15 November 2024, Friday
KSFE Galaxy Chits Banner 2

കേന്ദ്ര അവഗണനയ്ക്കെതിരെ യോജിച്ച പോരാട്ടം അനിവാര്യം

കാനം രാജേന്ദ്രന്‍
January 12, 2022 6:00 am

കേന്ദ്രത്തിന്റെ കേരളത്തോടുള്ള അനീതിപൂർവകവും നീതിരഹിതവുമായ അവഗണനയ്ക്കെതിരെ സിപിഐയും ഇടതുപക്ഷജനാധിപത്യ മുന്നണിയും വീണ്ടും ഒരു പ്രക്ഷോഭ പരമ്പരയ്ക്ക് തുടക്കം കുറിക്കുകയാണ്. കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസ് ഗവണ്മെന്റുകളായാലും കോൺഗ്രസേതര ഗവണ്മെന്റുകളായാലും നമ്മുടെ സംസ്ഥാനത്തിനോട് പരിഗണനാർഹമായ ഒരു സമീപനം എടുത്തിട്ടില്ല. 1957 ൽ അധികാരത്തിൽ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ നെഹ്രു ഗവണ്മെന്റ് പിരിച്ച് വിട്ട നടപടി ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ്. അധികാര കേന്ദ്രീകരണത്തിനുവേണ്ടിയാണ് എക്കാലവും കേന്ദ്രഗവണ്മെന്റുകൾ നിലകൊണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ പുനർ നിർവചിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പാർലമെന്റിനകത്തും പുറത്തും ഇടതുപക്ഷം ശക്തമായ നിലപാടും അതനുസരിച്ചുള്ള പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കേരള രൂപീകരണത്തിനുശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിലൂടെ 1957 ൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ ചൂണ്ടി കോൺഗ്രസുകാർ ചോദിച്ചത് എന്താ നിങ്ങളുടെ പരിപാടി എന്നായിരുന്നു. അങ്ങനെ ചോദിക്കാൻ തന്നെ കാരണം കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ കേരള സംസ്ഥാനത്ത് എന്തു ചെയ്യാൻ കഴിയും എന്നതായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് മറുപടി പറഞ്ഞത് “കോൺഗ്രസ് നടപ്പിലാക്കുമെന്ന് ജനങ്ങൾക്ക് വാഗ്ദാനം ചെയ്തതും നടപ്പാക്കാത്തതുമായ പരിപാടിയിലെ ഇനങ്ങൾക്കും പദ്ധതികൾക്കും ഞങ്ങൾ മുൻഗണന നൽകും’. ആ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കാർഷിക പരിഷ്ക്കരണം, വിദ്യാഭ്യാസനയം മുതലായവ നടപ്പിലാക്കിയത്, പട്ടിക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും മുൻഗണന നൽകുന്ന പദ്ധതികൾ നടപ്പിലാക്കിയത്. കമ്മ്യൂണിസ്റ്റ് സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടാനാണ് ശ്രമിച്ചത്. സ്വാതന്ത്യ്രലബ്ധിക്ക് ശേഷം ആദ്യമായി ജനക്ഷേമകരവും വിപ്ലവകരവുമായ ഭരണം കാഴ്ചവച്ച കേരള സർക്കാരിനെ കേന്ദ്രത്തിന്റെ പ്രത്യേക അവകാശമുപയോഗിച്ചുകൊണ്ട് (ആർട്ടിക്കിൾ 356) പിരിച്ചുവിടുകയായിരുന്നു. ഇന്ത്യൻ ഫെഡറൽ ഘടനയുടെ ചിറകരിയുകയായിരുന്നു പിരിച്ചുവിടൽ നടപടിയിലൂടെ. കോൺഗ്രസിതര സംസ്ഥാന ഗവണ്മെന്റുകളെ ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് പിൻസീറ്റ് ഭരണം നടത്തുന്നതിനെതിരെ തമിഴ്‌നാട്, പശ്ചിമബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിൽ ബന്ദുൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കേണ്ടി വന്നിട്ടുണ്ട്. രാഷ്ട്രീയ ലാഭേച്ഛയ്ക്കുവേണ്ടി സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നു കയറാനും സാമ്പത്തികമായി സംസ്ഥാന സർക്കാരുകളെ ഞെരുക്കി തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിനും അനിയന്ത്രിതമായ അധികാരം കേന്ദ്രീകരിക്കുന്നതിനും കേന്ദ്ര ഗവണ്മെന്റുകൾ തയാറായി. ഇതിന്റെയൊക്കെ ഫലമായി അസം, പഞ്ചാബ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്വയംഭരണ അവകാശത്തിനുവേണ്ടിയുള്ള വിഘടനവാദവും വിഭജനവാദവും ശക്തിപ്പെട്ടു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വെല്ലുവിളിയുയർത്തിക്കൊണ്ട് വിദേശ ശക്തികളുടെ സഹായത്താൽ രാജ്യത്തിനകത്ത് വിഘടനവാദശക്തികൾ വിധ്വംസക‑തീവ്രവാദ പ്രവർത്തനങ്ങളിലേർപ്പെട്ടു. ഇത്തരം ഒരു സാഹചര്യത്തിലാണ് കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ ജസ്റ്റിസ് ആർ എസ് സർക്കാരിയ ചെയർമാനായുള്ള കമ്മിഷനെ തീരുമാനിച്ചത്. 1983 ൽ കേന്ദ്ര സർക്കാർ നിയമിച്ച സർക്കാരിയ കമ്മിഷൻ നീണ്ട അഞ്ച് കൊല്ലത്തിനുശേഷം 247 ശുപാർശകളടങ്ങിയ റിപ്പോർട്ട് കേന്ദ്ര ഗവണ്മെന്റിന് സമർപ്പിച്ചു. ആർട്ടിക്കിൾ 356 ന്റെ ദുരുപയോഗ സാധ്യത, ഗവർണർമാരുടെ നിയമനം, പദവി, അധികാരം, സാമ്പത്തിക വിഭവങ്ങളുടെ പങ്കിടൽ തുടങ്ങിയവയെക്കുറിച്ചുള്ള സമഗ്ര റിപ്പോർട്ട് പാർലമെന്റിനു മുമ്പാകെ വയ്ക്കുകയും ചെയ്തു. ആ റിപ്പോർട്ടിലെ ശുപാർശകൾ പിന്നീട് കാര്യമായി പരിഗണിക്കപ്പെട്ടിട്ടില്ല. എക്കാലവും രാജ്യത്ത് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനങ്ങളോട് കേന്ദ്രം കാട്ടുന്ന കടുത്ത അവഗണന രാഷ്ട്രീയവിഷയമായി മാറുകയുണ്ടായി. കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലെ വിടവും വൈരുധ്യവും ചിലപ്പോഴെല്ലാം സംഘർഷത്തിന്റെയും പാതയിൽ എത്തുകയുണ്ടായി. ഇത്തരത്തിലൊരു പശ്ചാത്തലത്തിലാണ് 2014 ൽ മോഡി സർക്കാർ അധികാരത്തിലെത്തിയത്. ഭരണഘടനയുടെ അന്തസത്തയായ ഫെഡറൽ തത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട പരിഗണന നൽകുമെന്ന പ്രഖ്യാപനം മോഡി നടത്തി.


