ഡോ. ഷെറിൻ വി
സീനിയർ റെസിഡന്റ് , അനസ്തെഷ്യോളജി
അമല ഇൻസിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസ് തൃശൂർ
ഇന്ന് ലോക അനസ്തേഷ്യ ദിനം. വൈദ്യശാസ്ത്ര രംഗത്തെ ഒരു സുപ്രധാന സംഭാവനയാണ് അനസ്തേഷ്യ. 1846 ഒക്ടോബർ 16ന് അമേരിക്കയിലെ മസ്സാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർ വില്യം തോമസ് ഗ്രീൻ മോർട്ടൺ ആണ് ആദ്യമായി വേദനയില്ലാതെ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഗില്‍ബർട്ട് ആബട്ട് എന്ന രോഗിക്ക് ഈതർ അനസ്തേഷ്യ കൊടുത്തതിലൂടെ പിറവിയെടുത്തത് വേദനയില്ലാത്ത സർജറി ചെയ്യാൻ കഴിയുന്ന പുതിയ ഒരു യുഗത്തിനാണ്. അനസ്തേഷ്യോളജി ആരംഭിച്ച ഈ സുപ്രധാന അവസരത്തിന്റെ ബഹുമാനർത്ഥമാണ് ലോക അനസ്തേഷ്യ ദിനം ആചരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രയത്നത്താൽ ആധുനിക അനസ്തേഷ്യ വിദ്യകളുടെ വികാസത്തിന് വഴിയൊരുക്കുകയും, മെഡിക്കൽ ലോകത്തെ മാറ്റിമറിക്കുകയും ചെയ്തു. വേൾഡ് ഫെഡറേഷൻ ഓഫ് സൊസൈറ്റിസ് ഓഫ് അനസ്തേഷ്യോളജിസ്റ്റുകളാണ് ഈ ദിനം ലോക അനസ്തേഷ്യ ദിനമായി പ്രഖ്യാപിച്ചത് . ഈ വർഷത്തെ ലോക അനസ്തേഷ്യ ദിനത്തിന്റെ തീം ‘തൊഴിലാളി ക്ഷേമം’ എന്നതാണ് . ആഗോളതലത്തിൽ രോഗികളെയും മെഡിക്കൽ പ്രൊഫഷണലുകളെയും ബാധിക്കുന്ന ഒരു നിർണായക പ്രശ്നത്തിലേക്കാണ് ഈ വിഷയം ശ്രദ്ധക്ഷണിക്കുന്നത്. ആരോഗ്യപരിപാലനത്തിൽ അനസ്തേഷ്യ ജീവനക്കാരുടെയും ഡോക്ടർമാരുടെയും സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിന് കൂടി ഈ ദിനം സഹായകരമാകുന്നു.
ശസ്ത്രക്രിയകൾ വേദനാരഹിതവും സുരക്ഷിതവും ആണെന്ന് ഉറപ്പിക്കാൻ സ്ഥിരമായി ഓപ്പറേഷൻ തീയറ്ററുകളുടെ തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന അനസ്തീഷ്യ വിദഗ്ധരുടെ അസാധാരണമായ പ്രയത്നങ്ങളെ കൂടി ഓർത്ത് പോകേണ്ടതാണ്. അനസ്തേഷ്യയ്ക്ക് മുൻപ് രോഗികളെ മുൻകൂട്ടി കാണുമ്പോൾ അവരുടെ മെഡിക്കൽ ചരിത്രം പരിശോധിക്കും. ശസ്ത്രക്രിയയുടെ ദിവസം രോഗി സുഖകരവും സുരക്ഷിതവുമാണെന്ന് ഒരു അനസ്‌തേഷ്യോളജിസ്റ്റ് ഉറപ്പാക്കും, കൂടാതെ ഏത് തരത്തിലുള്ള അനസ്തേഷ്യയാണ് ഉപയോഗിക്കേണ്ടതെന്ന് വിശദീകരിക്കുകയും പ്രക്രിയയ്ക്കിടെ സുപ്രധാന കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്യും. ശസ്ത്രക്രിയയ്ക്കു ശേഷം അനസ്തേഷ്യയിൽ നിന്ന് രോഗികൾ വീണ്ടും വേദന മുക്തരാക്കി ഉണർത്തുക കൂടി ചെയ്താലേ ഒരു അനസ്തേഷ്യോളജിറ്റ് അവരുടെ മുഴുവൻ ജോലിയും തീർന്നതായി വിശ്വസിക്കുകയുള്ളൂ . ഓപ്പറേഷൻ തീയറ്ററിലെ തിരശ്ശീലയ്ക്ക പിന്നിൽ ഇത്തരം ഒരുപാട് വ്യത്യസ്തങ്ങളായ ജോലികൾ ചെയ്യുന്ന ബഹുമുഖ പ്രതിഭകളാണ് അനസ്തേഷ്യ വിഭാഗക്കാര്‍.
സമകാലിക വൈദ്യശാസ്ത്ര രംഗത്ത് ദിനംപ്രതിയെന്നോണം വേദനയെ ലഘൂകരിക്കാൻ അനസ്തേഷ്യയുടെ പ്രസക്തിയും നിർണായക പങ്കും വർധിച്ചുകൊണ്ടിരിക്കുകയാണ്. രോഗികളെ അബോധാവസ്ഥയിൽ ആക്കുന്നതിനു ശരീര ഭാഗങ്ങൾ മരവിപ്പിക്കുന്നതിനുള്ള മാർഗമാണ് അനസ്തേഷ്യ. പൂർണ്ണമായും ഒരു ജീവനെ അബോധാവസ്ഥയിൽ ആക്കുന്നതിന് ജനറൽ അനസ്തേഷ്യ എന്നും ശരീരത്തിന്റെ ഒരു ഭാഗം മാത്രം മരവിപ്പിക്കുന്നതിന് റീജണൽ അനസ്തേഷ്യയെന്നും പറയുന്നു. ശസ്ത്രക്രിയ നടക്കുന്ന ഭാഗത്ത് മാത്രം വേദന ഇല്ലാതെ മരവിപ്പിക്കുന്നതിന് ലോക്കൽ അനസ്തേഷ്യയെന്നും ശസ്ത്രക്രിയ നടത്തുന്ന ഭാഗത്തേക്കുള്ള നാഡിയൊ നാഡീവ്യൂഹത്തെയോ മരവിപ്പിക്കുന്നതിനെ പെരിഫെറൽ നെർവ് ബ്ലോക്ക് എന്നും,നെഞ്ചിനു താഴെ മാത്രം സ്പൈനൽ കോഡ് വഴി മരവിപ്പിക്കുന്നതിന് സ്പൈനൽ അനസ്തേഷ്യ എന്നും റീജിയണൽ അനസ്തേഷ്യകൾ പലവിധമുണ്ട്. വിവിധ പെയിൻ മാനേജ്മെന്റുകളുടെ പുതിയ ഗവേഷണങ്ങളാണ് വർത്തമാനകാല ലോകത്ത് അനസ്തേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.