പുരുഷ കേസരിയെന്ന് ഏതാനും അല്പജ്ഞർ വാഴ്ത്തുന്നതു കേട്ട് ഭ്രമിച്ചാണ് ദിവാനാകാൻ മോഹം തുടങ്ങിയതും അതിനുവേണ്ടി ശ്രമിക്കുന്നതും അവസാനം മോഹം പൂവണിഞ്ഞതും. അടുത്തറിയുമ്പോഴാണ് കാര്യം മനസിലായത്, അത്തരക്കാർ പലരും നിർഗുണ പരബ്രഹ്മങ്ങളാണെന്ന്. എന്നിട്ട് അവർ താമസിക്കുന്ന കൊട്ടാരവും രാജ്യവും കുളംതോണ്ടിയ ചരിത്രങ്ങൾ ഏറെ. കൊട്ടാരത്തിലെ തന്റെ അപ്രമാദിത്വം ദിവസവും സ്വയം വിളിച്ചോതണം. രാജകൊട്ടാരത്തിലെ വന്ദികളും കീർത്തകരും സേവകരും തന്നെ കാണുമ്പോൾ താണുകേണു നിൽക്കണം. താനാണത്രെ സിംഹാസനാരൂഢൻ. ഇങ്ങനെ പോകുന്നു അവരുടെ ഇഷ്ടങ്ങളും ചിന്തകളും. അദ്ദേഹത്തിന് “ടു ബി ഓർ നോട്ട് ടു ബി” എന്ന സംശയം എപ്പോഴും ഉണ്ടാകും. ഹാംലറ്റിന്റെ വിനാശകരമായ സംശയമാണത്.
പ്രായം കൂടിയ പലരും കൊട്ടാരത്തിലെ അന്തേവാസികൾ ആയിട്ടുണ്ട്. അതിൽ പലരും പ്രജകളോട് തീരെ ബന്ധം ഇല്ലാത്തവർ ആണ്. പ്രായമായ ദിവാന്മാർ വരുന്നത് ചക്രവർത്തിയുടെ നിയമന ഉത്തരവുമായിട്ടാണ്. അപ്പോൾ പ്രാദേശിക സർക്കാരുകൾ അദ്ദേഹത്തെ കൊട്ടാരത്തിൽ കൊണ്ടിരുത്തുന്നു. ഇരിക്കുന്നതു മുതൽ ഇത്തരം ദിവാന്മാരും അവിടങ്ങളിലെ സർക്കാരിനെതിരാകും. പണ്ട് സായിപ്പ് തുടങ്ങിവച്ച കളിയാണത്. ജനാധിപത്യത്തിന്റെ അന്തഃസത്ത തന്നെ പല ദിവാന്മാരുടെ പ്രവർത്തനങ്ങൾ മൂലം ഇല്ലായ്മ ചെയ്യപ്പെടാറുണ്ട്. രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ നിരന്തരമായ ദുഷ്പ്രവർത്തനങ്ങളുടെ ഫലമായി ജനാധിപത്യ സ്വഭാവങ്ങൾ ഇല്ലാതാകുന്നതിന് പുറമെയാണത്.
