27 April 2024, Saturday

Related news

April 27, 2024
April 27, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 25, 2024
April 25, 2024
April 25, 2024

കുപ്രചരണം കൊണ്ട് വികസനം തടയരുത്

Janayugom Webdesk
November 22, 2022 5:00 am

കേരളത്തിന്റെ വികസനത്തിനെതിരെ നുണക്കഥകൾ പടച്ചുവിടുന്നതിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനത്തെ പ്രതിപക്ഷമായ യുഡിഎഫും കുറച്ചു കാലങ്ങളായി മത്സരത്തിലാണ്. ബിജെപി പ്രചരണം തുടങ്ങുക, യുഡിഎഫ് ഏറ്റുപിടിക്കുക എന്നതാണ് ഇപ്പോള്‍ കേരളം കാണുന്ന ചിത്രം. അതിന് ചില കുത്തക മാധ്യമങ്ങളുടെ പിന്തുണയും അവര്‍ക്കുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉണ്ടാക്കുന്ന ഭരണപ്രതിസന്ധിയെ കുറിച്ചുപോലും യുഡിഎഫും ബിജെപിയും ഒരേസ്വരത്തിലാണ് പ്രതികരിച്ചിരുന്നതെന്ന് കേരളം കണ്ടതാണ്. രാജ്യത്ത് എല്ലാ മേഖലകളിലും ആദ്യസ്ഥാനത്ത് നില്ക്കുന്ന കേരളത്തെ തകര്‍ക്കുക എന്നത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന് കുടപിടിക്കുകയാണ് യുഡിഎഫും വലതുമാധ്യമങ്ങളും ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാകാന്‍ സാധ്യതയുള്ള കാസർകോട് — തിരുവനന്തപുരം അർധ അതിവേഗ റയിൽവേ പദ്ധതിക്കെതിരെയാണ് വലതുപക്ഷ മാധ്യമങ്ങള്‍ ഏറ്റവുമൊടുവില്‍ വ്യാജപ്രചരണവുമായി രംഗത്തു വന്നത്. സില്‍വര്‍ ലെെന്‍, സര്‍ക്കാര്‍ ഉപേക്ഷിച്ചു എന്ന മട്ടില്‍ വാര്‍ത്തകള്‍ വന്നതോടെ അത് തങ്ങളുടെ രാഷ്ട്രീയ വിജയമാണെന്ന് അവകാശപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രംഗത്തെത്തുകയും ചെയ്തു. ഒടുവില്‍ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെ റയിൽ തന്നെ വ്യക്തമാക്കിയിരിക്കുന്നു. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ പദ്ധതി വേണ്ടെന്ന് തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയതിനെ തുടർന്ന് ആരംഭിച്ച പ്രാരംഭ പ്രവർത്തനങ്ങൾ തുടരുകയാണെന്നും കെ റയിൽ അറിയിച്ചു.

പദ്ധതിയുടെ ആവശ്യങ്ങൾക്കായി കെ–റയിലിന് വിട്ടു നല്‍കിയ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർ പഴയ ജോലികളിലേക്ക് മടങ്ങിയതില്‍ തെറ്റിദ്ധരിച്ചതാണ് പദ്ധതി ഉപേക്ഷിച്ചുവെന്ന പ്രചരണത്തിന് നിദാനം. തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, ചെങ്കോട്ട റയിൽപ്പാത വികസനം, ശബരി പാത, സംസ്ഥാന പൊതുമരാമത്തുവകുപ്പിന്റെ വിവിധ പദ്ധതികൾ എന്നിവയ്ക്കെല്ലാം റവന്യുവകുപ്പ് ജീവനക്കാരെ ആവശ്യപ്പെട്ട് അപേക്ഷകൾ വന്നിട്ടുണ്ട്. നിലവില്‍ കെ–റയിൽ കോർപറേഷന്റെ സര്‍വേ നടക്കാത്തതിനാല്‍ ആ ജോലികൾക്ക് നിയോഗിച്ചിരുന്ന ജീവനക്കാരെ തൽക്കാലം മേല്‍പ്പറഞ്ഞ ആവശ്യങ്ങൾക്കായി നിയോഗിക്കുകയാണ് ചെയ്തത്. ഈ ഘട്ടത്തിൽ ഇവരുടെ ശമ്പളം വീണ്ടും റവന്യുവകുപ്പിന്റെ അക്കൗണ്ടിൽനിന്ന് അനുവദിക്കാനുള്ള നിയമാനുസൃത നടപടികള്‍ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന്റെ രേഖകൾ ഉപയോഗിച്ചാണ് സില്‍വര്‍ലെെന്‍ പദ്ധതി ഉപേക്ഷിച്ചെന്ന് ചില മാധ്യമങ്ങൾ നുണകൾ പ്രചരിപ്പിച്ചത്. കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കെ–റയിൽ കേന്ദ്ര സർക്കാരിന്റെ അന്തിമാനുമതിക്കു ശേഷം നടപ്പാക്കുമെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കൽ പഠനം, സമഗ്ര പാരിസ്ഥിതികാഘാത പഠനം, കണ്ടൽക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വിവിധ ഏജൻസികൾ പൂർത്തിയാക്കി വരികയാണ്.


