26 December 2024, Thursday
KSFE Galaxy Chits Banner 2

നിഗൂഢതകളുടെ കടലാഴം

ടി കെ അനിൽകുമാർ 
August 28, 2024 12:27 pm

എവറസ്റ്റ് കൊടുമുടിയെപോലും ഉള്ളിലൊതുക്കുവാൻ കഴിയുന്ന ആഴം. ഇരുമ്പുഗോളത്തെ നിമിഷനേരംകൊണ്ട് തവിടുപൊടിയാക്കാൻ ശേഷിയുള്ള സമ്മർദ്ദം. മൃദുവായ ശരീരഘടനയുള്ള ജല്ലിഫിഷുകൾ മുതൽ കോടാനുകോടി വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതായി കരുതുന്ന കൂറ്റൻ സ്രാവുകൾ വരെയുള്ള ജീവികളുടെ ആവാസകേന്ദ്രം. മരിയാന ട്രഞ്ചിന് ഇങ്ങനെ വിശേഷണങ്ങൾ അനവധിയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ നിഗൂഢതകൾ പതിയിരിക്കുന്ന കടലാഴം. പ്രകൃതി ഒളിപ്പിച്ചുവെച്ച ഈ നിഗൂഢത തേടിയുള്ള ശാസ്ത്രലോകത്തിന്റെ യാത്രയ്ക്ക് 60 വർഷത്തോളം പഴക്കമുണ്ട്. പസഫിക്ക് സമുദ്രത്തിലെ ജപ്പാൻ, ഫിലിപ്പീൻസ്, ന്യൂഗിനിയ, പാവുവ എന്നീ രാജ്യങ്ങൾക്കിടയിൽ 2500 കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഈ വിസ്മയ ലോകത്തിൽ കടലോളമുണ്ട് ദുരൂഹത. സമുദ്രത്തിന്റെ ശരാശരി ആഴം 3.7 കിലോമീറ്റർ ആണെങ്കിൽ 11 കിലോമീറ്ററോളം ആഴമുണ്ട് ഈ രഹസ്യ കടലിന്. ‘നമ്മുടെ ലോകത്തിലെ മറ്റൊരു ലോകം’ എന്നാണ് ശാസ്ത്രജ്ഞർ മരിയാന ട്രഞ്ചിനെ വിശേഷിപ്പിക്കുന്നത്.

അതിരുകളില്ലാത്ത വിസ്മയലോകം.
ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ ഭാഗമായ മൗണ്ട് എവറസ്റ്റിന്റെ ഉയരം 8848 മീറ്ററാണ്. ഏകദേശം 9 കിലോമീറ്ററിൽ താഴെ. എന്നാൽ മരിയാന ട്രഞ്ചിന്റെ ആഴം 10, 994 മീറ്റർ വരും. അതായത് 11 കിലോമീറ്ററോളം. ഇതിന്റെ ആഴങ്ങളിൽ എന്തുനടക്കുന്നു എന്നതിന് ശാസ്ത്രലോകത്തിന് പോലും കൃത്യമായ ഉത്തരമില്ല. മരിയാന ട്രഞ്ചിൽ പോയതിനേക്കാൾ കൂടുതൽ തവണ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തി. അത്രയേറെ സാഹസികത നിറഞ്ഞതാണ് ഈ കടൽ താഴ്‌വരയിലേക്കുള്ള യാത്ര. അത്ഭുതവും ഭീതിയും വിളംബരം ചെയ്യുന്ന ഈ പ്രദേശം 17 കോടി വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ടതായാണ് കരുതുന്നത്. പസഫിക്ക് ഭൂഖണ്ഡം മരിയാന ഭൂഖണ്ഡവുമായി കൂട്ടിയിടിച്ചാണ് ഈ വിസ്മയ താഴ്‌വര രൂപം കൊണ്ടതെന്നാണ് ശാസ്ത്ര നിഗമനം.. ഭൂമിയിലെ കരഭാഗത്തേയും കടൽഭാഗത്തേയും പ്ലേറ്റുകൾ എന്ന് വിളിക്കുന്ന ഭാഗങ്ങൾ തമ്മിൽ നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുന്നുണ്ട്. ഇവയുടെ കൂട്ടിയിടി ഒരു ഭാഗത്ത് കൊടുമുടികൾ സൃഷ്ടിക്കുമ്പോൾ മറുഭാഗത്ത് കൂറ്റൻ കിടങ്ങുകൾക്കും രൂപം നൽകുന്നു. വിശാലമായ സമുദ്രത്തിലെ ഒറ്റപ്പെട്ട ഭാഗത്ത് സ്ഥിതി ചെയ്യുന്ന മരിയാന ട്രഞ്ചിന് സമീപത്തായി നിരവധി ദ്വീപുകളും സ്ഥിതി ചെയ്യുന്നു. മലനിരകളും മലയിടുക്കുകളും നിറഞ്ഞ മേഖലകൂടിയാണിത്.

