1 May 2024, Wednesday

കരുതിയിരിക്കുക കറന്റ്തീനികളെ

ആർ സാംബൻ
തൊടുപുഴ
March 31, 2024 4:48 pm

ഡീസലിന്റെയും പെട്രോളിന്റെയും വില എത്ര കൂടിയാലും പ്രശ്നമില്ലെന്ന അവസ്ഥയാണ് നാട്ടിൽ. കുറശ്ശേ കൂട്ടിക്കൂട്ടി പിടിപ്പത് ഭാരം ജനങ്ങൾക്ക് സമ്മാനിക്കുന്നവർ സേഫ്. അതെ സമയം, വൈദ്യുതി നിരക്ക് നിരക്ക് അല്പം കൂടിയാലോ, പ്രസ്താവനകളും സമരങ്ങളും പിന്നാലെ എത്തും. ‘ഇതാജനങ്ങളെ പിഴിയുന്നേ’ എന്ന മുറവിളി നാടെങ്ങും പടരും.
ഏതായാലും വൈദ്യുതി നിരക്ക് അടുത്ത കാലത്തൊന്നും കുറയില്ല. പരിസ്ഥിതിയുടെ പേരിൽ ജലവൈദ്യുത പദ്ധതികളോടുള്ള എതിർപ്പും നാഫ്തയുടെ വില വർധനയും കേന്ദ്ര സർക്കാരിന്റെ നയങ്ങളും എല്ലാം കണക്കിലെടുത്താൽ വൈദ്യുതി നിരക്ക് ഇനിയും കൂടാനാണ് സാധ്യത. കുടുംബ ബജറ്റ് തകിടംമറിയാതിരിക്കണമെങ്കിൽ ഉപയോഗം കുറച്ചേ പറ്റൂ.
‘കറന്റ്തീനി’ ഉപകരണങ്ങളെ തിരിച്ചറിയണമെന്ന് വൈദ്യുതി മേഖലയിലെ വിദഗ്ധൻ ഡോ. ജി ശ്രീനിവാസൻ പറയുന്നു. കാര്യക്ഷമത കിട്ടുന്ന രീതിയിലല്ല മിക്കവരും ഇപ്പോൾ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നത്. പല തരത്തിലും വലിപ്പത്തിലുമുള്ള ഫ്രിഡ്ജ് വിപണിയിൽ ലഭ്യമാണ്. അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന്, ഒറ്റ ഡോറുള്ള 165 ലിറ്റർ ഫ്രിഡ്ജ് ധാരാളം. പ്രതിമാസം 30 മുതൽ 35 യൂണിറ്റ് വരെ വൈദ്യതിയേ അതിന് ചെലവാകൂ. 

വെജിറ്ററിയൻ ഭക്ഷണം മാത്രം കഴിക്കുന്ന കുടുംബം 280 ലിറ്ററിന്റെ ഡബിൾ ഡോർ ഫ്രിഡ്ജ് ഉപയോഗിക്കുന്നത് കടുപ്പമാണ്.
പുതിയ കാലത്ത് ഊർജകാര്യക്ഷമത കൂടിയ നിരവധി മോഡലുകൾ വിപണിയിൽ ലഭ്യം. ഫോർ സ്റ്റാർ റേറ്റിംഗ് ഫ്രിഡ്ജിനു പകരം ഫൈവ് സ്റ്റാർ ഉള്ളത് വാങ്ങിയാൽ കറന്റ് ഉപഭോഗത്തിൽ 15 ശതമാനം കുറവ് വരും.
10 കൊല്ലം മുമ്പ് വിപണിയിൽ ഇറങ്ങിയ, ഏറ്റവും കാര്യക്ഷമതയുള്ള മോഡലിനെക്കാൾ 50 ശതമാനം കുറന്റ് മാത്രമേ ഇപ്പോൾ ഇറങ്ങുന്ന ഫൈവ് സ്റ്റാർ ലേബലുള്ള ഫ്രിഡ്ജുകൾ വലിക്കൂ. 