ഇതുകൂടി വായിക്കൂ: ഇരട്ടത്താപ്പിന്റെ അപ്പോസ്തലന്‍മാര്‍


സിൽവർലൈൻ കടന്നുപോകുന്നയിടങ്ങളിലെ റയിൽവേ ഭൂമിയുടെയും നിലവിലുള്ള റയിൽവേ കെട്ടിടങ്ങളുടെയും ലെവല്‍ ക്രോസുകളുടെയും വിശദമായ രൂപരേഖ 2020 സെപ്റ്റംബർ ഒമ്പതിന് റയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. കെ-റയിലും ദക്ഷിണ റയിൽവേയും നടത്തിയ സംയുക്ത പരിശോധനയിലാണ് സിൽവർലൈനിനു വേണ്ടി വരുന്ന റയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചത്. റയിൽ ഇന്ത്യ ടെക്നിക്കൽ ആന്റ് ഇക്കണോമിക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (റൈറ്റ്സ്) ആണ് ഹൈഡ്രോളജിക്കൽ പഠനം നടത്തിയത്. പാരിസ്ഥിതികാഘാതപഠനം ചെന്നൈയിലെ നാഷണൽ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മെന്റ് നടത്തി. തീരദേശ പരിപാലന മേഖലയിലെ പഠനവും കണ്ടൽക്കാട് പരിപാലനത്തിനുള്ള പദ്ധതി തയാറാക്കലും അവസാനഘട്ടത്തിലാണ്. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് 2007–08ലെ ബജറ്റിലാണ് അതിവേഗ റയിൽപാത പ്രഖ്യാപിക്കുകയും ഡിഎംആർസിയെ കണ്‍സൾട്ടന്റായി നിയമിക്കുകയും ചെയ്തത്.

യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഡിഎംആര്‍സി പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പറഞ്ഞത്, ‘അതിവേഗ റയിൽ കോറിഡോർ സംബന്ധിച്ച തീരുമാനം വിശദമായ ചർച്ചകൾക്ക് ശേഷം ഉണ്ടാകും. ഇതിനെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയകറ്റും. 527 കിലോമീറ്റർ ദൂരമുള്ള റയിൽ പദ്ധതിക്ക് 1,18,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് മൂന്നുമണിക്കൂർ കൊണ്ട് എത്താം. കൊല്ലത്തിന് 15 മിനിറ്റും കൊച്ചിക്ക് 53 മിനിറ്റും മതി’- എന്നാണ്. വസ്തുതകള്‍ ഇങ്ങനെയിരിക്കേയാണ് വികസനവിരുദ്ധ ചേരിയോടൊപ്പം നിന്ന് യുഡിഎഫും ബിജെപിയും ‘കുറ്റിപറിക്കൽ സമരം’ നടത്തി സിൽവർലൈൻ സര്‍വേ നടപടികള്‍ തടസപ്പെടുത്തിയത്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ തൃപ്തിപ്പെടുത്താനും ഇടതുപക്ഷ സര്‍ക്കാരിനെ ഇകഴ്ത്തിക്കാണിക്കാനുമാണ് വലതുപക്ഷ മാധ്യമങ്ങളുടെ ഇപ്പോഴത്തെ ശ്രമം. അത് തിരിച്ചറിയാനുള്ള പ്രബുദ്ധതയുള്ളവരാണ് കേരള ജനത എന്ന് എപ്പോഴാണ് ഇക്കൂട്ടര്‍ തിരിച്ചറിയുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.