2024ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റുവാനുളള കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ സജീവമായി രംഗത്തു വന്നു കഴിഞു. ജനതാപരിവാറിലെ രാഷട്രീയ പ്രസ്ഥാനങ്ങളെല്ലാം എല്ലാ ഭിന്നതകളും മറന്ന് ബിജെപിയെന്ന പൊതു ശത്രുവിനെ നേരിടാന്‍ സജ്ജമായി കഴിഞിരിക്കുന്നു. പ്രധാന പ്രതിപക്ഷമെന്ന കോണ്‍ഗ്രസിന് ബിജെപിയെ രാഷട്രീയമായി നേരിടാനുള്ള ശക്തിയില്ലാത്ത സാഹചര്യത്തിലാണ് പ്രാദേശിക ‚മതേതര പാര്‍ട്ടികള്‍ രംഗത്തു വന്നത്.
ബീഹാറിലെ ആര്‍ജെഡി അടക്കമുള്ള കക്ഷികള്‍ക്ക് സിപിഐ ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളോടുള്ള വിശ്വാസം ഏറെയാണ്. എന്‍ ഡി എയുമായുള്ള സഖ്യം പിരിഞ്ഞ് ബിഹാറില്‍ ആർ ജെ ഡിയും കോണ്‍ഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിച്ചതിന് പിന്നാലെ ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് ജെ ഡി യു നേതാവായ നിതീഷ് കുമാർ ഇപ്പോള്‍ വിവിധ പ്രതിപക്ഷ കക്ഷി നേതാക്കളുമായി ചർച്ച നടത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം എസ് പി നേതാക്കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ് എന്നിവരുമായും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ എസ് പി കേന്ദ്രങ്ങളില്‍ നിന്നും പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്ററാണ് ഇപ്പോള്‍ ഏറെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
യുപി ബീഹാർ = ഗായി മോഡിസർക്കാർ (ഉത്തർപ്രദേശും ബിഹാറും ചേർന്നാൽ മോഡി സർക്കാരിനെ പുറത്താക്കും” എന്നാണ് നിതീഷ് കുമാറിന്റേയും അഖിലേഷ് യാദവിന്റേയും ചിത്രങ്ങള്‍ സഹിതമുള്ള പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സംസ്ഥാനത്ത് നിന്നും ബി ജെ പിക്ക് തിരിച്ചടി നല്‍കാന്‍ സാധിച്ചാല്‍ കേന്ദ്രത്തിലെ ഭരണത്തില്‍ നിന്ന് തന്നെ പുറത്താക്കമെന്ന സൂചനയാണ് പോസ്റ്റർ നല്‍കുന്നത്.
ഉത്തർപ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമായി 120 (യഥാക്രമം 80 ഉം 40 ഉം) എംപിമാരാണ് ലോക്സഭയിലുള്ളത്. ഈ രണ്ട് സംസ്ഥാനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പാർട്ടിയോ സഖ്യങ്ങളോ ആണ് പലപ്പോഴും കേന്ദ്രത്തില്‍ സർക്കാർ രൂപീകരിക്കുന്നതില്‍ നിർണ്ണായക പങ്ക് വഹിക്കുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന സംഭവങ്ങൾക്ക് തുടക്കമിട്ട ചരിത്രമാണ് ഉത്തർപ്രദേശിനും ബിഹാറിനും ഉള്ളതെന്നാണ് ബാനറിനെ സൂചിപ്പിച്ചുകൊണ്ട് എസ് പി നേതാവ് ഐപി സിംഗ് അവകാശപ്പെടുന്നത്. ഉത്തർപ്രദേശിലെ എസ്പിയും മറ്റ് പ്രതിപക്ഷ പാർട്ടികളും ബിഹാറിൽ ബി ജെ പിയെ പുറത്താക്കുകയും അവിടെ സർക്കാർ രൂപീകരിക്കാൻ ആർജെഡി, കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികളുമായി കൈകോർക്കുകയും ചെയ്ത് നിതീഷ് കുമാറിന്റെ നീക്കം ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും.
ജെ ഡി യു യഥാർത്ഥ നേതാവും അഖിലേഷ്, മുലായം കൂടിക്കാഴ്ചയും പുതിയ സാധ്യതകള്‍ക്ക് വഴി തുറക്കുമെന്നും എസ്പി നേതാവ് അഭിപ്രായപ്പെടുന്നു. സമാജ്‌വാദി പാർട്ടി, ജനതാദൾ (യുണൈറ്റഡ്), രാഷ്ട്രീയ ജനതാദൾ, രാഷ്ട്രീയ ലോക്ദൾ എന്നിവ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മുൻഗാമികളാണെന്നും ‘നേതാജി’ മുലായം സിംഗ് യാദവ് അവരുടെ എല്ലാവരുടേയും ‘രക്ഷാധികാരി‘യാണെന്നും ഐപി സിങ് പറഞ്ഞു. നേരത്തെ ഏകാധിപത്യം പിഴുതെറിഞ്ഞത് സമാജ്‌വാദികളായിരുന്നു, വരും ദിവസങ്ങളിൽ സോഷ്യലിസ്റ്റുകളായിരിക്കും വിപ്ലവത്തിന്റെ നായകന്മാർ- അദ്ദേഹം കൂട്ടിച്ചേർത്തു.