കൊട്ടാരത്തിൽ താമസക്കാരായ പ്രായം ഏറിയവർക്ക് കഥാകൃത്തായ വ്ലാഡ്മീർ നബോക്കോവിന്റെ വിശ്വപ്രശസ്ത ഗ്രന്ഥമായ ലോലിതയിലെ ഹംബർട്ട് ഹംബർട്ടുമായി വളരെ സാമ്യമുണ്ട്. ആ നോവലിൽ ഹംബർട്ട്, കപടത, നീചത്വം, പൈശാചികത്വം എന്നിവയുടെ പ്രതീകമാണ്. ലോലിതയെ തന്റെ സ്വന്തം ആക്കാനുള്ള വ്യഗ്രത എപ്പോഴും പ്രകടിപ്പിക്കും. അതേസമയം ഹംബർട്ട്, തന്നെ പരിചരിക്കാനും ശ്രദ്ധിക്കാനും ജനങ്ങളെ തല്പരരാക്കുകയും ചെയ്യുന്ന സൂത്രശാലി. അതിനു വേണ്ടിയുള്ള വാക്കുകളും പ്രവൃത്തികളും നിരന്തരം പ്രയോഗിക്കും. ദിവാന്മാർക്കു മോഹം, പറക്കും കുതിരകളാൽ ബന്ധിച്ചുള്ള രാജകീയ വാഹനങ്ങളിൽ പറക്കാനാണ്. എഴുത്തും വായനയും അറിയുന്ന അപൂർവം ചിലരെ കൂടെ ഉണ്ടാകൂ. രാജ്യത്തുടനീളം തെക്കുവടക്കു പ്രചണ്ഡ യാത്ര നടത്തും. “ദിക്കുകൾ വിറച്ചു പൊടിപടലങ്ങൾ ഉയർന്നു. ഘോരമാരുതൻ ഉറഞ്ഞുതുള്ളി”… കവി പാടിയതുപോലെയാകും ആ യാത്രകൾ. പ്രജകളെ സ്വാധീനിക്കാനാണത്രെ ഈ യാത്രകൾ. ഏതു പ്രജകൾ? ദിവാന്റെ ആശയങ്ങൾ സംസാരിക്കുന്നവർ മാത്രം പ്രജകൾ.
അങ്ങനെ യാത്ര കഴിഞ്ഞുവന്ന്, കൊട്ടാരത്തിലെത്തിയാൽ രാജകീയ മാപ്പുകളും രാജകീയ തിട്ടൂരങ്ങളും എത്രയെത്ര. ബലേ ഭേഷ്. യഥാർത്ഥത്തിൽ വളരെ കാലമായി ജനാധിപത്യ ധ്വംസനങ്ങൾ നടന്നുവരുന്ന രാജ്യത്ത് വീണ്ടും ഒരു ധ്വംസനം. ദിവാന്റെ മനസിന് പരമാനന്ദം.
‘ഔദ്യോഗിക’മാകുന്നതിനു പകരം ‘ഔദ്യോദിക’മായും, ‘ഔദ്യോതിക’മായും സംസാരിക്കുന്ന ഒരുപാട് സാമൂഹ്യ, രാഷ്ട്രീയ, മത നേതാക്കളും പ്രവർത്തകരും ഇവിടെ ഉണ്ട്. പ്രത്യേകിച്ച് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ച് ചക്രവർത്തിയുടെ അനുഗ്രഹത്താൽ വിവിധ പ്രദേശങ്ങളിൽ പ്രതിനിധികളായി വരുന്നവർ ഇത്തരം വാക്കുകൾ പ്രയോഗിക്കും.
