5 October 2024, Saturday
KSFE Galaxy Chits Banner 2

ലോകകേരള സഭ വീണ്ടും സമ്മേളിക്കുമ്പോൾ

Janayugom Webdesk
June 16, 2022 7:00 am

ലോകകേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാവുകയാണ്. ലോകമെമ്പാടുമുള്ള മലയാളികളെ ഏഴ് ഭൂമിശാസ്ത്ര മേഖലകളായി തിരിച്ച് അവരുടെ പ്രതിനിധികൾ, ജനപ്രതിനിധികൾക്കൊപ്പം കേരളത്തിന്റെയും പ്രവാസികളുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരുമിച്ചു ചേരുന്നുവെന്നതാണ് ഈ കൂട്ടായ്മയുടെ സവിശേഷത. പ്രവാസിമലയാളികളുടെ ആഗോളസഹകരണവും കൂട്ടായ്മയും ഉറപ്പാക്കുകയും കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിനായി ആ കൂട്ടായ്മയെ സമന്വയിപ്പിക്കുകയുമാണ് ലക്ഷ്യം. കേരളവികസനത്തിന് ക്രിയാത്മക നിർദേശങ്ങളും സംഭാവനകളും നല്കുന്നതിനും പ്രവാസികളുടെ വിഷയങ്ങൾ മുഖ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ജനാധിപത്യത്തിന്റെ ഒരു വികസിത ബൗദ്ധികതലം എന്ന നിലയിൽ കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലൂടെ ലോകകേരള സഭ അതിന്റെ പ്രസക്തി തെളിയിച്ചു കഴിഞ്ഞു. ലോകമലയാളികളുടെ കൂട്ടായ്മ ശക്തിപ്പെട്ടതിന്റെ നേട്ടങ്ങൾ പ്രളയം, കോവിഡ്, ഉക്രെയ്ൻ യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിൽ കേരളത്തിന് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ലോകകേരള സഭയിൽ 351 അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് ഈ സഭ. പ്രവാസികളിൽ ഇന്ത്യക്ക് പുറത്തുള്ളവർ 104 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്ന് 36 പേരും തിരിച്ചെത്തിയവർ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉൾപ്പെടുന്നു. ഇവരെ കൂടാതെ വിവിധ പ്രവാസമേഖലയിലെ പ്രമുഖർ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാവും. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലെ നിശാഗന്ധിയിൽ നടക്കുന്ന പൊതുസമ്മേളനം അകംകേരളത്തിന്റെയും അതിന്റെ നട്ടെല്ലായി നിലകൊള്ളുന്ന പുറംകേരളത്തിന്റെയും ഒരു സംഗമമായിരിക്കും. കേരളത്തിന്റെ വൈജ്ഞാനിക‑സാംസ്കാരിക പ്രൗഢിയും തനിമയും വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടിയും അരങ്ങേറും. തുടർന്ന് രണ്ട് ദിവസങ്ങളിലായി നിയമസഭാ മന്ദിരത്തിൽ എട്ട് വിഷയാധിഷ്ഠിത ചർച്ചകളാണ് നടക്കുന്നത്. പ്രവാസികളോടുള്ള കേരളത്തിന്റെ പ്രതിബദ്ധതയുടെയും കടപ്പാടിന്റെയും ഏറ്റവും മികച്ച ഉദാഹരണമാണ് ലോകകേരള സഭ എന്ന ആശയം. പതിറ്റാണ്ടുകളുടെ മലയാളി പ്രവാസാനുഭവം ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും വിലമതിക്കാനാവാത്ത സമ്പത്താണ്. കഴിവും വൈദഗ്ധ്യവും ആശയഗരിമയും എല്ലാം സമ്മേളിക്കുന്ന ആ വിഭവശേഷിയെ വേണ്ടവണ്ണം ഈ മണ്ണിലേക്ക് ആവാഹിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് അപേക്ഷിക്കാൻ അവസരം നല്കിക്കൊണ്ട് സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നാമനിർദേശത്തിലൂടെ ലോകകേരള സഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടു വർഷം കൂടുമ്പോൾ നാമനിർദേശം ചെയ്യപ്പെട്ട മൂന്നിലൊന്ന് പേർ വിരമിക്കുകയും പുതിയ അംഗങ്ങൾക്ക് കടന്നുവരാൻ അവസരം ഒരുങ്ങുകയും ചെയ്യും. ഇന്ത്യൻ പൗരന്മാരല്ലാത്ത കേരളീയരുടെ അഭിപ്രായങ്ങളും ആശയങ്ങളും പോലും നാം പ്രയോജനപ്പെടുത്തുന്നുണ്ട്. പൗരത്വമുള്ളവർക്ക് മാത്രമായി ലോകകേരള സഭാ അംഗത്വം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും പൗരന്മാരല്ലാത്ത കേരളീയരെയും മറ്റു നിലകളിൽ സഭയുടെ പ്രവർത്തനങ്ങളുടെ ഭാഗഭാക്കാവാൻ സ്വാഗതം ചെയ്യുന്നുണ്ട്.


ഇതുകൂടി വായിക്കാം; ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്കരണ നീക്കങ്ങള്‍


കേരളസഭാ നേതാവ് മുഖ്യമന്ത്രിയും ഉപനേതാവ് പ്രതിപക്ഷ നേതാവുമെന്ന നിലയിൽ ജനാധിപത്യ പ്രക്രിയയെ ലോകകേരള സഭ കൂടുതൽ സമ്പന്നമാക്കുന്നു. ഒരുപക്ഷെ ലോകത്തിൽ തന്നെ ഇത്തരമൊരു മാതൃക അപൂർവമായിരിക്കും. അകംകേരളവും പുറംകേരളവും കൈകോർത്തുകൊണ്ട് കൂടുതൽ ശോഭനമായ ഭാവിയിലേക്ക് ചുവടുവയ്ക്കാനുള്ള മാർഗങ്ങളാണ് മൂന്നാം ലോകകേരള സഭ ചർച്ച ചെയ്യുന്നത്. എട്ട് വിഷയ മേഖലകളെ വിലയിരുത്തുന്നവർക്ക് ഇത് വേഗത്തിൽ ബോധ്യപ്പെടും. വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയുടെ രൂപീകരണത്തിൽ പ്രവാസി ഇടപെടലിന്റെ സാധ്യതകൾ, നവകേരള നിർമ്മാണത്തിന് സഹായകമാവുന്ന പ്രവാസിനിക്ഷേപ സാധ്യതകൾ എന്നിവയാണ് ആദ്യ രണ്ട് വിഷയമേഖലകൾ. പ്രവാസികളുടെ വൈദഗ്ധ്യത്തെയും സാധ്യതകളെയും കേരളത്തിന് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കുമെന്നതിനൊപ്പം പ്രവാസി നിക്ഷേപങ്ങൾ വിജയകരമാക്കാനുള്ള ആശയങ്ങളും ഈ ചർച്ചയിൽ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവി പ്രവാസം-നൈപുണ്യ വികസനവും പുതിയ തൊഴിലിടങ്ങളും എന്നതാണ് മൂന്നാമത്തെ വിഷയം. ആഗോളതൊഴിൽ വിപണിയുടെ പുതിയ പ്രവണതകൾ വിശകലനം ചെയ്തുകൊണ്ട് ഗുണമേന്മയുള്ള പ്രവാസത്തെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ ഇവിടെ ചർച്ചയാവും. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ തീർച്ചയായും ഈ സമ്മേളനത്തിന്റെ മുഖ്യവിഷയമാണ്. സർക്കാരിന്റെ പ്രവാസികൾക്കായുള്ള പദ്ധതികളുടെ വിലയിരുത്തൽ‑പ്രവാസി പുനരധിവാസം വെല്ലുവിളികളും നൂതനാശയങ്ങളും എന്ന വിഷയം ഈ മേഖലയെ കേന്ദ്രീകരിച്ചുള്ളതാണ്. അതോടൊപ്പം വിദേശനാടുകളിൽ പ്രവാസികൾ നേരിടുന്ന വ്യത്യസ്തങ്ങളായ സാഹചര്യങ്ങളും ചർച്ചയാവും. പ്രവാസവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും അന്താരാഷ്ട്ര സംഘടനകളുമായി സഹകരണസാധ്യതകൾ എന്ന വിഷയം ആ മേഖലയെ അഭിസംബോധന ചെയ്യുന്നതാണ്. സ്ത്രീ കുടിയേറ്റത്തിന്റെ ഭാവി സാധ്യതകൾ മൂന്നാം സഭയുടെ ഒരു പ്രധാന ചർച്ചാ കേന്ദ്രമാണ്. പ്രവാസവും സാംസ്കാരിക വിനിമയ സാധ്യതകളും, ഇതര സംസ്ഥാന മലയാളികളുടെ പ്രശ്നങ്ങൾ എന്നിവയും വിഷയമേഖലകളിൽ ഉൾപ്പെടുന്നു. ലോകകേരള സഭയുടെ പ്രഥമ സമ്മേളനം 2018 ജനുവരി 12, 13 തീയതികളാണ് ചേർന്നത്. ആ സമ്മേളന തീരുമാനങ്ങളിൽ മുഖ്യമായതായിരുന്നു ലോകകേരള സഭ സെക്രട്ടേറിയറ്റ് രൂപീകരിക്കുക, ഏഴ് വിഷയ മേഖലാ സ്റ്റാന്റിങ് കമ്മിറ്റികള്‍ രൂപീകരിക്കുക എന്നിവ. ഇവ രണ്ടും നിലവിൽ വന്നിട്ടുണ്ട്. ഓവർസീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന കമ്പനിയും രൂപവല്ക്കരിച്ചു. കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം ക്ലിപ്തം 4499, വനിതകളുടെ സുരക്ഷിത കുടിയേറ്റത്തിനായി നോർക്ക റൂട്ട്സിൽ എൻആർകെ വനിതാ സെൽ എന്നിവയും പ്രവര്‍ത്തനം തുടങ്ങി.


