16 November 2024, Saturday
KSFE Galaxy Chits Banner 2

തൊഴിലുറപ്പ് പദ്ധതി മോഡി സര്‍ക്കാര്‍ തകർക്കുന്നു

കെ അനിമോന്‍
(ജനറല്‍ സെക്രട്ടറി, എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്‍)
August 2, 2022 6:45 am

ബിജെപി സര്‍ക്കാര്‍ അധികാരത്തിൽ വന്ന നാൾ മുതൽ രാജ്യത്തിന്റെ ഗ്രാമീണമേഖലയ്ക്ക് ഉത്തേജനം നൽകുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണ്. മഹാത്മാ ഗാന്ധിയുടെ പേര് എടുത്തുമാറ്റി ആര്‍എസ്എസ് നേതാവിന്റെ പേരിടാന്‍ ശ്രമിച്ചപ്പോൾ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതോടെ ആ നീക്കം സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടി വന്നു. പദ്ധതിക്ക് ആവശ്യമായ തുക ബജറ്റിൽ വകയിരുത്താതെ തകര്‍ക്കാനാണ് പിന്നീട് ശ്രമിച്ചത്. ഇതുവഴി തൊഴിൽ ദിനങ്ങൾ കുറയ്ക്കുവാനും സമയബന്ധിതമായി വേതനം നൽകാതിരിക്കാനുമാണ് നരേന്ദ്രമോഡി ഭരണകൂടം പദ്ധതിയിട്ടത്. കൃത്യമായി വേതനം ലഭിക്കാത്ത സ്ഥിതിയുണ്ടാക്കി തൊഴിലാളികളെ മറ്റു മേഖലകളിലേക്ക് തൊഴിൽ തേടിപ്പോകുവാൻ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതോടെ തൊഴിലുറപ്പുപദ്ധതി തന്നെ ഇല്ലാതാക്കാനാകുമെന്ന കുത്സിതബുദ്ധിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. മതിയായ വേതന വർധനവ് നടപ്പിലാക്കാതെയും പെട്ടെന്ന് ലഭ്യമാകുന്നതും സമൂഹത്തിന് ഗുണകരമായതുമായ തൊഴിലുകളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയും തൊഴിൽ ദിനങ്ങൾ കുറച്ചും പദ്ധതിയെ തകർക്കുന്നതിനുള്ള പരിശ്രമം ഇപ്പോഴും തുടരുകയാണ്. പദ്ധതി അനാവശ്യമാണെന്ന് പരസ്യമായി വാദിക്കുന്ന നിരവധി നേതാക്കൾ ബിജെപിയിലുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിച്ച തുകയുടെ പകുതിയോളം മാത്രമാണ് നടപ്പു സാമ്പത്തിക വർഷം വകയിരുത്തിയിരിക്കുന്നത്. 2021–22 സാമ്പത്തിക വർഷം 1,07,000 കോടി രൂപയാണ് വിതരണം ചെയ്തത്. അപ്പോഴും സാമ്പത്തികവർഷം അവസാനം 10,000 കോടിയോളം രൂപ കുടിശികയായിരുന്നു. 1,20,000 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ആവശ്യമായിരുന്നത്. 2022–23 (നടപ്പു) സാമ്പത്തിക വർഷം വകയിരുത്തിയിരിക്കുന്നത് 63,000 കോടി മാത്രമാണ്. സാമ്പത്തിക വർഷം നാലു മാസം പൂർത്തിയാകുമ്പോൾ 40,000 കോടി ചെലവഴിച്ചു കഴിഞ്ഞു. തുടർന്നുള്ള എട്ടു മാസത്തേക്ക് ബാക്കിയുള്ളത് 23,000 കോടി മാത്രമാണ്. നടപ്പു വർഷം ശരാശരി 50 ദിവസത്തെ തൊഴിൽ ദിനങ്ങൾ നൽകിയാൽ, വേതനവര്‍ധനവുകൂടി വന്ന സാഹചര്യത്തില്‍ 1,30,000 കോടിയിലധികം രൂപ ആവശ്യമായി വരും. അനുവദിച്ച തുക അപര്യാപ്തമായതിനാൽ പല നിലയിലാണ് പദ്ധതിയെ ബാധിച്ചിരിക്കുന്നത്. തൊഴിലാളികൾക്ക് ലഭിച്ചു കൊണ്ടിരുന്ന ആയുധം മൂര്‍ച്ച കൂട്ടല്‍ ചെലവ് ഒഴിവാക്കിക്കൊണ്ട് ഇക്കഴിഞ്ഞ ജൂൺ 14ന് കേന്ദ്ര ഗവൺമെന്റ് ഉത്തരവിറക്കി. ജൂൺ 15 മുതൽ അത് പ്രാബല്യത്തിലായി. പ്രതിദിനം ഒരു തൊഴിലാളിക്ക് ആ ഇനത്തിൽ അഞ്ച് മുതൽ 10 രൂപ വരെ ലഭിച്ചുകൊണ്ടിരുന്നതാണ് ഒരു ദിവസംകൊണ്ട് ഇല്ലാതായത്.

