27 April 2024, Saturday

Related news

February 23, 2024
January 27, 2024
December 11, 2023
September 8, 2023
September 8, 2023
September 8, 2023
September 5, 2023
September 5, 2023
September 5, 2023
September 5, 2023

തൃക്കാക്കര ബൂത്തിലേക്ക്

ഷാജി ഇടപ്പള്ളി
കൊച്ചി
May 31, 2022 12:01 am

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴുമുതൽ വോട്ടെടുപ്പ് ആരംഭിക്കും. 2021 ൽ വിജയിച്ച യുഡിഎഫിലെ പി ടി തോമസ് അന്തരിച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം കൊണ്ട് മറുപടി പറയാനുള്ള തയ്യാറെടുപ്പിലാണ് വോട്ടർമാർ.

ഇക്കുറി യുഡിഎഫ് സ്ഥാനാർത്ഥിയായി പി ടി തോമസിന്റെ ഭാര്യ ഉമയാണ് രംഗത്തുള്ളത്. എന്നാല്‍ സഹതാപ തരംഗം സൃഷ്ടിക്കാമെന്ന കണക്കു കൂട്ടലുകൾ തെറ്റുകയും കോൺഗ്രസിൽ നിന്നും ശക്തമായ എതിർപ്പ് സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് പൊട്ടിപ്പുറപ്പെടുകയും ചെയ്തു. അതേസമയം എൽഡിഎഫിന് സ്ഥാനാർത്ഥിയായി പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോ ജോസഫിനെ പ്രഖ്യാപിച്ചപ്പോൾ മുതൽ മണ്ഡലത്തിൽ കൈവന്നിട്ടുള്ള മേൽക്കൈ അവസാന നിമിഷം വരെ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്.

കൂടുതൽ മേഖലകളിൽ നിന്നും എൽഡിഎഫ് പിന്തുണ ആര്‍ജിക്കുകയും ചെയ്തിട്ടുണ്ട്. പ്രചാരണരംഗത്ത് ഒരു തരത്തിലും യുഡിഎഫിന് ചുവടുറപ്പിക്കാന്‍ കഴിഞ്ഞില്ല. ഡോ. ജോ ജോസഫിനെക്കുറിച്ച് ഉയര്‍ത്തിയ സഭയുടെ സ്ഥാനാർത്ഥി എന്ന ആക്ഷേപം സഭയിലും യുഡിഎഫിനെതിരെ അമര്‍ഷത്തിന് കാരണമായി. പ്രവർത്തനം മന്ദഗതിയിൽ ആയതോടെ ഏറ്റവും കൂടുതൽ വോട്ട് നേടിക്കൊടുക്കുന്ന ബൂത്തിന് സമ്മാനം പ്രഖ്യാപിച്ച് യുഡിഎഫ് പുലിവാല് പിടിക്കുകയും കേസാവുകയും ചെയ്തു.

എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതോടുകൂടി എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും എതിർപ്പും രൂക്ഷമായി. പലതരത്തിൽ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും പ്രചാരണ പരിപാടിക്കിടയിൽ യുഡിഎഫ് പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായി. ഇക്കുറി മണ്ഡലം യുഡിഎഫിന് എതിരാണെന്നാണ് ഇതെല്ലം സൂചിപ്പിക്കുന്നത്.

ഡോ. ജോ ജോസഫ് (എൽഡിഎഫ്), ഉമ തോമസ് (യുഡിഎഫ്), എ എൻ രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരെ കൂടാതെ അനിൽ നായർ, ജോമോൻ ജോസഫ് സ്രാമ്പിക്കൽ, സി പി ദിലീപ് നായർ, ബോസ്കോ ലൂയിസ്, മൻമഥൻ എന്നിവരാണ് മത്സര രംഗത്തുള്ളത്. ട്വന്റി ട്വന്റിക്ക് ഇക്കുറി സ്ഥാനാർത്ഥിയില്ല. മനഃസാക്ഷി വോട്ട് രേഖപ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വോട്ടെടുപ്പ് വൈകിട്ട് ആറിന് സമാപിക്കും. ജൂൺ മൂന്നിന് വെള്ളിയാഴ്ച എറണാകുളം മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ.

1.96 ലക്ഷം വോട്ടർമാര്‍

മണ്ഡലത്തിലെ 1,96,805 വോട്ടർമാരാണ് വിധിയെഴുതുക. ഇതിൽ 3,633 പേർ കന്നിവോട്ടർമാരാണ്. ആകെയുള്ള വോട്ടർമാരിൽ 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്. ഇന്നലെ മഹാരാജാസ് കോളജിൽ നിന്നും പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങിയ പോളിങ് ഉദ്യോഗസ്ഥർ മണ്ഡലത്തിലെ 239 ബൂത്തുകളിലും എത്തി ക്രമീകരണങ്ങൾ പൂര്‍ത്തിയാക്കി.

യുഡിഎഫിന് വോട്ട് വിഹിതം കുറയുന്നു

ഓരോ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വോട്ട് വിഹിതം കുറഞ്ഞുവരുന്നതായാണ് തൃക്കാക്കരയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2011 ൽ ബെന്നി ബഹന്നാൻ വിജയിച്ചപ്പോൾ 65,854 (56 ശതമാനം), 2016 ൽ പി ടി തോമസ് 61,451 (45.42ശതമാനം), 2021 ൽ പി ടി തോമസ് ജയിച്ചപ്പോൾ 59,839 (43.82 ശതമാനം) വോട്ടാണ് ലഭിച്ചത്.

കഴിഞ്ഞതവണ സ്വതന്ത്രന്മാർ ഉൾപ്പെടെ പത്തുപേരായിരുന്നു സ്ഥാനാര്‍ത്ഥിമാര്‍. 1,36,570 പേര്‍ വോട്ട് രേഖപ്പെടുത്തി. പി ടി തോമസിന് 59,839, എൽഡിഎഫിലെ ഡോ. ജെ ജേക്കബിന് 45,510, എൻഡിഎ സ്ഥാനാർത്ഥി എസ് സജിക്ക് 15,483, ട്വന്റി ട്വന്റി പാർട്ടി സ്ഥാനാർത്ഥി ഡോ. ടെറി തോമസിന് 13,897 വോട്ടുകളാണ് ലഭിച്ചത്. ഭൂരിപക്ഷം 14,329.

Eng­lish sum­ma­ry; thrikakkara byelection

You may also like thisvideo;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.