19 December 2024, Thursday
KSFE Galaxy Chits Banner 2

രാജാവ് മാത്രം അറിയാതെപോയ രാജാവിന്റെ പ്രണയിനി; പ്രണയം ഭ്രാന്തായിമാറിയ സുന്ദരിച്ചെല്ലമ്മ

മനസില്‍ അവളെന്നും രാജാവിന്റെ ഭാര്യയായി സങ്കല്‍പ്പിച്ച് അണിഞ്ഞൊരുങ്ങി
രാകേഷ് ജി നന്ദനം
ചരിത്രവീഥിയിലൂടെ…
October 26, 2022 9:52 pm

സ്നേഹം ചിലപ്പോള്‍ വലിയ വേദനയായിടാം. നഷ്ടപ്പെടലില്‍ വേദന ദുസ്സഹം തന്നെയാണ്. അപ്പോള്‍ ഒരിക്കലും ലഭിക്കില്ലെന്നറിഞ്ഞിട്ടും പ്രണയം തുടര്‍ന്നാലോ? ഒരാള്‍ സ്നേഹിക്കുക അതൊരുന്മാദാവസ്ഥയിലെത്തുക. മറ്റേയാള്‍ അറിയാതിരിക്കുക. തിരുവനന്തപുരം എന്ന രാജനഗരിയില്‍ നടന്നതാണിത്. തിരുവിതാംകൂര്‍ രാജവംശത്തിലെ അവസാന രാജാവ് ശ്രീചിത്തിര തിരുനാളിനെ പ്രണയിച്ച ചെല്ലമ്മ എന്ന സ്കൂള്‍ അധ്യാപികയുടെ ഒരസാധാരണ പ്രണയ കഥ.
1924ല്‍ ശ്രീമൂലം തിരുനാള്‍ നാടുനീങ്ങി. 18 വയസ് തികഞ്ഞിട്ടില്ലാത്ത ശ്രീചിത്തിര ഭരണമേറ്റെടുത്തു. അദ്ദേഹത്തിന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അമ്മയുടെ ജ്യേഷ്ഠസഹോദരി സേതുലക്ഷ്മി ഭായി റീജന്റായി ഭരിച്ചു. 1931ല്‍ ശ്രീചിത്തിര തിരുനാള്‍ അധീകാരമേറ്റെടുത്തു. 1956 നവംബര്‍ ഒന്നിന്റെ തലേന്നാള്‍ വരെ രാജാവായും തിരു-കൊച്ചി രാജപ്രമുഖനായും അദ്ദേഹം ഭരണത്തില്‍ തുടര്‍ന്നു.
ചെല്ലമ്മ അതീവ സുന്ദരിയായിരുന്നു. സംഗീത നൃത്താദികളില്‍ നിപുണയും. ഏകദേശം അഞ്ച് പതിറ്റാണ്ട് മുന്‍പ് കോട്ടയ്ക്കകത്തെ വടക്കേ നടയിലെ പെണ്‍കുട്ടിയകള്‍ക്കായുള്ള നൃത്ത സ്കൂളിലെ നൃത്താധ്യാപികയായിരുന്നു അവര്‍. ഒരു ദിസവം സ്കൂളിനു മുന്നിലൂടെ ശംഖുമുദ്രവച്ച കാറില്‍ സുന്ദരനായ രാജകുമാരന്‍ കടന്നുപോകുന്നത് കാണാനിടയായി. ആദ്യ ദര്‍ശനത്തില്‍ത്തന്നെ അവള്‍ക്ക് രാജാവില്‍ പ്രണയമുദിക്കുന്നു. പിന്നീട് അദ്ദേഹത്തെ കാണാന്‍ കിട്ടുന്ന ഒരവസരവും ചെല്ലമ്മ പാഴാക്കിയില്ല.
അങ്ങനെയിരിക്കെയാണ് വഴിത്തിരിവായ ഒരു സംഭവം നടക്കുന്നത്. സ്കൂളില്‍ സംഘടിപ്പിച്ച പ്രധാന ആഘോഷത്തിന്റെ ഭാഗമായി നാടകമവതരിപ്പിക്കാന്‍ സഹപ്രവര്‍ത്തകയായ ഭാനുമതി ടീച്ചര്‍ ക്ഷണിക്കുന്നു. ആദ്യമവള്‍ നിരസിച്ചെങ്കിലും മുഖ്യാതിഥി രാജാവാണെന്നറിഞ്ഞതിനാല്‍ അഭിനയിക്കാന്‍ തയ്യാറാകുന്നു.
നാടകത്തിനുശേഷം അഭിനയിച്ചവര്‍ക്കെല്ലാം രാജാവ് തിരുവിതാംകൂറിന്റെ പരമ്പരാഗത വസ്ത്രമായ പുടവ കൊടുത്ത് അഭിനന്ദിച്ചു. പക്ഷെ ചെല്ലമ്മയുടെ മനസിലത് ശരിയായ ‘പുടവകൊടുക്കല്‍’ ആയി മാറി. സ്കിസോഫീനിയയുടെ അവസ്ഥയിലായിരുന്നു ചെല്ലമ്മ. രാജാവ് തന്നെ കല്യാണം കഴിച്ചതായി മനസില്‍ സങ്കല്പിക്കുന്നു, വിശ്വസിക്കുന്നു. പിന്നെയെന്നും അണിഞ്ഞൊരുങ്ങി ചെല്ലമ്മ ഒരു തമ്പുരാട്ടിയായി മാറുന്നു. 