അഖിലേഷ് യാദവിനും മുലായം സിംഗ് യാദവിനും പുറമെ സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ, സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, , ഡൽഹി മുഖ്യമന്ത്രിയും ആംആദ്മിപാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാൾ, ഐ എൻ എൽ ഡി മേധാവി ഒ പി ചൗട്ടാല, എൻ സി പി അധ്യക്ഷൻ ശരദ് പവാർ, തെലുങ്കാനമുഖ്യമന്ത്രിയുംടിആര്‍എസ് നേതാവുമായ ചന്ദ്രശേഖര റാവു പ്രധാന കക്ഷിയായ എന്നിവരുമായും കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപി 62 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷിയായ അപ്നാ ദൾ (സൊണേല) രണ്ട് സീറ്റുകളും നേടിയിരുന്നു.
സഖ്യമായി മത്സരിച്ച ബിഎസ്പി 10 സീറ്റിലും എസ്പി അഞ്ച് സീറ്റിലും കോൺഗ്രസ് ഒരെണ്ണത്തിലും വിജയിച്ചു. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സീറ്റുകളായ അസംഗഡ്, രാംപൂർ സീറ്റുകള്‍ പിടിച്ചെടുത്ത ബി ജെ പിഅവരുടെ എണ്ണം 64 ആയും എൻഡിഎയുടേത് 66 ആയും ഉയർത്തി. ബീഹാറിൽ, 2019ൽ ആകെയുള്ള 40 സീറ്റുകളിൽ 39 എണ്ണവും എന്‍ ഡി എ, അതായത് അന്നത്തെ ബി ജെ പി, ജെ ഡി യു, എൽ ജെ പി സഖ്യം നേടിയിരുന്നു. ഇതിൽ 17 സീറ്റുകളില്‍ ബി ജെ പി വിജയിച്ചപ്പോള്‍, ജെ ഡി (യു) 16, മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി ആറ് സീറ്റുകളിലും വിജയിച്ചു. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് ഒരു സീറ്റ് നേടിയപ്പോള്‍ ആർ ജെ ഡിക്ക് ഒരു സീറ്റും ലഭിച്ചില്ല. ജെ ഡി യു സഖ്യം വിട്ടതോടെ സംസ്ഥാനത്തെ എൻ ഡി എയുടെ സീറ്റ് നില 23 ആയി ചുരുങ്ങി.
പശ്ചിമബംഗാള്‍ മുഖ്യന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയും ബിജെപി വിരുദ്ധ നിലപാടിലാണ്. വരും ദിവസങ്ങളില്‍ നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ബിജെപിക്ക് ബദലായി രാജ്യത്തുടനീളം പ്രതിപക്ഷ കക്ഷികളെ സംഘടിപ്പിക്കുയെന്നുള്ള പ്രയത്നമായിരിക്കും. ശരത് പവാറും താനും പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ബിജെപിക്കൊപ്പം ഇല്ലാത്തവരെ മൊത്തം സഖ്യത്തില്‍ എത്തിക്കാനാണ് പ്ലാന്‍. ആരാകും ഈ സഖ്യത്തിന്റെ നേതാവെന്ന് പിന്നീട് തീരുമാനിക്കും നിതീഷ് കുമാര്‍ പറയുന്നു.. ആദ്യം ഒരുമിച്ച് നില്‍ക്കുക എന്നതാണ് പ്രധാനമെന്നും നിതീഷ് പറഞ്ഞു.
എല്ലാ ബിജെപി ഇതര പാര്‍ട്ടികളും ഒരുമിച്ച് വന്നാല്‍ 2024ല്‍ ഒരു വെല്ലുവിളിക്കുള്ള അന്തരീക്ഷം ഒരുങ്ങും. ഏകപക്ഷീയമായ പോരാട്ടം എന്ന നില മാറും. ഞാന്‍ സംസാരിച്ചവരെല്ലാം പോസിറ്റീവായിട്ടാണ് പ്രതികരിച്ചതെന്നും നിതീഷ് അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസിന്‍റെ കാര്യംവലിയ പരിതാപകരമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 52 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. അതില്‍ 15പേരും കേരളത്തില്‍ നിന്നുള്ളവരാണ്.കഴിഞ്ഞ തവണ കേരളത്തില്‍ ഉണ്ടായ നേട്ടം ഇത്തവണ ആവര്‍ത്തിക്കില്ല. കോണ്‍ഗ്രസ് വളരെ പിന്നോക്കം പോകും. ഈ അവസ്ഥയില്‍ പ്രാദേശിക മതേരപാര്‍ട്ടികള്‍ ശക്തി ആര്‍ജ്ജിച്ചേമതിയാകുകയുള്ളുവെന്നും വിലയിരുത്തപ്പെടുന്നു
English Summary: 2024 Lok Sabha Elections; Opposition parties are moving with one mind against BJP
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.