1 May 2024, Wednesday

Related news

October 4, 2023
September 10, 2023
August 24, 2023
November 13, 2022
November 3, 2022
October 29, 2022
October 24, 2022
October 23, 2022
October 12, 2022
September 12, 2022

ഒരു സ്കൂള്‍ സ്വപ്നം

നിവേദിത വിവേക്
ക്ലാസ്-3 ഗവ. യുപിഎസ് കീഴ്‌മാട് ആലുവ
September 27, 2021 4:39 am

ഴത്തുള്ളികള്‍ മുറ്റത്ത് വീണ് ചിന്നിച്ചിതറിക്കൊണ്ടിരിക്കുന്നു. കതകു തുറന്നപ്പോള്‍ മുറിക്കകത്തേക്ക് തണുപ്പരിച്ചു കയറി. അപ്പു പുതപ്പിനുള്ളിലേക്ക് ഒന്നുകൂടി ചുരുണ്ടുകൂടി.

“ചിന്നൂ, സ്കൂള്‍ ബസ് വരാറായി. ഇപ്പഴേ നടന്നാലേ ബസ് കിട്ടൂ.” അമ്മയുടെ ശബ്ദം കേട്ട് അവന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു. കണ്ണ് തിരുമ്മി ഉമ്മറത്തേക്ക് വന്നു. ചേച്ചി സ്കൂള്‍ യൂണിഫോമൊക്കെ ഇട്ട് ബാഗുമെടുത്ത് ഇറങ്ങാന്‍ തയാറായി നില്ക്കുന്നു. അതു കണ്ടപ്പോള്‍ അപ്പുവിന് വിഷമമായി. എങ്കിലും അടുത്ത വര്‍ഷം ചേച്ചിയുടെ പാവാടയ്ക്കു പകരം ചാരനിറമുള്ള നിക്കറും കറുപ്പും വെളുപ്പും കളങ്ങളുള്ള ഷര്‍ട്ടും ചുവന്ന ടൈയും വെളുത്ത സോക്സും കറുത്ത ഷൂസുമൊക്കെയിട്ട് നില്ക്കുന്ന തന്റെ രൂപം ഓര്‍ത്തപ്പോള്‍ അവന്റെ ചുണ്ടില്‍ അറിയാതൊരു പുഞ്ചിരി വിരിഞ്ഞു. ചേച്ചി അവനൊരുമ്മയും കൊടുത്ത് കുടയും ചൂടി അമ്മയുടെ കൂടെ ഇറങ്ങി.

എന്നെയാണെങ്കില്‍ വെള്ളത്തിലിറങ്ങാന്‍ അമ്മ സമ്മതിക്കില്ല. പനി പിടിക്കുമത്രേ. കു‍ഞ്ഞാന്നു പറഞ്ഞ് കൂട്ടുകാരോടൊപ്പം കളിക്കാനും വിടില്ല. വെള്ള ഉടുപ്പും ഇട്ടുതരില്ല. ചേച്ചി ചില ദിവസം വെള്ള ഉടുപ്പും ചെരുപ്പും വളയും മാലയും ഒക്കെയണിഞ്ഞ് പോകുന്നതു കണ്ടാല്‍ വെള്ളപ്പൂമ്പാറ്റ പറന്നുപോകുന്നതു പോലെയുണ്ട്. ആ ദിവസത്തിനൊക്കെ ഓരോ പേരും പറയും. ശിശുദിനമാണ് ആകെ അറിയാവുന്നത്. സ്കൂളിലാണെങ്കില്‍ കളിക്കാന്‍ കൂട്ടുകാരുണ്ടാവും. മഴയത്ത് വെള്ളമൊക്കെ ചവുട്ടിത്തെറിപ്പിച്ച് പോകാം. ചേച്ചി സ്കൂളില്‍ പോകാന്‍ മടി പിടിച്ചിരിക്കുമ്പൊഴൊക്കെ മുത്തശ്ശി പറയും: “ജീവിതത്തിലെ ഏറ്റവും നല്ല സമയം ഇതാണെന്ന്” അത് കേള്‍ക്കുമ്പോള്‍ എനിക്ക് കൊതി കൂടും. സ്കൂളില്‍ പോകാന്‍ അപ്പുവിന്റെ കുഞ്ഞുമനസ് ചിന്തയിലാണ്ടു.
ദിവസങ്ങള്‍ കഴിഞ്ഞു. ചിന്നുവിന് പരീക്ഷയായി. അമ്മ ചിന്നുവിനെ എപ്പോഴും പഠിപ്പിക്കലാണ്. ചിന്നു ആകെ ദേഷ്യത്തിലാണ്. പക്ഷേ അപ്പുവിന് മാത്രം സന്തോഷമാണ്. ഇത് കൊല്ലപ്പരീക്ഷയാണ്. ഇതിന്റെ അവധി കഴിഞ്ഞാല്‍ സ്കൂള്‍ തുറക്കും.
അപ്പോഴാണ് ഇടിവെട്ടേറ്റതുപോലെ ആ വാര്‍ത്ത നാടിനെ നടുക്കിയത്. കൊറോണ എന്നൊരു മഹാമാരി നാടിനെ വിഴുങ്ങാനൊരുങ്ങുന്നു. അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരുകള്‍ നടപടിയെടുത്തു. ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചു. സ്കൂളുകളൊക്കെ അടച്ചുപൂട്ടി. പരീക്ഷ വേണ്ടെന്നു വച്ചു. ചേച്ചിക്ക് വലിയ സന്തോഷമായി. അച്ഛന്‍ ജോലിക്ക് പോകാതായി.

