8 May 2024, Wednesday

സമരപുളകമണിഞ്ഞ ആലപ്പുഴ തുറമുഖം

Janayugom Webdesk
December 15, 2022 4:20 am

രാജാ കേശവദാസിന്റെ മാനസ പുത്രിയെന്ന വിളിപ്പേരുള്ള ആലപ്പുഴ തുറമുഖത്തിലെ തൊഴിലാളികൾക്ക് പറയാനുള്ളത് പോർമുഖങ്ങളെ ത്രസിപ്പിക്കുന്ന ധീരഗാഥ. കാലമേറെ കഴിഞ്ഞിട്ടും കടലിന്റെ ഓളങ്ങൾ ഇന്നും ആ കഥകൾ വാഴ്ത്തിപ്പാടുന്നു. ബോംബെ കഴിഞ്ഞാൽ പടിഞ്ഞാറൻ തീരത്തുള്ള പ്രധാന തുറമുഖമായിരുന്നു ആലപ്പുഴ. സിന്ധികൾ, പാഴ്സികൾ, തമിഴർ, തെലുങ്കർ, യൂറോപ്യന്മാർ തുടങ്ങി വിവിധ ദേശ, ഭാഷ, വേഷക്കാരുടെ സംഗമ ഭൂമിയായി ആലപ്പുഴ മാറി. ഏത് സമയത്തും നാലും അഞ്ചും കപ്പലുകൾ, ചരക്കുമായി തുറമുഖത്തേക്ക് വരുന്ന കൂറ്റൻ വള്ളങ്ങൾ, ഇവയുടെ സഞ്ചാരത്തിൽ ഇളകിമറിയുന്ന കടൽ, 2500 ൽ പരം തൊഴിലാളികൾ, ആലപ്പുഴയിലെങ്ങും ഉത്സവ പ്രതീതിയായിരുന്നു. എന്നാല്‍ തുറമുഖത്തിലൂടെ വിവിധ വ്യവസായങ്ങൾ വളർച്ചയുടെ മല കയറിയപ്പോൾ തൊഴിലാളികള്‍ക്ക് മിച്ചമായത് ദുരിത ജീവിതം.

കപ്പലിലെ തൊഴിലാളികൾക്ക് ഭക്ഷണം നൽകിയിരുന്നത് പനമ്പ് കഷണത്തിലായിരുന്നു. അതും മൃഗങ്ങൾ പോലും തിന്നാൻ അറയ്ക്കുന്ന ഭക്ഷണം. വൃത്തിഹീനമായ ആഹാരം കഴിച്ച് വയറിളക്കവും ഛർദിയും തുടർച്ചയായതോടെ ഒട്ടേറെപ്പേർ ജോലി ഉപേക്ഷിച്ചു. രാവും പകലും ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് ഓണത്തിനും പെരുന്നാളിനും മാത്രമായിരുന്നു കൂലി. ഉറങ്ങാൻ അനുമതിയില്ല. ബ്രിട്ടീഷ് സർക്കാരിന്റെ പ്രതിനിധിയായ പോർട്ട് ഓഫീസറുടെ വക പീഡനം വേറെയും. അഴുക്ക് പുരണ്ട വസ്ത്രം കഴുകി വൃത്തിയാക്കി ധരിക്കാൻ അനുമതിയില്ല, വിനോദ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല, എന്തിനേറെ മുടി മുറിക്കാൻ പോലും അനുമതിയില്ല. എന്തെങ്കിലും കാര്യത്തിൽ പരാതി പറഞ്ഞാൽ ക്രൂരമായ മർദ്ദനവും. പീഡനം അറുതിയില്ലാതെ തുടർന്നപ്പോൾ തൊഴിലാളികളുടെ മനസ് കലാപ കലുഷിതമായി. എഐടിയുസി നേതാക്കളായ സൈമണാശാൻ, വി കെ ഭാസ്കരൻ, ടി സി പത്മനാഭൻ എന്നിവർ മുൻകയ്യെടുത്ത് 1942 ഓഗസ്റ്റ് മാസത്തിൽ കടപ്പുറം ആശുപത്രിക്ക് സമീപം തുറമുഖത്തൊഴിലാളികളുടെ യോഗം വിളിച്ചു ചേർത്തു. ആർ സുഗതനും കെ കെ കുഞ്ഞനും യോഗത്തിൽ പങ്കെടുത്തു. യോഗത്തില്‍ ടി വി തോമസ് പ്രസിഡന്റും വി കെ ഭാസ്കരൻ ജനറൽ സെക്രട്ടറിയുമായി ആലപ്പി പോർട്ട് വർക്കേഴ്സ് യൂണിയൻ എന്ന സംഘടന രൂപീകരിച്ചു. പിന്നെ നാട് സാക്ഷ്യം വഹിച്ചത് സമരപഥങ്ങളെ ചുവപ്പണിയിക്കുന്ന ശക്തമായ തൊഴിലാളി മുന്നേറ്റങ്ങളെ.

സർക്കാർ രൂപീകരിച്ച വ്യവസായബന്ധ സമിതിയിൽ തൊഴിലാളി പ്രതിനിധിയായി ഉണ്ടായിരുന്ന ടി വി തോമസ് തുറമുഖ തൊഴിലാളികളുടെ ജോലി-കൂലി വ്യവസ്ഥ നിശ്ചയിച്ചു കൊണ്ടുള്ള ഷെഡ്യൂൾ സമിതിയിൽ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ അതിന് അംഗീകാരം ലഭിച്ചു. എട്ട് മണിക്കൂർ ജോലി ചെയ്യുന്ന ഒരു തൊഴിലാളിക്ക് ലഭിക്കേണ്ട വേതനം, അത് കഴിഞ്ഞുള്ള ഓരോ മണിക്കൂറും വരുത്തേണ്ട കൂലിയുടെ വർധനവ്, ഓരോ വിഭാഗത്തിന്റെയും അധ്വാനം, വൈദഗ്ധ്യം എന്നിവ ഷെഡ്യുളിൽ ഉൾപ്പെടുത്തിയിരുന്നു. തൊഴിൽസ്ഥിരത ഉറപ്പാക്കാൻ രജിസ്ട്രേഷൻ സമ്പ്രദായവും നിലവിൽ വന്നു.
പിന്നീട് പുന്നപ്ര വയലാർ സമരത്തിൽ ജീവനും രക്തവും നൽകി പൊരുതാൻ ആലപ്പി പോർട്ട് വർക്കേഴ്സ് യൂണിയനും നേതൃസ്ഥാനത്തുണ്ടായിരുന്നു. പുന്നപ്ര സമര ഭൂമിയിൽ ആറ് യൂണിയൻ തൊഴിലാളികളാണ് വെടിയേറ്റ് മരിച്ചത്. കൊച്ചി തുറമുഖത്തിന്റെ ആവിർഭാവത്തോടെ പ്രതാപം നഷ്ടപ്പെട്ട ആലപ്പുഴ തുറമുഖം ക്രമേണ ഓർമ്മകളിലൊതുങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.