30 April 2024, Tuesday

പുത്തൻ പ്രതീക്ഷകളുമായി യുവ സഹകരണ സംഘങ്ങൾ

വി എന്‍ വാസവന്‍
സഹകരണം, രജിസ്ട്രേഷൻ മന്ത്രി
September 6, 2021 5:02 am

രാജ്യത്ത് നിരവധി ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിച്ച സഹകരണ മേഖല ഇന്ന് പുതിയ ഒരു ചരിത്രം കൂടി രചിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായി യുവജനങ്ങൾക്കായി 25 സഹകരണ സംഘങ്ങൾ ആരംഭിക്കുന്നു. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച ഈ സഹകരണ സംഘങ്ങൾ ഇന്ന് പ്രവർത്തന സജ്ജമാകുന്നതോടെ പൊതുസമൂഹത്തിൽ യുവജനതയുടെ മറ്റൊരു മാതൃകാപരമായ ഇടപെടലിനു കൂടി പൊതുസമൂഹം സാക്ഷ്യം വഹിക്കും. വായ്പാ സംഘങ്ങൾ എന്ന നിലയിൽ അല്ലാതെ സംരംഭക രംഗത്താണ് ഈ സഹകരണ സംഘങ്ങൾ പ്രവർത്തിക്കുക. സംസ്ഥാന സർക്കാർ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി യുവജന സഹകരണ സംഘങ്ങൾ എന്ന പദ്ധതി മുന്നോട്ട് വച്ചപ്പോൾ വ്യാപകമായ പ്രതികരണങ്ങളാണ് യുവജനങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായത്. പുതിയ സംരംഭക ആശയങ്ങളുമായി അവർ മുന്നോട്ട് വന്നു. ഓരോ ആശയങ്ങളിലും വിശദമായ ചർച്ചകളുണ്ടായി. പല പദ്ധതികളും വിപുലീകരിക്കപ്പെട്ടു. കൃത്യമായ പരിശോധനകൾക്കും വിശകലനങ്ങൾക്കും ശേഷമാണ് 25 നിർദ്ദേശങ്ങൾ തിരഞ്ഞെടുത്തത്. ഓരോ സഹകരണ സംഘത്തിനും വ്യത്യസ്തമായ ആശയങ്ങളാണ്. യുവജനങ്ങൾക്ക് വ്യത്യസ്തവും നൂതനവുമായ ആശയങ്ങൾ മാത്രമല്ല ഉള്ളത്. കഠിനാധ്വാനത്തിലൂടെ ലക്ഷ്യത്തിലെത്തിക്കാനുള്ള കരുത്തും കരുതലുമുണ്ട് അവർക്ക്. അത് കഴിഞ്ഞ പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും വ്യക്തമായതാണ്. ആരുടെയും ആഹ്വാനത്തിനോ അഭ്യർത്ഥനയ്ക്കോ കാത്തുനിൽക്കാതെയാണ് ദുരിതബാധിതരെ സഹായിക്കാൻ അവർ രംഗത്തിറങ്ങിയത്. അവശ്യസാധനങ്ങൾ ശേഖരിക്കുന്ന കേന്ദ്രങ്ങളിൽ അവർ ഓടിയെത്തി. രാവും പകലും അവർ അവിടങ്ങളിൽ ആത്മാർത്ഥമായി പ്രവർത്തിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കാൻ അവർ കേരളത്തിലുടനീളം യാത്ര ചെയ്തു. സ്വന്തം വീടുകളും സ്ഥാപനങ്ങളുമെന്നത് പോലെയാണ് അവർ പ്രവർത്തിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് കമ്യൂണിറ്റി കിച്ചനുകളിൽ കണ്ടതും യുവതയുടെ ആത്മാർത്ഥതയാണ്. അവശ്യസാധനങ്ങൾ വേണ്ടവർ, മരുന്നുകൾ വേണ്ടവർ, ആശുപത്രികളിൽ എത്തിക്കേണ്ടവർ അങ്ങനെ എല്ലായിടങ്ങളിലും അവർ സജീവമായി പ്രവർത്തിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥന നടത്തിയപ്പോൾ യൂത്ത് ബ്രിഗേഡിൽ ചേരാനെത്തിയവർ നിരവധിയാണ്. ഇത് പുതിയ തലമുറയുടെ കരുതലിന്റെ സാക്ഷ്യമാണ്.

