December 5, 2023 Tuesday

കര്‍ഷകത്തൊഴിലാളികളുടെ അവകാശ പോരാട്ടം; ബികെഎംയു പ്രക്ഷോഭം : വില്ലേജ് ഓഫീസ് ധർണ നാളെ

പി കെ കൃഷ്ണന്‍
ജനറൽ സെക്രട്ടറി, ബികെഎംയു, സംസ്ഥാന കമ്മിറ്റി
March 14, 2022 6:00 am

സാമൂഹ്യമായി ദീർഘകാലം അവശത അനുഭവിക്കുന്നവരും പൊതുവിൽ അവഗണിക്കപ്പെട്ടവരുമാണ് കർഷകത്തൊഴിലാളി സമൂഹം. അവരുടെ സാമൂഹ്യപദവി ഉയർത്തിക്കൊണ്ടുവന്ന് സമൂഹത്തിലെ മറ്റുള്ളവരെപ്പോലെ പരിഗണന ലഭിക്കുവാൻ അവസരമൊരുക്കുകയാണ് നമ്മുടെ ലക്ഷ്യം. ഈ കാലമത്രയും അതിനായി നിരന്തരം പോരാടികൊണ്ടിരിക്കുന്ന സംഘടനയാണ് കേരളാസ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ. വിവിധ സംഘടനകളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും പുരോഗമനാശയക്കാരും നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളുടെ ഫലമായിട്ടാണ് കർഷകത്തൊഴിലാളി സമൂഹത്തിന്റെ പദവി പൊതുവിൽ ഉയർന്നിട്ടുള്ളത്. ആ പ്രക്രിയ ഇനിയും തുടരണം. കർഷകത്തൊഴിലാളി സമൂഹം നേരിട്ടിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പല പ്രശ്നങ്ങൾക്കും ഒരു പരിധിവരെ പരിഹാരമുണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. സമഗ്രമായ ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസരംഗത്തെ പരിഷ്കാരങ്ങളും ആരോഗ്യപരിരക്ഷയും സംവരണവും ഭവന നിർമ്മാണ പദ്ധതികളും കർഷകത്തൊഴിലാളികളുടെ സാമൂഹ്യ പദവി ഉയർത്തുന്നതിൽ പങ്കുവഹിച്ച പ്രധാന ഘടകങ്ങളാണ്. അതൊന്നും കാണാതിരിക്കുന്നില്ല. എന്നാൽ കർഷകത്തൊഴിലാളികൾക്കായി പ്രത്യേകമായി നടപ്പിലാക്കിയ പല പദ്ധതികളുടെയും നടത്തിപ്പിൽ വേണ്ടത്ര വേഗതയുണ്ടായിരുന്നില്ല എന്ന് മാത്രമല്ല പല പദ്ധതികളും അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലെത്തിച്ചേരുന്നുമില്ല. ഈ സാഹചര്യത്തിലാണ് ആ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് പ്രക്ഷോഭവും