ചലഞ്ചർ ഡീപ്പ്

 

മരിയാന ട്രഞ്ചിന്റെ ഏറ്റവും ആഴം കൂടിയ ഭാഗമാണ് ചലഞ്ചർ ഡീപ്പ്. സമുദ്ര നിരപ്പിനേക്കാൾ ആയിരം മടങ്ങാണ് ഇവിടുത്തെ സമ്മർദ്ദം. ഒരു മനുഷ്യന്റെ ശിരസ്സിൽ 59 ഓളം ജംബോ ജറ്റ് വിമാനങ്ങൾ വെച്ചാൽ ഉണ്ടാകുന്ന മർദ്ദത്തിന് തുല്യം. അസ്ഥികളെപോലും മരവിപ്പിക്കുന്ന തണുപ്പും സൂര്യപ്രകാശത്തിന്റെ ലഭ്യതകുറവും ചലഞ്ചർ ഡീപ്പിനെ വ്യത്യസ്തമാക്കുന്നു. ഭൂമിയുടെ ഉപരിതലത്തിലുള്ള ഏറ്റവും ആഴം കൂടിയ പ്രദേശമാണിത്. 11,033 മീറ്ററാണ് ഇവിടുത്തെ ആഴം. പസഫിക് സമുദ്രത്തിലെ ഗ്യാം, മരിയാന ദ്വീപുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ കിടങ്ങിന് 69 കിലോമീറ്റർ വീതിയുണ്ട്. ഓക്സിജന്റെ അഭാവമുള്ള ഇവിടുത്തെ വൈവിധ്യം നിറഞ്ഞ ജീവസാന്നിദ്ധ്യം ശാസ്ത്രലോകത്തെ പോലും വിസ്മയിപ്പിക്കുന്നു.