ഇതുകൂടി വായിക്കാം; ലോക കേരള സഭ: സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകം


മനുഷ്യക്കടത്തും തൊഴിൽ ചൂഷണവും തടയുന്നതിന് എയർപോർട്ടുകളിൽ മെെഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍, പാസ്പോർട്ട് ഓഫീസുകളിൽ പ്രീ എംബാര്‍ക്ക്മെന്റ് ഓറിയന്റേഷന്‍ സെന്റേര്‍സ് എന്നിവയും നിലവിൽ വന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസി(സിഡിഎസ്)ൽ അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രം സ്ഥാപിച്ചു. പ്രവാസി ആനുകാലിക പ്രസിദ്ധീകരണം ‘ലോക മലയാളം’ ആരംഭിച്ചു. രണ്ടാം ലോകകേരള സഭ 2020 ജനുവരി ഒന്നുമുതല്‍ മൂന്നുവരെ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ നടന്നു. ഈ സമ്മേളനത്തിൽ ജിസിസി, സാര്‍ക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ, മറ്റ് രാജ്യങ്ങളിലും 21 ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. പ്രസ്തുത സമ്മേളനത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പരിഗണനയിൽ വരത്തക്ക ആകെ 209 ശുപാർശകൾ ഉരുത്തിരിഞ്ഞുവന്നിരുന്നു. പ്രായോഗികമല്ലാത്തതും ആവർത്തന സ്വഭാവവുമുള്ളവയെ ഒഴിവാക്കി ശുപാർശകളെ 209 ൽ നിന്നും 156 ആയി പുനഃക്രമീകരിച്ചു. ശുപാർശകളിൽ തുടർനടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ കൈക്കൊണ്ടുവരുന്നു. ലോകകേരള സഭ ഒരു സ്ഥിരം സംവിധാനം എന്ന നിലയിൽ രണ്ടാം ലോകകേരള സഭയിൽ സംസ്ഥാന സർക്കാർ ഒരു നിയമ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ഒരു കരട് ബില്ല് ചർച്ചചെയ്തിരുന്നു. പ്രസ്തുത ബില്‍ നിയമസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കാനുള്ള നടപടി പുരോഗമിച്ചുവരുന്നു. പ്രവാസികൾക്ക് വേണ്ടി ഒരു ഇന്ത്യൻ സംസ്ഥാനത്തിൽ ആദ്യമായി പ്രത്യേക വകുപ്പ് രൂപീകൃതമായത് കേരളത്തിലാണ്. 1996 ഡിസംബർ ആറിന് നിലവിൽ വന്ന നോർക്ക പ്രവർത്തന പന്ഥാവിൽ 25 വർഷം പിന്നിടുന്ന വേളയിലാണ് മൂന്നാം ലോകകേരള സഭ സമ്മേളിക്കുന്നത്. വ്യത്യസ്തമായ വിതാനങ്ങളിലേക്ക് ഇന്ന് പ്രവാസം വിപുലമായിക്കൊണ്ടിരിക്കുകയാണ്. പുതിയ കുടിയേറ്റ സംസ്കാരം ആഗോളതലത്തിൽ തന്നെ രൂപപ്പെട്ടിരിക്കുന്നു. പ്രവാസി സാന്ദ്രത കൂടിയ കേരളത്തിൽ ആ മേഖലയിലെ പുതിയ പ്രവണതകൾ മനസിലാക്കാൻ കഴിയുന്ന ഒരു ദേശീയ മൈഗ്രേഷൻ കോൺഫറൻസ് സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. കേരളമാണ് ഇതിന് ഏറ്റവും ഉചിതമായ സ്ഥലമെന്ന് വിദേശകാര്യമന്ത്രാലയം പ്രതിനിധികൾ തന്നെ അറിയിച്ചിരിക്കുന്നു. കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെ ലക്ഷ്യം വച്ച് ഒരു പരിരക്ഷാ ഇൻഷുറൻസ് പദ്ധതിയും പരിഗണനയിലാണ്. പ്രവാസികളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് മറ്റൊരു പ്രധാന ചുവടുവയ്പ്. ലോകത്തിന്റെ ഏതു ഭാഗത്തുള്ള മലയാളിയുടെയും വിവരങ്ങൾ ഒരു ക്ലിക്കിൽ ലഭ്യമാക്കാനുള്ള വലിയ സംരംഭമാണിത്. നോർക്കയുടെയും അതിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്സിന്റെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് ലോകകേരള സഭാംഗങ്ങളുടെ അഭിപ്രായങ്ങൾ പ്രയോജനപ്പെടുത്തുമെന്നു കൂടി ഈ അവസരത്തിൽ ഉറപ്പു നല്കുന്നു.

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.