1 May 2024, Wednesday

ഒരുപാട് വായിക്കുന്ന സുരേഷ്ഗോപി!

ദേവിക
വാതിൽപ്പഴുതിലൂടെ
October 31, 2023 4:30 am

പുസ്തകങ്ങള്‍ വെറുതേയങ്ങ് വായിച്ചുതള്ളിയാല്‍ പോര, അത് ജീവിതത്തില്‍ പകര്‍ത്തുക കൂടി ചെയ്യണമെന്ന് നിഷ്ഠയുള്ളവനാണ് നമ്മുടെ ഓമല്‍താരം സുരേഷ് ഗോപി. ഈയിടെ ഐക്യരാഷ്ട്രസഭ ഒരു കണക്ക് പുറത്തിറക്കിയപ്പോഴാണ് സുരേഷ് ഗോപിയടക്കമുള്ള വൃദ്ധര്‍ക്ക് ശ്വാസം നേരെ വീണത്. 18 വയസുമുതല്‍ 65 വരെയാണ് യൗവനം. 79 വരെ മധ്യവയസ്. 80 കഴിഞ്ഞാല്‍ മാത്രമേ വാര്‍ധക്യമാകൂ. വൃദ്ധരെ സുഖിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ ഈ കണക്കുകണ്ട് നടന്‍ ആര്‍പ്പുവിളിച്ചു. 1958 ജൂണ്‍ 25ന് ഭൂജാതനായ തനിക്കിപ്പോള്‍ പ്രായം വെറും 65. ലക്ഷണമൊത്ത യുവാവ്. യുവചാപല്യങ്ങളുടെ ലക്ഷണമൊത്ത പ്രായം. യുഎന്‍ കണക്കു പറഞ്ഞത് തന്നെ തല്ലുകൊള്ളിക്കാനാണോ എന്നൊന്നും സുരേഷ്ഗോപി ഓര്‍ത്തില്ല. മുപ്പതുകാരി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കയ്യിട്ടും ശരീരം പിടിച്ചുകുലുക്കിയും സുരേഷ്‌ഗോപി പാടി; ‘നമുക്കൊരേ പ്രായം നമുക്കൊരേ മോഹം’. പെണ്‍കുട്ടി കെെ തട്ടിമാറ്റിയിട്ടും അയാള്‍ പിന്നെയും അവളുടെ ചുമലില്‍ പിടിച്ചുകൊണ്ടുപാടി; ‘കയ്യില്‍ നിന്നെ കിട്ടിയാലൊരു കലാകാരിയാക്കും.’ എന്ത് പോക്രിത്തരമാടോ കാണിക്കുന്നതെന്ന് ഒപ്പമുണ്ടായിരുന്ന മാധ്യമ ആണ്‍പുലികള്‍ ഉരിയാടി പോലുമില്ല. ഒടുവില്‍ പത്രപ്രവര്‍ത്തകയൂണിയനും വനിതാ കമ്മിഷനുമൊക്കെ രംഗത്തിറങ്ങി. പീഡിതയായ മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കി, അവര്‍ കേസെടുത്തു. പീഡിതയുടെ മൊഴിയും രേഖപ്പെടുത്തി. ഇത്രത്തോളമായപ്പോഴാണ് യുഎന്‍ കണക്കുകള്‍ തന്നെ വെട്ടിലാക്കിയെന്ന് നടന് തോന്നിയത്.


ഇതുകൂടി വായിക്കൂ: കിഡ്നിക്കും ഒരു ആചാരവെടി!


