23 November 2024, Saturday
KSFE Galaxy Chits Banner 2

വരവര റാവുവിന് രോഗമാണ്

Janayugom Webdesk
March 10, 2022 5:00 am

വിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവര റാവുവിന് രോഗാവസ്ഥ പരിഗണിച്ച് എന്തുകൊണ്ട് സ്ഥിരജാമ്യം അനുവദിച്ചുകൂടാ എന്ന് കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി ചോദ്യമുന്നയിച്ചിരിക്കുകയാണ്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യോട് ആയിരുന്നു ചോദ്യം. എല്‍ഗാര്‍ പരിഷത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് 2018 ഓഗസ്റ്റ് 28ന് തന്റെ ഹൈദരാബാദിലെ വസതിയില്‍ വച്ച് അറസ്റ്റിലായ വരവര റാവു മൂന്നരവര്‍ഷമായി വിചാരണ തടവുകാരനായി മഹാരാഷ്ട്രയിലെ തലോജ ജയിലില്‍ കഴിയുകയാണ്. 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവ് സംഭവത്തിന്റെ വാര്‍ഷികത്തില്‍ സംഘടിപ്പിച്ച റാലിക്കിടെ സംഘപരിവാര്‍ അനുകൂലികള്‍ സൃഷ്ടിച്ച സംഘര്‍ഷമാണ് സാമൂഹ്യ പ്രവര്‍ത്തകരെയും എതിര്‍ശബ്ദങ്ങള്‍ ഉന്നയിക്കുന്നവരെയും പ്രതിചേര്‍ത്ത് ജയിലില്‍ അടയ്ക്കുന്നതിന് എല്‍ഗാര്‍ പരിഷത് എന്നപേരിലുള്ള കേസായി പരിണമിച്ചത്. സംഘര്‍ഷത്തിനുകാരണക്കാരായ ഹിന്ദുത്വ സംഘടനാ നേതാക്കള്‍ പുറത്ത് സ്വൈരവിഹാരത്തിലാണെങ്കിലും വരവര റാവു ഉള്‍പ്പെടെയുള്ള 16 പേര്‍ ഇപ്പോഴും വിചാരണ തടവുകാരായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ ബിജെപി ഭരിച്ചുകൊണ്ടിരുന്ന വേളയിലാണ് കേസുണ്ടാകുന്നത്. പിന്നീട് എന്‍ഐഎ ഏറ്റെടുത്തതോടെ ഇത് കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലാവുകയായിരുന്നു. ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വയോധികനായ സ്റ്റാന്‍ സ്വാമി രോഗബാധിതനായി കസ്റ്റഡി മരണത്തിനിരയായി. പാര്‍ക്കിന്‍സന്‍സ് ബാധിതന്‍ കൂടിയായ സ്റ്റാന്‍ സ്വാമി ചായകുടിക്കുവാന്‍ ഒരു സ്ട്രോയ്ക്കും ഇട്ടുനടക്കുവാന്‍ ഒരു ജോഡി പാദരക്ഷകള്‍ക്കും വേണ്ടി മാസങ്ങളാണ് കാത്തിരിക്കേണ്ടിവന്നത്. അപേക്ഷ നല്കിയ കോടതി എന്‍ഐഎയോട് വിശദീകരണം തേടുകയാണ് ആദ്യം ചെയ്തത്. അതു സാധാരണ നടപടിക്രമമാണ്. മാനുഷികമായി കണ്ട് അനുവദിക്കാമായിരുന്നിട്ടും അത് ചെയ്യാതിരുന്നതിനാലാണ് കാലതാമസമുണ്ടായത്. ഒടുവില്‍ ചികിത്സയിലിരിക്കേ അദ്ദേഹം മരണത്തിനു കീഴടങ്ങി.

 


ഇതുകൂടി വായിക്കൂ: ‘അയാള്‍ ഇന്നലെയാണ് മരിച്ചതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’


 

