1 July 2024, Monday
KSFE Galaxy Chits

ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം, അധാര്‍മ്മികം

Janayugom Webdesk
October 24, 2022 5:00 am

വർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ ഒൻപതു സർവകലാശാല വൈസ് ചാൻസലർമാർ ഇന്ന് കാലത്ത് പതിനൊന്നരയ്ക്കകം രാജിവയ്ക്കാൻ നിർദ്ദേശിച്ചുകൊണ്ടു പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധവും അധാർമ്മികവുമാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ അസ്ഥിരീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവർണറുടെ നടപടി. ഖാൻ സ്വബോധത്തോടെയല്ല, കേന്ദ്രഭരണം കയ്യാളുന്ന ബിജെപിയുടെയും ആർഎസ്എസ്-സംഘ്പരിവാർ കേന്ദ്രങ്ങളുടെയും നിർദ്ദേശാനുസരണമാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം തന്നെ തുറന്നുപറഞ്ഞിട്ടുള്ള വസ്തുതയാണ്. രാജ്യത്തിന്റെ ഭരണഘടനയ്ക്കും കേരള നിയമസഭ പാസാക്കിയ സർവകലാശാല നിയമങ്ങൾക്കും അതീതമായാണ് ഗവർണർ പ്രവർത്തിക്കുന്നത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കാലുകുത്താൻ ഇടംലഭിക്കാത്ത ബിജെപിയുടെ താല്പര്യസംരക്ഷണാർത്ഥം ഗവർണർ ഖാൻ രാജ്ഭവൻ കേന്ദ്രമാക്കി നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ഭരണഘടനാധിഷ്ഠിത ഫെഡറൽ സംവിധാനത്തിനും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭരണകൂടത്തിനും കനത്ത ഭീഷണിയായി മാറിയിരിക്കുന്നു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തെ തകർക്കുന്ന ഈ നടപടി ഗവർണർ സ്വമേധയാ പിൻവലിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെക്കൊണ്ട് അത് പിൻവലിപ്പിക്കാൻ സംസ്ഥാനത്ത് വിദ്യാർത്ഥികളും അധ്യാപകരും അടക്കം പൊതുജനങ്ങൾ നിർബന്ധിതരാവും. സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുന്നതും ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കുന്നതുമായ ഗുരുതര സ്ഥിതിവിശേഷമാണ് ഗവർണർ സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്ത് ഭരണഘടനാ വ്യവസ്ഥയും നിയമവാഴ്ചയും നിലനിന്നുകാണാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നെങ്കിൽ ഗവർണറെ നിലയ്ക്കുനിർത്താനുള്ള ഉത്തരവാദിത്തം നിറവേറ്റാൻ മോഡി ഭരണകൂടം സന്നദ്ധമാകണം.


