23 December 2024, Monday
KSFE Galaxy Chits Banner 2

മതത്തിന്റെയും ജാതിയുടെയും പേരില്‍ തൊഴില്‍രഹിതരെ തമ്മിലടിപ്പിക്കുന്നു

Janayugom Webdesk
July 20, 2022 5:00 am

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. അതുകൊണ്ടുതന്നെ ലഭ്യമായ തൊഴിലുകളിൽ നടക്കുന്ന നിയമനവും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയും അതിനായി പരിഗണിക്കപ്പെടുന്ന മാനദണ്ഡങ്ങളും സമൂഹത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാവുക തികച്ചും സ്വാഭാവികവുമാണ്. പരസ്പരബന്ധമില്ലാത്തതെങ്കിലും രണ്ട് നിയമനങ്ങളിൽ ജാതി, മത പരിഗണനകൾ വിവാദമായി മാറിയിരിക്കുന്നു. ഇന്ത്യയുടെ പ്രതിരോധ സേനകളിലേക്ക് അഗ്നിപഥ് പദ്ധതിപ്രകാരം നടക്കുന്ന തിരഞ്ഞെടുപ്പ് മത, ജാതി പരിഗണനകളുടെ അടിസ്ഥാനത്തിലാണെന്ന് ആരോപണം ഉയർന്നിരിക്കുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങടക്കം പ്രതിരോധ വൃത്തങ്ങൾ ആരോപണം ഊഹാപോഹം മാത്രമാണെന്ന നിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, ജാതി, മതം എന്നിവ സംബന്ധിച്ച തെളിവുകൾ ആവശ്യപ്പെടുന്നതിൽ പുതുമയില്ലെന്നും, സൈനിക നടപടിക്കിടയിൽ രക്തസാക്ഷിത്വം വരിക്കുന്ന ജവാന്മാരുടെ അന്തിമകർമ്മങ്ങൾക്ക് ഈ വിവരം കൂടിയേതീരൂ എന്ന ന്യായീകരണവുമായി സൈനികവൃത്തങ്ങളും ബിജെപി വക്താക്കളും രംഗത്തുവന്നത് സംശയാസ്പദമാണ്. അഗ്നിപഥ് പദ്ധതിയുടെ ഉദ്ദേശശുദ്ധി തുടക്കത്തിൽ തന്നെ പ്രതിപക്ഷ പാർട്ടികളടക്കം ഉത്തരവാദിത്തപ്പെട്ടവർ ഉന്നയിച്ചിരുന്നതും അവഗണിക്കാവുന്നതല്ല. രാജ്യത്തിന്റെ പ്രതിരോധ സേനയിലേക്ക് നാളിതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലൊന്നും ഉയർന്നുകേട്ടിട്ടില്ലാത്ത ആരോപണമാണ് അഗ്നിപഥ് തിരഞ്ഞെടുപ്പിൽ ഉയർന്നുവന്നിട്ടുള്ളത്. സൈന്യത്തിന്റെ സ്വഭാവത്തിലും ഉള്ളടക്കത്തിലും മൗലിക മാറ്റമാണ് ബിജെപി ലക്ഷ്യംവയ്ക്കുന്നതെന്ന ആശങ്കയെ സാധൂകരിക്കുന്നതാണ് ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള വിവാദം.


