ആധുനികാനന്തരകാലത്ത് യാഥാർത്ഥ്യവും ഭാവനയും തമ്മിലുള്ള അന്തരം നേർത്തുവരികയാണ്. അതേ അനുപാതത്തിൽ തന്നെ ചലച്ചിത്രത്തിന്റെ കലാനിരൂപണത്തേക്കാളേറെ അതിന്റെ സാമൂഹ്യവിമർശനാത്മകത പ്രസക്തമായി വരുന്നു. ഏതൊരു ബോളിവുഡ് സിനിമയുടെ പതിവു ചേരുവകളിൽ നിന്നും ഗുണപരമായ വ്യതിരിക്തതയൊന്നും എടുത്തുപറയാനില്ലെങ്കിലും പത്താൻ സിനിമ രാഷ്ട്രീയ ശ്രദ്ധയെ ആകർഷിച്ചു. അതിനുകാരണം ഒന്നേയുള്ളൂ. അറിഞ്ഞോ അറിയാതെയോ ഈ സിനിമ ഇന്ന് രാജ്യത്ത് അധീശത്വം നേടിയിരിക്കുന്ന വിദ്വേഷപ്രത്യയശാസ്ത്രത്തെ പ്രകോപിപ്പിച്ചിരിക്കുന്നു. നായികയുടെ അടിവസ്ത്രമാണ് ഈ പ്രകോപനത്തിന് നിദാനമെന്ന് വിശ്വസിക്കാൻ അതീവ ശുദ്ധാത്മാക്കൾക്ക് മാത്രമേ കഴിയൂ. കലാനിരപേക്ഷമായ വാണിജ്യതാല്പര്യവും ക്രിമിനൽ മൂലധനത്തോടുള്ള ചങ്ങാത്തവും ലഹരിമാഫിയാ സംസർഗങ്ങളുമെല്ലാം കളങ്കപ്പെടുത്തിയതെങ്കിലും വൈവിധ്യരൂപിയായ ഇന്ത്യൻ സംസ്കാരത്തിന്റെ അന്തർധാരകൾ ബോളിവുഡിനെ ചൂഴ്ന്നു നിൽക്കുന്നുണ്ട്. ഒരു വിദ്വേഷശക്തിക്കും എളുപ്പത്തിൽ തേച്ചുകഴുകിക്കളയാൻ കഴിയാത്ത ആസ്വാദന ശീലങ്ങളും ആരാധനാബിംബങ്ങളും അതിനെ ഭരിക്കുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങളെയും ജെഎൻയു പോലുള്ള കലാശാലകളെയും പോലെ ഹിന്ദുത്വത്തിന്റെ സംസ്കാരത്തിനും സദാചാരത്തിനും നിരക്കാത്ത എന്തെല്ലാമോ ബോളിവുഡിലുമുണ്ട്. തീർച്ചയായും അത് അടിവസ്ത്രങ്ങളോ മേൽക്കുപ്പായങ്ങളോ മാത്രമായിരിക്കാനിടയില്ല.