എന്നാല്‍ യുഎന്‍ കണക്കുകളല്ല, മഹാത്മാഗാന്ധിയില്‍ നിന്നാണ് തോളില്‍ കയ്യിടുന്നതിനുള്ള പ്രചോദനം സുരേഷ്ഗോപിക്ക് ലഭിച്ചതെന്നാണ് ബിജെപിക്കാരുടെ പക്ഷം. മഹാത്മാഗാന്ധി പണ്ട് ആഭാ മെയ്തിയുടെയും സരോജിനി നായിഡുവിന്റെയും ഡോ. സുശീലാ നയ്യാരുടെയും തോളില്‍ കയ്യിട്ടു നടന്നില്ലേ. അവര്‍ അന്ന് ചെറുതരക്കാരികളായ സുന്ദരിമാര്‍ ആയിരുന്നില്ലേ എന്നൊക്കെയാണ് സംഘികളുടെ ചോദ്യം! അതായത് മഹാത്മാഗാന്ധിയും മഹാത്മാഗോപിയും സമശീര്‍ഷര്‍. ഒരുപാട് വായിച്ചും ചരിത്രം പഠിച്ചും കിട്ടിയ അറിവുകളുടെ പ്രയോഗത്തില്‍ വന്ന കയ്യബദ്ധമാണിതെന്ന് വിളിച്ചുകൂവി സുരേഷ്‌ഗോപി മാപ്പ് പറയുന്നു. പെരുംകള്ളന്റെ മാപ്പപേക്ഷ! മാപ്പ് തങ്ങളുടെ ജന്മാവകാശമാണെന്ന് സുരേഷ്‌ഗോപിയുടെ ന്യായീകരണം. 1911‍ ഓഗസ്റ്റ് 30ന് തങ്ങളുടെ ആചാര്യന്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് എഴുതിക്കൊടുത്ത മാപ്പപേക്ഷ അംഗീകരിച്ച ചരിത്രദിനമല്ലേ എന്ന ചോദ്യത്തോടെയുള്ള ന്യായീകരണം. എന്തിനേറെ കര്‍ഷകസമരകാലത്ത് സര്‍വാപരാധവും പൊറുത്ത് മാപ്പ് നല്‍കണമെന്ന് മോഡിജി അപേക്ഷിച്ചിട്ടില്ലേ. പിന്നെയാണോ ഞാനെന്ന ഷിറ്റ്! എന്തായാലും സാംസ്കാരികകേരളം ഒറ്റക്കെട്ടായി പറയുന്നു, കയ്യെടുക്കടോ പെണ്ണിന്റെ തോളില്‍ നിന്ന്…


ഇതുകൂടി വായിക്കൂ: ഉദയനിധി സ്റ്റാലിനും സനാതനധർമ്മ നിര്‍മ്മാര്‍ജന സിദ്ധാന്തവും


ഒരു രംഗം ഓര്‍ത്തുനോക്കു, 56 ഇഞ്ച് നെഞ്ചളവുള്ള ഒരാള്‍ വന്ന് ഒരു യുവാവിനോട് പറയുന്നു; എടോ തന്റെ തന്തയുടെ പേര് ചടയമംഗലം ചന്ദ്രശേഖരപിള്ള എന്നല്ല അരുമാനൂര്‍ അപ്പുക്കുട്ടന്‍ പിള്ള എന്നാണ്. ആ അപ്പുക്കുട്ടന്‍ പിള്ള ഞാനാണ്. നിന്റെ യഥാര്‍ത്ഥ തന്തപ്പടി. ഇത് കേള്‍ക്കുന്ന പയ്യന്‍ ഒന്നുകില്‍ സ്തബ്ധനായി നില്‍ക്കും. അതല്ലെങ്കില്‍ അരുമാനൂര്‍ അപ്പുക്കുട്ടന്‍ പിള്ളയുടെ ചെപ്പക്കുറ്റി അടിച്ചു മെെതാനമാക്കും. അത് സാധാരണ ജീവിതത്തിലെ ഒരു കാര്യം. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ വന്ന് നമ്മുടെയെല്ലാം ജനയിതാവ് താനാണെന്ന് അവകാശപ്പെട്ടാലോ. സാധാരണഗതിയില്‍ തന്തയെ മാറ്റുന്ന ഈ അവകാശവാദത്തിന് കവളിമടലോ കടലാവണക്കിന്‍ പത്തലോ കൊണ്ട് പൊതിരെത്തല്ലി ഇഞ്ചപ്പരുവമാക്കുകയല്ലേ ചെയ്യുക. കാണുന്ന നല്ലതിന്റെയെല്ലാം പിതൃത്വം അവകാശപ്പെടുന്ന മോഡി, ചന്ദ്രനില്‍ പേടകമിറക്കിയതിനും കാരണക്കാരന്‍ താനാണെന്നു വാദിക്കുന്നു. ഇപ്പോഴിതാ മുറത്തില്‍ കേറിയും കൊത്തുന്നു. വിശ്വമഹാകവി രവീന്ദ്രനാഥടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാലയുടെ സ്മാരകശില തന്നെ പിഴുതു കുളത്തിലെറിഞ്ഞിരിക്കുന്നു. പകരം സ്ഥാപിച്ച ഫലകത്തില്‍ ടാഗോറിന്റെ പേരിനു പകരം നരേന്ദ്ര മോഡിയെന്ന് കുറിച്ചുവച്ചിരിക്കുന്നു. ചടയമംഗലം ചന്ദ്രശേഖരപിള്ളയുടെ മകനോട് താനാണ് നിന്റെ പിതാശ്രീ എന്നു പറയുന്ന അരുമാനൂര്‍ അപ്പുക്കുട്ടന്‍ പിള്ളയുടെ പണി. തന്തയില്ലാപ്പണിയെന്നല്ലാതെ ഇതിനെന്ത് പേരിടും ഏറ്റുമാനൂരപ്പാ!
ഇതിനെല്ലാമിടയില്‍ മറ്റൊരു അഭ്യൂഹവും പരക്കുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി എന്ന കൃതിക്ക് നൊബേല്‍ സമ്മാനത്തോടൊപ്പം ലഭിച്ച സ്വര്‍ണപ്പതക്കം കാണാതായിട്ട് അടുത്ത മാര്‍ച്ചില്‍ 20 വര്‍ഷം തികയും. അന്നുമുതല്‍ അന്വേഷണമാണ്. ‘പണിതിട്ടും പണിതിട്ടും പണിതീരാത്ത പ്രപഞ്ച മന്ദിരം’ പോലുള്ള അന്വേഷണം. മോഡി ഭരണം വന്നശേഷം സിബിഐ അന്വേഷണമായിട്ടും കാര്യം തഥെെവ. ഒരുനാള്‍ ഗീതാഞ്ജലിയുടെ കര്‍ത്താവ് താനെന്ന് അവകാശപ്പെട്ട് നൊബേല്‍ പതക്കവുമണിഞ്ഞ് ചെങ്കോട്ടയില്‍ നിന്ന് മോഡി രാഷ്ട്രത്തോട് സംസാരിക്കുന്നതു കാണാനും കേള്‍ക്കാനുമുള്ള സൗഭാഗ്യമുണ്ടാകുമെന്ന് നമുക്കും സ്വപ്നം കാണാം. ‘സ്വപ്നം ചിലര്‍ക്ക് ചിലകാലമൊത്തിടാം’ എന്നല്ലേ പ്രമാണം!


