22 January 2026, Thursday

Related news

December 19, 2025
November 4, 2025
August 24, 2025
March 11, 2025
February 16, 2025
February 15, 2025
January 18, 2025
December 26, 2024
December 26, 2024
December 15, 2024

ജലസാക്ഷരതയുടെ കാലം വരുന്നു

പി എ വാസുദേവൻ
കാഴ്ച
April 1, 2024 4:45 am

സുവര്‍ണനഗരത്തെ ആക്രമിച്ച് കീഴടക്കാന്‍ പോയവരുടെ ദയനീയമായ അന്ത്യത്തെക്കുറിച്ച് ഒരു സിനിമ കണ്ടതോര്‍ക്കുന്നു. എത്രയോ ദശകങ്ങള്‍ക്ക് മുമ്പാണ്; അതിമനോഹരമായ പടം. സുവര്‍ണസ്വപ്നങ്ങള്‍ തകര്‍ന്ന് മടങ്ങുന്നവരുടെ ദുരന്തം. ഈ ലോകജലദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബംഗളൂരു മഹാനഗരം വെള്ളമില്ലാതെ വരളുന്ന വാര്‍ത്ത വ്യാപകമായപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഇതായിരുന്നു. ഒരു സംവിധാനത്തിന് താങ്ങാവുന്നതിലുമെത്രയോ അധികം ജനങ്ങള്‍ ഈ ‘ഗോള്‍ഡന്‍ സിറ്റി‘യിലേക്ക് ആര്‍ത്തിരമ്പി വരുമ്പോള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നിലവിലുള്ള വ്യവസ്ഥയ്ക്ക് അവരെ താങ്ങാന്‍ പറ്റുമോ. അതോടെ എല്ലാം തകരാറിലായി. വെള്ളമില്ലാത്തതുകൊണ്ട് സ്കൂളുകള്‍ അടച്ചു. അവിടത്തെ ഒരു പ്രധാനകേന്ദ്രമായ ബെന്നര്‍ ഘട്ടയില്‍ ഫ്ലാറ്റ് നിവാസികള്‍ വെള്ളമില്ലാതെ സ്ഥലം വിട്ടു. കാവേരി ജലം കിട്ടാതായി. പാതാളം വരെ കുഴിച്ചിട്ടും കുഴല്‍ക്കിണറുകളില്‍ ജലമില്ല. പൊതു പെെപ്പുകളില്ല. ഇനി തെരുവുകള്‍ ജലയുദ്ധത്തിന് സാക്ഷ്യം വഹിക്കും.
ടെക്കികളോട് നാട്ടില്‍ പോയി പണിയെടുത്തോളാന്‍ പറഞ്ഞുകഴിഞ്ഞു. ഓരോ ഇഞ്ചിലും കെട്ടിയുയര്‍ത്തിയ മഹാ സൗധങ്ങള്‍ ആളൊഴിഞ്ഞ് കിടക്കുന്നു. വച്ചുതിന്നാന്‍ വെള്ളമില്ല. ഒരു പ്രീമിയം അപ്പാര്‍ട്ട്മെന്റിലെ താമസക്കാര്‍ മറ്റൊരപ്പാര്‍ട്ട്മെന്റില്‍ പോയി അത്യാവശ്യങ്ങള്‍ കഴിക്കുന്നു. ശൗചം, സ്നാനം, വച്ചുതിന്നല്‍ തുടങ്ങിയ പ്രാരാബ്ധങ്ങള്‍ മനുഷ്യന് മാത്രമല്ലേയുള്ളു. ഇന്ന് ബംഗളൂരുവില്‍ നാളെ മറ്റുസ്ഥലങ്ങളില്‍. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ഫെബ്രുവരിയോടെ ജലക്ഷാമം വന്നുകഴിഞ്ഞു. എന്താണിതിന്റെ അടിസ്ഥാന പാഠം. വികസനം പലതും നല്‍കുമ്പോള്‍ അതിലധികം അങ്ങോട്ട് ആവശ്യപ്പെടുന്നു. ബംഗളൂരു ക്വാണ്ടം വളര്‍ച്ചയിലായിരുന്നു.