എല്ലാവരും കൂടി വീട്ടില്‍ വലിയ സന്തോഷമായിരുന്നു. ആദ്യമായി അച്ഛന്‍ അമ്മയോടൊപ്പം അടുക്കളയില്‍ പണികളൊക്കെ ചെയ്യുന്നത് കണ്ടപ്പോള്‍ പുതിയ അനുഭവമായിരുന്നു. അപ്പുവും ചേച്ചിയും മുത്തശ്ശിയും കൂടി പലതരം കളികള്‍ കളിച്ചു.
ചില നിയന്ത്രണങ്ങള്‍ വച്ചുകൊണ്ട് വീണ്ടും ലോകം പഴയപടി ആയിത്തുടങ്ങി. അച്ഛന്‍ ജോലിക്കു പോയെങ്കിലും ചേച്ചിക്ക് സ്കൂളില്‍ പോകേണ്ടാത്തതിന്റെ സന്തോഷമായിരുന്നു. ടിവിയിലാണ് ക്ലാസ്. അതും വളരെ കുറച്ച് സമയം. അപ്പുവിന്റെ ടീച്ചര്‍ അമ്മയുടെ ഫോണിലേക്ക് പഠിക്കാനുള്ളതൊക്കെ അയച്ചുകൊടുക്കും. കൂട്ടുകാരേയും ടീച്ചറേയുമൊക്കെ നേരില്‍ കാണാന്‍ അപ്പുവിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. കൊതിച്ച് കൊതിച്ച് സ്കൂളില്‍ പോകാനിരുന്ന എനിക്ക് മാത്രം അതിന് പറ്റുന്നില്ലല്ലോ. അപ്പുവിന് പഠിക്കാനൊന്നും ഉത്സാഹമില്ലാതെയായി. അവന്റെ കുഞ്ഞുമനസ് ഒരുപാട് വേദനിച്ചു.

അച്ഛന്‍ ടിവിയില്‍ വാര്‍ത്ത കണ്ടപ്പോള്‍ അപ്പുവും മടിയില്‍ കയറിയിരുന്നു. ഒന്നും ശ്രദ്ധിക്കാതെ ടിവിയിലേക്ക് വെറുതെ കണ്ണും നട്ടിരുന്നു. “മായേ, കോവിഡിന് വാക്സിന്‍ ഇന്ത്യയില്‍ തന്നെ കണ്ടുപിടിച്ചൂട്ടോ” അച്ഛന്‍ അടുക്കളയിലേക്ക് നോക്കി അമ്മ കേള്‍ക്കാനായി വിളിച്ചു പറഞ്ഞു. അമ്മ സന്തോഷത്തോടെ ഓടിവന്നപ്പോള്‍ വാക്സിന്‍ എന്താണെന്ന് അപ്പു അച്ഛനോട് ചോദിച്ചു. അവന്റെ കണ്ണുകള്‍ വിടര്‍ന്നു. “അപ്പോ, സ്കൂളും തുറക്കുമല്ലോ?” “സ്കൂളൊക്കെ തുറക്കൂടാ അപ്പുക്കുട്ടാ” അച്ഛന്‍ ചിരിച്ചുകൊണ്ട് അവന്റെ കവിളില്‍ മൃദുവായി നുള്ളി.
അപ്പു ചിരിച്ചു. നാളുകള്‍ക്ക് ശേഷം മനോഹരമായി ചിരിച്ചു. അവന്റെ മനസില്‍ വീണ്ടുമാ സ്വപ്നം മുള പൊട്ടി. പുത്തനുടുപ്പും കുടയും ഷൂസുമൊക്കെയായി കൂട്ടുകാരോടൊപ്പം സ്കൂളില്‍ പോകുന്ന സ്വപ്നം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.