27 April 2024, Saturday

Related news

April 27, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 15, 2024
April 7, 2024

വീണ്ടും മാനംകെടുത്തി മോഡി ഭരണം

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് വാദം കേൾക്കാൻ യുഎസ് കമ്മിഷൻ
web desk
ന്യൂഡല്‍ഹി
September 15, 2023 11:19 pm

രാജ്യത്തിന് വീണ്ടും നാണക്കേടായിരിക്കുകയാണ് മതസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിയില്‍ വാദം കേള്‍ക്കാനുള്ള അമേരിക്കന്‍ കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡ(യുഎസ്‌സിഐആര്‍എഫ് )ത്തിന്റെ തീരുമാനം. ഐക്യരാഷ്ട്ര സഭയുടെ ന്യൂനപക്ഷ വിഭാഗം പ്രത്യേക പ്രതിനിധി ഫെര്‍നാണ്ടോ ഡി വരാനസ്, വിദേശകാര്യ നിയമ വിദഗ്ധന്‍ താരിഖ് അഹമ്മദ്, സാറ യൂസഫ്, സുനിതാ വിശ്വനാഥ്, ഇര്‍ഫാന്‍ നൂറുദീന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി എന്നിവരില്‍ നിന്നും 20 ന് കമ്മിഷന്‍ വിവരങ്ങള്‍ ശേഖരിക്കും.

ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനം, ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനം എന്നിവയ്ക്ക് പിന്നാലെയാണ് രാജ്യത്തെ ന്യൂനപക്ഷ വിഭാഗം നേരിടുന്ന അതിക്രമം ചര്‍ച്ച ചെയ്യാന്‍ യുഎസ് സിഐആര്‍എഫ് മുന്നോട്ടുവന്നിരിക്കുന്നത്. മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കിയെങ്കിലും വര്‍ഷങ്ങളായി ഇന്ത്യയില്‍ തുടര്‍ന്നുവരുന്ന മതസ്വാതന്ത്ര്യലംഘനം വിലകുറച്ച് കാണുന്നില്ലെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ വാദം കേള്‍ക്കല്‍ ആവശ്യമാണെന്നും യുഎസ്‌സിഐആര്‍എഫ് ചൂണ്ടിക്കാട്ടുന്നു.

ന്യൂനപക്ഷ മതങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം, മതപരിവര്‍ത്തന നിരോധന നിയമം, പൗരത്വം നല്‍കുന്നതിലെ വിവേചനം, വിദേശ സംഭാവന സ്വീകരിക്കുന്നതിലെ വിലക്ക്, ഗോഹത്യാ നിരോധന നിയമം തുടങ്ങി ജനവിരുദ്ധ നിയമങ്ങള്‍ ഇപ്പോഴും ഇന്ത്യയില്‍ നിലനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിയാനയിലെ നൂഹില്‍ അടുത്തിടെ നടന്ന ഹിന്ദു- മുസ്ലിം വംശീയ ലഹള, മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണം എന്നിവ റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നുണ്ട്.

രാജ്യത്ത് മതസ്വാതന്ത്ര്യം കടുത്ത ഭീഷണി നേരിടുന്നതായി യുഎസ് സിഐആര്‍എഫ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഇത് കഴിഞ്ഞ മേയ് മാസം രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ നിരാകരിക്കുകയും ചെയ്തു. പ്രത്യേക ലക്ഷ്യം വച്ചുള്ള റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് വിദേശകാര്യ വക്താവ് അന്ന് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ജി20 ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യയില്‍ ന്യൂനപക്ഷം നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മോഡിയുമായി ചര്‍ച്ച നടത്തിയെന്ന് ബൈഡന്‍ വിയറ്റ്‌നാമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: USCIRF to hold hear­ing on reli­gious free­dom in India next week
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.