട്. ഭാരത് ഭവനുമായി സഹകരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.
കലാകാരന്മാരെ അവരുടെ വാസസ്ഥലങ്ങളിൽ സന്ദർശിച്ചാണ് സൃഷ്ടികളും കലാപരിപാടികളും പകർത്തുന്നത്. കോവിഡ് കാരണം മുടങ്ങിപ്പോയ വെക്കേഷൻ കളരികൾ പുനരാംരംഭിക്കാനും ആർട്ടിസ്റ്റുകളുടെ ക്ഷേമം മുൻനിറുത്തി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കാനും ആലോചനയുണ്ട്. അടച്ചിരിപ്പ് ഘട്ടത്തിൽ ഓരോ ആർട്ടിസ്റ്റിനും മുപ്പത്തിനായിരം രൂപ വീതം വീടുകളിൽ എത്തിച്ചു കൊടുത്തിരുന്നു. ഇതിനു പുറമെ ചിത്രരചനയ്ക്കുള്ള കാൻവാസും കളറുകളും സൗജന്യമായി നൽകുകയും വരച്ച ചിത്രങ്ങൾ അക്കാദമി ഏറ്റെടുക്കുകയും ചെയ്തു. 300ലേറെ കുടുംബങ്ങൾക്കാണ് ഈ നടപടി ആശ്വാസമായത്.

കച്ചിത്തുരുമ്പാണ് ലളിതകലാ അക്കാദമി

ജീവിതത്തിന്റെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്ന കലാകാരന്മാർക്ക് ആകെയുള്ള പിടിവള്ളിയാണ് ലളിതകലാ അക്കാദമി. ഫൈൻ ആർട്സ് കോളജുകളിൽ നിന്ന് ആയിരത്തിലേറെ പേരും സ്കൂൾ ഓഫ് ആർട്സിൽ നിന്ന് രണ്ടായിരത്തോളം പേരും ഐടിഐകളിൽ നിന്ന് ഇതിന്റെ രണ്ടിരട്ടിയോളവും ഓരോ വർഷവും പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റുമായി തൊഴിൽ അന്വേഷിച്ച് പുറത്തിറങ്ങുന്നുണ്ട്.
സി ഡിറ്റിന്റെ ഗ്രാഫിക് ഡിസൈനർ കോഴ്സ് കഴിഞ്ഞിറങ്ങുന്ന ആയിരങ്ങൾ വേറെ. മാസംതോറും അക്കാദമി നടത്തുന്ന ഏതാനും ക്യാമ്പുകളാണ് പലരുടെയും പ്രതീക്ഷ. പങ്കെടുത്ത് ചിത്രങ്ങൾ വരച്ചു കൊടുത്താൽ മൂവായിരം രൂപ ഓണറേറിയം കിട്ടും. ക്യാമ്പിൽ എത്താനുള്ള ടിഎ, ഭക്ഷണവും താമസസൗകര്യവും കാൻവാസും കളറും ലഭിക്കും. വരയ്ക്കുന്ന ചിത്രങ്ങൾ അക്കാദമി ഏറ്റെടുത്ത് വിറ്റു പോയാൽ അതിന്റെ പങ്കും ലഭിക്കും.
ചിത്രങ്ങൾ ആവശ്യമുള്ളവരെ സ്വന്തം നിലയിൽ കണ്ടെത്താനും പ്രദർശനങ്ങൾ ഒരുക്കാനും ഇതിനിടയിൽ അവസരം ലഭിക്കുമെന്നതാണ് പ്രധാനം. സർട്ടിഫിക്കറ്റും ഐഡി കാർഡും കിട്ടുന്നതിനാൽ സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ഡ്രോയിങ് അധ്യാപകനായും ചേരാം. പ്രശസ്ത കലാകാരൻ നേമം പുഷ്പരാജ് അധ്യക്ഷനായി വന്നതിനു ശേഷം 20 ആർട്ട് ഗ്യാലറികൾ സ്ഥാപിച്ചു. കലാകാരന്മാരെയും കുടുംബാംഗങ്ങളെയും ഇൻഷുറൻസ് പരിരക്ഷയുടെ കീഴിൽ കൊണ്ടുവരികയും ചെയ്തു.

സമാശ്വാസം അരങ്ങിലും അണിയറയിലും

നാടക, ബാലെ ട്രൂപ്പുകൾക്കും സർക്കാരിന്റെ നവീന ആശയം കരുത്ത് പകരും. അരങ്ങിലും അണിയറയിലും ഉള്ള കലാകാരന്മാർക്കൊപ്പം പ്രൊഫഷണൽ ആർട്ടിസ്റ്റുകൾക്കും ആനുകൂല്യം ലഭിക്കും. കട്ടൗട്ടും കർട്ടനും ചെയ്യുന്നതിന് ലക്ഷങ്ങളുടെ ഓർഡറാണ് ഓരോ സീസണിലും ഈ വിഭാഗം കലാകാരന്മാർക്ക് ലഭിച്ചിരുന്നത്. ഇവരുൾപ്പെടുന്ന 200 ഓളം സമിതികളാണ് ജില്ലയിലുള്ളത്. ഒരു സമിതിയിൽ കുറഞ്ഞത് 15 അംഗങ്ങളെങ്കിലും ഉണ്ടാവും. വൃശ്ചികം മുതൽ നാല് മാസത്തെ സീസണാണ് ആകെ ലഭിക്കുക. തുടർച്ചയായ അടച്ചിരുപ്പിൽ രണ്ടുവർഷത്തെ സീസൺ നഷ്ടമായി. ബാങ്ക് വായ്പയായും മറ്റും പണം കണ്ടെത്തി ട്രൂപ്പ് തുടങ്ങിയവർ പലരും ഭാരിച്ച ബാധ്യതകൾക്ക് മുന്നിൽ നിസഹായരാണ്. സ്വയം തൊഴിൽ എന്ന നിലയിൽ ബാങ്ക് വായ്പ എടുത്ത് ഫ്ലക്സ് പ്രിന്റിങ് യൂണിറ്റുകൾ ആരംഭിച്ചവരും കടക്കെണിയിലാണ്. 150 ഓളം ഫ്ലക്സ് യൂണിറ്റുകളിലായി 500 ലധികം കുടുംബങ്ങളാണ് ജീവിത മാർഗം കണ്ടെത്തിയിരുന്നത്. റെക്കോഡിങ് സ്റ്റുഡിയോ കലാകാരന്മാരും ഈ പട്ടികയിൽ വരുന്നവരാണ്.

 

മാതൃകാപരം: മാങ്കോട് രാധാകൃഷ്ണൻ

ചുമരെഴുത്തുകാരും സ്റ്റേജ് ആർട്ടിസ്റ്റുകളും അടക്കമുള്ള കലാകാരന്മാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് എൽഡിഎഫും സർക്കാരും നൽകുന്ന മുൻഗണന അഭിനന്ദനാർഹവും മാതൃകാപരവുമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. സർഗാത്മക സൃഷ്ടികളുടെ പ്രചാരണവും പ്രതിഭകളുടെ സംരക്ഷണവും എൽഡിഎഫ് നയമാണെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

Eng­lish Sum­ma­ry: Rs 25,000 finan­cial assis­tance to arts orga­ni­za­tions par­tic­i­pat­ing in megas­tream­ing; The film­ing is theirs

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.