 


ഇതുകൂടി വായിക്കു; തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാന്‍ പുതിയ മാര്‍ഗവുമായി കേന്ദ്രം


15.3 കോടി തൊഴിലാളികളാണ് സജീവമായി തൊഴിൽ എടുക്കുന്നത്. ശരാശരി അഞ്ച് രൂപ കണക്ക് കൂട്ടിയാൽ തന്നെ അതിലൂടെ 76 കോടിയോളം രൂപ പ്രതിദിനം സർക്കാർ ലാഭപ്പെടുത്തുകയാണുണ്ടായത്. എന്നിരുന്നാലും ബജറ്റ് തുക മതിയാകില്ല എന്ന് മനസിലാക്കിക്കൊണ്ട് ജൂലൈ മാസം 18ന് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നു. ഓഗസ്റ്റ് മാസം ഒന്നു മുതൽ ഒരു പഞ്ചായത്തിൽ ഒരു സമയം 20 പ്രവൃത്തികളിൽ കൂടുതൽ എടുക്കുവാൻ പാടില്ല എന്നതാണ് നിബന്ധന. 50 മുതൽ 350 പേര്‍ വരെ തൊഴിൽ എടുക്കുന്ന വാർഡുകളുണ്ട്. രണ്ടു മുതൽ 14 വരെ തൊഴിലിടങ്ങള്‍ ഓരോ വാർഡിലും നിലവിലുണ്ട്. 20 വാർഡുള്ള ഒരു പഞ്ചായത്തിൽ ശരാശരി 150 മുതൽ 200 പ്രവൃത്തികൾ വരെയാണ് ഇപ്പോൾ നടക്കുന്നത്. ഫലത്തിൽ ഒരു വാർഡില്‍ 30 മുതൽ 40 വരെയുള്ള തൊഴിലാളികൾക്ക് മാത്രമെ ഒരു സമയം ജോലി ലഭിക്കുകയുള്ളു. ബാക്കിയുള്ളവര്‍ തൊഴിലില്ലാതെ നില്ക്കേണ്ടിവരും. ഇരുപത് ദിവസമോ അതിലധികമോ വേണ്ടിവരും ഒരു വാർഡിലെ രണ്ടാമത്തെ ടീമിന് ജോലി ലഭിക്കുവാൻ. ഒരു വാർഡിലെ എല്ലാ തൊഴിലാളികൾക്കും ഒരു തവണ തൊഴിൽ ലഭിക്കണമെങ്കിൽ 10 തൊഴിലിടമുള്ള വാർഡിൽ 10 മാസമെങ്കിലും എടുക്കും. ഒരു പ്രവൃത്തിയില്‍ പരമാവധി 20 തൊഴില്‍ദിനങ്ങള്‍ മാത്രമെ ഒരു തൊഴിലാളിക്ക് ലഭിക്കൂ.


ഇതുകൂടി വായിക്കു; ദേശീയ തൊഴിലുറപ്പ് പദ്ധതി: കാലഘട്ടത്തിന്റെ അനിവാര്യത


 

അത്തരത്തിൽ എംജിഎന്‍ആര്‍ഇജി ആക്ട് 2005 വിഭാവനം ചെയ്ത ഒരു കുടുംബത്തിന് 100 തൊഴിൽ ദിനങ്ങൾ എന്നത് നാല്പതിൽ താഴെ ആയി കുറയും. ഇത് രാജ്യത്തെ തൊഴിലുറപ്പു നിയമത്തിനു വിരുദ്ധമാണ്. ഉത്തരവുകളും സർക്കുലറുകളും നിയമത്തിന് വിധേയമായി മാത്രമെ ഇറക്കുവാൻ പാടുള്ളൂ. കേന്ദ്ര ഗ്രാമവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി (ഇൻ ചാർജ് ) 2022 ജൂലൈ 18ന് പുറപ്പെടുവിച്ചതും ഓഗസ്റ്റ് ഒന്നു മുതൽ ഛത്തീസ്ഗഡ് ഒഴിച്ചുള്ള സംസ്ഥാനങ്ങളോട് നടപ്പിലാക്കാൻ നിർദ്ദേശിച്ചിട്ടുള്ളതുമായ ഉത്തരവ് തീര്‍ത്തും നിയമ വിരുദ്ധമാണ്. ഈ ഉത്തരവ് കേന്ദ്ര ഗവൺമെന്റ് അടിയന്തരമായി പിൻവലിക്കേണ്ടതുണ്ട്. പദ്ധതിക്ക് മതിയായ തുക വകയിരുത്താതെ ജനങ്ങളെ ദ്രോഹിക്കുന്ന നീക്കങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണം. അല്ലാത്ത പക്ഷം ശക്തമായ തൊഴിലാളി പ്രക്ഷോഭങ്ങൾക്കാവും രാജ്യം സാക്ഷിയാവുക.

TOP NEWS

November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.