ഇതുകൂടി വായിക്കൂ: മഴയോടുള്ള ചില ചോദ്യങ്ങള്‍; ഉത്തരം നല്‍കാന്‍ ഗോപകുമാര്‍


പ്രലോഭനീയമായ വരുമാന വര്‍ധന. അതിന്റെ പ്രലോഭനത്തില്‍, നഗരത്തിനും അവിടത്തെ വിഭവങ്ങള്‍ക്കും ഉള്‍ക്കൊള്ളാവുന്നതിലധികം ജനം അവിടെ ചേക്കേറി.
പണത്തിന് ഒരു പ്രശ്നമുണ്ട്. എല്ലാം അതുകൊണ്ടുണ്ടാക്കാമെന്ന ധാരണയാണ്. എന്നാല്‍ വിഭവങ്ങള്‍ ഒരുഘട്ടം കഴിഞ്ഞാല്‍ പരിമിതമാണ്. ക്ഷാമം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ എല്ലാത്തിനും ക്ഷാമം വരും. നിത്യജീവിതം വരെ തകരാറിലാവും. ജലത്തിന്റെ കാര്യത്തില്‍ ഇത് വളരെ പ്രകടമാവും. ഓരോരുത്തരും ഉപയോഗിക്കുന്ന ജലത്തിന്റെ തോത് ഇന്ന് വളരെ കൂടിയിട്ടുണ്ട് കുളിക്കാനും കുടിക്കാനും പാചകത്തിനും ജലം എന്നതില്‍ നിന്ന് നാമെത്ര ദൂരം പോയി. ഇതേ ബംഗളൂരുവിലെ ഫ്ലാറ്റുകളില്‍ ഓരോ കുടുംബത്തിനും രണ്ടും മൂന്നും കാര്‍. അത് കഴുകാന്‍ അളവറ്റ ജലം. ഫ്ലാറ്റിന് ചുറ്റും നീണ്ട തോട്ടങ്ങള്‍, പുല്‍മേടുകള്‍. അതൊക്കെ നനയ്ക്കണം. അതായത് രണ്ട് ദശകം മുമ്പത്തെ ഒരു വ്യക്തി ഉപയോഗിച്ചതിന്റെ പത്തിരട്ടി ജലം ഇന്ന് ഒരാള്‍ക്ക് വേണം. ഉപഭോഗത്തിലെ ലംബമായ വര്‍ധന.
അവസാനം വെള്ളമില്ലാത്ത അവസ്ഥ. ഇത് നാമിപ്പോള്‍ കേരളത്തിലും അനുഭവിക്കുന്നു. ഇനി മീനമാസം മുഴുവനും കഴിയണം ഒരു നല്ല മഴ കിട്ടാന്‍. അതുവരെ നമ്മുടെ ഉള്ള ജലം സൂക്ഷിച്ചുപയോഗിക്കണം. ഏറ്റവും പ്രധാനം ‘വാട്ടര്‍ ലിറ്ററസി‘യാണ്. ജലമെങ്ങനെ സംരക്ഷിക്കാം. എങ്ങനെ ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങള്‍ക്കായി ഒതുക്കിനിര്‍ത്തി ഉപയോഗിക്കാം. ഇതൊക്കെ വളരെ പ്രധാനമാണ്. ലോകം നേരിടാന്‍ പോകുന്ന ജലക്ഷാമത്തെ കൗശലത്തോടെ നോക്കിക്കണ്ടത് വന്‍ കുത്തകകളാണ്. അവര്‍ ‘ജലം കുപ്പി‘യില്‍ എന്ന തന്ത്രവുമായി ഇറങ്ങി. ലോകത്തെ ഡിപ്ലമസി രാഷ്ട്രീയത്തെ വെള്ളം മുന്നില്‍ കണ്ടുകൊണ്ടാണ് കരുക്കള്‍‍ നീക്കിയത്. വിവന്റെ എന്‍വയോണ്‍മെന്റും മറ്റ് കമ്പനികളും ജലകുത്തകകളായി രൂപംകൊണ്ടു. തെയിംസ് വാട്ടര്‍, ബെെ വാട്ടര്‍, യുണെെറ്റഡ് യൂട്ടിലിറ്റീസ് തുടങ്ങിയ ബ്രിട്ടീഷ് കമ്പനികള്‍ ഏഷ്യയെയാണ് ലക്ഷ്യംവച്ചത്. ലോകത്ത് 120 രാജ്യങ്ങള്‍ ജലകുത്തകകളുടെ പിടിയിലായിക്കഴിഞ്ഞു. വെള്ളമില്ലാതെ വന്നാല്‍ ഞങ്ങള്‍ തരും എന്ന അവരുടെ വാഗ്ദാനത്തില്‍ നാം വീണു.