പ്രവർത്തിക്കാനുള്ള കരുത്തും കരുതലും ഒത്തു ചേരുമ്പോൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. അതിനുള്ള വേദിയാണ് സർക്കാർ ഒരുക്കി കൊടുക്കുന്നത്. ഈ സഹകരണ സംഘങ്ങൾ പ്രാദേശിക സ്റ്റാർട്ട് അപ്പുകളായി മാറാൻ അധിക കാലമൊന്നും വേണ്ടി വരില്ല. സഹകരണ സംഘങ്ങൾ ചരിത്രം സൃഷ്ടിച്ച നാടാണ് കേരളം. ദേശസാൽകൃത ബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകളും കേന്ദ്ര സർക്കാരിന്റെ കച്ചവടവൽക്കരണത്തിന്റെ ഭാഗമായി ഗ്രാമങ്ങളിൽ നിന്നും അകന്നപ്പോഴും ചെറുകിട വ്യവസായങ്ങൾക്കും കുടിൽ വ്യവസായങ്ങൾക്കും കാർഷിക മേഖലയ്ക്കും വായ്പകൾ നൽകാതെ കോർപ­റേറ്റുകൾക്ക് പിന്നാലെ പോയപ്പോഴും സാധാരണക്കാർക്ക് താങ്ങായി നിൽക്കാൻ സഹകരണ സംഘങ്ങൾക്കായി. പ്രാദേശികതലത്തിൽ സമാന്തര സാമ്പത്തിക സങ്കേതങ്ങളായി മാറിയ സഹകരണ സംഘങ്ങളാണ് കാർഷിക മേഖലയെ കൈപിടിച്ചുയർത്തിയത്. പച്ചക്കറിക്കൃഷി വ്യാപകമാക്കുന്നതിനും ജൈവ പച്ചക്കറി ഉല്പാദനത്തിനും സഹകരണമേഖല നല്കിയ പ്രോത്സാഹനം എടുത്തു പറയേണ്ടതാണ്. ഏറ്റവും ഒടുവിലായി ആരംഭിച്ച നെല്ലുല്പാദന വിതരണ സഹകരണ സംഘം നെൽ കർഷകരുടെ കാലങ്ങളായുള്ള പ്രതിബന്ധങ്ങൾ മറികടക്കാൻ ഉതകുന്നതാണ്. കർഷകർക്ക് ന്യായവില ലഭിക്കുന്നുവെന്ന് മാത്രമല്ല, കൃഷിക്കാവശ്യമായ എല്ലാ സഹായങ്ങളും സംഘം വഴി ലഭിക്കും. സംഭരിക്കുന്ന നെല്ല് അരിയാക്കി വിപണനം ചെയ്യുമ്പോൾ പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ അരി ലഭ്യമാകുകയും ചെയ്യും. ഇങ്ങനെ ഒരു വിഭാഗത്തിന് മാത്രമായി അല്ല പൊതു സമൂഹത്തിനു തന്നെ ഗുണപരമായ പ്രവർത്തനങ്ങളാണ് സഹകരണ സംഘങ്ങൾ വഴി നടക്കുന്നത്.