പണിതരാൻ ടെലിവിഷനും

മലയാളിയുടെ ദുശീലങ്ങൾ അറിയാൻ സ്വീകരണ മുറിയിലേക്ക് കടന്നാൽ മതി. ആരും കാണാനില്ലെങ്കിലും ടെലിവിഷൻ അവിടെ ഓൺ ചെയ്തിട്ടുണ്ടാവും. രാവിലെ മുതൽ പാതിരാത്രി വരെ റിമോട്ട് കൺട്രോളിൽ മാത്രം ടി വി ഓഫാക്കിയിടുന്നവരും അറിയുന്നില്ല പാഴാക്കുന്ന വൈദ്യുതിയുടെ അളവ്.
നമ്മുടെ വൈദ്യുതി നിരക്കിൽ വലിയൊരു പങ്ക് ഇന്ന് ടെലിവിഷൻ മൂലമാണെന്നത് മറക്കരുത്. നിത്യജീവിതത്തിന്റെ ഭാഗമാണ് ഇന്ന് ടിവി. പല വലിപ്പത്തിലും ബ്രാൻഡുകളിലും ഇന്ന് ടിവി ലഭ്യം. പഴയ മോഡൽ സിആർടി ( കാതോഡ് റേ ട്യൂബ് ) ടെലിവിഷനാണ് കറന്റ് തീനികളിൽ മുമ്പൻ. സ്ക്രീൻ വലിപ്പം കുറവാണെങ്കിലും അതേ വലിപ്പമുള്ള എൽഇഡി ടിവിയുടെ മൂന്നിരട്ടി വൈദ്യുതി വേണം അതിന്റെ പ്രവർത്തനത്തിന്.
സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം കണ്ട മേഖലയാണ് ടെലിവിഷൻ. പ്ലാസ്മ, എൽ സിഡി, എൽഇഡി തുടങ്ങിയവ പലതും ഇറങ്ങി. സാങ്കേതികവിദ്യ വികസിച്ചപ്പോൾ ടിവികളുടെ ഊർജകാര്യക്ഷമതയും കൂടി. പ്ലാസ്മ ടിവിയുടെ മൂന്നിലൊന്ന് വൈദ്യുതി മതി എൽ ഇഡി ടിവി പ്രവർത്തിപ്പിക്കാൻ.
ടിവി വാങ്ങുമ്പോൾ തന്നെ അതിൽ ബ്രൈറ്റ്നെസ് നിശ്ചിത അളവിൽ ക്രമീകരിച്ചിട്ടുണ്ടാവും. ബ്രൈറ്റ്നെസ് കൂട്ടുന്നതനുസരിച്ച് വൈദ്യുതി ചാർജ് കൂടുമെന്നത് ഓർക്കുക. മുറിയിലെ വെളിച്ചത്തിനുസരിച്ചും കണ്ണിന് ആയാസമില്ലാത്ത അളവിലും ബ്രൈറ്റ്നെസ് കുറയ്ക്കാവുന്നതാണ്. ചില പുതിയ ടിവി ബ്രാൻഡുകളിൽ പുറത്തുനിന്നുള്ള ലൈറ്റ് അളക്കാൻ സെൻസറും ഉണ്ട്.
ടിവി ശബ്ദം കുറച്ചുവെക്കുന്നത് ഊർജഉപഭോഗം കുറയ്ക്കും. റിമോട്ട് കണ്ട്രോൾ മാത്രം ഉപയോഗിച്ച് ടിവി ഓഫാക്കുന്നതും നല്ല പ്രവണതയല്ല. ടിവിയുടെ ഉള്ളിലെ സർക്യൂട്ട് പ്രവർത്തനക്ഷമമാണ് അപ്പോൾ. അത് അനാവശ്യ വൈദ്യുതി ഉപയോഗത്തിനു ഇടയാക്കുന്നു.
ടി വി ഓൺ ആകുമ്പോൾ മുറിയിലെ ലൈറ്റും ഫാനും ഒപ്പം പ്രവർത്തന ക്ഷമമാകുന്നു എന്നതാണ് പ്രത്യേകത. ചിലപ്പോൾ എസിയും ഓൺ ആകുന്നു. ആവശ്യമുള്ളപ്പോൾ മാത്രം ടിവി കാണുന്നു എന്നതിന് പകരം ആവശ്യമുള്ളപ്പോൾ മാത്രം ടിവി ഓൺ ആക്കുന്നുവെന്ന സംസ്കാരത്തിലേക്ക് നാട് മാറണമെന്ന് ഡോ. ജി ശ്രീനിവാസൻ അഭിപ്രായപ്പെടുന്നു. 