ഭാരതീയ ഭാഷകളിൽ പ്രകാശിതമായിട്ടുള്ള ഉത്തമ ചലച്ചിത്രങ്ങളുമായി പത്താന് താരതമ്യമൊന്നുമില്ല. രണ്ടര മണിക്കൂർ നേരത്തെ ഒരു വിനോദോപാധി എന്നതിൽ കവിഞ്ഞ ദൗത്യമൊന്നും അതിന്റെ രചയിതാക്കൾപോലും അവകാശപ്പെടാനിടയില്ല. ഈ സിനിമയുടെ കലാസൃഷ്ടി എന്ന നിലയിലുള്ള മേന്മ വിലയിരുത്തുന്നത് ഈ കുറിപ്പിന്റെ ഉദ്ദേശ്യവുമല്ല. ഇന്ത്യാ-പാകിസ്ഥാൻ ശത്രുത, യുദ്ധോത്സുകത, സൈനികവും ചാരവൃത്തിപരവുമായ സാഹസിക പ്രവർത്തനങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന ദേശസ്നേഹം എന്നിങ്ങനെ ഹിന്ദി ഹൃദയഭൂമിക്ക് സ്വീകാര്യമായ സാമൂഹ്യ വിചാരങ്ങളോടൊപ്പം പ്രണയം, വിരഹം, മൃദു ലൈംഗികത, അതിമാനുഷികത എന്നിത്യാദി ജനപ്രിയ മസാലകളും ചാലിച്ച വൻ ബജറ്റ് ചിത്രങ്ങൾ എത്രവേണമെങ്കിലുമുണ്ട്. അടിത്തറയും മേൽപ്പുരയുമായുള്ള വൈരുധ്യാത്മകബന്ധം ഇവിടെയും പ്രസക്തമാണ്. ശരാശരി ഉത്തരേന്ത്യക്കാരന്റെ സാമൂഹ്യമനസ് ബോളിവുഡ് സിനിമകളെയും മറിച്ചും എക്കാലത്തും സ്വാധീനിച്ചുപോന്നിട്ടുണ്ട്.
എന്നിരിക്കിലും ഇപ്രകാരമുള്ള ബോളിവുഡ് ഫ്രെയിമിനകത്ത് രണ്ടുതരം ആഖ്യാനങ്ങൾ നേരിയ ഭേദങ്ങളോടെ നിലനിന്നു. അഥവാ അതിനുള്ള ഇടം ആ വ്യവസായം അനുവദിച്ചുപോന്നു. ഇന്ത്യാവിഭജനം ഇനിയും ഉണങ്ങാത്ത മുറിവാണ്. അതിർത്തിക്കപ്പുറത്തെ ശത്രു മുറിവിൽ മുളകുതേക്കുന്ന യാഥാർത്ഥ്യവും. തിന്മയുടെ പ്രതിരൂപമായ പാകിസ്ഥാൻ, ക്രൂരതയുടെ ആൾരൂപങ്ങളായ അവരുടെ പട്ടാളമേധാവികൾ, അപരിഷ്കൃതരും അവിവേകികളുമായ ജനസമൂഹം, സ്ഫോടനസജ്ജമായ ആയുധപ്പുരകൾ അപ്പുറത്ത്, സമാധാനവാദിയും ഇരയുമായ ഹിന്ദുസ്ഥാൻ ഇപ്പുറത്ത്. ഈ ആഖ്യാനപ്രകാരം പാകിസ്ഥാനിൽ ബോംബിടുന്നതും മിന്നൽ ആക്രമണങ്ങൾ നടത്തുന്നതും കണ്ട് കാണികൾ രോമാഞ്ചമണിഞ്ഞു. രണ്ടാമത്തെ ആഖ്യാനവും ആദ്യത്തേതിനെപ്പോലെതന്നെ വിഭജനത്തെയും അനന്തര ശത്രുതയെയും വാണിജ്യവല്‍കൃതമായ ചലച്ചിത്രഭാഷ്യങ്ങളുടെ തനത് ചേരുവകളോടെ തന്നെ അവതരിപ്പിച്ചു. എന്നാൽ അവയിലെ അപരനിർമ്മിതി സഹജമായ മാനവികതയോട് വിപരീതദ്വന്ദത്തിൽ നിലകൊള്ളുന്നില്ല. മതവൈജാത്യങ്ങൾ ക്കതീതമായി യുദ്ധവും വൈരവും ഭീകരപ്രവർത്തനവും സാധാരണമനുഷ്യർക്കുണ്ടാക്കുന്ന തീരാവേദനകളും അത് കാണാതെപോയില്ല. അപ്പുറത്തായ ചേട്ടൻ, ഇപ്പുറത്തായ അനുജൻ. അപ്പുറത്ത് കാമുകി, ഇപ്പുറത്ത് കാമുകൻ. തടവിൽ മരണാസന്നനായ ഹിന്ദുസ്ഥാനിക്ക് വെള്ളം കൊടുക്കുന്ന പാകിസ്ഥാനി. പൊട്ടാറായ ബോംബിൽ നിന്ന് പാക് ബാലികയെ രക്ഷിക്കുന്ന ഹിന്ദുസ്ഥാനി. മൃദുല വികാരങ്ങളുടെ വ്യാപാരമൂല്യമാണ് വിപണനം ചെയ്തതെങ്കിലും ഗുണപരമായി വ്യത്യസ്തമായ ഒരു സാമൂഹ്യധർമ്മം ഈ ആഖ്യാനം അനുഷ്ഠിച്ചു. ആദ്യത്തേതിൽ ബോംബിടാൻ കാത്തിരുന്ന പ്രേക്ഷകൻ രണ്ടാമത്തേതിൽ ബോംബ് പൊട്ടരുതേ എന്ന് പ്രാർത്ഥിച്ചു.