വികലമായ ഉച്ചാരണം കേട്ടു കേട്ടു ഗതിയഞ്ചും കൂട്ടിയിട്ടാണ് പണ്ട് ബാലനായിരുന്ന തുഞ്ചത്ത് രാമാനുജൻ “കാട്” “കാട്” എന്ന് ആക്ഷേപഹാസ്യം ചൊരിഞ്ഞതെന്ന് പൂർവസൂരികൾ പറഞ്ഞു കേട്ടിട്ടുണ്ട്. കുട്ടിയെ പതിവായി അമ്മ അടുത്തുള്ള അമ്പലത്തിൽ ഭജനത്തിന് കൊണ്ടുപോകുമായിരുന്നു. ചാതുർവർണ്യം കൊടികുത്തി വാണിരുന്ന അക്കാലത്തു ചക്കാല ജാതിയിൽ പിറന്ന ആ അമ്മയ്ക്കും മകനും വളരെ ദൂരത്തുനിന്നു കൊണ്ടു മാത്രമേ ഇശ്വര ദർശനം അനുവദിക്കപ്പെട്ടിരുന്നുള്ളു. എങ്കിലും അങ്ങ് മണ്ഡപതറയിന്മേൽ, ഈശ്വരനു തൊട്ടു മുന്നിൽ “രുദ്രാക്ഷമാല കഴുത്തിലും മറ്റെന്തൊക്കെയോ മനസിലുമായി” ബ്രാഹ്മണരിരുന്നു വേദമന്ത്രങ്ങൾ ഉച്ചരിക്കുന്നത് കുട്ടിക്കു കേൾക്കാമായിരുന്നു. ഉച്ചരിക്കുന്നതാകട്ടെ ആകെ പിഴച്ചിട്ടും. ബാലനെങ്കിലും സിദ്ധജ്ഞാനനായ കുട്ടി. അവരെ ചൂണ്ടി “കാട്” “കാട്” — “പിഴ… പിഴ” എന്നുറക്കെ പറഞ്ഞുവത്രെ. ഇന്നാണെങ്കിൽ പല വൃദ്ധരും പല ബാലന്മാരും സിദ്ധജ്ഞാനികളുമല്ലല്ലൊ.
ദിവാന്മാർക്കാണെങ്കിൽ സ്വന്തം ഗുഹയിലൊഴികെ മറ്റെല്ലാ സ്ഥലത്തും വെളിച്ചം വരണം എന്നു മാത്രമാണ് ചിന്ത. ഈ ചിന്തയെ തുടക്കത്തിലെ പ്രതിരോധംകൊണ്ട് നുള്ളിക്കളയണം. വിനാശകരമായ ചിന്തയാണത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥ, രാജാധിപത്യത്തിന്റെയോ പ്രഭുവർഗാധിപത്യത്തിന്റെയോ സ്വേച്ഛാധിപത്യത്തിന്റെയോ തണലിൽ വളരാൻ ഉദ്ദേശിക്കപ്പെട്ടതല്ല. അതിന് തണൽ നൽകുന്നത് ജനാധിപത്യമാണ്. ഇന്ത്യയിലെ കോടിക്കണക്കിനു മനുഷ്യർ ശരീരവും ഐശ്വര്യവും ആത്മാവും ത്യജിച്ചു കൊണ്ട് ബ്രിട്ടന്റെ ആധിപത്യം അവസാനിപ്പിച്ചത്, ജനങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ മാത്രമായിരുന്നു. അല്ലാതെ ഏകാധിപതിയുടെ പ്രതിപുരുഷരുടെ ഭരണത്തിനു വേണ്ടിയായിരുന്നില്ല. വെള്ള പ്രഭുവിനെ മാറ്റിയത് കറുത്ത പ്രഭുവിനെ കയറ്റിവയ്ക്കാനായിരുന്നില്ലെന്ന് ഗാന്ധിജി അന്നേ മുന്നറിയിപ്പു നൽകിയിരുന്നു.