ദുരൂഹത തേടി ശാസ്ത്രലോകം
1800 ൽ ലോകഭൂപടം തയ്യാറാക്കാൻ ഇറങ്ങിത്തിരിച്ച കപ്പൽ സഞ്ചാരികളാണ് മരിയാന ട്രഞ്ചിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. സമുദ്രയാത്രകളിൽ അപകടം ഒഴിവാക്കാനായി ആഴം കൂടിയ പ്രദേശങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യവും ഇവർക്കുണ്ടായിരുന്നു. നീളമുള്ള ചരടിൽ ഈയകട്ടകൾ കെട്ടിയാണ് ഇവർ കടലിന്റെ ആഴം അളന്നത്. മരിയാന ട്രഞ്ചിലെത്തിയ ഇവരെ സ്വീകരിച്ചതാകട്ടെ അവിശ്വസനീയമായ വിവരങ്ങളും. നാല് കിലോമീറ്ററോളം ചരട് താഴെ എത്തിയിട്ടും വീണ്ടും ആഴം അവശേഷിക്കുന്നു. ഈ വിവരം ലോകത്തെ ഞെട്ടിച്ചു. മരിയാന ട്രഞ്ചിന്റെ ആഴങ്ങളിൽ ദൈവം കുടിയിരിക്കുന്നു എന്ന പ്രചരണവും അന്നുണ്ടായി. 1951 ൽ റോയൽ നേവിയുടെ എച്ച് എം എസ് ചലഞ്ചർ‑2 എന്ന കപ്പലിലൂടെയാണ് മരിയാന ട്രഞ്ചിന്റെ യഥാർത്ഥ വിവരം പുറത്തുവന്നത്. സോളാർ സിസ്റ്റം ഉപയോഗിച്ച് അവർ 10, 900 മീറ്ററോളം ആഴം അളന്നെടുത്തു. ഈ കപ്പലിന്റെ ഓർമ്മയ്ക്കായാണ് മരിയാന ട്രെഞ്ചിന്റെ ആഴം കൂടിയ ഭാഗത്തിന് ചലഞ്ചർ ഡീപ്പ് എന്ന പേരിട്ടത്. 1960 ൽ ജപ്പാൻ സ്വദേശികളായ മുങ്ങൽ വിദഗ്ധരും ട്രഞ്ചിന്റെ ആഴത്തെ കുറിച്ച് പഠിക്കാൻ ഇറങ്ങി. 1995 ൽ കൈക്കോ എന്ന മുങ്ങികപ്പലും 2009 ൽ ഹേരിയാസ് എന്ന മുങ്ങികപ്പലും ‍ചലഞ്ചർ ഡീപ്പിന്റെ അടിത്തട്ടിലെത്തി. ഇവിടുത്തെ ശക്തമായ സമ്മർദ്ദം ശാസ്ത്രലോകത്തിന്റെ നിരീക്ഷണങ്ങൾക്ക് മുന്നിൽ പടിയടച്ചു.

സാഹസികരുടെ ഇഷ്ടലോകം
സാഹസിക സഞ്ചാരികളുടെ ഇഷ്ടലോകമാണ് മരിയാന ട്രഞ്ച്. ലോകത്തിലെ ആഴം കൂടിയ ഈ കടൽ വിസ്മയത്തെ തൊട്ടറിയാൻ നിരവധിപേരാണ് എത്തുന്നത്. വിവാഹം ഉൾപ്പെടെയുള്ള ഒട്ടേറെ ചടങ്ങുകൾക്കും ഇവിടം വേദിയാകുന്നു. കപ്പലുകളിലും ബോട്ടുകളിലുമായി എത്തുന്ന സഞ്ചാരികൾ മരിയാന ട്രഞ്ചിനെ വിസ്മയത്തോടെയാണ് നോക്കിക്കാണുന്നത്. സ്കൂബാ ഡൈവിംഗ് ചെയ്യുന്നവരുടേയും ഇഷ്ടകേന്ദ്രം കൂടിയാണിത്. മനുഷ്യരുടെ സമ്പർക്കം മൂലം മരിയാന ‍ട്രഞ്ചിന്റെ ആഴങ്ങളിൽ മാലിന്യം കുന്നുകൂടുന്നതായി നിരവധി പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ന്യൂകാസ് സർവ്വകലാശാല നടത്തിയ പഠനത്തിൽ ചലഞ്ചർ ഡീപ്പിൽ മനുഷ്യ നിർമിതമായ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തി. ഇവിടെ നിന്നും പ്ലാസ്റ്റിക് കഷണങ്ങൾ കണ്ടെടുത്തിരുന്നു. വ്യാവസായിക അപകടങ്ങളിലൂടെ പുറംതള്ളുന്ന രാസമാലിന്യങ്ങളുടെ സാന്നിദ്ധ്യവും ഇവിടെ ദൃശ്യമായിട്ടുണ്ട്.

