22 November 2024, Friday
KSFE Galaxy Chits Banner 2

രാജ്യത്തിന്റെ ചെലവില്‍ ഗുജറാത്ത് മോഡല്‍

Janayugom Webdesk
October 1, 2021 4:00 am

കേന്ദ്രസഹായത്തോടെ സംസ്ഥാനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികളിലും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്കുന്ന അധിക ധനസഹായത്തിലും നരേന്ദ്രമോഡി സര്‍ക്കാര്‍ അവലംബിക്കുന്ന നീതിരഹിതവും വിവേചനപരവുമായ സമീപനം തുറന്നുകാട്ടപ്പെടുന്നു. ഗുജറാത്ത് നിയമസഭയില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) സെപ്റ്റംബര്‍ 28ന് സമര്‍പ്പിച്ച ‘സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടാ‘ണ് മോഡി സര്‍ക്കാരിന്റെ തികച്ചും പക്ഷപാതപരമായ ഗുജറാത്ത് പ്രീണനനയത്തിലേക്ക് വെളിച്ചം വീശുന്നത്. 2019–20 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗുജറാത്തിന് കെെമാറിയത് 11,659 കോടി രൂപ. അത് 2015–16ലെ 2,542 കോടി രൂപയില്‍ നിന്നും അമ്പരിപ്പിക്കുന്ന 350 ശതമാനത്തിലധികം വര്‍ധനയാണെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസഹായത്തോടെയുള്ള പദ്ധതികള്‍ക്കും അധിക കേന്ദ്ര ധനസഹായം നല്കുന്നതു സംബന്ധിച്ച ഇന്ത്യാ ഗവണ്മെന്റിന്റെ അംഗീകൃത നയങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായാണ് മോഡി സര്‍ക്കാര്‍ ഗുജറാത്തിന് വാരിക്കോരി നല്കുന്നതെന്നത് സിഎജി റിപ്പോര്‍ട്ട് വ്യക്തമായ സൂചന നല്കുന്നു. 2014 ഏപ്രില്‍ ഒന്ന് മുതല്‍ കേന്ദ്ര പദ്ധതികള്‍ക്കുള്ള ധനസഹായവും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിക്കുന്ന അധിക ധനസഹായവും സംസ്ഥാന ഗവണ്മെന്റ് വഴി മാത്രമെ പാടുള്ളു എന്ന നിബന്ധന മറികടന്നാണ് ഗുജറാത്തിലേക്കുള്ള കേന്ദ്രത്തിന്റെ ധനസഹായ പ്രവാഹം. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ ജിഎസ്‌ടി വിഹിതം ആയിരക്കണക്കിന് കോടി രൂപ തടഞ്ഞുവച്ചിരുന്ന അതേ കാലയളവിലാണ് ഗുജറാത്തിന് തികച്ചും പക്ഷപാതപരമായി വന്‍തോതില്‍ മോഡി സര്‍ക്കാര്‍ അധിക ധനസഹായം വര്‍ഷങ്ങളായി നല്കിക്കൊണ്ടിരിക്കുന്നത്. അത് ജനങ്ങളുടെ ജീവിതനിലവാരത്തില്‍ പ്രതിഫലിക്കുന്നില്ലെന്നു മാത്രമല്ല അവയുടെ സിംഹഭാഗവും എത്തിച്ചേരുന്നത് സ്വകാര്യ കോര്‍പ്പറേറ്റുകളിലും ആടോപ പദ്ധതികളിലുമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


