27 July 2024, Saturday
KSFE Galaxy Chits Banner 2

ബദലുകൾ ഉയർത്തേണ്ട കേരളീയ വിദ്യാഭ്യാസം

ഒ കെ ജയകൃഷ്ണൻ
February 1, 2024 4:30 am

രാജ്യത്ത് സുഗമമായ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്ക് ദേശീയ വിദ്യാഭ്യാസനയം തുടക്കംകുറിച്ചിരിക്കുകയാണ്. പാർലമെന്റിൽ, കോവിഡിന്റെ പ്രതിസന്ധികൾക്കിടയിൽ ചർച്ചകൂടാതെ പാസാക്കിയെടുത്ത എന്‍ഇപി 2020 നടത്തിപ്പുകാലത്ത് അതിലേറെ വിമർശനങ്ങൾ വിളിച്ച് വരുത്തിയിരിക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളെയും ഫെഡറൽ തത്വങ്ങളെയും വെല്ലുവിളിക്കുന്നു എന്ന് മാത്രമല്ല രാജ്യത്തെ ജനതയെ മതപരമായി വിഭജിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമവും നടന്നുവരികയാണ്. നയം നടപ്പാക്കലിന്റെ രണ്ടുവർഷംകൊണ്ടുതന്നെ നയത്തിന്റെ ദിശാസൂചി എങ്ങോട്ടെന്ന് വെളിപ്പെട്ടിരിക്കുന്നു. വിജ്ഞാനരംഗത്തും ശാസ്ത്ര സാങ്കേതികരംഗത്തും ബോധനശാസ്ത്രരംഗത്തും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കനുസൃതമായി നമ്മുടെ വിദ്യാഭ്യാസ പദ്ധതിയും മാറണം എന്നതിൽ യാതൊരു തർക്കവുമില്ല. എന്നാൽ അതിനാധാരമായി നിൽക്കേണ്ട അടിസ്ഥാന ഘടകങ്ങളെ ഇളക്കി പ്രതിഷ്ഠിക്കുമ്പോഴാണ് പ്രതിഷേധസ്വരങ്ങളുയരുന്നത്. ഇന്ത്യയിൽ ഇതുവരെയുണ്ടായ വിദ്യാഭ്യാസ കമ്മിഷനുകളും ദേശീയ നയ രൂപരേഖകളും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ ആധാരമാക്കിയുള്ള നയങ്ങൾക്കാണ് രൂപം നൽകിയിട്ടുള്ളത്. സാമൂഹിക നീതി, ബഹുസ്വരതയെ ഉൾക്കൊള്ളൽ, വൈവിധ്യങ്ങളെ അംഗീകരിക്കൽ, ശാസ്ത്രീയ മനോഭാവം, ജനാധിപത്യാവബോധം, ദേശീയത എന്നിവ ഉദ്ഘോഷിക്കുന്നതും അവയ്ക്ക് അടിവരയിടുന്നതുമായിരുന്നു എന്‍ഇപി 2020 ന് മുമ്പ് വരെയുള്ള നയസമീപനങ്ങൾ, അതിൽ നിന്നുള്ള പ്രകടമായ വ്യതിയാനം രാജ്യത്തിനു കാണാൻ കഴിയും. കാരണം രാജ്യത്തിന്റെ വിദ്യാഭ്യാസനയം കേവലം വിദ്യാഭ്യാസ സംബന്ധിയായ വിഷയങ്ങളിൽ മാത്രം പ്രതിഫലിക്കുന്ന ഒന്നല്ല. സകല മേഖലയിലെയും ജീവിതത്തെ ബാധിക്കുന്ന ഒരു രാഷ്ട്രീയ രേഖയാണ്.

 


