20 January 2026, Tuesday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

വംഗനാടിന്റെ പാരമ്പര്യം തിരിച്ചുപിടിക്കണം

Janayugom Webdesk
August 17, 2024 5:00 am

1947 ഓഗസ്റ്റ് 14ന് അർധരാത്രിയായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയുണ്ടായത്. ഈ വർഷം അതേ രാത്രിയിൽ രാജ്യത്തിന്റെ പല കോണുകളിലും പ്രത്യേകിച്ച് പശ്ചിമബംഗാളിൽ മഹിളകളൊന്നാകെ തെരുവിലായിരുന്നു. രാത്രിയെ വീണ്ടെടുക്കുക എന്ന പ്രഖ്യാപനവുമായി പതിനായിരങ്ങൾ മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയും കലാപ്രകടനങ്ങൾ നടത്തിയും രാത്രി തെരുവിൽ ചെലവഴിച്ചു. പക്ഷേ അത് സ്വാതന്ത്ര്യത്തിന്റെ ആഘോഷമായിരുന്നില്ല; മറിച്ച് ജോലിക്കിടെ കൂട്ട ബലാത്സംഗത്തിനിരയായി ഒരു വനിതാ ഡോക്ടർ മരിച്ചതിനെതിരായ പ്രതിഷേധമാണ് ഇരമ്പിയാർത്തത്. രാജ്യത്തെയാകെ ഞെട്ടിക്കുകയും നാണംകെടുത്തുകയും ചെയ്തതായിരുന്നു കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് ആന്റ് ഹോസ്പിറ്റലിലെ രണ്ടാം വർഷ പിജി വിദ്യാർത്ഥിനിയുടെ കൊലപാതകം. എമർജൻസി കെട്ടിടത്തിന്റെ നാലാം നിലയിലെ സെമിനാർ ഹാളിൽ ഓഗസ്റ്റ് ഒമ്പതിന് രാവിലെയായിരുന്നു അർധനഗ്നമായ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. നിഷ്ഠുരമായ ബലാത്സംഗത്തിനുമാത്രമല്ല ക്രൂരമായ ശാരീരിക അതിക്രമത്തിനും ആ 31കാരി ഇരയായെന്നാണ് പരിശോധനാഫലങ്ങൾ പുറത്തുവന്നപ്പോൾ വ്യക്തമായത്. കണ്ണ്, മുഖം, വയർ, കഴുത്ത്, കൈകാലുകൾ എന്നിങ്ങനെ പരിക്കേൽക്കാത്ത ഭാഗങ്ങളൊന്നും ആ ശരീരത്തിലുണ്ടായിരുന്നില്ല. സംഭവത്തെ തുടർന്ന് രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. 150ലധികം മില്ലിഗ്രാം ബീജമാണ് യുവതിയുടെ മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂട്ടബലാത്സംഗം സ്ഥിരീകരിക്കുന്നുവെന്ന് മാത്രമല്ല അന്ധാളിപ്പിക്കുകയും ചെയ്യുന്നു.

