15 April 2024, Monday

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കളങ്കമുണ്ടാക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കരുത്: കെ പി രാജേന്ദ്രന്‍

Janayugom Webdesk
കോഴിക്കോട്
January 5, 2023 7:37 pm

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കളങ്കമുണ്ടാക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കരുതെന്ന് എഐടിയുസി സംസ്ഥാന ജനറല്‍സെക്രട്ടറി കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. കോംട്രസ്റ്റ് തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐടിയുസി ജില്ലാകമ്മറ്റി നേതൃത്വത്തിൽ നടത്തിയ അനുഭാവ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോംട്രസ്റ്റ് വീവിങ് ഫാക്ടറി കോഴിക്കോടിന്റെ മാത്രം പൈതൃക സ്വത്തല്ല. കേരളത്തിന്റേയും രാജ്യത്തിന്റേയും പൈതൃക സ്ഥാപനമാണ്.

സ്ഥാപനവും തൊഴില്‍ പാരമ്പര്യവും നിലനില്‍ക്കേണ്ടത് കേരളം ആര് ഭരിച്ചാലും ഭരണാധികാരികളുടെ ചുമതലയാണ്. നിയമനിർമ്മാണസഭ പാസ്സാക്കുന്ന നിയമങ്ങൾ എല്ലാ ഘടകങ്ങളും സൂഷ്മമായി പരിശോധിച്ച് തയ്യാറാക്കുന്നതാണ്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ബില്ലിന് അനുസൃതമായി ചട്ടങ്ങൾ നിർമിച്ചു നിയമം പ്രാബല്യത്തിൽ വരുത്തുക എന്നത് സര്‍ക്കാരിന്റെ ചുമതലയാണ്. അത്തരം ചുമതലകൾക്കു കാലതാമസം വരുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ഭൂഷണമല്ല.

വിലപിടിപ്പുള്ള ഭൂമി കൈവശപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഭൂ മാഫിയകളുടെ താല്‍പര്യത്തിന് എതിരെ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. തൊഴിലാളികളെ മാനസികമായി പീഡിപ്പിച്ച് സമരരംഗത്തുനിന്ന് പിന്തിരിയുമെന്ന് വ്യാമോഹിക്കേണ്ടെന്നും അത്തരം നീക്കത്തില്‍ നിന്ന് പിന്തിരിഞ്ഞ് ഏറ്റെടുക്കല്‍ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ തയ്യാറാകണമെന്നും കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. എഐടിയുസി ജില്ലാ പ്രസിഡന്റും സമരസമിതി കൺവീനറുമായ ഇ സി സതീശൻ ആധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസർ, അഡ്വ. പി ഗവാസ്, അഡ്വ. സുനിൽ മോഹനൻ, പി വി മാധവൻ എന്നിവർ സംസാരിച്ചു. പി ശിവപ്രകാശ്, എം മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കോംട്രസ്റ്റ് വീവിങ് ഫാക്ടറി സർക്കാർ ഏറ്റെടുക്കുന്നതിനു കേരള നിയമസഭ 2012ൽ പാസാക്കിയ ബില്ലിന് 2018ൽ. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ നാലുവർഷം പിന്നീട്ടിട്ടും തുടർ നടപടികൾ ത്വരിതപ്പെടുത്താതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് രണ്ടാംഘട്ട അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചത്. 22 ദിവസം പിന്നിട്ട തൊഴിലാളി സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ടാണ് എഐടിയുസി ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ അനുഭാവ സത്യഗ്രഹ സമരം നടത്തിയത്.

Eng­lish Sum­ma­ry: AITUC said that the gov­ern­ment should not take a stance that tar­nish­es the Left Demo­c­ra­t­ic Front
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.