രോഗാവസ്ഥയിലായ വരവര റാവുവിന്റെ പ്രായം 81 വയസാണ്. പല വിധത്തിലുള്ള രോഗങ്ങളും അലട്ടുന്ന അദ്ദേഹത്തിന് ചികിത്സയ്ക്കുപോലും ജാമ്യം നല്കിക്കൂടെന്ന വാശിയിലാണ് എന്‍ഐഎ. വാദവും പ്രതിവാദവും പൂര്‍ത്തിയാക്കിയ ശേഷം 2021 ഫെബ്രുവരിയില്‍ ആറുമാസത്തെ ചികിത്സാ ജാമ്യമാണ് കോടതി അനുവദിച്ചത്. അതിനിടയില്‍ ചികിത്സ പൂര്‍ത്തിയായെന്നും ജാമ്യം റദ്ദാക്കി തിരിച്ചെത്തിക്കണമെന്നും വാദിച്ച് എന്‍ഐഎ കോടതിയെ സമീപിച്ചു. മനുഷ്യത്വം ബാക്കിയുള്ള കോടതി അതിന് കൂട്ടുനിന്നില്ല. അദ്ദേഹത്തിന് അനുവദിച്ച ചികിത്സാ ജാമ്യം പിന്നെയും നീട്ടിനല്കി. അതിനിടെ കീഴടങ്ങാന്‍ നിര്‍ദേശിക്കണമെന്ന അപേക്ഷയുമായി എന്‍ഐഎ കോടതിയെ സമീപിക്കുകയും ചെയ്തു. ഓരോ തവണയും കൊടുംകുറ്റവാളികളോടുപോലും കാട്ടാത്ത ശത്രുതാ മനോഭാവത്തോടെയാണ് വയോധികനായ വരവര റാവുവിന്റെ ജാമ്യാപേക്ഷയെ എന്‍ഐഎ എന്ന അന്വേഷണ ഏജന്‍സി എതിര്‍ത്തത്. മനുഷ്യത്വം തീരെയില്ലാത്ത രീതിയിലായിരുന്നു ജയിലധികൃതരുടെയും എന്‍ഐഎയുടെയും റാവുവിനോടുള്ള സമീപനം. കോവിഡ് മഹാമാരിയുടെ തീവ്ര വ്യാപനഘട്ടത്തില്‍ ജയിലുകളില്‍ നിന്ന് തടവുകാരെ വിട്ടയക്കണമെന്ന നിര്‍ദേശമുണ്ടായപ്പോള്‍ പോലും റാവുവിനെയോ സ്റ്റാന്‍ സ്വാമിയെയോ പോലുള്ള എല്‍ഗാര്‍ പരിഷത് കേസിലെ വിചാരണ തടവുകാരെ പുറത്തിറക്കിയില്ല. കോവിഡിനൊപ്പം മറ്റു രോഗങ്ങളും അലട്ടുന്ന റാവുവിന് അനുയോജ്യമായ ചികിത്സ ലഭ്യമായില്ല. ബാഹ്യപ്രതിഷേധത്തെ തുടര്‍ന്നാണ് 2021 ജൂലൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ അനുവദിക്കുന്നത്. പിന്നീട് തലയ്ക്ക് പരിക്കേറ്റപ്പോഴും മതിയായ ചികിത്സ ലഭ്യമാക്കിയില്ല. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സ അനുവദിച്ചത്.

 


ഇതുകൂടി വായിക്കൂ: അവകാശ പ്രവര്‍ത്തകര്‍ രാജ്യശത്രുക്കളുടെ പട്ടികയില്‍


 

രോഗാവസ്ഥ രൂക്ഷമായ റാവുവിന് ജാമ്യം ലഭിക്കാതിരിക്കുവാനുള്ള എല്ലാ വാദമുഖങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ പാവയായി പ്രവര്‍ത്തിക്കുന്ന എന്‍ഐഎ, കോടതിക്കുമുന്നില്‍ നിരത്തിയെങ്കിലും അവ നിരാകരിച്ചാണ് ഒരുവര്‍ഷം മുമ്പ് ചികിത്സാ ജാമ്യം നല്കിയത്. ജാമ്യകാലാവധി അവസാനിക്കാനിരിക്കെയാണ് എന്തുകൊണ്ട് സ്ഥിരജാമ്യം അനുവദിക്കാന്‍ പാടില്ല എന്നതിന്റെ കാരണങ്ങള്‍ ബോധിപ്പിക്കുവാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പ്രായമേറെയായ ഒരു മനുഷ്യനുണ്ടാകുന്ന സ്വാഭാവിക ആരോഗ്യ പ്രശ്നങ്ങള്‍ പരിഗണിക്കുന്നില്ലെന്നതു പോകട്ടെ. വിവിധ ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പോലും നിരാകരിക്കുന്ന എന്‍ഐഎ നിലപാട് യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യനോട് കാട്ടുന്ന ക്രൂരതയാണ്. അതിനെയാണ്, എന്തുകൊണ്ട് സ്ഥിരജാമ്യം അനുവദിച്ചുകൂടാ എന്ന ഈ ഒറ്റച്ചോദ്യത്തിലൂടെ ബോംബെ ഹൈക്കോടതി തുറന്നുകാട്ടുന്നത്. മനുഷ്യാവകാശത്തിന്റെ എല്ലാ പരിധികളെയും വെല്ലുവിളിച്ചുള്ള ഈ ക്രൂരതകള്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ പിന്‍ബലത്തിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ നരേന്ദ്രമോഡി — അമിത്ഷാ ദ്വയങ്ങളുടെ നെഞ്ചിലേക്കാണ് ബോംബെ ഹൈക്കോടതി ഈ ചോദ്യം തൊടുത്തുവിട്ടിരിക്കുന്നത്. മനുഷ്യത്വമുള്ളവരാകുക എന്ന നിര്‍ദേശം കൂടിയാണ് ആ ചോദ്യം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.