21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

May 9, 2024
August 18, 2022
May 19, 2022
May 12, 2022
May 6, 2022
May 2, 2022
April 30, 2022
April 29, 2022
April 29, 2022
April 28, 2022

വെെദ്യുതി പ്രതിസന്ധി സ്വകാര്യ കൽക്കരി ഖനികള്‍ സംസ്ഥാനങ്ങളെ പിഴിയുന്നു

Janayugom Webdesk
ന്യൂഡൽഹി
May 6, 2022 8:11 pm

ഗുരുതരമായ ഊർജപ്രതിസന്ധിയുടെ ഘട്ടത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ, സ്വകാര്യ കൽക്കരി നിർമ്മാതാക്കൾ സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്പാദനത്തെ ചൂഷണം ചെയ്യുന്നു. ഇറക്കുമതി ചെയ്യുന്ന കൽക്കരിക്ക് സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്ന വില ഈടാക്കി വിദേശ ഖനികളുള്ള സ്വകാര്യ കമ്പനികൾ നിലവിലെ പ്രതിസന്ധി മുതലെടുത്ത് കൊള്ളയടിക്കുകയാണ്.

‘തികച്ചും ദേശവിരുദ്ധമായ ലാഭക്കൊതി‘യാണ് കമ്പനികളുടേത് എന്നും സംസ്ഥാനങ്ങൾക്ക് പൂർണമായും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഇഎഎസ് ശർമ്മ കാബിനറ്റ് സെക്രട്ടറിക്ക് എഴുതിയ കത്തും പറത്തുവന്നു.

പ്രമുഖ പൊതുമേഖലാ കൽക്കരി കമ്പനികളായ കോൾ ഇന്ത്യ ലിമിറ്റഡും എസ്‍സിസിഎലും വൈദ്യുതി പ്രതിസന്ധി ലഘൂകരിക്കാൻ കൽക്കരി ഉല്പാദനം വർധിപ്പിക്കാൻ പരമാവധി ശ്രമിക്കുകയാണ്. എന്നാൽ സ്വകാര്യ കൽക്കരി നിർമ്മാതാക്കൾ ആഭ്യന്തര ഉല്പാദനം കൂട്ടാതെ വിദേശ കൽക്കരി ഇറക്കുമതി ചെയ്യാനാണ് ശ്രമിക്കുന്നത്. സ്വാഭാവികമായി ഇറക്കുമതിക്ക് ഉയർന്ന വില ഈടാക്കി കൂടുതൽ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം.

ഈ കമ്പനികളിൽ ചിലത് അമിത വില ഈടാക്കിയതായി പ്രഥമദൃഷ്ട്യാ കണ്ടെത്തുകയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണങ്ങൾ നടത്തുകയും ചെയ്തിരുന്നുവെന്നും അവർ നിശ്ചയിച്ച വില ഉല്പാദനച്ചെലവുമായി ഒരു ബന്ധവും പുലർത്തുന്നില്ലെന്നും ശർമ്മ കത്തിൽ ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് താല്പര്യമാണ് പ്രതിസന്ധിക്ക് ഒരു കാരണം. സർക്കാരിന് ഉയർന്ന ലാഭവിഹിതം നൽകണമെന്നും പൊതുമേഖലാ കൽക്കരി ബ്ലോക്കുകൾ സ്വകാര്യ കമ്പനികൾക്ക് ലേലം ചെയ്യണമെന്നുമുള്ള നിർബന്ധം കോൾ ഇന്ത്യ ലിമിറ്റഡിന്റെ കൽക്കരി വികസന ശ്രമങ്ങളെ തടസപ്പെടുത്തി. അല്ലാത്തപക്ഷം സിഐഎല്ലിന് വിശാലമായ കൽക്കരി ശേഖരം ഉണ്ടാകുമായിരുന്നു. സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് കൂടുതൽ കാര്യക്ഷമമായി കൽക്കരി വിതരണം ചെയ്യാനും കഴിയുമായിരുന്നു.

കൃത്രിമ കൽക്കരി-വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച്, വിദേശ ഖനികളിൽ നിന്ന് ഇന്ത്യയിലേക്ക് കൽക്കരി കയറ്റുമതി ചെയ്യുന്ന അധാർമ്മിക സ്വകാര്യ കമ്പനികളുടെ താല്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രം വഴിവിട്ട് സഹായിക്കുകയായിരുന്നു. വില പരിഗണിക്കാതെ, കൽക്കരി ഇറക്കുമതി ചെയ്യുന്നതിനുള്ള നിർദേശം കെടുകാര്യസ്ഥതയിലൂടെയും ആസൂത്രണത്തിന്റെ അഭാവത്തിലൂടെ സൃഷ്ടിക്കപ്പെട്ടതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

കർഷകർക്ക് ജലസേചനത്തിനായി വൈദ്യുതി നൽകി ഭക്ഷ്യധാന്യ മിച്ചം ഉണ്ടാക്കാൻ പ്രാപ്തരാക്കിയതിലൂടെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ സുഗമമാക്കിയത് സംസ്ഥാനങ്ങളാണ്. അതിന് രാജ്യം അവർക്ക് നഷ്ടപരിഹാരം നൽകണം. ന്യായമായ കാരണങ്ങളില്ലാതെ സംസ്ഥാന വൈദ്യുതി യൂണിറ്റുകളെ കുറ്റപ്പെടുത്തുന്നതിന് പകരം അവരുടെ പ്രശ്നങ്ങൾ മനസിലാക്കുകയും തൃപ്തികരമായ പരിഹാരം കണ്ടെത്തുകയും വേണമെന്നും നിർദേശമുണ്ട്.

അതിനിടെ ശർമയുടെ ആരോപണങ്ങൾ ശരിവച്ചു കൊണ്ട് കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങി. ഊർജത്തിന്റെ ആവശ്യം ഏതാണ്ട് 20 ശതമാനത്തോളം വർധിച്ചുവെന്ന് ചൂണ്ടിക്കാട്ടി എല്ലാ കൽക്കരി വൈദ്യുത നിലയങ്ങളും പൂർണ ശേഷിയിൽ പ്രവർത്തിക്കാൻ സംസ്ഥാനങ്ങളോടും ആഭ്യന്തര ഉല്പാദന കമ്പനികളോടും ആവശ്യമായ കൽക്കരിയുടെ 10 ശതമാനമെങ്കിലും ഇറക്കുമതി ചെയ്യാനാണ് കേന്ദ്ര മന്ത്രാലയത്തിന്റെ നിർദേശം. പവർ പർച്ചേസ് എഗ്രിമെന്റ് (പിപിഎ) ഉടമകൾക്ക് ആദ്യം വൈദ്യുതി നൽകാനും മിച്ചമുള്ളത് പവർ എക്സ്ചേഞ്ചുകൾക്ക് വിൽക്കാനും പറഞ്ഞിട്ടുണ്ട്.

Eng­lish summary;Power cri­sis Pri­vate coal mines are squeez­ing states

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.