സമരവും സംഘടിപ്പിക്കുവാൻ നിർബന്ധിതരാകുന്നത്. കാലാവസ്ഥയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗതിമാറ്റത്താല്‍ രാജ്യത്താകെ തന്നെ കർഷകത്തൊഴിലാളികളുടെയും നാമമാത്ര കൃഷിക്കാരുടെയും തൊഴിലും വരുമാനവും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ജീവൻ നിലനിർത്താനായി ഭക്ഷണം വാങ്ങാനുള്ള വരുമാനം ഉറപ്പാക്കാൻ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയത്. കേരളത്തിലെ കർഷകത്തൊഴിലാളികളിൽ ഒരു ഭാഗം ഈ പദ്ധതിയിൽ അംഗത്വം എടുത്ത് തൊഴിൽ ചെയ്തുവരുന്നുണ്ട്. 100 ദിവസത്തെ തൊഴിൽ ഓരോ കുടുംബത്തിനും ഉറപ്പാക്കുന്നതാണ് പദ്ധതിയെങ്കിലും 100 ദിവസം തൊഴിൽ ലഭിക്കുന്നവരുടെ എണ്ണം പരിമിതമാണ്. തൊഴിലുറപ്പ് പദ്ധതിയിൽ കാർഡ് ലഭിച്ചവർക്ക് കേരളത്തിൽ ലഭിക്കുന്ന കൂലി 291 രൂപ മാത്രമാണ്. തൊഴിലില്ലാത്ത കാലത്ത് പകുതികൂലിക്ക് അർഹതയുണ്ടെങ്കിലും ലഭിക്കുന്നില്ല. ഈ മേഖലയിലും യഥാർത്ഥ കർഷകത്തൊഴിലാളികൾക്കും തൊഴിൽ കിട്ടുന്നില്ല എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. 200 ദിവസത്തെ തൊഴിലും പ്രതിദിന കൂലിയായി 600 രൂപയും ലഭിക്കണമെന്നതാണ് ബികെഎംയു ആവശ്യപ്പെടുന്നത്. കർഷകത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ഉദ്ദേശിക്കപ്പെട്ടാണ് 1974ൽ കേരളത്തിൽ സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ കർഷകത്തൊഴിലാളി നിയമം നടപ്പിലാക്കിയത്. ആ നിയമത്തിന്റെ ചുവട്പിടിച്ച് 1977 ൽ പ്രോവിഡണ്ട് ഫണ്ടും പിന്നീട് 1980 ൽ കർഷകത്തൊഴിലാളി പെൻഷനും നടപ്പിലാക്കി. 45 രൂപയിൽ ആരംഭിച്ച പെൻഷൻ പല ഘട്ടങ്ങളിലായി ഉയർത്തി ഇപ്പോൾ 1600 രൂപയിലെത്തി നില്ക്കുന്നു. മൂന്നുലക്ഷത്തില്പരം കർഷകത്തൊഴിലാളികൾക്ക് മാത്രമേ കർഷകത്തൊഴിലാളി പെൻഷൻ ലഭിക്കുന്നുള്ളൂ. കർഷകത്തൊഴിലാളി പെൻഷൻ 3000 രൂപയായി ഉയർത്തണമെന്നാണ് ബികെഎംയു ആവശ്യപ്പെടുന്നത്.


