30 April 2024, Tuesday

സിംഘു കൊലപാതകം ആസൂത്രിതമെന്ന് സൂചന

Janayugom Webdesk
October 20, 2021 5:00 am

സിംഘു അതിര്‍ത്തിയിലെ ലഖ്ബീര്‍ സിങ് എന്ന ദളിത് സിഖ്‌ യുവാവിന്റെ കൊലപാതകം മതഗ്രന്ഥത്തിനോട് നിന്ദ കാട്ടിയതുമൂലമുള്ള പ്രതികാരത്തിലുപരി ആസൂത്രിതമായ ഒന്നാണെന്ന സൂചന പുറത്തുവരുന്നു. സിംഘു അതിര്‍ത്തിയിലെ കര്‍ഷക സമരവേദിയില്‍ ഉണ്ടായ ദാരുണ സംഭവം സിഖ് മതത്തിലെ സായുധരായ ഒരു അവാന്തര വിഭാഗത്തിന്റെ ചെയ്തിയാണെന്ന വാര്‍ത്തയാണ് ഇതുവരെ പുറത്തുവന്നിരുന്നത്. നിഹാംഗുകളായ നാലുപേരെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. സംഭവത്തെ കര്‍ഷക പ്രക്ഷോഭത്തോട് ബന്ധിപ്പിക്കാനും അതുവഴി പതിനൊന്ന് മാസം പിന്നിടുന്ന കര്‍ഷകസമരത്തെ അപകീര്‍ത്തിപ്പെടുത്താനും വ്യാപകശ്രമമുണ്ടായി. ദാരുണമായ കൊലപാതകത്തെ അപലപിക്കുകയും സംഭവത്തില്‍ അന്വേഷണവും കുറ്റവാളികള്‍ക്ക് നിയമാനുസൃതം ശിക്ഷ നല്കണമെന്നും പ്രക്ഷോഭത്തിന് നേതൃത്വം നല്കിവരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രക്ഷോഭത്തിന്റെ തുടക്കം മുതല്‍തന്നെ അതിനെ തകര്‍ക്കാന്‍ ബിജെപിയുടെ കേന്ദ്ര, ഹരിയാന സര്‍ക്കാരുകളും സംഘപരിവാര്‍ സംഘടനകളും നിരന്തരം ശ്രമം നടത്തിയിരുന്നു. പ്രാരംഭത്തില്‍ പ്രക്ഷോഭം ഖലിസ്ഥാന്‍വാദികളുടെ ദേശവിരുദ്ധ പ്രവര്‍ത്തനം ആണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം.

 


ഇതുംകൂടി വായിക്കാം: സിംഘു കൊലപാതകം: രണ്ട് നിഹാംഗുകള്‍ക്കൂടി അറസ്റ്റില്‍; ഇതുവരെ പിടിയിലായത് നാലുപേർ


 