(അ)ശാന്തി നികേതന്‍ ചിന്തകള്‍

ആർജി കർ ആശുപത്രിയിൽ യുവതി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ഗുരുതരമായ വീഴ്ചകളാണ് പൊലീസിന്റെയും മറ്റ് അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായത്. ആദ്യ രണ്ടുദിവസം സംഭവം മൂടിവയ്ക്കുവാൻ ശ്രമങ്ങളുണ്ടായി. അതേ ആശുപത്രിയിൽതന്നെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി പെട്ടെന്നുതന്നെ കൊണ്ടുപോകാനും ശ്രമമുണ്ടായി. ആശുപത്രിയിലെ ഡോക്ടർമാരും വിദ്യാർത്ഥികളും നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് വിദഗ്ധ പോസ്റ്റ്മോർട്ടം ഉൾപ്പെടെ നടപടികളുണ്ടായത്. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കളെ കണ്ട് സംസാരിക്കുന്നതിന് ആദ്യദിനങ്ങളിൽ ഇടതു വിദ്യാർത്ഥി — യുവജന സംഘടനാ പ്രതിനിധികളെപ്പോലും അനുവദിച്ചതുമില്ല. സംഭവം വിവാദമാകുകയും കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തപ്പോഴാണ് മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രതികരണംപോലുമുണ്ടായത്. അന്വേഷണവും നടപടികളും തൃപ്തികരമല്ലെന്ന് കണ്ട് ഇടപെട്ട ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. ക്രൂരമായ കൊലപാതകമാണെന്ന് വ്യക്തമായിട്ടും കൊലക്കുറ്റം ചുമത്തുന്നതിന് പൊലീസ് തയ്യാറായിരുന്നില്ല. സംഭവത്തിന്റെ മൂന്നാംദിനം രാജിക്കത്ത് നൽകിയ കോളജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ മറ്റൊരു കോളജിൽ നിയമിക്കുന്ന നടപടിയും മമതാ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ആദ്യം ചോദ്യംചെയ്യേണ്ടിയിരുന്നത് സന്ദീപ് ഘോഷിനെ ആയിരുന്നുവെന്ന് കോടതിക്ക് പോലും പറയേണ്ടിവന്നിരുന്നു. ഒരു സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച പ്രിൻസിപ്പലിനെ മറ്റൊരു കോളജിൽ നിയമിക്കുന്നത് എങ്ങനെയെന്നും കോടതിയുടെ ചോദ്യമുണ്ടായി. അടിമുടി ദുരൂഹതകളും വീഴ്ചകളുമാണ് ഈ സംഭവത്തിൽ മമതാ ബാനർജിയുടെ സർക്കാരിൽ നിന്നുണ്ടായതെന്ന് വ്യക്തം.

ഇന്ത്യ ഭയത്തിന്റെയും നാണക്കേടിന്റെയും രാജ്യം

പശ്ചിമബംഗാളിലെ നിയമവാഴ്ച തകർന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ഇതിന് മുമ്പുമുണ്ടായിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ശേഷവും, കഴിഞ്ഞ വർഷം ജൂലെെയിൽ നടന്ന പ്രാദശിക തെരഞ്ഞെടുപ്പിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസി (ടിഎംസി) ന്റെ നേതൃത്വത്തിൽ വ്യാപക അക്രമമുണ്ടായി. ഇടതു പ്രവർത്തകര്‍ വധിക്കപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാർട്ടി ഓഫിസുകളും സ്ഥാപനങ്ങളും തകർത്തു. പ്രാദേശിക തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ഒളിവിൽ പോകേണ്ട സ്ഥിതിവരെയുണ്ടായി. ഈ ഘട്ടങ്ങളിലെല്ലാം മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഒത്താശയോടെ ടിഎംസി പ്രവർത്തകര്‍ നിയമവാഴ്ച നിയന്ത്രിക്കുന്നതായിരുന്നു സാഹചര്യം. പലപ്പോഴും കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതിനെ കോടതികൾ പോലും വിമർശിച്ചു. പല കേസുകളിലും കേന്ദ്ര ഏജൻസികളെ അന്വേഷണം ഏല്പിക്കേണ്ട അവസ്ഥയുമുണ്ടായി. രാജ്യത്ത് ബിജെപിയിതര സർക്കാരുകൾ അധികാരത്തിലിരിക്കുന്ന മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ക്രമസമാധാനത്തകർച്ചയാണ് ബംഗാളിലുണ്ടായിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും കുറ്റവാളികളെ സംരക്ഷിക്കുന്ന കാര്യത്തിലും ഒന്നാമത് നിൽക്കുന്ന, ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളോട് മത്സരിക്കുകയാണ് മമതയുടെ സർക്കാർ. മാത്രമല്ല എതിരഭിപ്രായമുള്ളവരെ അടിച്ചമർത്തുന്നതിൽ കേന്ദ്ര ബിജെപി സർക്കാരിനോടും മത്സരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പശ്ചിമബംഗാളിലെ സർക്കാരിൽ ആഭ്യന്തര, ആരോഗ്യ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മമതാ ബാനർജി രാജിവയ്ക്കണമെന്ന ആവശ്യം ഇടതുമുന്നണി ഉന്നയിച്ചിരിക്കുന്നത്. ഇപ്പോൾ ബംഗാളിൽ നിന്ന് വരുന്ന വാർത്തകൾ ശുഭകരമല്ല. അതുകൊണ്ട് രാത്രികളെ മാത്രമല്ല, വംഗനാടിന്റെ സമ്പന്നമായ പാരമ്പര്യങ്ങളെയും തിരിച്ചുപിടിക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.