ഇതുകൂടി വായിക്കാം; ജയ് കിസാന്‍ ജയ് ജനാധിപത്യം


സർക്കാർ അർധസർക്കാർ മേഖലയിൽ ജോലി ചെയ്തുവരുന്നവർക്കു ഉപാധിരഹിതമായി പെൻഷൻ നൽകുന്ന സർക്കാർ നാടിനുവേണ്ടി രാപ്പകൽ അധ്വാനിച്ച കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകുമ്പോൾ ഉപാധിവയ്ക്കുന്നത് ഭൂഷണമല്ല. പെൻഷൻ തൊഴിലാളികളുടെ അവകാശമാണ്, സർക്കാരിന്റെ ഔദാര്യമല്ല എന്നാണ് ബികെഎംയുവിന്റെ അഭിപ്രായം. കൂലിക്ക് പുറമേ കർഷകത്തൊഴിലാളികൾക്ക് ചില ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട് എന്ന കാര്യം പരിഗണിച്ചാണ് സാമൂഹ്യസുരക്ഷാപദ്ധതി എന്ന നിലയിൽ 1990 ൽ കർഷകത്തൊഴിലാളി ക്ഷേമപദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതുവരെയായി 2,50,096 കർഷകത്തൊഴിലാളികൾ ക്ഷേമപദ്ധതിയിൽ അംഗങ്ങളായി. അതിൽ 10,31,771 ലക്ഷം പേരാണ് സജീവാംഗങ്ങളായി നിലനിൽക്കുന്നത്. 15 ലക്ഷത്തില്പരം തൊഴിലാളികൾ മരണപ്പെടുകയോ 60 വയസ് പൂർത്തിയായതിനെ തുടർന്ന് ക്ഷേമപദ്ധതിയിൽനിന്ന് പിരിയുകയോ ചെയ്തുകഴിഞ്ഞു. സജീവാംഗങ്ങളായ 10,31,771 പേരിൽ തന്നെ 6,12,345 പേർ മാത്രമാണ് അംശദായം അടച്ച് അംഗത്വം നിലനിർത്തുന്നവർ. ഈ കാലയളവിൽ ആയിരക്കണക്കായ അംഗങ്ങൾ കർഷകത്തൊഴിലാളി ക്ഷേമനിധിയിലെ അഗത്വം ഉപേക്ഷിച്ച് സമാന സ്വഭാവമുള്ള ക്ഷേമനിധികളിൽ അംഗത്വമെടുത്തിട്ടുണ്ട്. അതിന് പ്രധാന കാരണം കർഷകത്തൊഴിലാളി ക്ഷേമപദ്ധതി ആകർഷകമല്ലാത്തതാണ്. 18 വയസിൽ അംഗത്വമെടുത്ത് തുടർച്ചയായി 40 വർഷം അംശാദായം അടച്ച അംഗത്തിന് ലഭിക്കുന്നത് കേവലം 25000 രൂപയാണ്. ഈ തുക തൊഴിലാളി വിഹിതം രണ്ട് രൂപയായി നിശ്ചയിച്ച കാലത്തേതാണ്. തൊഴിലാളി വിഹിതം 2003‑ൽ അഞ്ച് രൂപയായും പിന്നീട് 2020‑ൽ 20 രൂപയായും വർധിപ്പിച്ചു. എന്നാൽ അധിവർഷാനുകൂല്യം വർധിപ്പിച്ചില്ല. അംശാദായം വർധിപ്പിച്ചതിന്റെ പേരിൽ മരണാനന്തര സഹായം 2000‑ത്തിൽ നിന്ന് 5000 രൂപയും വിവാഹസഹായം 2000‑ത്തിൽ നിന്ന് 5000 രൂപയും ചികിത്സാ സഹായം 2000‑ത്തിൽ നിന്ന് 4000 രൂപയായും മാത്രമാണ് ഉയര്‍ത്തിയത്. പ്രസവാനുകൂല്യം 15,000 രൂപ കാലാകാലങ്ങളിൽ ഫണ്ടിന്റെ ലാഭത്തിനനുസരിച്ചും നൽകിവരുന്നു. സമാനസ്വഭാവമുള്ള മറ്റു പല ക്ഷേമപദ്ധതികളിലെ അംഗങ്ങൾക്ക് മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കുന്നുണ്ട്. മറ്റു ക്ഷേമനിധികളിൽ നിന്നും വ്യത്യസ്ഥമായി കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അധിവർഷാനുകൂല്യം നൽകുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. എന്നാൽ അധിവർഷാനുകൂല്യം കഴിഞ്ഞ എട്ട് വർഷത്തോളമായി കുടിശികയാണ്. പല ക്ഷേമപദ്ധതികളിലും തൊഴിലാളിയുടെ അംശാ ദായ തുകയ്ക്ക് തുല്യമായ തുക സർക്കാർ വിഹിതമായി നൽകിവരുന്നുണ്ട്. എന്നാൽ കർഷകത്തൊഴിലാളി ക്ഷേമപദ്ധതിയിൽ സർക്കാർ വിഹിതം തൊഴിലാളി വിഹിതത്തിന്റെ 25 ശതമാനമായി കുറച്ചിരിക്കുകയാണ്.


