ഇന്ത്യൻ സംഗീതാസ്വാദകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ പേരാണ് എസ് പി ബാലസുബ്രഹ്മണ്യമെന്ന ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യത്തിന്റേത്. എസ്‌പിബി ഇല്ലാത്ത നാല് വർഷങ്ങൾ സംഗീതപ്രേമികൾക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. 2020 സെപ്റ്റംബർ 25നായിരുന്നു വശ്യശാരീരം ബാക്കിനൽകി ശരീരം മടങ്ങിയത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ആസാമി, പഞ്ചാബി, തുളു, ഒറിയ എന്നു തുടങ്ങി പതിനാറോളം ഇന്ത്യൻ ഭാഷകളിലായി 40,000ത്തിലേറെ ഗാനങ്ങൾ, ഏറ്റവും കൂടുതൽ ചലച്ചിത്ര പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോക റെക്കോഡ് എസ്‌പിബിയുടെ ജീവിതചക്രം സംഗീതത്തിനായി മാറ്റിവച്ചപ്പോൾ കാലംമായ്ക്കാത്ത വിരുന്നായി. സംഗീത സംവിധായകൻ, അഭിനേതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, സീരിയൽ അഭിനേതാവ്, ടെലിവിഷൻ അവതാരകൻ, റിയാലിറ്റി ഷോ ജഡ്ജ് എന്നിങ്ങനെ അദ്ദേഹം അഭിരമിച്ച മേഖലകളേറെയാണ്.
കുഞ്ഞുനാൾ മുതൽ പാട്ടിനോട് കമ്പമുണ്ടായിരുന്ന ബാലസുബ്രഹ്മണ്യത്തെ ഒരു എൻജിനീയർ ആക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. അനന്തപൂരിലെ എൻജിനീയറിങ് കോളജിൽ ചേർന്നെങ്കിലും ടൈഫോയിഡ് പിടിച്ചതിനാൽ പിന്നീട് വിദ്യാഭ്യാസം മദ്രാസിലേക്ക് പറിച്ചുനട്ടു. പഠന ശേഷം ഒരു ഗാനമേള ട്രൂപ്പിൽ അംഗമായി. ഇതുവഴി 1966ൽ എസ് പി കോദണ്ഡപാണിയുടെ സംഗീതത്തിൽ ‘ശ്രീശ്രീശ്രീ മര്യാദ രാമണ്ണ’ എന്ന ചിത്രത്തിൽ പാടുവാൻ അവസരം ലഭിച്ചു. പിന്നെ നാടാകെ കണ്ടത് എസ്‌പിബിയുടെ മാന്ത്രിക ശബ്ദത്തിന്റെ വിസ്മയം. ഇളയ നിലാ…’ (പയനങ്കൾ മുടിവതില്ലൈ), മലയാളത്തിലെ ഹിറ്റ് ഗാനമായ ‘സ്വർണമീനിന്റെ ചേലൊത്ത…’ (സർപ്പം), ‘താരാപഥം ചേതോഹരം… ’ (അനശ്വരം)… തുടങ്ങിയ ഗാനങ്ങളിലൂടെ എസ്‌പിബി ജനങ്ങളുടെ പ്രിയ ഗായകനായി. 1961ൽ പുറത്തിറങ്ങിയ കടൽപാലം എന്ന ചിത്രത്തിലാണ് ആദ്യമായി മലയാളത്തിൽ പാടുന്നത്. അനശ്വരം, ബട്ടർഫ്ലൈസ്, സുഖം സുഖകരം, ഗാന്ധർവം, മുന്നേറ്റം, തുഷാരം, രാജധാനി, വാർധക്യ പുരാണം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, സ്വാതി തിരുനാൾ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ശ്രദ്ധേയമായി. ബോളിവുഡിൽ എത്തിയപ്പോൾ ഹിന്ദി ഉച്ചാരണം ശരിയല്ലെന്നുപറഞ്ഞ് അദ്ദേഹത്തെ ചിലർ മാറ്റി നിർത്തി. എന്നാൽ ലക്ഷ്മികാന്ത്–പ്യാരേലാൽ സംഗീതം നൽകിയ ‘ഏക് ദൂജേ കേലിയേ’ പുറത്തിറങ്ങിയതോടെ എസ്‌പിബി ബോളിവുഡിലും സ്റ്റാറായി. സാജൻ’ എന്ന ചിത്രത്തിലെ പാട്ടുകളും വൻ ഹിറ്റായി.
നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയപുരസ്കാരം ആറു തവണ അദ്ദേഹം നേടി. 1979ൽ പുറത്തിറങ്ങിയ കെ വിശ്വനാഥിന്റെ ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിലെ ഓംകാര നാദനു എന്ന ഗാനം ദേശീയ അവാർഡിന് അർഹനാക്കി. ഏക് ദൂജേ കേലിയേ (ഹിന്ദി – 1981), സാഗര സംഗമം (തെലുങ്ക് – 1983), രുദ്രവീണ (തെലുങ്ക് – 1988), സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി (കന്നഡ – 1995), മിൻസാര കനവ് (തമിഴ് – 1996) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും ദേശീയ അവാർഡ് ലഭിച്ചു.
സിനിമയിൽ സ്വരമാധുരിയിലൂടെ മാത്രമല്ല, അഭിനയ മികവിലൂടെ ജനഹൃദയങ്ങളും കീഴടക്കി എസ്‌പിബി. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകൻ എന്ന ബഹുമതിയും എസ്‌പിബിക്കൊപ്പം. 1990ൽ പുറത്തിറങ്ങിയ ‘കേളടി കൺമണി’ എന്ന ചിത്രത്തിൽ രംഗരാജ് എന്ന കഥാപാത്രം എസ്‌പിബിയുടെ അഭിനയപാടവം എടുത്തു കാണിക്കുന്നതായിരുന്നു. സംവിധായകൻ വസന്തിന്റെ ആദ്യ ചിത്രമായിരുന്നു അത്. തന്റെ അഭിനയം നന്നായില്ലെങ്കിൽ പടം വിജയിക്കില്ലെന്നും അതുകൊണ്ട് അഭിനയിക്കില്ലെന്നും എസ്‌പിബി ശഠിച്ചു. എന്നാൽ ആ കഥാപാത്രം എസ്‌പിബി ഭദ്രമാക്കുമെന്ന് വസന്തിന് ഉറപ്പായിരുന്നു. എസ്ബിപിയുടെ വേഷപ്പകർച്ചയിലൂടെ ഗായകനും വിഭാര്യനുമായ രംഗരാജിന്റെ പ്രണയവും വിരഹവുമെല്ലാം ജനഹൃദയങ്ങളിൽ നിറഞ്ഞു. ചിത്രം 285 ദിവസം തിയേറ്ററുകളിൽ ഓടി. ആ സിനിമയിൽ എസ്‌പിബി പാടി അഭിനയിച്ച ‘മണ്ണിൽ ഇന്ത കാതൽ’ എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. 1993ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം ‘തിരുട തിരുട’യിലൂടെ ഹാസ്യവും അനായാസം വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. മധ്യവയസ്കനും രസികനുമായ സിബിഐ ഓഫിസർ ലക്ഷ്മി നാരായണനായി അദ്ദേഹം നിറഞ്ഞാടി.
തമിഴ് സൂപ്പർ ഹിറ്റായ കാതലിലെ എസ്ബിപിയുടെ പാട്ടുകളും പ്രഭുദേവയ്ക്കൊപ്പമുള്ള നൃത്തച്ചുവടുകളും പ്രേക്ഷകർ ഏറ്റെടുത്തു. ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കാതലനിൽ അഭിനയിക്കുകയല്ല, നന്മയുള്ള പൊലീസുകാരൻ കതിരേശനും മകനെ താലോലിക്കുന്ന അച്ഛനുമായി അദ്ദേഹം ജീവിക്കുകയായിരുന്നുവെന്ന് പ്രേക്ഷകർ പറഞ്ഞു. 2018ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിലാണ് എസ്‌പിബി അവസാനമായി അഭിനയിച്ചത്. എണ്ണിപ്പറഞ്ഞാൽ 72 ചലച്ചിത്രങ്ങൾ.
തമിഴ്, തെലുങ്ക് സീരിയലുകളിലെ നടനായും ഒട്ടേറെ ടെലിവിഷൻ പരിപാടികളുടെ അവതാരകനായും റിയാലിറ്റി ഷോകളിൽ ജഡ്ജായും അദ്ദേഹം ടെലിവിഷനിലും നിറഞ്ഞു നിന്നു. ഉള്ള് നീറുമ്പോൾ തലമുറകള്‍ നീലനിലാവിനെ എന്നപോൽ എസ്‌പിയുടെ ഗാനങ്ങളെ പുൽകി ആശ്വാസം നേടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.