22 January 2025, Wednesday
KSFE Galaxy Chits Banner 2

കാലാവസ്ഥാ പ്രതിസന്ധി: ദക്ഷിണേഷ്യന്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സമ്മേളനം ഡിസംബര്‍ 15 മുതല്‍ 

Janayugom Webdesk
കോഴിക്കോട്
October 11, 2022 8:49 pm

കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സമ്മേളനം 2022 ഡിസംബര്‍ 15 മുതല്‍ 18 വരെ കോഴിക്കോട് വെച്ച് ചേരുന്നു. ദക്ഷിണേഷ്യയിലെ കര്‍ഷക‑തൊഴിലാളി സംഘടനകള്‍, പരിസ്ഥിതി-ജനകീയ പ്രസ്ഥാനങ്ങള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവ ഉൾപ്പെടുന്ന സൗത്ത് ഏഷ്യന്‍ പീപ്പിള്‍സ് ആക്ഷന്‍ ഓണ്‍ ക്ലൈമറ്റ് ക്രൈസിസ് എന്ന സഖ്യത്തിന്റെ മുന്‍കൈയ്യിലാണ് സമ്മേളനം ചേരുന്നത്. കാലാവസ്ഥാ പ്രതിസന്ധി ഭൗമ പരിസ്ഥിതിയെയും മനുഷ്യ സമൂഹത്തെയും ഗുരുതരവും സ്ഥായിയായതുമായ അപകടങ്ങളിലേക്ക് തള്ളിവിടാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

കാലാവസ്ഥാ പ്രതിസന്ധിയുടെ കടുത്ത ക്ഷതസാധ്യതാ പ്രദേശങ്ങളായി മാറാന്‍ പോകുന്നത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ ദക്ഷിണേഷ്യന്‍ ജനത ഈ പ്രതിസന്ധിയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതുണ്ട്.
കാലാവസ്ഥാ പ്രതിസന്ധി ഒരു ആഗോള പ്രതിഭാസമാണ് എന്നതുകൊണ്ടുതന്നെ, ആഗോള ഇടപെടലുകളിലൂടെ മാത്രമേ അവയെ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഭരണകൂടങ്ങള്‍ക്കിടയിലുള്ള ഇടപെടലുകള്‍ വിജയിക്കാനുള്ള സാധ്യത വിരളമാണെന്നിരിക്കെ, ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്.

കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണമായ കോര്‍പ്പറേറ്റ് സാമ്പത്തിക വികസന നയങ്ങളെ നേരിട്ട് എതിര്‍ത്തുകൊണ്ടല്ലാതെ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുകയില്ലെന്ന തിരിച്ചറിവ് പ്രധാനമാണ്. അതുകൊണ്ടുതന്നെ ഈയൊരു വിഷയത്തില്‍ ജനകീയ മുന്‍കൈ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളായിരിക്കും സമ്മേളനത്തിന്റെ മുഖ്യ അജണ്ട. കാലാവസ്ഥാ വിഷയം ജനകീയമായി ചര്‍ച്ച ചെയ്യുന്നതിനും ഈ വിഷയത്തില്‍ ജനകീയ നയരൂപീകരണം ലക്ഷ്യമിട്ടുകൊണ്ടുമാണ് സൗത്ത് ഏഷ്യന്‍ പീപ്പ്ള്‍സ് ആക്ഷന്‍ ഓണ്‍ ക്ലൈമറ്റ് ക്രൈസിസ് 2022 ഡിസമ്പര്‍ 15–18 തീയ്യതികളില്‍ കോഴിക്കോട് വെച്ച് കാലാവസ്ഥാ സമ്മേളനം ചേരുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 300ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന് പുറമെ, ഡിസമ്പര്‍ 15ന്, രാജ്യത്തെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, സാമ്പത്തിക വിദഗ്ദ്ധര്‍, നിയമ വിദഗ്ദ്ധര്‍, പരിസ്ഥിതി-സാമൂഹ്യ ശാസ്ത്രജ്ഞര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദഗ്ദ്ധര്‍ എന്നിവര്‍ പങ്കെടുക്കുന്ന ‘നയരൂപീകരണ കൂടിച്ചേര’ലും നടക്കും. ഡിസംമ്പര്‍ 18ന് വിവിധ യൂണിവേര്‍സിറ്റികൾ, കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 300ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ”ക്ലൈമറ്റ് സ്‌കൂള്‍’, കേരളവുമായി ബന്ധപ്പെട്ട സവിശേഷ പ്രശ്‌നങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള പാരലല്‍ സെഷനുകള്‍, പൊതുയോഗം, റാലി എന്നിവയും ഉണ്ടായിരിക്കും.

കാലാവസ്ഥ പ്രതിസന്ധി കേരളത്തിലുണ്ടാക്കുന്ന സവിശേഷ പ്രശ്നങ്ങളെക്കുറിച്ചുള്ള പ്രദർശനങ്ങൾ, ക്ലൈ മറ്റ് കഫേ, കോളേജ് യൂണിവേഴ്സിറ്റി തലങ്ങളിൽ സെമിനാറുകൾ, കാലാവസ്ഥ വ്യതിയാനം കേരളത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചെറു വീഡിയോ നിർമ്മാണ മത്സരം , ചിത്രപ്രദർശനം എന്നീ അനുബന്ധ പ്രവർത്തനങ്ങളും സംസ്ഥാന വ്യാപകമായി നടക്കും.

സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സംഘാടക സമിതി, സ്വാഗതസംഘം യോഗങ്ങള്‍ ചേരുകയും 100ഓളം പേര്‍ ഉള്‍പ്പെടുന്ന സംഘാടക സമിതി രൂപീകരിക്കുകയും ചെയ്തു. ഡോ.കെ.ജി.താര, സി.ആര്‍.നീലകണ്ഠന്‍, കല്പറ്റ നാരായണന്‍ എന്നിവര്‍ അധ്യക്ഷരും, ഡോ.ആസാദ് ഉപാധ്യക്ഷനും പ്രൊഫ. കുസുമം ജോസഫ്, എന്‍.സുബ്രഹ്‌മണ്യന്‍ എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരും ആയിക്കൊണ്ടുള്ള സംഘാടക‑സ്വാഗത സംഘം സമിതികളും ടി.വി,രാജന്‍, ടി.കെ.വാസു (സാമ്പത്തിക കാര്യം), അംബിക, ശരത്‌ചേലൂര്‍ (പ്രചരണം), വിജയരാഘവന്‍ ചേലിയ, സ്മിത പി കുമാര്‍ (പ്രോഗ്രാം), തല്‍ഹത്ത്, ഡോ. പി ജി ഹരി (ഭക്ഷണം, താമസം) എന്നിവര്‍ അധ്യക്ഷരും കണ്‍വീനര്‍മാരുമായുള്ള വിവിധ സബ്കമ്മറ്റികളും രൂപീകരിച്ചു. യോഗത്തില്‍ എന്‍ പി ചേക്കുട്ടി, പി ടി ജോണ്‍, ഐശ്യര്യ റാംജി, കെ എസ്  ഹരിഹരന്‍, ഡോ. അജിതന്‍ കെ ആര്‍, കെ പി പ്രകാശന്‍, ജോണ്‍ പെരുവന്താനം, ജിശേഷ് കുമാര്‍, റിയാസ്, റഫീഖ് ബാബു, ജോര്‍ജ് മാത്യു എന്നിവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: cli­mate crisis
You may also like this video

YouTube video player

TOP NEWS

January 22, 2025
January 22, 2025
January 22, 2025
January 21, 2025
January 21, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.