27 April 2024, Saturday

Related news

April 25, 2024
April 25, 2024
April 19, 2024
April 18, 2024
April 17, 2024
April 16, 2024
April 13, 2024
April 11, 2024
April 10, 2024
April 7, 2024

വേനല്‍ക്കാലം: ജാഗ്രതയോടെയിരിക്കാം, ആരോഗ്യം സംരക്ഷിക്കാം

ഡോ.ധന്യ വി.ഉണ്ണിക്കൃഷ്ണൻ
February 23, 2024 1:48 pm

വേനല്‍ക്കാലം തുടങ്ങി കഴിഞ്ഞു. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന താപനില രോഖപ്പെടുത്തിക്കഴിഞ്ഞു.ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നു തുടങ്ങും. തലവേദന, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നു തുടങ്ങി തീവ്രത കൂടിയ അസുഖങ്ങളിലേയ്ക്ക് പട്ടിക നീളുന്നു.

ചൂടുകുരു, ചര്‍മ്മത്തില്‍ ചുവപ്പ്
വെയില്‍ കൊള്ളുമ്പോള്‍ ചര്‍മ്മത്തില്‍ പതിക്കു അള്‍ട്രാവയലറ്റ് രശ്മികള്‍ കാരണം ചുവപ്പ്, ചൊറിച്ചില്‍, വരള്‍ച്ച എന്നീ ബുദ്ധി മുട്ടുകള്‍ അനുഭവപ്പെടുന്നു. പനി, ഛര്‍ദ്ദില്‍ എന്നീ ലക്ഷണങ്ങളും ചിലരില്‍ കാണാറുണ്ട്. തൊലി കൂടുല്‍ പൊള്ളുന്നതിനനുസരിച്ച് കുമിളകള്‍ വരുക, തൊലി അടര്‍ന്നു മാറുക എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കൂടുതല്‍ വിയര്‍ക്കുന്നവരില്‍ ചൂടുകുരുവും ഫംഗസ് ബാധയും കാണാറുണ്ട്. ചര്‍മ്മ രോഗങ്ങള്‍ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്.

പ്രതിരോധം
കഴിയുന്നതും ശക്തമായ വെയില്‍ ഉള്ളപ്പോള്‍ പുറത്ത് ഇറങ്ങാതിരിക്കുക, സണ്‍ സ്‌ക്രീന്‍ ലോഷന്‍, പൗഡറുകള്‍ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടുതവണ കുളിയ്ക്കുക എന്നീ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാവുന്നതാണ്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. ഒരു ചര്‍മ്മ രോഗ വിദഗ്ദ്ധന്റെ സോവനം സ്വീകരിക്കുക.

സൂര്യാഘാതം
കൂടുതല്‍ സമയം തീവ്രതയേറിയ വെയില്‍ കൊള്ളുമ്പോള്‍ തലവേദന, ശരീരത്തില്‍ പൊള്ളലുകള്‍, ഛര്‍ദ്ദില്‍, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടന്‍ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തില്‍ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയില്‍ എത്തിക്കുക.

പ്രതിരോധം
പകല്‍ പതിനൊന്ന് മണി മുതല്‍ നാലു മണി വരെയുള്ള സമയങ്ങളില്‍ വെയില്‍ കൊള്ളാതിരിക്കുക. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, ധാരാളം വെള്ളം, ജ്യൂസ്,
പഴങ്ങള്‍ മുതലായവ കഴിക്കുക എന്നതാണ് പ്രതിവിധി. വേനലിന് കടുപ്പമേറുമ്പോള്‍ ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാവാതെ ശ്രദ്ധിക്കുക.

വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോള്‍ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങള്‍ വരാം. ശുദ്ധജലത്തിന്റെ ലഭ്യതയില്ലായ്മയും വൃത്തിഹീനമായി ആഹാരം സൂക്ഷിക്കുക എന്നീ കാരണങ്ങള്‍ കൊണ്ടും ഭക്ഷണത്തില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പാകം ചെയ്ത ഭക്ഷണം, അന്തരീക്ഷത്തിന്റെ താപവ്യതിയാനം കൊണ്ട് പെട്ടെന്ന തന്നെ ചീത്തയായി പോകാനും സാധ്യതയുണ്ട്. പാകം ചെയ്ത ഭക്ഷണം വൈകാതെ കഴിക്കാന്‍ ശ്രദ്ധിക്കുക.

