26 April 2024, Friday

Related news

April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024

എഐടിയുസി ദേശീയ സമ്മേളനത്തിന് ഇന്ന് കൊടിയുയരും

സ്വന്തം ലേഖകൻ
ആലപ്പുഴ
December 16, 2022 8:20 am

രക്തസാക്ഷി സ്മരണകളും സമരാരവങ്ങളും നിറഞ്ഞ ആലപ്പുഴയിൽ എഐടിയുസി 42-ാം ദേശീയ സമ്മേളനത്തിന് ഇന്ന് കൊടിയുയരും. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കാനുതകുന്ന രാഷ്ട്രീയ തീരുമാനങ്ങൾക്ക് വേദിയാകുന്ന ദേശീയ സമ്മേളനത്തെ രാജ്യം ഉറ്റുനോക്കുകയാണ്. ദേശീയ സമ്മേളനത്തെ വരവേൽക്കാൻ തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളർച്ചക്ക് വിത്ത് പാകിയ ആലപ്പുഴ സജ്ജമായതായി സ്വാഗത സംഘം ചെയർമാൻ കാനം രാജേന്ദ്രൻ, ജനറൽ കൺവീനർ കെ പി രാജേന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തുന്ന പതാക, ബാനർ, കൊടിമരം, ഛായാചിത്രം, ദീപശിഖ ജാഥകൾ വൈകിട്ട് അഞ്ചിന് ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ (മുൻസിപ്പൽ സ്റ്റേഡിയം) സംഗമിക്കും. പ്രസിഡന്റ് രമേന്ദ്രകുമാർ പതാക ഉയർത്തും. ജനറൽ സെക്രട്ടറി അമർജീത് കൗർ ദീപശിഖ തെളിയിക്കും. തുടർന്ന് തൊഴിലാളി സാംസ്കാരിക സമ്മേളനം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യും. വയലാർ ശരത്ചന്ദ്ര വർമ്മ അധ്യക്ഷത വഹിക്കും. ചടങ്ങിൽ വിപ്ലവ ഗായിക പി കെ മേദിനിയെ മന്ത്രി ജി ആർ അനിൽ ആദരിക്കും. ആലങ്കോട് ലീല കൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, ടി വി ബാലൻ, ഇ എം സതീശൻ, വള്ളിക്കാവ് മോഹൻദാസ് തുടങ്ങിയവർ സംസാരിക്കും.

നാളെ രാവിലെ പത്തിന് ജെ ചിത്തരഞ്ജൻ നഗറിൽ (മുൻസിപ്പൽ സ്റ്റേഡിയം) പ്രതിനിധി സമ്മേളനം എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജീത് കൗർ ഉദ്ഘാടനം ചെയ്യും. അമർജീത് കൗർ ദേശീയ പതാകയും വർക്കിങ് പ്രസിഡന്റ് എച്ച് മഹാദേവൻ എഐടിയുസി പതാകയും ഉയർത്തും. പ്രസിഡന്റ് രമേന്ദ്രകുമാർ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയർമാൻ കാനം രാജേന്ദ്രൻ സ്വാഗതം പറയും. ഡബ്ല്യുഎഫ്‌ടിയു ജനറൽ സെക്രട്ടറി പാംബിസ് കൈറിറ്റ്സിസും വിവിധ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതാക്കളും സമ്മേളനത്തെ അഭിവാദ്യം ചെയ്യും. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു നന്ദി പറയും.

സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിക്കും. 20ന് വൈകിട്ട് മൂന്നിന് തൊഴിലാളി മഹാറാലി. തുടർന്ന് ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതു സമ്മേളനം ജനറൽ സെക്രട്ടറി അമർജീത് കൗർ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ കാനം രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ കെ പി രാജേന്ദ്രൻ സ്വാഗതം പറയും. ബിനോയ് വിശ്വം എം പി, രാമകൃഷ്ണ പാണ്ഡെ, വഹീദ നിസാം എന്നിവർ സംസാരിക്കും. സ്വാഗത സംഘം വർക്കിങ് ചെയർമാൻ ടി ജെ ആഞ്ചലോസ് നന്ദി പറയും. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം വർക്കിങ് ചെയർമാൻ ടി ജെ ആഞ്ചലോസ്, ഭാരവാഹികളായ പി വി സത്യനേശൻ, വി മോഹൻദാസ്, ഡി പി മധു, എ എം ഷിറാസ് തുടങ്ങിയവരും പങ്കെടുത്തു.

എഐടിയുസി ദേശീയ സമ്മേളനം: ജാഥകള്‍ ഇന്ന് സംഗമിക്കും

തിരുവനന്തപുരം: എഐടിയുസി ദേശീയ സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള ബാനർ, കൊടിമര, പതാക, ഛായാചിത്രങ്ങള്‍ എന്നിവയുമായി പര്യടനമാരംഭിച്ച ജാഥകള്‍ ഇന്ന് ആലപ്പുഴയിൽ സംഗമിക്കും. വെങ്ങാനൂരിലെ അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ വച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത ബാനര്‍ജാഥ ഇന്നലെ കൊല്ലത്താണ് സമാപിച്ചത്. ജാഥാ ക്യാപ്റ്റൻ കെ മല്ലിക, ഡയറക്ടർ എം പി ഗോപകുമാർ, വൈസ് ക്യാപ്റ്റൻ എം ജി രാഹുൽ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്ത കൊടിമര ജാഥ അടൂരില്‍ സമാപിച്ചു. ജാഥ ക്യാപ്റ്റൻ അഡ്വ. വി ബി ബിനു, ജാഥാ അംഗങ്ങളായ കവിത രാജൻ, ജി ബാബു, കെ അനിമോൻ, കെ ദേവകി, ഡി സജി, വിൽസൺ ആന്റണി എന്നിവർ സംസാരിച്ചു. മൂന്നാറിലെ സി എ കുര്യൻ സ്മൃതി മണ്ഡപത്തിൽ നിന്ന് ഗുരുദാസ് ദാസ് ഗുപ്ത, സി എ കുര്യൻ എന്നിവരുടെ ഛായചിത്രങ്ങളുമായി പുറപ്പെട്ട ജാഥ പാമ്പനാറില്‍ സമാപിച്ചു. ജാഥാ ക്യാപ്റ്റൻ വാഴൂർ സോമൻ എംഎൽഎ, വൈസ് ക്യാപ്റ്റൻ കെ കെ അഷറഫ്, ജാഥ ഡയറക്ടർ പി കെ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കയ്യൂരിൽ നിന്നും പ്രയാണമാരംഭിച്ച പതാകജാഥയുടെ ഇന്നലത്തെ സമാപനം കൊടുങ്ങല്ലൂരിലായിരുന്നു. ജാഥാലീഡർ പി രാജു, വൈസ് ക്യാപ്റ്റന്‍ എലിസബത്ത് അസീസി, ഡയറക്ടര്‍ സി പി മുരളി, അംഗങ്ങളായ പി കെ നാസർ, ടി കെ സുധീഷ്, അഡ്വ. ആർ സജിലാൽ, കവിതാ സന്തോഷ്, മഹിതാ മൂർത്തി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.