28 October 2024, Monday
KSFE Galaxy Chits Banner 2

പാഠശാലകളെ പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളാക്കുന്ന അദ്ധ്യാപകന്‍

Janayugom Webdesk
ചെങ്ങന്നൂര്‍
June 5, 2022 9:48 am

പാഠശാലകളെ പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങള്‍ കൂടിയാക്കി മാതൃകയാകുകയാണ് ജി രാധാകൃഷ്ണനെന്ന അദ്ധ്യാപകന്‍. പ്രകൃതി സ്‌നേഹം വാക്കുകളില്‍ മാത്രം ഒതുങ്ങുന്ന വര്‍ത്തമാന കാലത്ത്മണ്ണും ജലവും വായുവും സംരക്ഷിക്കപ്പെടേണ്ടത് സ്വമനസ്സുകളില്‍ നിന്ന് ലഭിക്കുന്ന സന്ദേശങ്ങളിലൂടെയാകണമെന്ന അവബോധം കുരുന്നുകള്‍ക്ക് പകര്‍ന്നു കൊടുക്കുക കൂടിയാണ് ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ അധ്യാപകന്‍. പരിസ്ഥിതി സൗഹൃദത്തിന്റെ വഴിയില്‍ വിവിധ തലങ്ങളിലാണ് ഈ പ്രകൃതി സ്‌നേഹിയുടെ കൈയൊപ്പ്. ചങ്ങം കരി ദേവസ്വം സ്‌കൂളില്‍ നിന്ന് ആരംഭിച്ച വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവസനകളെകണ്ടെത്തുന്നതിനായി രാധാകൃഷ്ണന്‍ മാഷ്തുടങ്ങിയ ചിമിഴ് മാസിക വിദ്യാര്‍ത്ഥികള്‍ക്കെന്നല്ല അറിയപ്പെടാതെ കിടന്ന വിദ്യാലയത്തിന് തന്നെ പെരുമയേകി.

ചിമിഴ് മിഴി തുറന്നതോടെ ശലഭപ്പാര്‍ക്കും, വെച്ചുപിടിപ്പിച്ച കണ്ടല്‍മരങ്ങളും വിദ്യാലയത്തിന് മിഴിവേകി. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനായി നടത്തിയ പരിശ്രമങ്ങളൊന്നും പാഴായില്ല. ചങ്ങം കരിയില്‍ നിന്നും കൊല്ലം പാരിപ്പള്ളി ദേവസ്വം സ്‌കൂളിലേക്കും അവിടെ നിന്ന് ചെങ്ങന്നൂര്‍ ചെറിയനാട് ദേവസ്വം സ്‌കൂളിലേക്കും അദ്ധ്യാപന വഴിയില്‍ സ്ഥലം മാറേണ്ടി വന്നപ്പോഴും മനസ്സിലെ ആശയങ്ങള്‍ക്കും കുഞ്ഞുങ്ങളില്‍വളര്‍ത്തിയെടുക്കേണ്ട പ്രകൃതി സ്‌നേഹത്തെ സംബന്ധിച്ചവിശ്വാസങ്ങള്‍ക്കും അളവില്‍ കുറവു വന്നില്ല. ജില്ലയിലെ സര്‍ക്കാര്‍ സംരക്ഷിത വനമായി പ്രഖ്യാപിച്ച വീയപുരം സര്‍ക്കാര്‍ തടിഡിപ്പോയില്‍ വിദ്യാര്‍ത്ഥികളുമായെത്തി വൃക്ഷത്തൈകള്‍ നട്ടുംപ്രകൃതി സ്‌നേഹം ഊട്ടിയുറപ്പിച്ചു. കാര്‍ത്തികപ്പള്ളിയിലെ കൊപ്പാറത്തോടിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

നങ്ങ്യാര്‍കുളങ്ങരയിലെ എന്റ്റിപിസി പക്ഷിസങ്കേതത്തില്‍ സാമൂഹ്യ വിരുദ്ധരുടേയും ഡ്രൈവിങ്ങ് സ്‌കൂളുകാരുടേയും കടന്നുകയറ്റത്തിനെതിരെ ഒറ്റക്ക് നില്‍പ്പു സമരം നടത്തിയിട്ടുണ്ട് ചെറിയനാട് സ്‌കൂളിലെ വിദ്യാര്‍ത്ഥികളൂടെ വീടുകളില്‍ ലോക് ഡൗണ്‍ കാലയളവില്‍ ഹരിതം ഹരിതാപം പദ്ധതിയിലൂടെ 5000 ത്തോളം തെകള്‍ വെച്ചുപിടിപ്പിക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്നു. സഹോദരന്മാരായ വിദ്യാര്‍ത്ഥിക്കള്‍ക്ക് സ്‌നേഹവീട് ഒരുക്കുന്നതിനും മുന്‍കൈയ്യെടുത്തു. അദ്ധ്യാപകരും അനദ്ധ്യാപകരും പിടിഎ യും പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയത്. ‘മലനാട്ട് മൊഴിയും, തിണൈ പെറ്റ മകളും’ എന്ന ഡോക്ക്യുമെന്ററിയും ഈ പ്രകൃതി സ്‌നേഹിയുടെ നേതൃത്വത്തില്‍ എടുത്തിട്ടുണ്ട്.

രാധാകൃഷ്ണന്‍ മാഷെ തേടി നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ്, പ്രകൃതി മിത്ര അവാര്‍ഡ്, കൊല്ലം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സത് കര്‍മ്മ അവാര്‍ഡ്, മലയാള പുരസ്‌കാരം, ഗുരുശ്രേഷ്ഠ പുരസ്‌കാരം, ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബദ്കര്‍ അവാര്‍ഡ്, ജെസിഐ യുടെ എക്‌സലന്‍സി അവാര്‍ഡ്, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലുള്ള പ്രതിഭാ പുരസ്‌കാരം എന്നിവയാണ് അര്‍ഹതയ്ക്കുള്ള അംഗീകാരമായി തേടിയെത്തിയത്. ഹരിപ്പാട് പുത്തന്‍പുരയില്‍ പരേതരായ കെ ഗോപാലകൃഷ്ണന്‍ നായരുടേയും, പി ബി രാധാകുമാരി പിള്ളയുടേയും മകനാണ് ജി രാധാകൃഷ്ണന്‍ മാഷ്. ഭാര്യ: ജയശ്രീ.

Eng­lish sum­ma­ry; The teacher who makes schools eco-friend­ly centers

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.