23 November 2024, Saturday
KSFE Galaxy Chits Banner 2

എന്തുകൊണ്ട് ബേപ്പൂർ സുൽത്താൻ?

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
July 18, 2024 4:30 am

സയൻസിന്റെ സമ്മാനമാണ് ഇന്റർനെറ്റ്. എങ്കിലും അവിടെ ഒളിഞ്ഞും തെളിഞ്ഞും വിളയാടുന്നത് സയൻസ് വിരോധികളായ മതവിശ്വാസികളാണ്. അവർ മനുഷ്യവിരുദ്ധമായ മൗലികവാദ നിലപാടുകൾ നിരത്തിവയ്ക്കാനും പരസ്പരം ചളിവാരിയെറിയാനും ഈ പ്രതലം ഉപയോഗിക്കുന്നു. അറയ്ക്കുന്ന തെറിവിളികളാൽ സമൂഹമാധ്യമങ്ങളിൽ സ്വന്തം സ്വത്വം വെളിപ്പെടുത്തുന്നു. അതിൽ വളരെ തന്ത്രപൂർവം ഉണ്ടായ ഒരു ചോദ്യം വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം മാത്രം എന്തുകൊണ്ട് വ്യാപകമായി കൊണ്ടാടപ്പെടുന്നു എന്നാണ്. ഏതുകാര്യത്തിലും വർഗീയത കാണുന്നവർ ഇങ്ങനെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഇതൊരു നിർഗുണപോസ്റ്റായി അവശേഷിക്കും. എന്നാൽ തുടർന്നാണ് കളി നടക്കുന്നത്. അനുയായികൾ അവിടേക്ക് പ്രവഹിക്കും. അവരുടെ കമന്റുകളെല്ലാം വൈക്കം മുഹമ്മദ് ബഷീർ എന്ന പേര് സൂചിപ്പിക്കുന്ന മതത്തിനെ ആഭാസക്കുപ്പായമണിയിക്കുന്നതായിരിക്കും. മുഹമ്മദ് ബഷീർ എന്ന പേരിനോടൊപ്പമുള്ള വൈക്കത്ത് മഹാദേവ ക്ഷേത്രമുണ്ടെന്ന കാര്യം പോലും അവർ ഓർക്കുകയില്ല. 

ഏതെങ്കിലും സംഘടനകളുടെ ആഹ്വാനമില്ലാതെ മലയാളികൾ ഒരു പ്രമുഖവ്യക്തിയുടെയും ഓർമ്മദിനം കൊണ്ടാടാറില്ല. കവികളിൽ വയലാറും കഥാകൃത്തുക്കളിൽ വൈക്കം മുഹമ്മദ് ബഷീറും സിനിമാ നടന്മാരിൽ കലാഭവൻ മണിയുമാണ് ഇതിന് അപവാദമായിട്ടുള്ളത്. ബഷീർദിനം ജൂലെെ മാസം അഞ്ചാം തീയതിയാണ്. തിരുനല്ലൂർ കരുണാകരൻ, ഇടപ്പള്ളി രാഘവൻ പിള്ള, യുവകവി സി പിന്റോ എന്നിവരുടെ ഓർമ്മദിനങ്ങളും അന്നുതന്നെയാണ്. തിരുനല്ലൂരിന്റെയും ഇടപ്പള്ളിയുടെയും ഓർമ്മദിനങ്ങൾ കൊല്ലത്തും പിന്റോയുടെ ഓർമ്മദിനം തിരുവനന്തപുരത്തും അനുസ്മരണപ്രഭാഷണങ്ങളോടെ ആചരിക്കുന്നുണ്ട്. തിരുനല്ലൂരിന്റെ പ്രിയദിനം മേയ് ദിനമാകയാൽ മേയ് ഒന്നുമുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന തിരുനല്ലൂർ കാവ്യോത്സവം മികച്ചനിലയിൽ സംഘടിപ്പിക്കാറുണ്ട്.
കവിതയുടെയും കഥയുടെയും നാടകത്തിന്റെയും സിനിമയുടെയും മറ്റും സംവേദനതലങ്ങൾക്കു വ്യത്യാസമുണ്ട്. മലയാളത്തിലുണ്ടായിട്ടുള്ള കഥാകൃത്തുക്കളുടെ രചനകളിൽ ഏറ്റവും ജനകീയമായത് ബഷീറിന്റെ കഥാപാത്രങ്ങൾ തന്നെയാണ്. ഭാഷാപരവും ജനകീയവുമായ അവതരണ രീതിയാണ് അതിനു കാരണമായിട്ടുള്ളത്. എട്ടുകാലി മമ്മൂഞ്ഞ് നമ്മുടെ നിയമസഭയിൽ പോലും പലവട്ടം കടന്നുവന്നിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളിൽ അധികവും ബഷീറിന്റെ ഭൂമിയുടെ അവകാശികളോ മറ്റു രചനകളെയോ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പ്രേമലേഖനം മുതിർന്നവരുടെ വേദികളിൽ നിരന്തരം അവതരിക്കപ്പെട്ടുപോരുന്നുണ്ട്. 