ഇതുകൂടി വായിക്കാം; ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ഇന്ത്യ പട്ടിണിയിലേക്ക്


സകർഷകത്തൊഴിലാളിർക്കാർ നൽകേണ്ട മാച്ചിങ് ഗ്രാന്റിനത്തിൽ 54 കോടി രൂപയാണ് കുടിശികയായി നൽകുന്നത്. ആ തുക നൽകാൻ സർക്കാർ തയാറായിട്ടില്ല. കർഷകത്തൊഴിലാളി പെൻഷൻ സർക്കാർ നല്കുന്നതിനാൽ മാച്ചിങ് ഗ്രാന്റ് നൽകാനാവില്ല എന്ന നിലപാടാണ് സർക്കാരിനുള്ളത്. സമീപകാലത്താണ് തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമപദ്ധതി നടപ്പിലാക്കുവാൻ സർക്കാർ തീരുമാനിച്ച് നിയമം പാസാക്കിയത്. തൊഴിലാളിയുടെ അംശാദായത്തിന് തുല്യമായ തുക സർക്കാർ വിഹിതമായി നൽകാൻ വ്യവസ്ഥചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കർഷകത്തൊഴിലാളി ക്ഷേമനിധിയെ ശക്തിപ്പെടുത്തി ആ കർഷകമാക്കണമെങ്കിൽ അധിവർഷാനുകൂല്യം കുറഞ്ഞത് ഒരുലക്ഷമായി ഉയർത്തണം, മാച്ചിങ് ഗ്രാന്റ് തൊഴിലാളി വിഹിതത്തിന് തുല്യമാക്കണം. കൃഷിഭൂമിയായിരുന്ന മുഴുവൻ ഭൂമിക്കും ഭൂ ഉടമവിഹിതം യഥാവസരം പിരിക്കണം. പുതിയ എൽഡിഎഫ് സർക്കാർ 130 കോടി രൂപ അധിവർഷാനുകൂല്യം നൽകാൻ അനുവദിക്കുമെന്ന് അറിയിച്ചിരുന്നു എങ്കിലും ഇപ്പോൾ ലഭിച്ചത് 20 കോടി രൂപ മാത്രമാണ്. ബാക്കി തുക കൂടി അടിയന്തരമായി ലഭിക്കുവാൻ നടപടി സ്വീകരിക്കണം. കർഷകത്തൊഴിലാളികളുടെ സാമൂഹ്യാവശ്യങ്ങളിൽ പ്രധാനമാണ് ഭൂമിയും വീടും എന്നത്. ഭൂപരിഷ്കരണത്തെ തുടർന്ന് എട്ട് ലക്ഷം കുടുംബങ്ങൾക്ക് ഭൂമി ലഭിച്ചു. മിച്ചഭൂമി വിതരണത്തിലൂടെയും ഒരു വിഭാഗത്തിന് ഭൂമി ലഭ്യമായി. ലക്ഷം വീടു പദ്ധതിക്ക് തുടക്കം കുറിച്ചതിന് ശേഷം വിവിധ ഘട്ടങ്ങളിലായി വിവിധ പേരുകളിൽ ഭവന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കി. എന്നാൽ ഭൂമിയും വീടും ലഭിക്കാത്തവരായി ഇനിയും ലക്ഷങ്ങൾ അവശേഷിക്കുന്നതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ലൈഫ് പദ്ധതിവഴി വീടിനുള്ള അപേക്ഷ സ്വീകരിച്ചു വരികയാണ്. പക്ഷെ അർഹരെ കണ്ടെത്തുന്നതിന് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ മൂലം പല കുടുംബങ്ങൾക്കും വീട് ലഭിക്കാൻ തടസമുണ്ടാകുന്നുണ്ട്. അതിനായി അർഹരെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളിൽ പലതും ലഘൂകരിക്കുണം. മിച്ചഭൂമി വിതരണത്തിന്റെ കാര്യത്തിലും ഈ നിലപാടു സ്വീകരിക്കപ്പെടണം. മേൽ വിവരിച്ച വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ നീണ്ടുനിൽക്കുന്നതും തുടർച്ചയുള്ളതുമായ പോരാട്ടം ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.