എന്നാലും എന്റെ ഫാനേ…

‘മുത്തശ്ശന്റെ കാലം മുതലുള്ള ഫാനാണ് ’ എന്ന് വീമ്പിളക്കുന്നതിന് മുമ്പ് വീട്ടിലെ വൈദ്യുതി ബില്ലുകൂടി പരിശോധിക്കുന്നത് നന്ന്. നമ്മുടെ വൈദ്യുതി ബിൽ കുത്തനെ കൂട്ടുന്നതിൽ ഫാനിന്റെ പങ്ക് ചെറുതല്ല.
വീടുകളിൽ രാവും പകലും കറങ്ങിക്കൊണ്ടിരിക്കുകയാണ് ഫാൻ. ഇടത്തരം വീട്ടിലെ വൈദ്യുതി ഉപഭോഗത്തിന്റെ നാലിലൊന്നും ഫാൻ മൂലമാണ്.
ഫാൻ ഏതായാലും കാറ്റ് കിട്ടിയാൽ പോരേ എന്നാണ് പലരുടെയും ചോദ്യം. മുറിയുടെ വിസ്തീർണ്ണം, ഫാനിന്റെ തരം, സാങ്കേതികവിദ്യ, വൈദ്യുതി ഉപഭോഗം എന്നിവ മനസിലാക്കി വാങ്ങിയില്ലെങ്കിൽ കറന്റ് ചാർജ് കൊടുത്ത് മുടിയും.
അൻപത് ചതുരശ്രയടി വിസ്തീർണ്ണമുള്ള മുറിക്കും 70 ചതുരശ്രയടിയുള്ളതിനും ഒരേ വലിപ്പമുള്ള ഫാൻ പോരാ. ഡ്രസിങ് ഏരിയ, അടുക്കള, ബാൽക്കണി തുടങ്ങി ചെറിയ ഇടങ്ങളിൽ ചെറിയ ഫാൻ മതിയാവും.
സാധാരണ ബൾബ് മുഴുവൻ മാറ്റി എൽഇഡിയിലേക്ക് മാറാൻ മടിയുണ്ടായില്ല. എന്നാൽ പഴയ ഫാനുകൾ മാറ്റാൻ മടിയാണ് പലർക്കും. ഏഴോ എട്ടോ വർഷം പഴക്കമുള്ള ഫാനിന്റെ പകുതി മാത്രം കറന്റ് മാത്രമേ പുതിയ, നിലവാരമുള്ള ഫാനുകൾ കവരൂ.
പത്തുവർഷമായി ഉപയോഗിക്കുന്ന ഫാനിന് 90 മുതൽ 110 വാട്സ് വരെ വൈദ്യുതി വേണം. 10 മണിക്കൂർ പ്രവർത്തിക്കുമ്പോൾ ദിവസം ഒരു യൂണിറ്റ് വൈദ്യുതിയാവും. ഇത് ഒരു വർഷമെത്തുമ്പോൾ ശരാശരി 2400 രൂപ കറന്റ് ചാർജ് വരും. 

പുതിയ സാങ്കേതിക വിദ്യയായ ബിഎൽഡിസി (ബ്രഷ്ലെസ് ഡയറക്റ്റ് കറന്റ് ) ഫാനിന് 35 വാട്സിൽ താഴെയാണ് വൈദ്യുതി ഉപയോഗം ഒരു. സാധാരണ ഫാൻ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതികൊണ്ട് മൂന്ന് ബിഎൽഡിസി ഫാനുകൾ പ്രവർത്തിപ്പിക്കാം.
ബിഎൽഡിസി ഫാനിന് പോലും പഴയ ഫാൻ മാറ്റി ഫൈവ് സ്റ്റാർ റേറ്റിംഗ് ഉള്ള പുതിയ ഫാൻ വാങ്ങുക. അവ 20 മണിക്കൂർ പ്രവർത്തിച്ചാൽ മാത്രമേ ഒരു യൂണിറ്റ് വൈദ്യുതി ചെലവാകൂ. അതായത്, ഒരു യൂണിറ്റ് വൈദ്യുതികൊണ്ട് കാര്യക്ഷമത കുറഞ്ഞ ഫാൻ എട്ടു മണിക്കൂറും നിവാരമുള്ള ഫാൻ 30 മണിക്കൂറും പ്രവർത്തിക്കും.
പഴയ മാതൃകയിലുള്ള റെഗുലേറ്ററുകൾ മാറ്റുന്നതും വൈദ്യുതി കാര്യക്ഷമത കൂട്ടും. പഴയ റെഗുലേറ്ററുകൾ ചൂടായി ഊർജനഷ്ടമുണ്ടാക്കുമെന്നതാണ് കാരണം. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.