ഇതുകൂടി വായിക്കൂ: ആത്മനിര്‍ഭറിന്റെ പേരിലുള്ള വഞ്ചന


2019–20ല്‍ കേന്ദ്രസര്‍ക്കാര്‍ ഗുജറാത്തിലെ സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചത് 837 കോടി രൂപ. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതേ കാലയളവില്‍ 17 കോടി രൂപയും ട്രസ്റ്റുകള്‍ക്ക് 79 കോടി രൂപയും അനുവദിച്ചതായി സിഎജി റിപ്പോര്‍ട്ട് പറയുന്നു. ഗവണ്മെന്റേതര സംഘടനകള്‍ക്ക് 18.35 കോടി രൂപയും വ്യക്തികള്‍ക്ക് 1.56 കോടി രൂപയും ഗുജറാത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കേന്ദ്ര‑സംസ്ഥാന പദ്ധതികളില്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധിയില്‍3,133 കോടി രൂപയും അഹമ്മദാബാദ്-ഗാന്ധിനഗര്‍ മെട്രോ റയില്‍ പദ്ധതിക്കായി 1,667 കോടി രൂപയും അനുവദിക്കപ്പെട്ടു. കേന്ദ്ര‑സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി 3,406 കോടി രൂപയും സംസ്ഥാന പൊതുമേഖലക്ക് 3,338 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി 1,826 കോടി രൂപയും സര്‍ക്കാര്‍ സ്വയംഭരണ രജിസ്റ്റേഡ് സൊസെെറ്റികള്‍ക്കായി 1,069 കോടി രൂപയും 2019–20 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രം നേരിട്ട് അനുവദിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവയുടെയെല്ലാം വിനിയോഗത്തില്‍ അവ്യക്തതകളും വീഴ്ചകളും ഉള്ളതായും സിഎജി റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഗുജറാത്ത് നിയമസഭയില്‍ ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട സിഎജി റിപ്പോര്‍ട്ടില്‍ എന്തെങ്കിലും പുതുമയുള്ളതായി ആരും കണക്കാക്കുന്നില്ല. നരേന്ദ്രമോഡി ഗുജറാത്തില്‍ അധികാരത്തില്‍ വന്നതുമുതല്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചുപോരുന്ന ‘ഗുജറാത്ത് മോഡലി‘നെ താങ്ങിനിര്‍ത്താന്‍ മോഡിയും ഷായും ഉള്‍പ്പെട്ട അധികാരകേന്ദ്രം നടത്തുന്ന ശ്രമത്തിന്റെ ഭാഗമായെ ഇതിനെ കാണേണ്ടതുള്ളു. ജനജീവിതത്തില്‍ പ്രകടമായ മാറ്റം ഉറപ്പുവരുത്തുന്ന യാതൊന്നും ‘ഗുജറാത്ത്’ മാതൃകയില്‍ ഇല്ലെന്ന വിമര്‍ശനത്തിനും പുതുമയില്ല.


ഇതുകൂടി വായിക്കൂ: ബിജെപി എന്ന പൊങ്ങച്ചം


നരേന്ദ്രമോഡിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഗുജറാത്തില്‍ നടന്നുവരുന്ന ‘ഗുജറാത്ത് മോഡലി‘ന്റെ സൃഷ്ടി രാഷ്ട്രത്തിന്റെ ചെലവിലും ഗുണഭോക്താക്കള്‍ വന്‍കിട കോര്‍പറേറ്റുകളും ആണെന്ന യാഥാര്‍ത്ഥ്യം ഒരിക്കല്‍ക്കൂടി അടിവരയിടുക മാത്രമാണ് സിഎജി റിപ്പോര്‍ട്ട്. ടാറ്റയുടെ പൊളിഞ്ഞുപാളീസായ നാനോ കാര്‍ പ്രോജക്ടിന് ഗുജറാത്ത് നല്കിയ സൗജന്യ ഉത്തേജക ധനം മാത്രം 30,000 കോടി രൂപയായിരുന്നു എന്ന് ഓര്‍ക്കുക. വായ്പ ഇനത്തില്‍ ടാറ്റ ആവശ്യപ്പെട്ട 33,000 കോടി രൂപയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ 11,000 കോടി പലിശരഹിത വായ്പയ്ക്ക് തിരിച്ചടവിനു നല്കിയ മൊറട്ടോറിയത്തിന്റെ ദെെര്‍ഘ്യം 20 വര്‍ഷം. മോഡിയുടെ ‘ഗുജറാത്ത് മാതൃക’യുടെ സ്തുതിപാഠകര്‍ ആരാണെന്ന് ആരും സംശയിക്കേണ്ടതില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.