പലതുകൊണ്ടും പത്താൻ രണ്ടാമത്തെ വിഭാഗത്തിലാണ്. അതിലെ വില്ലൻ സാമ്പ്രദായിക ഇസ്ലാമിക ഭീകരനല്ല. താടിയോ തലേക്കെട്ടോ ഇല്ല. സ്വയം വെളിപ്പെടുത്തുന്നതുപോലെ ജിഹാദി ആശയമോ പണമോ അല്ല അയാളെ പ്രലോഭിപ്പിക്കുന്നത്. രാജ്യം തന്നോട് നീതി ചെയ്തില്ല എന്ന് കരുതുന്ന ഒരു മുൻ ഇന്ത്യൻ സൈനികനാണ് അയാൾ. വ്യക്തിപരമായ ദുരന്തമാണ് അയാളെ തിന്മയുടെ ഉപാസകനാക്കുന്നത്. പാക് ജനറലുമായി പിണങ്ങുമ്പോൾ സർവനാശകാരിയായ ‘രക്തബീജത്തെ’ ജൈവായുധമായി ദില്ലിയിൽ തന്നെ വിക്ഷേപിക്കണമെന്ന് തനിക്ക് നിർബന്ധമില്ല എന്നയാൾ പറയുന്നു. അത് ഇസ്ലാമാബാദിലോ ലാഹോറിലോ ആവാം. ദീപിക പദുക്കോണിന്റെ നിറഞ്ഞാടുന്ന നായികയും ഐഎസ്ഐ ഏജന്റായിരിക്കെ തന്നെ ലോകസാധാരണമായ മാന്യതയും മനുഷ്യത്വവും പ്രസരിപ്പിക്കുന്നുണ്ട്. പ്രേമിക്കുകയോ പ്രേമിക്കപ്പെടുകയോ വഞ്ചിക്കപ്പെടുകയോ മാത്രം ചെയ്യുന്ന വെറും സ്ത്രീയല്ല അവർ. വിൽക്കപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്യുന്ന ഒരു ചരക്കും അല്ല. കശ്മീരിന്റെ 370-ാം വകുപ്പ് പ്രകാരമുള്ള ഭരണഘടനാപദവി റദ്ദാക്കപ്പെടുമ്പോൾ രണ്ട് രാഷ്ട്രങ്ങൾക്കും ഒരു രാജ്യാന്തരഭീകരസംഘത്തിനുമിടയിൽ നടക്കുന്ന ഇടപാടുകളിൽ പുരുഷതുല്യമായ കർതൃത്വം അവർ അനുഭവിച്ചുപോരുന്നു. വഷളത്തരത്തോളമെത്തുന്ന അതിമാനുഷപ്രകടനങ്ങളിലും അവർ തുല്യ പങ്കാളിതന്നെ. ഈ മൂന്നു കഥാപാത്രങ്ങളും സംഘ്പരിവാർ മുന്നോട്ടുവയ്ക്കുന്ന സങ്കുചിത ദേശീയവാദത്തിന് അനുപൂരകങ്ങളല്ല.