ഇത്തരം “ഔദ്യോദിക” വക്താക്കളെയും അത്തരത്തിലുള്ള രാഷ്ട്രീയ സാമൂഹ്യ നായകരെയും നേരിടേണ്ടി വരുമ്പോൾ പത്ത് ശിരസുകളും ഇരുപതു കൈകളുമുള്ള രാവണന്റെ പടം കണ്ടു അത്ഭുതം കൂറി. “അമ്പമ്പട രാഭണാ” എന്നു ഉച്ചത്തിൽ വിളിച്ചു പറഞ്ഞ പണ്ടത്തെ കഥ ഓർമ്മ വരുന്നു. ജനാധിപത്യം തെരഞ്ഞെടുപ്പുകൾ നടത്തലോ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ സ്ഥാപിക്കലോ അല്ല. അല്ലെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ മുകളിൽ പ്രതിപുരുഷരെ സ്ഥാപിക്കുകയുമല്ല. അതൊക്കെ അതിന്റെ നടപടിക്രമങ്ങൾ മാത്രം. നൂറ്റാണ്ടുകൾ നീണ്ട സംസ്കാരത്തിന്റെ യാത്രയിൽ മനുഷ്യൻ സ്വാംശീകരിച്ച മൂല്യങ്ങളുടെ അഥവാ മൂല്യങ്ങൾ സൃഷ്ടിക്കുക എന്ന പ്രസ്ഥാനത്തിന്റെ തന്നെ ഉല്പന്നമാണ് ജനാധിപത്യം. അത് ആരും വിസ്മരിക്കരുത്. ജനാധിപത്യത്തെ സാധ്യമാക്കിയ മൂല്യങ്ങളെ സംരക്ഷിക്കണം നാം. സംരക്ഷിക്കുകയും വികസിപ്പിക്കുകയും മൂല്യ സൃഷ്ടിയുടെ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യണം. അത് സംഭവിക്കുന്നുണ്ടോ എന്ന് ഈ കാലയളവിൽ സഗൗരവം ചിന്തിക്കേണ്ടിയിരിക്കുന്നു.
ത്യാഗത്തിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത ഒരു സ്വതന്ത്ര ജനതയെ അടിമത്തം ആഗ്രഹിക്കുന്ന ഒരു ആൾക്കൂട്ടമാക്കി മാറ്റിയെടുക്കാൻ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് കഴിയും എന്നു നാം കാണുന്നു. ആധുനിക ദിവാന്മാരുടെ ലക്ഷ്യമതാണ്. അതിനെതിരെ ഭരിക്കപ്പെടുന്നവരുടെ അധികാരം ഉയർത്തി കൊണ്ടുവരണം. അങ്ങനെയുള്ള അധികാരമാണ് യഥാർത്ഥ ജനാധിപത്യം. ജനസഞ്ചയത്തിന്റെ ആധിപത്യമാണ് യഥാർത്ഥ ജനാധിപത്യം. സര്‍ക്കാരും അതിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ദിവാന്മാരുടെ മുന്നിൽ മുട്ടുമടക്കാൻ പാടില്ല. എല്ലാ ശക്തിയും സമാഹരിച്ച് ജനസഞ്ചയത്തിന്റെ ജനാധിപത്യം, ഭരിക്കുന്നവരുടെ അധികാരം ഉയർത്തി കൊണ്ടുവരികയാണ് അനിവാര്യമായി വേണ്ടത്.