ഇതുകൂടി വായിക്കൂ: മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ജലരാജന്‍


ഭാഷയിലെ നാനാര്‍ത്ഥങ്ങള്‍ എന്തെല്ലാം അനര്‍ത്ഥങ്ങളാണുണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ഒരുകൂട്ടം യുവാക്കളെ വിരട്ടി പൊലീസ് കെെക്കൂലി വാങ്ങിയെന്നാണ് പരാതി. സുഹൃത്തുക്കളായ യുവാക്കള്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ അവന്‍ ഒരു ‘വീഡ്’ ആണെന്ന് പറഞ്ഞതാണത്രേ കുറ്റം. സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണ് കഞ്ചാവിന് ‘കള’ എന്നുപറയുക. ഒരുപണിയും ചെയ്യാതെ പരാന്നഭോജിയായിക്കഴിയുന്ന സുഹൃത്തിനെയാണ് അവര്‍ കളയെന്നു വിശേഷിപ്പിച്ചത്. പക്ഷെ പൊലീസിന്റെ നിഘണ്ടുവില്‍ വീഡിന് കഞ്ചാവെന്ന അര്‍ത്ഥമേയുള്ളു, നാനാര്‍ത്ഥമില്ല. ‘വീഡ്’ എന്ന് വിളിച്ചവനെ കാട്ടിക്കൊടുക്കണം; അല്ലെങ്കില്‍ കേസ്. കേസ് വേണ്ടെങ്കില്‍ പണമെടുക്ക്. അങ്ങനെ വീഡും കെെക്കൂലി വിഷയമായെന്നാണ് പൊലീസുകാര്‍ക്കെതിരെ കേസ്. ഭാഷയുണ്ടാക്കുന്ന അനര്‍ത്ഥങ്ങള്‍ക്ക് ഉദാഹരണമായിരുന്നു ഈയിടെ കേരളത്തിലുണ്ടായ മറ്റൊരു സംഭവം. സ്ഥിരം ബഹളമുണ്ടാക്കുന്ന ഒരു വൃദ്ധനെക്കുറിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. ഒരു വനിതാ സബ് ഇന്‍സ്പെക്ടര്‍ അന്വേഷണത്തിന് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. വൃദ്ധന്‍ ഒട്ടും കരുത്തുചോരാതെ പെണ്‍ എസ്ഐയെ മര്‍ദിച്ചു. ചാനലുകള്‍ ഈ വാര്‍ത്ത ജനങ്ങളെ അറിയിച്ചത് നാനാര്‍ത്ഥത്തില്‍. വനിതാ എസ്ഐയെ ‘മുടിക്കുത്തിനു‘പിടിച്ച് മര്‍ദിച്ചുവെന്ന് ഒരുകൂട്ടം ചാനലുകള്‍. ‘മടിക്കുത്തിന്’ പിടിച്ച് ആക്രമിച്ചുവെന്ന് മറ്റൊരു കൂട്ടര്‍. അക്രമി ആണായതിനാല്‍ രണ്ടാം കൂട്ടരുടെ വാര്‍ത്ത നമുക്ക് വിശ്വസിക്കാം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.