ബഷീർ കഥാപാത്രങ്ങൾ എം വി ദേവനടക്കം നിരവധി ചിത്രകാരന്മാരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ബഷീറിന്റെ നീലവെളിച്ചം നാടകമായും ഭാർഗവീനിലയമായും ജനങ്ങളിലെത്തി. ഭാർഗവീനിലയത്തിലെ പാട്ടുകൾ മരണമില്ലാത്തവയായി. മതിലുകൾ അടൂർ ഗോപാലകൃഷ്ണന്റെ നിർവഹണത്തിൽ ലോകശ്രദ്ധ നേടി. മജീദും സുഹറയും മലയാളികൾക്ക് പ്രിയപ്പെട്ടവരായി. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന വാചകം വ്യാപകമായി പ്രയോഗിക്കപ്പെട്ടു. ബഷീർ ചായപ്പീട്യകൾ പോലും ഉണ്ടായി. ഇതിന് കാല ദേശ മത പരിഗണനകളൊന്നും ഇല്ലായിരുന്നു. ബഷീറിന്റെ കൃതികൾ ഇപ്പോഴും വായിക്കപ്പെടുന്നു. നന്നായി വിറ്റുപോകുന്നു. ബഷീർ കഥാപാത്രങ്ങളോളം ജനസ്വാധീനം മറ്റൊരു കഥാപാത്രത്തിനും ഉണ്ടായില്ല. രമണനും ചന്ദ്രികയും ആയിഷയുമാണ് പിന്നെയും അല്പമെങ്കിലും കൂടെ സഞ്ചരിക്കുന്നത്. അമിത ജനകീയത ഉണ്ടായില്ലെന്നു കരുതി മറ്റു കഥകളിലെ മനുഷ്യ പ്രതീകങ്ങൾ ചെറുതാവുന്നില്ല. ഓരോ ഇരിപ്പിടങ്ങൾ മലയാളസാഹിത്യത്തിൽ അവർക്കെല്ലാമുണ്ട്. കേരളത്തിലെ സാംസ്കാരിക സമ്മേളനങ്ങളിൽ സാറാമ്മയും കേശവൻ നായരും പൊൻകുരിശുതോമയും ആവർത്തിച്ചു പ്രത്യക്ഷപ്പെട്ടു. പാറുക്കുട്ടി, കൊച്ചുനീലാണ്ടൻ എന്നീ ആനകൾ പോലും ജനസംസാരത്തിലുണ്ട്. കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന കഥകളിൽ ആനവാരി രാമൻ നായർ നിത്യസാന്നിധ്യമാണ്. ഒരു പ്രത്യേക സന്ദർഭത്തിൽ ബഷീർ എഴുതിയ ഹയേമാലീ ഐലേസാ പോലും അടുത്തകാലത്ത് ഫേസ്ബുക്കിലെ ഇന്നും വായിച്ച കവിതയിലൂടെ നൂറുകണക്കിന് വായനക്കാരാൽ ലൈക്ക് ചെയ്യപ്പെട്ടു. 

എം എ റഹ്മാന്റെ ബഷീർ ദി മാൻ, സാഹിത്യകാരന്മാരെ കുറിച്ചുണ്ടായ ഡോക്യുമെന്ററികളിൽ ഏറ്റവും കൂടുതൽ പ്രദര്‍ശിപ്പിക്കപ്പെട്ടു. മാപ്പിളപ്പാട്ടു സാഹിത്യശാഖയിൽ ബഷീർമാല പോലും ഉണ്ടായി. താന്‍ വിശ്രമിച്ചിരുന്ന മാങ്കോസ്റ്റിന്‍ മരത്തിന്റെ തണലിലാവണം ഖബർ എന്ന് പല സന്ദര്‍ശകരോടും ബേപ്പൂർ സുൽത്താൻ പറഞ്ഞിരുന്നു. ഞാനടുത്തിരുന്നപ്പോൾ വന്ന സന്ദര്‍ശകരോടും അദ്ദേഹം ഇത് പറഞ്ഞിരുന്നു. അവിടെയല്ല അദ്ദേഹത്തെ സംസ്കരിച്ചതെങ്കിലും ഇന്നും ആ വീട്ടിലേക്ക് ജനങ്ങൾ ഒഴുകിയെത്തുന്നു. കവികളിൽ ചങ്ങമ്പുഴയുടെ സ്മാരകവും സിനിമാതാരങ്ങളിൽ കലാഭവൻ മണിയുടെ സ്മാരകവും കാണാനാണ് ആളുകൾ പോകാറുള്ളത്.
‘പാത്തുമ്മയുടെ ആടും വീരപാണ്ഡ്യപണ്ടാരത്തിന്റെ പാമ്പും ചൊറിയൻപുഴുവും പുട്ടിനുള്ളിൽ ഒളിച്ചുവച്ച് പുഴുങ്ങിയ മുട്ടയും മുഴയൻ നാണുവിന്റെ ബുദ്ധിയും, നമ്മുടെ സര്‍ക്കാര് നല്ലൊരു സർക്കാര് ശമ്പളം കൊഞ്ചമാണെങ്കിലും ചെഞ്ചെമ്മേ’ എന്ന് പാടുന്ന പൊലീസ് മൂരാച്ചികളുമെല്ലാം മലയാളമനസിൽ സ്ഥിരതാമസമാക്കി. ഇതിന് അക്ഷരങ്ങളുടെ ശക്തിയല്ലാതെ മതത്തിന്റെ സംവരണാനുകൂല്യങ്ങളൊന്നും ആവശ്യമില്ലെന്ന വാസ്തവം കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് ചില കേന്ദ്രങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത്. മണ്ടൻ മുത്തപ്പയെപ്പോലും അത്ഭുതപ്പെടുത്തുന്ന ഇത്തരം കുത്സിത പ്രവൃത്തികളെ കേരളം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.