വിചിത്രജീവികളുടെ സങ്കേതം


മനുഷ്യൻ അറിഞ്ഞതും അറിയാത്തതുമായ ആയിരണക്കണക്കിന് വിചിത്രജീവികളുടെ സങ്കേതം കൂടിയാണ് മരിയാന ട്രഞ്ച്. ഇരുന്നൂറോളം സൂക്ഷ്മാണുജീവികളും ഒട്ടേറെ ഭീമൻ കടൽജീവികളും ഇവിടെ വസിക്കുന്നുവെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. മരിയാന ട്രഞ്ചിന്റെ ആഴത്തെ കുറിച്ച് അറിയുവാൻ ജപ്പാൻ ഒരു സബ് മറൈനെ വിന്യസിച്ചു. കടലിന്റെ ആഴങ്ങളിലേയ്ക്ക് ഊർന്നിറങ്ങിയ സബ് മറൈനെ ഒരു കൂറ്റൻ ജീവി കടിച്ചെടുത്തു. രണ്ട് മനുഷ്യരുടെ വലിപ്പമുള്ള തലയും 20 മീറ്ററോളം നീളവുമുള്ള ഈ ജീവി ലോകത്തിലെ ഏറ്റവും വലിയ സ്രാവായ മെഗാലെഡോൺ ആണെന്ന് കണ്ടെത്തി. ജീവി വർഗ്ഗങ്ങളിൽ ഏറ്റവും വലിയ പല്ലുള്ള സ്പെയിൻബെയ്ൽ, ഓർക്കാ തിമിംഗലങ്ങൾ, തിമിംഗല സ്രാവുകൾ, ഭീമൻ നീരാളിയായ ജയാൻ പസഫിക് ഒപ്ടപ്പെസ്, ജയാൻ ഓർഫിഷ്, ജപ്പാനീസ് സ്പൈഡർ സ്ക്രാബ്സ്, ബ്ലാക്ക് ഡ്രാഗൺ ഫിഷ്, ആഗ്ലർഫിഷ്, ഗോസ്റ്റ് ഫിഷ് തുടങ്ങിയ അപൂർവ്വജീവികളും ഇവിടെ വസിക്കുന്നു.

സാഹസിക യാത്രയുമായി ജയിംസ് കാമറൂൺ

ടൈറ്റാനിക്, അവതാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോക പ്രശസ്തനായ സംവിധായകൻ ജെയിംസ് കാമറൂണും മരിയാന ട്രഞ്ചിന്റെ ദുരൂഹത തേടിയിറങ്ങി. 2012 മാർച്ച് 26ന് നാഷണൽ ജ്യോഗ്രഫി ഫൗണ്ടേഷന്റേയും റോളക്സിന്റേയും പങ്കാളിത്തത്തോടെയായിരുന്നു ഈ ഗവേഷണ പര്യടനം. ഡീപ് സീ ചലഞ്ചർ എന്ന പ്രത്യേകം രൂപകൽപ്പന ചെയ്ത കപ്പലിൽ 70 മിനിട്ടോളം യാത്ര ചെയ്ത കാമറൂൺ ട്രഞ്ചിന്റെ ആഴം കൂടിയ ഭാഗമായ ചലഞ്ചർ ഡീപ്പിലുമെത്തി. തന്റെ സിനിമയായ ‘ദി എബിയസ്സി‘നെ അനുസ്മരിപ്പിക്കുന്നതായിരുന്നു യാത്രയെന്ന് കാമറൂൺ പ്രതികരിച്ചു. സമുദ്രാടിത്തട്ടിൽ നിന്നും ശാസ്ത്രലോകത്തിന് പഠിക്കാൻ നിരവധി കാര്യങ്ങളുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. 1960 ജനുവരി 23ന് ബാത്തിസ്കേഫ് എന്ന പേടകത്തിൽ സമുദ്ര ശാസ്ത്രജ്ഞനായ ജാക്സ് പിക്കാഡോയും അമേരിക്കൻ നാവികസേനാംഗമായ ഡോൺ മാഷും ചലഞ്ചർ ഡീപ്പിലെത്തി. യു എസ് വനിതയായ കേത്തിസ്ലീവനാണ് അവസാനമായി ചലഞ്ചർ ഡീപ്പിന്റെ ആഴങ്ങളിലെത്തിയത്. 2020 ജൂൺ 28ന് മുൻ അമേരിക്കൻ നേവി ഓഫീസറായ വിക്ടർ വെസ്കലയ്ക്ക് ഒപ്പമായിരുന്നു യാത്ര. ബഹിരാകാശത്ത് ആദ്യം നടന്ന യു എസ് വനിതയാണ് കേത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.