വിശ്വ പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനായ വില്യം റൈഷ് തന്റെ പ്രബന്ധത്തിൽ ഇങ്ങനെ പറയുന്നു, “ഒരു മഹാനറിയാം എപ്പോൾ എന്തുകൊണ്ട് അയാൾ ഒരു ചെറിയ ആളാണെന്ന്. എന്നാൽ ഒരു ചെറിയ ആൾക്കറിയല്ല അയാൾ ചെറിയവനാണെന്ന്, അഥവാ അതു ബോധ്യപ്പെട്ടാൽ അയാൾ ഭയചകിതനാകുകയും ചെയ്യും. അയാൾ തന്റെ അല്പത്തവും നിസാരതയും തന്റെ സാങ്കല്പികശക്തിയുടെയും മഹത്ത്വത്തിന്റെയും ഭ്രമാത്മകതയിൽ ഒളിച്ചുവച്ചിരിക്കുന്നു; അല്ലെങ്കിൽ മറ്റാരുടെയെങ്കിലും ശക്തിയുടെയും മഹത്ത്വത്തിന്റെയും മറവിൽ. എന്തിനെയെങ്കിലും കുറിച്ച്, എത്രയും കുറച്ച് അയാൾ മനസിലാക്കുന്നുവോ, കൂടുതൽ ശക്തമായി അയാളതിൽ വിശ്വസിക്കുന്നു. അങ്ങനെയുള്ള പുരുഷന്മാരും സ്ത്രീകളും അവരുടെ പുറംതോടുകളിൽ നിന്ന് ഇഴഞ്ഞു പുറത്തു വരും”. മാസ് സൈക്കോളജി ഓഫ് ഫാസിസം എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കർത്താവാണ് റൈഷ്. ഈ കാഴ്ചകളൊക്കെ ഇവിടെ കാണാം, ദിവാന്മാരെയും സാമൂഹ്യ, രാഷ്ട്രീയ, മത നേതൃത്വങ്ങളെ സാകൂതം നിരീക്ഷിച്ചാൽ. ആകുലചിന്തകളെക്കാൾ ആകുലതയെ മാറ്റി തീർക്കുന്ന ചിന്തയാണ് ഇടതുപക്ഷത്തിന് എന്നും പഥ്യം. അതാണ് മാർക്സിസത്തിന് പഥ്യമായത് എന്ന് നിരന്തരം ഓർക്കണം. മനുഷ്യ ശക്തിയെ മഹാശക്തിയാക്കലാണ് ഇടതുപക്ഷത്തിന്റെ കടമ.
ഗാന്ധി വിഭാവനം ചെയ്ത ജനാധിപത്യം മുകളിൽ നിന്നെടുത്തുവയ്ക്കുന്ന ഭരണകൂടത്തിന്റെ ഭരണവർഗത്തിന്റെ പ്രതിനിധികളുടെ ജനാധിപത്യമല്ല. സാധാരണ ജനങ്ങളുടെ അധികാരത്തിന്റെ മഹാശക്തികൾ സാക്ഷാത്കരിക്കുന്ന ജനാധിപത്യമാണത്.
ഗാന്ധിജിയെ കാണാൻ സബർമതി ആശ്രമത്തിൽ മൗണ്ട് ബാറ്റൻ വന്നു. അരമണിക്കൂറോളം മൗണ്ട് ബാറ്റന് കാത്തിരിക്കേണ്ടി വന്നു ബാപ്പുവിനെ കാണാൻ. ഗാന്ധിയുടെ സെക്രട്ടറി വൈസ്രോയി കാത്തിരിക്കുന്നു എന്നറിയിച്ചിട്ടും ഗാന്ധി അരമണിക്കൂറിനു ശേഷമാണ് പൂമുഖത്തു വന്നത്. സ്വതസിദ്ധമായ നിഷ്കളങ്ക ചിരിയോടെ മൗണ്ട് ബാറ്റനെ കെട്ടിപ്പിടിച്ചു. വൈസ്രോയി പറഞ്ഞു; “ബാപ്പുജി ഞാൻ ഇന്ത്യയുടെ വൈസ്രോയി, അങ്ങയെ കാണാൻ അരമണിക്കൂറായി കാത്തിരിക്കുന്നു. എന്നെ ഇങ്ങനെ കാത്തിരുത്തേണ്ടിയിരുന്നില്ല”. ഗാന്ധിജി പറഞ്ഞു, “ഞാൻ ആശ്രമ മുറ്റത്ത് കർഷകരുമായി സംസാരിച്ചിരിക്കുകയായിരുന്നു. മൗണ്ട് ബാറ്റനറിയാമല്ലൊ അവരുടേതാണ് ഈ രാജ്യം എന്ന്”. മൗണ്ട് ബാറ്റൻ നിശബ്ദനായി. അങ്ങനെ മുകളിൽ നിന്ന് കെട്ടിയിറക്കുന്നവരോട് പറയണം. അതാണ് ജനങ്ങളുടെ സർക്കാർ പറയേണ്ടത്, ജനങ്ങളാണ് വലുത് എന്ന്. അതാണ് ജനാധിപത്യം, അതാണ് ജനത കാംക്ഷിക്കുന്നതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.