ഇതുകൂടി വായിക്കാം; യുപിയില്‍ മത്സരം ഹിന്ദു ആരെന്ന് ബോധ്യപ്പെടുത്താന്‍


ബിജെപി ഗവണ്മെന്റ് കോപറേറ്റീവ് ഫെഡറലിസമെന്ന നവീന ആശയത്തിലാണ് വിശ്വസിക്കുന്നതെന്നും കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സഹകരണാത്മകമായി സംഘർഷങ്ങളില്ലാതെ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോകുമെന്നും നരേന്ദ്രമോഡി പ്രഖ്യാപനങ്ങൾ നടത്തി. എന്നാൽ കേന്ദ്രത്തിൽ അധികാരത്തിലെത്തുന്ന ഏത് സർക്കാരായാലും അത് കോൺഗ്രസായാലും ബിജെപി ആയാലും ലക്ഷ്യം ഒന്ന് തന്നെ എന്ന് തെളിയിക്കുന്ന സംഭവ വികാസങ്ങളാണ് അരങ്ങേറിയത്. അധികാര കേന്ദ്രീകരണം തന്നെയായിരുന്നു മോഡി സർക്കാരിന്റെയും നയം. 2014 ൽ നരേന്ദ്രമോഡി പ്രധാനമന്ത്രി പദത്തിലെത്തിയതോടെ സംസ്ഥാന സർക്കാരുകളുടെ രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങൾ ഏറ്റെടുക്കാനുള്ള നീക്കങ്ങൾ ശക്തവും വ്യക്തവുമായിരുന്നു. ഇതിലേക്കായി, ഒരു നിശ്ചിത അജണ്ട എന്നതിന്റെ അടിസ്ഥാനത്തിൽ നിയമനിർമ്മാണങ്ങളുടെയും ഭേദഗതികളുടെയും ഒരു പരമ്പരയ്ക്കു തന്നെ രൂപം നൽകപ്പെട്ടു. കാർഷിക നിയമങ്ങൾ, ജിഎസ്‌ടി നടപ്പിലാക്കൽ, തെരഞ്ഞെടുപ്പു നിയമഭേദഗതികൾ, കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പു പ്രക്രിയകൾ ഒരേ സമയത്ത് നടക്കുന്നതിനുള്ള നിയമനിർമ്മാണം, ഇവയൊക്കെയായിരുന്നു മോഡി സർക്കാരിന്റെ അജണ്ടയിൽ. ഒരു രാഷ്ട്രം — ഒരു റേഷൻകാർഡ് എന്ന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടിയുള്ള നിയമനിർമ്മാണങ്ങളാണ് മോഡി സർക്കാർ ആസൂത്രണം ചെയ്യുന്നത്. അങ്ങനെ ഫെഡറൽ ഘടനയെ തകർക്കുകയും സംസ്ഥാന സർക്കാരുകളെ കേന്ദ്രത്തിന്റെ വരുതിയിലാക്കുകയും ചെയ്യുന്ന നടപടികൾ ഒന്നൊന്നായി നടപ്പിലാക്കി, കോവിഡ് മഹാമാരി പുറപ്പെട്ടതോടെ സംസ്ഥാനാധികാരങ്ങൾ കവർന്നെടുക്കാനുള്ള നീക്കങ്ങൾ ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. ആരോഗ്യം ഒരു സംസ്ഥാന വിഷയമാണെന്ന് വാദിച്ചുകൊണ്ട് ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന്റെ ഉത്തരവാദിത്തങ്ങൾ സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്ന കേന്ദ്ര സർക്കാർ, ടെസ്റ്റിങ് കിറ്റുകൾ, വാക്സിനുകൾ തുടങ്ങിയവ വാങ്ങുന്നതിനുള്ള സ്വാതന്ത്യ്രം സംസ്ഥാനങ്ങൾക്ക് നിഷേധിച്ചു. സംസ്ഥാന സർക്കാരുകളെ വിശ്വാസത്തിലെടുക്കാതെ ലോക്ഡൗൺ പ്രഖ്യാപനം നടത്തിയതുകൊണ്ടുണ്ടായ ദുരിതങ്ങൾ വിവരണാതീതമാണ്. കുടിയേറ്റ തൊഴിലാളികളുടെ സ്വന്തം നാട്ടിലേക്കുള്ള പലായനത്തിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. റയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ തൊഴിലാളി കുടുംബത്തിലുള്ളവരുടെ മേൽ ട്രെയിൻ കയറി ദാരുണമായി കൊല്ലപ്പെട്ട സംഭവമൊന്നും മനുഷ്യമനഃസാക്ഷിക്ക് പെട്ടെന്ന് മറക്കാൻ കഴിയുന്നതല്ല. ദേശീയ ഡിസാസ്റ്റർ മാനേജ്മെന്റ് നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ സംസ്ഥാനങ്ങൾക്ക് നിഷേധിക്കപ്പെട്ടു. കുടിയേറ്റ അതിഥി തൊഴിലാളികളുടെ കൂട്ടപാലായനങ്ങൾ ഉയർത്തിയ പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ഹീനശ്രമം സുപ്രീം കോടതി ഇടപെടലിലൂടെ തടയപ്പെട്ടു. കൃഷി ഒരു സംസ്ഥാന വിഷയമാണെങ്കിലും കാർഷിക നിയമങ്ങൾ കോർപറേറ്റുകൾക്ക് വേണ്ടി ഏകപക്ഷീയമായി പാർലമെന്റിൽ ചർച്ചപോലും കൂടാതെ പാസാക്കിയ നടപടി ഫെഡറൽ ബന്ധത്തിന് വിരുദ്ധമല്ലെങ്കിൽ മറ്റെന്താണ്. രാഷ്ട്രീയ പ്രാദേശിക – ജാതീയ ചിന്തകൾക്കതീതമായി സംഘടിച്ച കർഷക സമൂഹത്തിന്റെ ഇച്ഛാശക്തിക്കും ദൃഢനിശ്ചയത്തിനും മുന്നിൽ മോഡി സർക്കാരിന് മുട്ടുകുത്തേണ്ടി വന്നു എന്നതാണ് യാഥാർത്ഥ്യം. അതുപോലെ തന്നെ സഹകരണ മേഖലാ മാനേജ്മെന്റ് സംസ്ഥാനത്തിനുള്ള അധികാര പരിധിയിൽ വരുന്നതാണെങ്കിലും അതു കൈവശപ്പെടുത്താൻ റഗുലേഷൻ അമെൻമെന്റ് ആക്ട് 2020 നടപ്പാക്കാനുള്ള നീക്കവും, നാഷണൽ കാപ്പിറ്റൽ ടെറിറ്ററി അമൻമെന്റ് ആക്ട് 2021, ഇലക്ട്രിസിറ്റി അമൻമെന്റ് ആക്ട് 2020, ഡാം സേഫ്റ്റി ബിൽ 2019, ബ്ലൂ ഇക്കോണമി 2021 തുടങ്ങിയ നിയമനിർമ്മാണങ്ങളെല്ലാം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കാനുള്ള ജനാധിപത്യ വിരുദ്ധ നടപടികളാണ്.

(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.