23 January 2026, Friday

യാഥാര്‍ത്ഥ്യത്തിന്റെ തീരമടുക്കുന്ന വിഴി‍ഞ്ഞം സ്വപ്നപദ്ധതി

Janayugom Webdesk
October 13, 2023 5:00 am

കേരളത്തിന്റെ വികസനത്തില്‍ സുപ്രധാന നാഴികക്കല്ലാകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പലിന് ഞായറാഴ്ച ഔപചാരിക സ്വീകരണം ഒരുക്കുകയാണ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പല്‍ കഴിഞ്ഞദിവസം വിഴിഞ്ഞം പുറംകടലില്‍ നങ്കൂരമിട്ടു. തുറമുഖത്തേക്കുള്ള മൂന്ന് ക്രെയിനുകളുമായാണ് കപ്പലെത്തിയിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് നാലിന് കപ്പലിനെ ഔപചാരികമായി സ്വീകരിക്കുന്നതിന് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ എത്തും. ഒട്ടേറെ പ്രത്യേകതകളുള്ളതും ദീര്‍ഘകാല സ്വപ്നവുമായിരുന്നു വിഴി‍ഞ്ഞം തുറമുഖം. 2015 ഡിസംബറില്‍ നിര്‍മ്മാണമാരംഭിച്ച് ഈ വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. നിരവധി തടസങ്ങളും പ്രയാസങ്ങളുമുണ്ടായെങ്കിലും സാധാരണ സംഭവിക്കാറുള്ളതുപോല വലിയ കാലതാമസമില്ലാതെ യാഥാര്‍ത്ഥ്യമാകുന്നുവെന്നത് വിഴിഞ്ഞം പദ്ധതിയുടെ പ്രത്യേകതയാണ്. ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് പോലും സുഗമമായി വരാനാകുമെന്നത് വിഴിഞ്ഞത്തിന്റെ സവിശേഷതയുമാണ്. 10 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ച്ചാല്‍ എന്നതും സ്വാഭാവിക ആഴവുമെല്ലാം വിഴിഞ്ഞത്തിന്റെ നേട്ടങ്ങളാണ്. തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനഘട്ടത്തില്‍ തന്നെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനായി. യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രാരംഭഘട്ടത്തില്‍ 5,000 തൊഴില്‍ സാധ്യതകളാണ് പ്രതീക്ഷിക്കുന്നത്. അനുബന്ധമായി വളര്‍ന്നുവരുന്ന വിനോദ സ‍ഞ്ചാരം, കയറ്റിറക്കുമതി, ഗതാഗതം, വാണിജ്യ വ്യവസായങ്ങള്‍ ഉള്‍പ്പെടെ മേഖലകളില്‍ പുതിയ തൊഴില്‍, വരുമാന സാധ്യതകളുമുണ്ടാകും. റിങ് റോഡ് അനുബന്ധമായ വികസനവും സാധ്യമാകും. ഇവിടെ കൈകാര്യം ചെയ്യുന്ന ഓരോ കണ്ടെയ്‌നറിനും ശരാശരി ആറ് തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വിദഗ്ധ തൊഴില്‍ സാധ്യത പരിഗണിച്ച് നൈപുണ്യ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി അന്തിമ ഘട്ടത്തിലുമാണ്.

 