പ്രതിരോധ മാര്‍ഗ്ഗം
ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പാക്കുക. ഹോട്ടല്‍ ഭക്ഷണം കഴിയുതും ഒഴിവാക്കുക, വീടുകളില്‍ തന്നെ ശുദ്ധജലത്തില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുക എന്നീ
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുതാണ്.

ചിക്കന്‍ പോക്‌സ്, മീസില്‍സ്
പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, കുമിളകള്‍ തലവേദന, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങള്‍. രോഗമുള്ള ആളുടെ അടുത്ത് പോകുമ്പോള്‍ അയാളുടെ സ്രവങ്ങളുമായി സമ്പര്‍ക്കം വരിക, ഉച്ഛ്വാസവായുവിലൂടെ അണുക്കള്‍ ശ്വസിക്കുക എന്നിവയിലൂടെ രോഗം പകരുന്നു. മാസ്‌ക് ഉപയോഗിക്കുക, കൈ ശുചിയായി സൂക്ഷിക്കുക.

പ്രതിരോധം
എം. എം. ആര്‍ വാക്‌സിന്‍, ചിക്കന്‍ പോക്‌സ് വാക്‌സീന്‍ എന്നിവ എടുക്കാവുന്നതാണ്. ഇവ രോഗം വരുന്നത് തടയും. അസുഖം പിടിപെട്ടു കഴിഞ്ഞാല്‍ താമസിയാതെ ഡോക്ടറുടെ സഹായം തേടുക, മരുന്നുകള്‍ കഴിക്കുക, പഴങ്ങള്‍, ജ്യൂസ്, എളുപ്പം ദഹിക്കുന്ന ഭക്ഷണം എന്നിവ കഴിക്കുക. ദേഹശുദ്ധി ദിവസവും ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

നേത്രരോഗങ്ങള്‍
ചെങ്കണ്ണ് പോലുള്ള നേത്രരോഗങ്ങള്‍ വേനല്‍ക്കാലത്ത് അധികമായി കാണാറുണ്ട്. രോഗിയുടെ ശ്രവങ്ങള്‍ കൈകളില്‍ പറ്റുകയും പിന്നീട് നമ്മുടെ കൈകളില്‍ നിന്ന് കണ്ണില്‍ എത്തുകയും ചെയ്യുമ്പോള്‍ രോഗം പിടിപെടുന്നു. ഇടയ്ക്കിടെ കൈകള്‍ സോപ്പിട്ട് കഴുകുന്നതുവഴി ചെങ്കണ്ണിനെ പ്രതിരോധിക്കാം.

നിര്‍ദ്ദേശങ്ങള്‍
1. വെയിലിന്റെ കാഠിന്യം കൂടുതല്‍ ഉള്ള സമയം വീടിനകത്തു തന്നെ ഇരിക്കുക.
2. ത്വക് രോഗങ്ങള്‍ തടയാന്‍ സണ്‍ സ്‌ക്രീന്‍, പൗഡറുകള്‍, ശരീരം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കജശ.
3. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍, കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.
4. ധാരാളം വെള്ളം, പഴങ്ങള്‍, പച്ചകറികള്‍ എന്നിവ ഉപയോഗിക്കുക.
5. വീട്ടില്‍ തന്നെ വൃത്തിയായി പാകം ചെയ്ത ഭക്ഷണം കഴിക്കുക.
6. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
7. കുടിക്കാന്‍ തിളപ്പിച്ച് ആറിയ വെള്ളം ഉപയോഗിക്കുക.

ഡോ.ധന്യ വി.ഉണ്ണിക്കൃഷ്ണൻ
കൺസൾട്ടൻ്റ് ഫിസിഷ്യൻ
SUT ഹോസ്പിറ്റൽ, പട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.