ഇതുകൂടി വായിക്കൂ: ഗവര്‍ണര്‍ പദവി വേണ്ടേ വേണ്ട


എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തിൽ യുജിസി മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ല എന്ന് കണ്ടെത്തി നിയമനം റദ്ദാക്കികൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ തിടുക്കത്തിലുള്ള നടപടി. എന്നാൽ ബന്ധപ്പെട്ട ഒൻപത് വൈസ് ചാൻസലർമാരോടും വിശദീകരണംപോലും ആവശ്യപ്പെടാതെ പൊടുന്നനെ ഇറക്കിയ ഉത്തരവ് സ്വാഭാവിക നീതിയുടെ പോലും നിഷേധമാണ്. ഈ വൈസ് ചാന്‍സലർമാരെയെല്ലാം തന്നെ നിയമിച്ചത് അതാതുകാലത്തെ ഗവര്‍ണര്‍മാർ തന്നെയാണ്. അവരുടെ നിയമനത്തിലോ നടപടിക്രമങ്ങളിലോ എന്തെങ്കിലും വീഴ്ച സംഭവിച്ചി ട്ടുണ്ടെങ്കിൽത്തന്നെ അതിനെ നിയമപരമായാണ് സമീപിക്കേണ്ടത്. ഗവര്‍ണർക്കു സ്വന്തം നിലയിലോ സർവകലാശാല നിയമം നൽകുന്ന ചാൻസലർ പദവിയുപയോഗിച്ചോ തന്റെ സംരക്ഷകരുടെ താല്പര്യപ്രകാരമോ പ്രവർത്തിക്കാൻ നിയമമോ കീഴ്‌വഴക്കങ്ങളോ അനുവദിക്കുന്നില്ല. ഇല്ലാത്ത അധികാരപ്രമത്തതയും പ്രയോഗവുമാണ് നടന്നിരിക്കുന്നത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനോ ആ സർക്കാരിനെ തെരഞ്ഞെടുത്ത് അധികാരത്തിൽ പ്രതിഷ്ഠിച്ച ജനങ്ങൾക്കോ ഈ അധികാര ദുർവിനിയോഗം അംഗീകരിക്കാനാവില്ല. എന്തൊക്കെ വിമർശനങ്ങൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് ഉന്നയിക്കാനുണ്ടെങ്കിലും രാജ്യത്ത് ഇതര സംസ്ഥാനങ്ങളെക്കാൾ പത്തുശതമാനത്തിലധികം വിദ്യാർത്ഥികൾക്കു് ഉന്നത വിദ്യാഭാസത്തിനു പ്രവേശനം നല്കുന്ന സംസ്ഥാനമാണ് കേരളം. ജനസംഖ്യാനുപാതികമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലും കേരളം ഇതര സംസ്ഥാനങ്ങളെക്കാൾ മുന്നിലാണ്. ഗവർണർ ഖാന്റെ നടപടികൾ ഓരോന്നും ആ നേട്ടങ്ങൾ തകർക്കുന്നതും സംസ്ഥാനത്തിന്റെ പുരോഗതിയെ തടയുന്നവയുമാണ്.


ഇതുകൂടി വായിക്കൂ: പ്രതിപക്ഷ സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താന്‍ ഗവര്‍ണര്‍ രാജ്


ഗവർണർ ഖാന്റെ നടപടി തികച്ചും രാഷ്ട്രീയപ്രേരിതമാണ്. ഇന്നലെ കാലത്തുചേർന്ന എൽഡിഎഫ് യോഗം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കെതിരെയും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരെയും രാജ്ഭവൻ തുടർന്നുവരുന്ന ശത്രുതാപരമായ ഏറ്റുമുട്ടൽ സമീപനത്തെ അപലപിക്കുകയും അതിനെതിരെ നവംബർ 15 രാജ്ഭവൻ മാർച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജില്ലാ ആസ്ഥാനങ്ങളിലും ഗവര്‍ണര്‍ക്കെതിരെ വൻതോതിൽ ജനങ്ങളെ അണിനിരത്താനും തീരുമാനിച്ചിരുന്നു. ഒരു ജനാധിപത്യ സംവിധാനത്തിൽ സ്വാഭാവികമായ രാഷ്ട്രീയ പ്രതികരണമായി മാത്രമേ അതിനെ കാണേണ്ടതുള്ളു. എന്നാൽ യാതൊരു ജനപിന്തുണയുമില്ലാത്ത, കൂറുമാറ്റങ്ങളിലൂടെ മാത്രം അധികാരത്തിന്റെ തണലിൽ എപ്പോഴും കഴിഞ്ഞുകൂടാൻ ആഗ്രഹിക്കുന്ന ഒരു അധികാരമോഹിയുടെ സമനിലതെറ്റിയ പ്രതികരണമാണ് ഖാൻ തന്റെ നിയമത്തിന്റെയോ കീഴ്‌വഴക്കങ്ങളുടെയോ പിന്തുണയില്ലാത്ത നടപടിയിലൂടെ കാഴ്ചവച്ചിരിക്കുന്നത്. ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ പോലും ഗവർണർക്കു സർവകലാശാല ചാൻസലറുടെ പദവി നിഷേധിക്കാൻ കാരണം എന്തെന്ന് അദ്ദേഹം പഠിക്കുന്നത് നന്നായിരിക്കും. തമിഴ്‌നാട്ടിലും തെലങ്കാനയിലും അതുതന്നെയാണ് അവസ്ഥ. മാന്യവും സഹകരണാത്മകവുമായ ബന്ധത്തിനുള്ള എല്ലാ ശ്രമങ്ങളും അവസരങ്ങളും ഗവർണർ കളഞ്ഞുകുളിച്ചു. ഏറ്റുമുട്ടലിന്റെ മാർഗമാണ് ഖാൻ തെരഞ്ഞെടുത്തിരിക്കുന്നത്. അതേ നാണയത്തിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരും ജനങ്ങളും നിർബന്ധിതരായിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.