23 April 2024, Tuesday

ശാസ്ത്രജ്ഞര്‍ ക്ഷേത്രം പണിയുന്ന കാലം

പ്രത്യേക ലേഖകന്‍
November 24, 2022 1:23 am

ക്കഴിഞ്ഞ നവംബർ 20 ന്, കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആര്‍), അവരുടെ ഗവേഷകർ ഉൾപ്പെട്ട ഒരു പദ്ധതിയെക്കുറിച്ച് അതിന്റെ ഔദ്യോഗിക ഹാൻഡിൽ വഴി ട്വീറ്റ് ചെയ്തു. അയോധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിൽ സ്ഥാപിക്കപ്പെടുന്ന രാമപ്രതിമയുടെ നെറ്റിയിൽ സൂര്യപ്രകാശം പതിക്കുന്നത് ഉറപ്പാക്കാൻ കണ്ണാടികളും ലെൻസുകളും ഉപയോഗിച്ച് സംവിധാനമൊരുക്കി എന്ന്. തൊട്ടടുത്ത ദിവസം ഒരു സംഘം ശാസ്ത്രജ്ഞർ ഇതില്‍ പ്രതിഷേധിക്കുകയും നിര്‍ദ്ദിഷ്ട പദ്ധതിയിലെ ശാസ്ത്രജ്ഞരുടെ പങ്ക് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ഒരു തുറന്ന കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: വെറുപ്പിന്റെ പ്രത്യയശാസ്ത്രം


2024 ലെ രാമനവമിയിൽ രാം മന്ദിറിലെ പ്രതിഷ്ഠയില്‍ സൂര്യരശ്മികൾ പതിക്കുന്നത് ഉറപ്പാക്കാൻ റൂർക്കിയിലെ സെൻട്രൽ ബില്‍ഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായം സർക്കാർ തേടിയിരുന്നു. സൂര്യന്റെ ഗതി ട്രാക്ക് ചെയ്യാനും സൂര്യപ്രകാശം വിഗ്രഹത്തിൽ പ്രതിഫലിപ്പിക്കാനുമുള്ള കണ്ണാടികൾ, ലെൻസുകൾ, മോട്ടോറുകൾ എന്നിവയുടെ ഒരു ഉപകരണമാണ് സിബിആര്‍ഐ നിര്‍ദ്ദേശിച്ചത്. ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് , പൂനെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സ് (ഐയുസിഎഎ) എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരെയും സിബിആർഐ പദ്ധതിയില്‍ ഉൾപ്പെടുത്തിയതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.


ഇതുകൂടി വായിക്കൂ: അറിവിലേക്കുള്ള വഴി ശാസ്ത്രം മാത്രമോ?


എന്നാല്‍ എതിര്‍പ്പുയര്‍ത്തിയ ശാസ്ത്രജ്ഞരുടെ സംഘം പ്രസ്താവനയിൽ ഇങ്ങനെ കുറിച്ചു: ‘സിബിആര്‍ഐ എടുത്ത തീരുമാനം നമ്മുടെ ശാസ്ത്ര‑സാങ്കേതിക ധാരണയെ ഒരു തരത്തിലും മുന്നോട്ട് കൊണ്ടുപോകുന്നില്ല. ഇങ്ങനെയാെരു കാര്യം പ്രാവര്‍ത്തികമാക്കുന്നത് ഒരുപക്ഷേ, ബിരുദ വിദ്യാർത്ഥിക്ക് ഒരു നല്ല പഠന പ്രക്രിയയാകാം. എന്നാൽ ഗവേഷകർ മനുഷ്യന്റെ അറിവ് വർധിപ്പിക്കുന്ന അന്വേഷണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്’. സിഎസ്ഐആറിന്റെ അടിസ്ഥാന തത്വം മനുഷ്യന്റെ അറിവ് വികസിപ്പിക്കുക എന്നതല്ല, മറിച്ച് വ്യവസായത്തിന്റെ പുരോഗതിക്കായി ശാസ്ത്രീയ അറിവ് പ്രയോഗിക്കുക എന്നതാണ്. സിബിആര്‍ഐ ആകട്ടെ സ്പോൺസറിങ് ഏജൻസികളുടെ നിർദ്ദേശപ്രകാരം ജോലി ഏറ്റെടുക്കുന്നു. 2021–22‑ൽ, ക്ഷേത്രനിർമ്മാണത്തിന്റെ ഘടനാപരമായ സവിശേഷതകളും സമഗ്രതയും പരിശോധിക്കുന്നതിനായി വാസ്തുശില്പിയായ സിബി സോംപുരയും ലാർസൻ ആന്റ് ടൂബ്രോയും ഏജന്‍സിയെ ഏല്പിക്കുകയായിരുന്നു. ഭാവിയിൽ നിരവധി തീർത്ഥാടകർ ഈ ക്ഷേത്രം സന്ദർശിക്കാൻ സാധ്യതയുണ്ട്. മനുഷ്യരുടെ അറിവ് വികസിപ്പിക്കുന്നില്ലെങ്കിലും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇടപെടൽ നല്ല കാര്യമായിരിക്കും.


ഇതുകൂടി വായിക്കൂ: അന്ധവിശ്വാസ നിരോധന നിയമം ഇനിയെന്ന്?


എന്നാല്‍ ഉത്തർപ്രദേശിലെയും കേന്ദ്രത്തിലെയും ബിജെപി സര്‍ക്കാരുകള്‍ ക്ഷേത്രത്തിന്റെ ആധുനിക സ്വഭാവത്തെ ഉയർത്തിക്കാട്ടാത്ത, പുരാതന ഇന്ത്യൻ മേൽക്കോയ്മയെക്കുറിച്ചുള്ള അവരുടെ അവകാശവാദങ്ങളുമായി നില്‍ക്കുന്നുവെന്നത് വിരോധാഭാസമാണ്. രാജസ്ഥാനിലെ ഒരു വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗം മണൽക്കല്ല് ഖനനം ചെയ്യുന്നതിനെ പരിസ്ഥിതി മന്ത്രാലയം എതിര്‍ത്തപ്പാേള്‍ ക്ഷേത്രത്തിന്റെ മുൻഗണനകൾ ചൂണ്ടിക്കാട്ടിയാണ് മോഡി സര്‍ക്കാര്‍ അത് മറികടന്നത്. കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന പ്രകാരം ശരിയായത് ചെയ്യുന്നതിനല്ല, മറിച്ച് അധികാരം നിലനിർത്തുന്നതിനുള്ള വഴി തേടുന്നവരാണ് എന്ന വസ്തുതയെ ഇതും ഓർമ്മിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.