എന്നാല്‍ മതത്തിനും വിശ്വാസങ്ങള്‍ക്കും പ്രാദേശികതയ്ക്കും അപ്പുറമാണ് കര്‍ഷകഐക്യം എന്നു വന്നതോടെ അതിന്റെ മുനയൊടിഞ്ഞു. തുടര്‍ന്ന് റിപ്പബ്ലിക് ദിനത്തില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്തം കര്‍ഷകരുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമം ഉണ്ടായി. പ്രക്ഷോഭത്തെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും പ്രക്ഷോഭം വ്യാപകമായ പിന്തുണ ആര്‍ജിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര, ആഭ്യന്തര സഹമന്ത്രിയുടെ മകനും അനുചരരും ലഖിംപുര്‍ ഖേരി‍ കൂട്ടക്കൊലയ്ക്ക് മുതിര്‍ന്നത്. ലഖിംപുര്‍ കൂട്ടക്കൊല ബിജെപിക്കും മോഡി, ആദിത്യനാഥ് ഭരണകൂടങ്ങള്‍ക്കും വിനയായി മാറിയ പശ്ചാത്തലത്തില്‍ വേണം സിംഘു അതിര്‍ത്തിയിലെ സംഭവവികാസം വിശകലന വിധേയമാക്കാന്‍. ലഖ്ബീര്‍ സിങ്ങിന്റെ കൊലപാതകം കര്‍ഷക പ്രക്ഷോഭത്തെ തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഗൂഢാലോചനയുടെ ഫലമാണെന്ന് സൂചിപ്പിക്കുന്ന വാര്‍ത്ത ചണ്ഢിഗഡില്‍ നിന്ന് പുറപ്പെടുന്ന ‘ട്രിബ്യൂണ്‍ പത്രം ഇന്നലെ പുറത്തുവിട്ടു. കര്‍ഷക പ്രക്ഷോഭം ‘അവസാനിപ്പിക്കാന്‍’ മോഡി സര്‍ക്കാര്‍ ഒരു നിഹാംഗ് വിഭാഗത്തിന്റെ തലവന്‍ ബാബാ അമന്‍‍ സിങ്ങിന്റെ സഹായം തേടിയെന്നാണ് ട്രിബ്യൂണ്‍ വാര്‍ത്ത സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ജൂലെെ അവസാനം ബാബാ അമന്‍ സിങ്ങിനെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പരമ്പരാഗത രീതിയില്‍ അംഗവസ്ത്രം അണിയിച്ച് സ്വീകരിക്കുന്ന ചിത്രം ട്രിബ്യൂണ്‍ പ്രസിദ്ധീകരിച്ചു. കേന്ദ്ര കൃഷിമന്ത്രി കെെലാഷ് ചൗധരി ഡല്‍ഹിയിലെ ഔദ്യോഗിക ബംഗ്ലാവില്‍ സംശയകരമായ പശ്ചാത്തലമുള്ള ഒരുപറ്റം ആളുകള്‍ക്കൊപ്പം അമന്‍‍സിങ്ങിനെ സല്‍ക്കരിക്കുന്നതിന്റെ ചിത്രവും ട്രിബ്യൂണ്‍ പുറത്തുവിട്ടിട്ടുണ്ട്. അമന്‍‍സിങ്ങിന്റെ നിഹാംഗ് സംഘവും കാനഡയിലെ ഓണ്ടാരിയോ ആസ്ഥാനമായുള്ള ഒരു സിഖ് മതസംഘടനയുടെ പിന്തുണയോടെയാണ് കര്‍ഷകസമരം ‘അവസാനിപ്പിക്കാന്‍’ ശ്രമം നടന്നതെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

 


ഇതുംകൂടി വായിക്കാം: കിസാന്‍ മോര്‍ച്ച അക്രമത്തെ പിൻതുണയ്ക്കില്ല: ഡോ.ആശിഷ് മിത്തല്‍


 

ചില നിഹാംഗ് സംഘടനകള്‍ പല ഘട്ടങ്ങളിലും സര്‍ക്കാരിന്റെ അട്ടിമറി ദൗത്യങ്ങള്‍ക്ക് ഉപകരണമായി വര്‍ത്തിച്ചിട്ടുള്ള ചരിത്രവും വിവിധ വാര്‍ത്ത വിശകലനങ്ങള്‍ സൂചിപ്പിക്കുന്നു. കര്‍ഷക പ്രക്ഷോഭത്തെ അട്ടിമറിക്കാന്‍ നാളിതുവരെ നടന്ന ശ്രമങ്ങളുമായി കൂട്ടിവായിക്കുമ്പോള്‍ ട്രിബ്യൂണും മറ്റ് വാര്‍ത്താ സംഘടനകളും ഉന്നയിക്കുന്ന സംശയങ്ങള്‍ അവഗണിക്കാനാവില്ല. പഞ്ചാബും ഉത്തര്‍പ്രദേശുമടക്കം സംസ്ഥാനങ്ങള്‍ അസംബ്ലി തെരഞ്ഞെടുപ്പിനോട് അടുക്കുന്തോറും മോഡിഭരണകൂടത്തിലും ബിജെപി-സംഘപരിവാര്‍ വൃത്തങ്ങളിലും അങ്കലാപ്പ് പ്രകടമാണ്. ബിജെപി-സംഘപരിവാര്‍ പാളയത്തില്‍ത്തന്നെ മോഡി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ക്കെതിരായ എതിര്‍പ്പ് കനക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സിംഘു അതിര്‍ത്തിയിലെ സംഭവത്തിന്റെ പിന്നാമ്പുറ ഗൂഢാലോചന പുറത്തുവരേണ്ടത് രാജ്യത്തിന്റെ ആവശ്യമായി മാറുന്നു. സംഭവത്തില്‍ സത്യസന്ധവും സുതാര്യവുമായ അന്വേഷണം രാജ്യത്തിന്റെ പൊതുവികാരവും ആവശ്യവുമായി മാറണം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.