യുവജന സഹകരണ സംഘങ്ങളും ഇത്തരത്തിൽ തന്നെയാണ് പ്രവർത്തിക്കാൻ പോകുന്നത്. ഒരു കൂട്ടം പേർക്ക് സംരംഭം നടത്താൻ മാത്രമല്ല സംഘങ്ങൾ. അതുവഴി പൊതുസമൂഹത്തിനും ഗുണകരമാകുന്ന പ്രവൃത്തികളാണ് ഏറ്റെടുക്കുന്നത്. തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് യുവ എംഎൽഎ വി കെ പ്രശാന്ത് പ്രമോട്ടറായി രജിസ്റ്റർ ചെയ്ത സംഘം മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ എല്ലാ സേവനങ്ങളും വീട്ടുപടിക്കൽ എത്തിക്കുന്ന പ്രവർത്തനമാണ് നടത്തുന്നത്. ഒരു വീട്ടിൽ എന്താവശ്യമുണ്ടോ അത് സംഘത്തിന്റെ മൊബൈൽ ആപ്പിൽ അറിയിക്കുക. അവർ അവിടെയെത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ആവശ്യം സാധിച്ചു തരും. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ചില സ്വകാര്യ കമ്പനികൾ ഈടാക്കുന്ന വലിയ ഫീസ് ഒന്നും സംഘം ഈടാക്കില്ല. നെയ്യാറ്റിൻകരയിലെ യുവാക്കൾ ഈവന്റ് മാനേജ്മെന്റാണ് ഉദ്ദേശിക്കുന്നത്. വൻകിട കമ്പനികൾ പ്രവർത്തിക്കുന്ന ഈ മേഖലയിൽ എത്ര വലിയ ചടങ്ങും പരിപാടിയും യുവാക്കൾ നേരിട്ടെത്തി ഭംഗിയാക്കും. കൊല്ലത്ത് പുനലൂരിൽ രജിസ്റ്റർ ചെയ്ത സംഘമാകട്ടെ പരിസ്ഥിതിക്ക് ദോഷകരമായ അജൈവ മാലിന്യങ്ങൾ ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മാലിന്യങ്ങളിൽ നിന്ന് പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ നിർമ്മിക്കുകയാണ് ഉദ്ദേശ്യം. അഞ്ചലിലുള്ളവരാകട്ടെ അഗ്രിഗ്രേറ്റഡ് പ്ലാറ്റ് ഫോം വഴി വിവിധ മേഖലകളിലെ തൊഴിലാളികളെ കണ്ടെത്തി ആവശ്യക്കാർക്ക് അവരുടെ സേവനം ലഭ്യമാക്കുകയാണ്. തൊഴിലാളിക്ക് സ്ഥിരമായി ജോലിയും വരുമാനവും ഉറപ്പു വരുത്തുന്നതിനോടൊപ്പം ആവശ്യക്കാർക്ക് കൃത്യമായി പണിക്കാരെ ലഭിക്കുകയും അമിത കൂലിയിൽ നിന്നും ആശ്വാസം ലഭിക്കുകയും ചെയ്യും.