ഇതുകൂടി വായിക്കൂ; കാര്‍ഗില്‍ തെരഞ്ഞെടുപ്പ് മാറ്റത്തിന്റെ സൂചന


പാരിസ്ഥിതിക വിഷയങ്ങളായിരുന്നു പദ്ധതി നേരിട്ട പ്രധാന പ്രശ്നങ്ങളില്‍ ഒന്ന്. പുലിമുട്ട് നിര്‍മ്മാണമുള്‍പ്പെടെ ആവശ്യങ്ങള്‍ക്കുള്ള പാറ ലഭ്യമാക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. പരിസ്ഥിതിദുര്‍ബല പ്രദേശങ്ങളില്‍ നിന്നുള്ള ഖനനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അവ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. പ്രദേശവാസികളുടെ വിവിധ ആശങ്കകളും പുനരധിവാസവും പരിഹരിക്കുകയെന്നതായിരുന്നു മറ്റൊരു പ്രശ്നം. കടലാക്രമണത്തിന് ഇരയാകുകയും തീരദേശ നിയന്ത്രണ മേഖലാ (സിആര്‍ഇസഡ്) പരിധിക്കുള്ളില്‍ താമസിക്കുകയും ചെയ്യുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുക, ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വീടുവച്ചു നല്‍കുക, തീരശോഷണം സംഭവിക്കുന്നതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിക്കുണ്ടാക്കുന്ന വെല്ലുവിളികള്‍ പരിഹരിക്കുക തുടങ്ങിയവയായിരുന്നു പ്രദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആവശ്യങ്ങള്‍. അവ പരിഹരിക്കുന്നതിനുള്ള നടപടികള്‍ വിഴിഞ്ഞം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി ആവിഷ്കരിച്ചുവെങ്കിലും വേഗത പോരെന്ന പ്രശ്നം പ്രക്ഷോഭത്തിന് കാരണമായി. ഈ വിഷയം രാഷ്ട്രീയപ്രശ്നമായി ചില സംഘടനകള്‍ ഏറ്റെടുത്തതും പ്രതിപക്ഷം അതിനെ മുതലെടുക്കാനിറങ്ങിയതും പദ്ധതിയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കുമെന്ന സംശയം ജനിപ്പിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ടതല്ലാത്ത പ്രശ്നങ്ങള്‍ ഉന്നയിച്ചതാണ് പ്രസ്തുത സംശയം ശക്തിപ്പെടുത്തിയത്. എന്നാല്‍ പരിഹാര നടപടികള്‍ ഊര്‍ജിതമായും സമയബന്ധിതമായും നടപ്പിലാക്കുമെന്ന ഉറപ്പ് പാലിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങള്‍ തുറന്നുകാട്ടുകയും ചെയ്തു.


ഇതുകൂടി വായിക്കൂ;രാജ്യം അത്യസാധാരണമായ സാഹചര്യത്തില്‍


 

അങ്ങനെ എല്ലാ കടമ്പകളെയും മറികടന്ന്, പ്രവര്‍ത്തനസജ്ജമാക്കിയാണ് വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിയിരിക്കുന്നത്. എങ്കിലും കരുതലോടെയും കൃത്യമായ ആസൂത്രണത്തോടെയും മാത്രമേ വിഴിഞ്ഞത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ പാടുള്ളൂ. അനുബന്ധമായി ഗ്രീന്‍ ഫീല്‍ഡ് റെയില്‍വേ കോറിഡോര്‍ ഉള്‍പ്പെടെ നിരവധി നിര്‍ദേശങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. അവ നടപ്പിലാക്കുമ്പോള്‍ നേരിടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ അവധാനതയോടെ സമീപിക്കണം. ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരവും പുനരധിവാസവും ഉള്‍പ്പെടെ ഉറപ്പാക്കുകയും സമവായമുണ്ടാക്കുകയും ചെയ്യണം. വിഴിഞ്ഞത്ത് പ്രധാനമായും നേരിട്ട പ്രശ്നങ്ങള്‍ പാരിസ്ഥിതികവും പ്രദേശവാസികളുടെ ആശങ്കകളുമായിരുന്നു എന്നത് മനസില്‍വച്ചു വേണം അത്തരം പദ്ധതികള്‍ ആവിഷ്കരിക്കേണ്ടത്. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നതിന് പിന്നില്‍ പ്രദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും സഹകരണം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ട് പദ്ധതി ലക്ഷ്യത്തിലെത്തുന്നതിന്റെ ആഹ്ലാദത്തോടൊപ്പം അവര്‍ക്ക് നല്‍കിയ പുനരധിവാസം, തൊഴില്‍ എന്നിങ്ങനെ എല്ലാ ഉറപ്പുകളും സമയബന്ധിതമായി പാലിക്കുന്നതിനുള്ള ജാഗ്രതയും മറന്നുപോകരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.