ഇതുകൂടി വായിക്കൂ: അടിത്തറയിളകുന്ന ഇന്ത്യന്‍ സമ്പദ്ഘടന


തൊഴിൽ നിയമനങ്ങളിൽ മതവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന മറ്റൊരു വിവാദമാണ് ഒരാഴ്ച മുമ്പുമാത്രം ലഖ്നൗവിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ലുലു മാളിനെപ്പറ്റി തീവ്രഹിന്ദുത്വം ഉയർത്തിയിരിക്കുന്നത്. യുപി മുഖ്യൻ ആദിത്യനാഥ് പരിവാരങ്ങൾക്കൊപ്പം, മാൾ ഉദ്ഘാടനം ചെയ്ത് ഒരുദിവസം പിന്നിട്ടപ്പോഴേക്കും അതിന്റെ പൊതുയിടത്ത് ഏതാനും മുസ്‌ലിങ്ങൾ നമാസ് നടത്തിയെന്നും അത് മതവികാരത്തെ വ്രണപ്പെടുത്തുന്നതും സമുദായങ്ങൾക്കിടയിൽ സംഘർഷം വളർത്താൻ കാരണമായെന്നും ആരോപിച്ച് അഖിലഭാരതീയ ഹിന്ദു മഹാസഭ രംഗത്തുവന്നു. അവരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നു. തങ്ങളുടെ ജീവനക്കാരിൽ എൺപതു ശതമാനവും ഹിന്ദുക്കളാണെന്ന സ്ഥാപനത്തിന്റെ പ്രസ്താവന അംഗീകരിക്കാൻ പരാതിക്കാർ തയാറായിട്ടില്ല. ജീവനക്കാരിൽ എഴുപതു ശതമാനം മുസ്‌ലിം പുരുഷന്മാരും മുപ്പതു ശതമാനം ഹിന്ദു സ്ത്രീകളുമാണെന്നും, അത് ലവ്ജിഹാദ് ലക്ഷ്യംവച്ചാണെന്നും അവർ ആരോപിക്കുന്നു. സ്ഥാപനത്തിൽനിന്നും ഉണ്ടാവുന്ന ലാഭം വിദേശത്തേക്ക് കടത്തിക്കൊണ്ടുപോകും എന്നും അവര്‍ പ്രചരിപ്പിക്കുന്നു. സ്ഥാപനം തദ്ദേശീയ ഉല്പന്നങ്ങൾക്ക് മികച്ച വിപണിസാധ്യതയാണ് നല്കുന്നതെന്ന ഉല്പാദകരുടെ ന്യായവാദം അംഗീകരിക്കാനും അവർ വിസമ്മതിക്കുന്നു. രണ്ടായിരം കോടിയില്പരം രൂപ നിക്ഷേപത്തിലൂടെ ആരംഭിച്ച സ്ഥാപനത്തിന് സംസ്ഥാന ബിജെപി സർക്കാരിന്റെ പിന്തുണയുണ്ടെങ്കിലും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കണമെന്നും ഒരുമതത്തിൽപ്പെട്ട ആരെയും നിയമിക്കരുതെന്നുമുള്ള തീവ്ര ഹിന്ദുത്വ പിടിവാശി വൻ നിക്ഷേപത്തോടെ ആരംഭിച്ച ഒരു സ്ഥാപനത്തിന് തുടക്കത്തിൽത്തന്നെ കല്ലുകടിയായി മാറുകയാണ്. കേരളത്തിലെ തൊഴിൽ അന്തരീക്ഷത്തെപ്പറ്റി വിലപിക്കുന്നവർക്ക് ഇക്കാര്യത്തിൽ എന്തുപറയാൻ ഉണ്ടാവുമെന്നത് കേൾക്കുക കൗതുകകരമായിരിക്കും.


ഇതുകൂടി വായിക്കൂ: വര്‍ഗീയ പ്രീണന നയങ്ങള്‍ക്കെതിരെ കരുതിയിരിക്കുക


തൊഴിലില്ലായ്മ പരിഹരിക്കുമെന്നും, പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വാഗ്ദാനം നൽകി അധികാരത്തിലേറിയ മോഡിസർക്കാർ തൊഴിൽരഹിതരായ ദശലക്ഷക്കണക്കിനു ചെറുപ്പക്കാരെ തൊഴിലിനുവേണ്ടി ജാതിയുടെയും മതത്തിന്റെയും, ഇന്ത്യൻ ജനതയെ അടയാളപ്പെടുത്തുന്ന മറ്റു വൈവിധ്യങ്ങളുടെയും, അടിസ്ഥാനത്തിൽ ചേരിതിരിഞ്ഞു പോരാടാൻ നിര്‍ബന്ധിതരാക്കുന്ന അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്. മതത്തിന്റെയോ വംശത്തിന്റെയോ വർണത്തിന്റെയോ അടിസ്ഥാനത്തിൽ ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തു അധികാരത്തിലേറിയ ഫാസിസ്റ്റുകൾ എക്കാലത്തും, എല്ലായിടത്തും പ്രയോഗിച്ചു താല്ക്കാലിക വിജയം നേടുകയും ആത്യന്തികമായി പരാജയപ്പെട്ടു നിലംപൊത്തുകയും ചെയ്തിട്ടുള്ള കുടില രാഷ്ട്രീയതന്ത്രത്തിന്റെ ആവർത്തനത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. അത് തുറന്നുകാട്ടാനും അതിനെതിരെ യുവാക്കളെ ബോധവല്ക്കരിക്കാനും അണിനിരത്താനും പുരോഗമന, ജനാധിപത്യ, ഇടതുപക്ഷ യുവജന‑വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ബാധ്യസ്ഥരാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.