ഇതുകൂടി വായിക്കൂ: ആസന്നമായ ജലപ്രതിസന്ധിക്ക് ശാശ്വത പരിഹാരം വേണം


നാട്ടിന്‍പുറങ്ങളിലും കുപ്പിവെള്ളമെത്തി. അതോടെ വെള്ളം സൂക്ഷിക്കേണ്ടതുണ്ടെന്ന ജാഗ്രത നമുക്കില്ലാതെയായി. എല്ലാം ആരാന്‍ തരുമല്ലോ. പ്ലാച്ചിമടയിലെ വെള്ള പ്രശ്നമുണ്ടായപ്പോള്‍ പോലും പൊതുമനസ് പ്രതികരിക്കാന്‍ വെെകി. പ്ലാച്ചിമട എന്ന പാലക്കാടിന്റെ ഒരു മൂലയിലെ ഗ്രാമത്തിലെ ജലം, അറ്റ്ലാന്റയിലെ കോളക്കമ്പനി ഊറ്റി കൊക്കകോളയാക്കി വന്‍ ലാഭമുണ്ടാക്കി. ഗ്രാമീണര്‍‍ക്ക് കഞ്ഞിവയ്ക്കാന്‍ നല്ല വെള്ളം കിട്ടാതായി. നമ്മുടെ വെള്ളത്തിനുമേലുള്ള നമ്മുടെ സ്വാധികാരമാണ് കോളക്കമ്പനി ചോദ്യം ചെയ്തത്. അവസാനം പൊതുമനസ് ശക്തമായി പ്രതികരിച്ചതോടെ അവര്‍ ആദ്യമായി തോറ്റു.
എന്തായാലും നാം ഭീകരമായൊരു സത്യത്തിനുന്മുഖമായി നില്‍ക്കുകയാണ്. ജീവന്‍ നിലനിര്‍ത്തേണ്ട വെള്ളം കേവലമായി ദുര്‍ലഭമായിക്കഴിഞ്ഞു. ഇനി പോസിറ്റീവായ ചില സാമൂഹിക നടപടികളിലൂടെ ഇതിനെ നേരിടണം. പ്രധാനമായത് ജലദുര്‍വ്യയം ഓരോ വ്യക്തിയും തടയണം എന്നതാണ്. ജല ഉപഭോഗം കുറയ്ക്കണം. ജലസംഭരണം നടത്തണം. മഴക്കാല ജലക്കൊ­യ്ത്ത് നടത്തണം. മുറ്റവും മറ്റും സിമന്റിട്ട് പെയ്ത വെള്ളത്തെ പുറത്തേക്ക് കടത്താതെ കഴിയുന്നത്ര ഭൂമിയിലിറക്കി വിടണം. പാഴായിക്കിടക്കുന്ന കിണറുകളും കുളങ്ങളും എത്രയോ ഉണ്ട്. അവയെ നാട്ടുകാര്‍ സംരക്ഷിച്ചെടുക്കണം. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഇത് പ്രധാന അജണ്ടയാക്കണം.


ഇതുകൂടി വായിക്കൂ: കേരള മോഡലും അനന്തരസത്യങ്ങളും


പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ തത്തമംഗലം, പുതുനഗരം, കൊല്ലങ്കാേട് ഭാഗങ്ങളില്‍ 1980കളിലും 1990കളിലും കണ്ടിരുന്ന ജലസമൃദ്ധമായ കുളങ്ങളില്‍ പലതും ഇന്നില്ല. അതൊക്കെ നശിക്കാന്‍ വിട്ടിട്ടാണ് നാം ലോകജലദിനം കൊണ്ടാടുന്നത്. സെമിനാറുകള്‍ വെള്ളത്തിന് പകരമല്ല. മംഗലം ഡാമിനടുത്ത സെന്റ് മേരീസ് സ്കൂളിലെ കുട്ടികള്‍ ഒന്നരലക്ഷം ലിറ്ററിന്റെ ഭൂഗര്‍ഭ സംഭരണി സംരക്ഷിച്ച്, വേനലിനെ തോല്പിച്ചു. ഇവിടെയുണ്ടായിരുന്ന രണ്ട് കുഴല്‍ക്കിണറുകളും വറ്റി. പക്ഷെ ഈ സംഭരണി അനുഗ്രഹമായി. 2019ല്‍ ഈ സംഭരണി നിര്‍മ്മിച്ചതോടെ കുഴല്‍ക്കിണറുകളും അയല്‍പക്കത്തെ കിണറുകളും സജീവമായി.
ഇതാണ് വലിയൊരു പഠിത്തം. സിലബസും മാര്‍ക്കും റാങ്കുമൊക്കെ പിന്നെയാണ്. കുത്തകകള്‍ കുപ്പിയില്‍ തരുന്ന വെള്ളം എങ്ങുമെത്തില്ല. അതിന്റെ പാഠമാണ് ബംഗളൂരു തരുന്നത്. ആ മഹാനഗരത്തിന്റെ സാമ്പത്തികഭാവി ഇനി ജലത്തെ ആശ്രയിച്ചിരിക്കുന്നു. അന്തമില്ലാത്ത വരുമാനവും തൊഴിലുമൊക്കെ അപകടത്തിലാക്കാന്‍ ഈ ജലക്ഷാമം മതി. അടുത്ത ലോകമഹായുദ്ധം ‘ജലയുദ്ധം’ ആവുമെന്ന പ്രവചനം ശരിയാവുമോ. ‘എല്ലാം വെള്ളത്തിലായി’ എന്നുപറഞ്ഞത് ഏതോ വിവരമുള്ളവനാണ്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.