28 December 2024, Saturday
KSFE Galaxy Chits Banner 2

ജനങ്ങളെ ഭയന്നോടുന്ന ബിജെപി

Janayugom Webdesk
December 23, 2021 5:00 am

ഇന്ത്യന്‍ തെരഞ്ഞെടുപ്പിന്റെ പരീക്ഷണശാലയാണ് ഉത്തര്‍പ്രദേശ്. കേന്ദ്രഭരണത്തിന്റെ നിര്‍ണായക ശക്തി എന്ന നിലയ്ക്കും കോണ്‍ഗ്രസില്‍ നിന്ന് ജാതിരാഷ്ട്രീയം രാജ്യഭരണത്തിലേക്ക് പടികയറുന്നതിന് കൈകൊടുത്ത നാടെന്ന ഖ്യാതികൊണ്ടും ഉത്തര്‍പ്രദേശ് മറ്റിടങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. കേന്ദ്രം വാഴുന്ന ബിജെപി അതിന്റെ പ്രധാനയിടമായി കാണുന്നതും യുപിയെയാണ്. അംഗബലം ഉണ്ടാക്കുന്നതിനായി അംഗങ്ങളുടെ ജനകീയ രാഷ്ട്രീയ മഹത്വവും മാന്യതയും തെല്ലുപോലും പരിഗണിക്കാതെയാണ് ഇവിടെ മത്സരിപ്പിക്കുന്നതും വിജയിപ്പിക്കുന്നതും. ഉത്തര്‍പ്രദേശിലെ ബിജെപി പ്രതിനിധികളായ പാര്‍ലമെന്റ്, നിയമസഭാംഗങ്ങളുടെ ചരിത്രവും പശ്ചാത്തലവും അതാണ് തെളിയിക്കുന്നത്. ജനങ്ങളോട് യാതൊരു കടപ്പാടും കാരുണ്യവും ബിജെപിക്കെന്നപോലെ അവരുടെ ജനപ്രതിനിധികള്‍ക്കുമില്ല. ഗുണ്ടായിസവും ക്രൂരതയും അതിരുകടന്ന്, പ്രതികരിക്കുന്നവരെ പട്ടാപ്പകല്‍ കൊന്നൊടുക്കാന്‍പോലും മടിയില്ലാത്ത നാടായിമാറി ബിജെപിയുടെ ഉത്തര്‍പ്രദേശ്. പ്രതികരണവും പ്രതിഷേധവും നേരിടാനുള്ള മാനസികാവസ്ഥ ഇന്ന് ഒരിടത്തെയും ബിജെപിക്കില്ല. ഉത്തര്‍പ്രദേശിലിത് വിവരിക്കാന്‍ പോലും പറ്റാത്തവിധമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിലിലാണ് ഉത്തര്‍പ്രദേശ്. വോട്ടെടുപ്പടുക്കുംതോറും ബിജെപിയുടെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നത്. ഓരോ ദിവസവും അശുഭകരമാണ് അവര്‍ കേള്‍ക്കുന്ന വാര്‍ത്തകളത്രയും. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത്ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഉള്‍പ്പെടെ ദേശീയ നേതാക്കളെല്ലാം ഉത്തര്‍പ്രദേശിലെ ജനങ്ങളെ പാട്ടിലാക്കാന്‍ കച്ചകെട്ടിയിറങ്ങിത്തുടങ്ങി എന്നത് ബിജെപിയുടെ ആശങ്കയുടെ തെളിവാണ്. ഇക്കഴിഞ്ഞ ദിവസം നടന്ന മുന്നണി റാലിയില്‍ യുപിയിലെ ബിജെപി സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരൊന്നടങ്കം അമിത്ഷായ്ക്കെതിരെ വലിയ പ്രതിഷേധമാണ് നടത്തിയത്. ആഭ്യന്തരമന്ത്രി നേരിട്ടെത്തിയിട്ടും റാലിയില്‍ തങ്ങള്‍ക്കനുകൂലമായ വാഗ്ദാനമോ പ്രഖ്യാപനമോ ഉണ്ടായില്ലെന്ന കാരണത്താലാണ് ഇരുന്ന കസേരകളടക്കം വലിച്ചെറിഞ്ഞ് കോലാഹലമുണ്ടാക്കിയത്. ഇക്കുറി ബിജെപിക്ക് വോട്ടുചെയ്യില്ലെന്ന് റാലിയില്‍ അവര്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ബിജെപിയെ അധികാരത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് നിഷാദുകള്‍. മുന്നണിയില്‍ നിന്നു മാത്രമല്ല ബിജെപിക്കും ആദിത്യനാഥ് മന്ത്രിസഭയ്ക്കും ഭീഷണി. സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗങ്ങളും തൊഴിലാളി വര്‍ഗവും തങ്ങളുടെ അവശതയും ആശങ്കയും പ്രതിസന്ധിയും തുറന്നുകാട്ടി പ്രക്ഷോഭപാതയിലാണ്. കൂടുതല്‍ കൂടുതല്‍ പേര്‍ അവകാശ സമരങ്ങള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയതോടെ ആദിത്യനാഥ് സ‍ര്‍ക്കാരും ബിജെപിയും അതിനെ മറികടക്കാനുള്ള തത്രപ്പാടിലാണ്. കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ജനകീയ പ്രതിരോധങ്ങള്‍ ഇല്ലാതാക്കാന്‍ കൊണ്ടുവരുന്നത്. ആറ് മാസത്തേക്ക് ഉത്തര്‍പ്രദേശില്‍ സമരങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. അത്രയും കാലം എസ്‌മ നടപ്പാക്കിയിരിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020 നവംബര്‍ 25ന് എസ്‌മ പുറപ്പെടുവിച്ചിരുന്നു.