നായികാനായകന്മാരുടെ കഥയ്ക്ക് പുറത്തുള്ള ജീവിതം സംഘ്പരിവാറിന് പ്രകോപനപരമാണ്. ഷാരൂഖ് ഖാന്റെ താരപദവിയും പൈതൃകവും അതിൽ മുഖ്യം. ഇപ്പോൾ പാകിസ്ഥാനിലുള്ള പെഷവാറിൽ ജനിച്ച പത്താനായ മിർതാജ് മുഹമ്മദ് ഉന്നത വിദ്യാഭ്യാസാർത്ഥമാണ് ദില്ലിയിലെത്തിയത്. വിഭജനത്തോടെ നാട് നഷ്ടപ്പെട്ട ആ മനുഷ്യന്റെ മകനാണ് ദുരന്തങ്ങളെ നീന്തിക്കടന്ന് അമിതാഭ് ബച്ചന്റെയും ദിലീപ് കുമാറിന്റെയും സിംഹാസനങ്ങൾ കീഴടക്കിയ ഷാരൂഖ് ഖാൻ. ഹിന്ദുവായ ഗൗരി ഛിബ്ബറിന്റെ ഭർത്താവ്. ഇരുവരും തങ്ങളുടെ മതവിശ്വാസങ്ങൾ പിൻതുടരുന്നു. ഈ പശ്ചാത്തലമൊന്നും ഹിന്ദുത്വവാദികൾക്ക് രുചിക്കുന്നതല്ല. പൊതുമണ്ഡലത്തിലെ ഇതരമത വ്യക്തിത്വങ്ങളെ അപരനിർമ്മിതിക്ക് പാത്രമാക്കുന്നതിന്റെ ഭാഗമായി ഖാനെതിരെ അക്രമണങ്ങൾ ഉണ്ടായി. ലതാമങ്കേഷ്കറിന്റെ മൃതശരീരത്തിനരികെ ദുആ ചെയ്യുന്ന ഖാൻചിത്രംവച്ചുകൊണ്ട് അതിൽ തുപ്പിയെന്ന കഥ ഇതിന്റെ ഭാഗമായിരുന്നു. ദീപിക പദുക്കോൺ ആകട്ടെ വിഖ്യാത ബാഡ് മിന്റൺതാരം പ്രകാശ് പദുക്കോണിന്റെ മകളായ കൊങ്കിണി ബ്രാഹ്മണിയാണ്. തന്റെ ജീവനും കരിയറിനും ഉള്ള ഭീഷണി വകവയ്ക്കാതെ ജെഎൻയുവിലെ ബാഹ്യആക്രമണത്തിനെതിരെ പ്രതിഷേധിക്കാനോടിയെത്തിയതു മാത്രമല്ല, ധീരമായ വ്യവസ്ഥാവിരുദ്ധ നിലപാടുകളും അവരെ സംഘ്പരിവാറിന്റെ ശത്രുവാക്കി.
ഇങ്ങനെയൊക്കെ അതിരുകൾ നേർത്തുവരുന്ന ഇന്ത്യയുടെ ഭാവനയിലും യാഥാർത്ഥ്യത്തിലും തങ്ങളുടെ ശാസനകളെ കൂസാത്ത ഒരു ദൃശ്യസ്വരൂപമായിക്കണ്ടാണ് പത്താനെ വിദ്വേഷരാഷ്ട്രീയക്കാർ ലക്ഷ്യമിട്ടത്. അടിവസ്ത്രത്തിന്റെ നിറം ആദ്യമേ കണ്ണിൽപെട്ട ഒരു യാദൃച്ഛിക പ്രതീകം മാത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.