വീട്ടുകാരും നാട്ടുകാരും ചെല്ലമ്മയുടെ മാറ്റം ശ്രദ്ധിച്ചു തുടങ്ങി. അവര്‍ ഒരു മുഴുഭ്രാന്തിന്റെ ഉന്മാദാവസ്ഥയിലെത്തി. ചെല്ലമ്മയെ സ്വദേശമായ നാഗര്‍കോവിലിലേക്ക് കൊണ്ടുപോയി. വീട്ടുകാര്‍ ഒരു വിവാഹം കഴിപ്പിച്ചെങ്കിലും അത് പരാജയമായി. അങ്ങനെ വീട്ടുകാരും നാട്ടുകാരും ചെല്ലമ്മയെ കയ്യൊഴിഞ്ഞു. അങ്ങനെ തന്റെ രാജാവിനെ കാണാനായി തിരുവനന്തപുരത്തേക്ക് അവള്‍ തിരിച്ചെത്തി. എങ്ങോട്ടും പോകാതവള്‍ തിരുവനന്തപുരത്തിന്റെ നഗരവീഥികളില്‍ കഴിഞ്ഞു.
ഒരുനാള്‍ തന്റെ പ്രണയം സഫലമാകുമെന്ന പ്രതീക്ഷയില്‍,വാര്‍ധക്യം വരെ ചെല്ലമ്മ അണിഞ്ഞൊരുങ്ങി നടന്നു. ഒരുദിനം തന്റെ പ്രണയം സഫലമാകുമെന്നും അവള്‍ ഉറച്ചുവിശ്വസിച്ചിട്ടുണ്ടാകാം. രാജാവിനെ കാണാന്‍ ശ്രമിക്കുമ്പോഴൊക്കെ കാവല്‍ക്കാര്‍ അവരെ ആട്ടിയകറ്റി. അങ്ങനെ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ പോകാതെ രാജാവ് കടന്നുവരുന്ന വീഥികളില്‍ കാത്തുനില്പായി. ആ കാഴ്ച തിരുവനന്തപുരത്തെ പഴയ തലമുറയ്ക്ക് ഓര്‍മയുണ്ടാകും. ആകര്‍ഷകമായ പട്ടുസാരിയും വിലകൂടിയ ആഭരണങ്ങളും ധരിച്ച്. ആളുകള്‍ ‘സുന്ദരി ചെല്ലമ്മ’ എന്നു വിളിക്കാന്‍ തുടങ്ങി. ആരെക്കണ്ടാലും രാജാവിന്റെ ഭാര്യ എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. ഓരോ ദിവസവും അവരുടെ മാനസികാരോഗ്യം തകരാറിലായിക്കൊണ്ടിരുന്നു. കുട്ടികളും കൗമാരക്കാരും അവരെ കളിയാക്കി. മറ്റുളളവര്‍ സഹതാപത്തോടെയും. 

മാസങ്ങളും വര്‍ഷങ്ങളും കടന്നു. ചെല്ലമ്മ വൃദ്ധയായി. അപ്പോഴും അവരുടെ മനസിലെ പ്രണയം കെട്ടടങ്ങിയില്ല. കാവല്‍ക്കാര്‍ അവരെ ഓടിച്ചു. സഹതാപംപൂണ്ട മറ്റുള്ളവര്‍ അവര്‍ക്ക് ഭക്ഷണവും പുതുവസ്ത്രങ്ങളും നല്കിയിരുന്നു. ഇരുപതുകളുടെ അവസാനം മുതല്‍ തിരുവിതാംകൂറിലെ ജനങ്ങള്‍ക്ക് പരിചിതമുഖമായിരുന്നവര്‍. ഒരു ദിവസം വടക്കേനടയില്‍ നമസ്കരിച്ചപോലെ അവരെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തി ഭക്തജനങ്ങള്‍ കാണാനിടയായി.എന്നാല്‍ അത് അവരുടെ പത്മനാഭ സ്വാമിയ്ക്കായുള്ള അവസാനത്തെ നമസ്കാരമായിരിക്കുമെന്ന് ആരും കരുതിയില്ല. അങ്ങനെ ആളും ആരവവുമില്ലാതെ ആ തമ്പുരാട്ടി യാത്രയായി. തെെക്കാട് ശാന്തികവാടത്തില്‍ ഓര്‍മയായി. ഒരു സംശയം ബാക്കിയാകുന്നു. രാജാവ് അറിഞ്ഞ പ്രണയമാണോ? അറിഞ്ഞിട്ടും അറിഞ്ഞില്ലായെന്നു നടിച്ചതാണോ?
രാജവിനെ പ്രണയിച്ച ആ കാമുകിയുടെ, സുന്ദരി ചെല്ലമ്മയുടെ കഥ ഒരിക്കല്‍ നടനും എഴുത്തുകാരനുമായിരുന്ന നരേന്ദ്രപ്രസാദ് നാടകമാക്കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.