ഇതുകൂടി വായിക്കാം; മാധ്യമങ്ങളും ബിജെപി സര്‍ക്കാരുകളും


 

മഹാമാരിയെ പ്രതിരോധിക്കാനായി അന്ന് ആറ് മാസത്തേക്കായിരുന്നു എസ്‌മ. വാക്സിനേഷന്‍ ഘട്ടത്തില്‍ 2021 മെയ് മാസത്തിലും ആറ് മാസത്തേക്ക് സംസ്ഥാനത്ത് പണിമുടക്കും സമരങ്ങളും അവശ്യസര്‍വീസ് മേഖലകളില്‍ നിരോധിച്ചു. എന്നാല്‍ ഇപ്പോള്‍ എസ്‌മ നടപ്പാക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നതാണ് വസ്തുത. തെരഞ്ഞെടുപ്പ് മുന്‍കണ്ടുള്ള പ്രതിരോധം മാത്രമാണ് ഇതിനുപിന്നില്‍. അത്രയേറെ ജനവിഭാഗങ്ങളും സംഘടനകളും ബിജെപി സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. യുപിയുടെ യഥാര്‍ത്ഥ മുഖം പുറത്തുവരാതിരിക്കുന്നതിന് ദേശീയ മാധ്യമങ്ങളെല്ലാം അതീവജാഗ്രത കാണിക്കുന്നു എന്നതാണ് ബിജെപിയുടെ പിടിവള്ളി. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങള്‍ തിളച്ചുമറിയുകയാണ്. ജനങ്ങളെ ഏതുവിധേന കയ്യിലെടുക്കാനാവും എന്നകാര്യത്തില്‍ സര്‍ക്കാരും ബിജെപിയും ആശങ്കയിലാണ്. പലയിടത്തും പണവും മദ്യവും വിതരണം ചെയ്തുതുടങ്ങി. ഇതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം വീഡിയോസഹിതം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനിന്നിരുന്നു. നേതാക്കളടക്കമാണ് ബിജെപിയുടെ മദ്യസല്‍ക്കാരത്തിന് നേതൃത്വം നല്‍കിയത്. വര്‍ഗീയതയും ജാതീയതയും ഇതിനൊപ്പം ബിജെപിയുടെ തെരഞ്ഞെടുപ്പ് ആയുധമാണ്. കാശിധാം പദ്ധതിയും അതിന്റെ നിര്‍മ്മാണ ചെലവും നരേന്ദ്രമോഡിയുടെ ഉദ്ഘാടന പ്രസംഗവുമെല്ലാം തെരഞ്ഞെടുപ്പ് ലാക്കാക്കിത്തന്നെയുള്ളതായിരുന്നു. 339 കോടിയുടെ ക്ഷേത്രപദ്ധതിയാണ് യുപിയില്‍ ജനാധിപത്യ‑മതേതരരാജ്യത്ത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നെടുത്ത് നടപ്പാക്കുന്നത്. അതേസമയം യുപിയിലെ സാധാരണ ജനങ്ങള്‍ ദുരിതജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരായി തുടരുന്നു. ജനക്ഷേമ, ആരോഗ്യ പരിപാലന രംഗത്തെ തൊഴിലാളികളും ജീവനക്കാരുമുള്‍പ്പെടെ പട്ടിണിയുടെ വക്കിലാണ്. ഗതിയില്ലാതെയാണ് സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരും ആരോഗ്യരംഗത്തുള്ളവരുമെല്ലാം ജീവിതസമരം പ്രഖ്യാപിച്ചത്. അതിനെ ഭയന്നാണ് ബിജെപി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കഴിയുംവരെ സമരങ്ങള്‍ നിയമംമൂലം നിരോധിച്ചിരിക്കുന്നത്. ജനങ്ങളില്‍ നിന്നുള്ള ഈ ഒളിച്ചോട്ടം ബിജെപിക്ക് പുറത്തേയ്ക്കുള്ള വഴികാണിക്കുമെന്നാണ് ഉത്തര്‍പ്രദേശ് നല്‍കുന്ന രാഷ്ട്രീയചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.