ആലപ്പുഴയിൽ മാവേലിക്കരയുള്ള യുവാക്കൾ പ്രിന്റിംഗ് ആൻഡ് പബ്ലിഷിങ് തുടങ്ങുന്നതിനാണ് സംഘം രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുതിയ സ്രഷ്ടാക്കളെ വളർത്തിയെടുക്കുക വഴി വായനയ്ക്ക് പുതിയ തലങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. ചേർത്തലയിലെ യുവാക്കളാകട്ടെ കാറ്ററിംഗ് സർവീസ് തുടങ്ങി വൻകിടക്കാരുമായി മത്സരിച്ച് സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ആവശ്യമായ ഭക്ഷണം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. കോട്ടയത്ത് വെളിയന്നൂരിൽ മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനുമാണ് യുവാക്കൾ രംഗത്തു വന്നത്. ജൈവ, അജൈവ മാലിന്യങ്ങളിൽ നിന്നും പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കളുണ്ടാക്കുക മാത്രമല്ല അത്യാധുനിക രീതിയിൽ പൂന്തോട്ടം നിർമ്മിച്ചു നല്കാനും പദ്ധതിയുണ്ട്. പത്തനംതിട്ടയിലെ ചെറുപ്പക്കാർ ഫുഡ് പ്രോസസിങ് യൂണിറ്റുമായാണ് മുന്നോട്ട് വന്നത്. എറണാകുളത്ത് വടക്കൻ പറവൂരുകാർ നിത്യോപയോഗ സാധനങ്ങൾ ഉല്പാദിപ്പിക്കുന്നതിനും അവശ്യസാധനങ്ങൾ സംഭരിച്ച് വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്. മൂവാറ്റുപുഴക്കാർ കോൾ സെന്റർ തുടങ്ങി അവിടെ വിളിക്കുന്നവരുടെ വീടുകളിൽ അവശ്യ സാധനങ്ങൾ എത്തിച്ചു നൽകാൻ ഒരുങ്ങി കഴിഞ്ഞു. പാലക്കാട് നെന്മാറക്കാർ പച്ചക്കറി ഉല്പാദിപ്പിച്ച് വിതരണം ചെയ്യും. കോഴിക്കോട് നടുവണ്ണൂരിലെ ചെറുപ്പക്കാരാകട്ടെ തൊഴിലാളികൾക്ക് ആവശ്യമായ തൊഴിലുപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. സുരക്ഷാ ജീവനക്കാരെ ആവശ്യമുള്ളവർക്ക് നല്കുകുകയും ചെയ്യും. മാത്രമല്ല മരുന്നുകൾ ആവശ്യമുള്ളവർ വിളിച്ചാൽ അത് വീട്ടിലെത്തിച്ചു നല്കം. കാസർകോട് ഹോസ്ദുർഗിലെ ഒരു കൂട്ടം ചെറുപ്പക്കാർ വൈവിധ്യങ്ങളുള്ള ഒരു സഹകരണ സംഘമാണ് രജിസറ്റർ ചെയ്തിരിക്കുന്നത്.  ഐടി സർവീസ്, കാറ്ററിങ് സർവീസ്, കാർഷിക വിളകളുടെ മൂല്യവർധിത ഉല്പന്നങ്ങളുടെ ഉല്പാദനം, വിതരണം ഇങ്ങനെ വൈവിധ്യമുള്ള സേവനങ്ങളാണ് ലഭ്യമാക്കുന്നത്.

യുവജനതയുടെ ചിന്തകൾക്ക് അതിരുകളില്ല. വൈവിധ്യങ്ങളുടെ നീണ്ട നിര തന്നെയാണ് അവരുടെ സങ്കല്പത്തിലുള്ളത്. അത് യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സഹകരണ വകുപ്പ് യുവാക്കളുടെ ചിന്തകൾക്ക് നിറം പകരുകയാണ്. ഇപ്പോൾ ആരംഭിക്കുന്ന 25 സഹകരണ സംഘങ്ങൾ ഒരു തുടക്കം മാത്രമാണ്; കൂടുതൽ ആശയങ്ങളുമായി യുവജനങ്ങൾ ഇനിയും മുന്നോട്ട് വരും. പുത്തൻ ആശയങ്ങളെ പിന്തുണയ്ക്കാൻ സഹകരണ വകുപ്പും സർക്കാരും സദാ സന്നദ്ധമായിരിക്കും. കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ ഉതകുന്ന തരത്തിലുള്ള ഇടപെടൽ നമ്മുടെ യുവജനങ്ങൾക്കിടയിൽ നിന്നുണ്ടാകുമെന്ന് ഉറപ്പിക്കാൻ സഹകരണ സംഘങ്ങൾക്കുള്ള നിർദ്ദേശങ്ങളിൽ നിന്നു തന്നെ ബോധ്യപ്പെട്ടു. യുവശക്തി സ്വന്തം നാടിന് വേണ്ടി, സ്വന്തം പ്രദേശത്തിനു വേണ്ടി ഉപയോഗിക്കുമ്പോൾ വികസന സ്വപ്നങ്ങൾ കൂടിയാണ് യാഥാർത്ഥ്യമാകുന്നത്. വരുംകാലങ്ങളിൽ കേരളത്തിന്റെ വികസനത്തിന് യുവജന സഹകരണ സംഘങ്ങൾ നിർണായകമായ പങ്കുവഹിക്കുമെന്ന് ഉറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.