ഇതുകൂടി വായിക്കൂ;  ആശങ്കയൊഴിയാതെ നവവിദ്യാഭ്യാസനയം


പൊതുതെരഞ്ഞെടുപ്പിലേക്കടുക്കുന്ന ഇന്ത്യയിലെ ജനതയെ വർഗീയമായി വിഭജിക്കുക എന്ന സംഘ്പരിവാർ ലക്ഷ്യം വിദ്യാഭ്യാസ നയത്തിലൂടെ നടപ്പാക്കാൻ തുടങ്ങിയിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടങ്ങൾ എക്കാലത്തും എവിടെയും പ്രയോഗിച്ച തന്ത്രങ്ങൾ തന്നെയാണ് ഭരണകൂടത്തിന്റെ ആയുധം. മധ്യകാല ഇന്ത്യാചരിത്രവും ഭരണാധികാരികളെയും ചരിത്രപുസ്തകത്തിൽ നിന്ന് പുറന്തള്ളാൻ തിരുമാനിച്ചത് അതിന്റെ ഭാഗമായിരുന്നു. മുഗള, സുൽത്താൻ വംശങ്ങളിലെ ഭരണാധികാരികൾ മുസ്ലിങ്ങളായിരുന്നു എന്നത് മാത്രമല്ല ഇതിനുകാരണം, അവരുടെ വിജ്ഞാനവികാസ രംഗങ്ങളെ ഭാവിതലമുറയിൽ നിന്നും ഒളിപ്പിക്കുക എന്നതുകൂടിയാണ്. രാജ്യത്തെ പല പ്രദേശങ്ങളുടെയും സ്ഥലനാമപരിഷ്കരണവും, ജനങ്ങൾക്കിടയിൽ അന്ധവിശ്വസങ്ങൾ വിശ്വാസങ്ങളായി പ്രചരിപ്പിക്കുന്നതും, പുരാണകഥകൾ സത്യങ്ങളായി അവതരിപ്പിക്കുന്നതും ഈ ആധുനിക ഇന്ത്യയിൽ പുതിയ വിദ്യാഭ്യാസനയത്തെ പിൻപറ്റിത്തന്നെ. ജനങ്ങളിൽ ശാസ്ത്രീയമനോഭാവം വളർത്തുക എന്നത് സ്വാതന്ത്യാനന്തര ഇന്ത്യയിൽ ഭരണാധികാരികളും വിദ്യാഭ്യാസനയങ്ങളും സ്വീകരിച്ച തത്വമായിരുന്നു. സമകാലിക ഇന്ത്യയിൽ ശാസ്ത്രസത്യങ്ങളുടെ നിരാസം ഭരണാധികാരികളിൽ നിന്നും ഉന്നത അക്കാദമിക് സ്ഥാനത്തിരിക്കുന്നവരിൽ നിന്നും തുടർച്ചയായിവന്നുകൊണ്ടിരിക്കുന്നു. ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കും പകരം അന്ധവിശ്വാസങ്ങൾക്കും അസത്യങ്ങൾക്കും പ്രചാരണം നൽകുന്നു. ഈ പശ്ചാത്തലത്തിൽ അഭിമാനമുള്ള ശാസ്തകാരന്മാർവിട്ടുനിൽക്കുമെന്ന് ഭയന്ന് ശാസ്ത്രകോൺഗസ് തന്നെ സർക്കാർ വേണ്ടെന്നുവയ്ക്കുകയാണ്.

 


ഇതുകൂടി വായിക്കൂ; വിദ്യാഭ്യാസത്തിന്റെ വിപണിമൂല്യവും യുജിസി വാഗ്ദാനങ്ങളും


ഇത്തരമൊരു രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിലാണ് കേരളം പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കമിടുന്നത്. ദേശീയ തലത്തിൽനിന്നും വ്യത്യസ്തമായി വിദ്യാഭ്യാസത്തിന്റെ തലമുറ പ്രശ്നങ്ങളും വെല്ലുവിളികളും ഒരു പരിധിവരെ മറികടക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന രൂപീകരണംതൊട്ട് പുരോഗമന സർക്കാരുകൾ ഈ രംഗത്ത് കൈക്കൊണ്ട നടപടികളാണിതിന് നിദാനം. സ്കൂൾ പ്രായത്തിലുള്ള എല്ലാവരെയും ഉൾക്കൊള്ളാനും 12-ാം ക്ലാസുവരെ തുടർച്ചയുള്ള വിദ്യാഭ്യാസഘട്ടം ഉറപ്പിക്കാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ദേശീയ തലത്തിൽസ്കൂൾ പ്രായത്തിലുള്ള നാല് പേരിൽ ഒരാൾ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്താണെന്നാണ് ഔദ്യോഗിക കണക്ക്. രണ്ടാമതായി നാം നേരിട്ട വെല്ലുവിളി അടിസ്ഥാന സൗകര്യ വികസനമായിരുന്നു. ചുരുങ്ങിയകാലംകൊണ്ട് ആവശ്യമായ ക്ലാസ് മുറികളും ആരോഗ്യകരമായ വിദ്യാലയാന്തരീക്ഷവും ഒരുക്കാൻ കഴിഞ്ഞത് സംസ്ഥാന ഗവൺമെന്റിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലിലൂടെയാണ്. എയ്ഡഡ് മേഖലയിലുള്ള ചില പ്രൈമറി വിദ്യാലയങ്ങൾ ഈ നിലവാരത്തിലേക്കെത്തിയിട്ടില്ല എന്നത് മറന്നുപോകുന്നില്ല.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ അറിവിന്റെ ലോകവും സാങ്കേതികവിദ്യയും കൂടുതൽ മുന്നേറ്റമുണ്ടാക്കി. റോബോട്ടിക്സും നിർമ്മിതബുദ്ധിയും അനുബന്ധ വികാസങ്ങളും വിജ്ഞാന രംഗത്ത് കൂടുതൽ സ്വാധീനം ചെലുത്താൻ തുടങ്ങി. നമ്മുടെ വിദ്യാലയങ്ങളിൽ അതിന് സഹായകമായ പ്രയോഗിക പരിജ്ഞാനം കുട്ടികൾക്ക് നൽകാൻ ഐടിലാബുകളും സ്മാർട്ട്റൂമുകളുമൊരുക്കി സജ്ജമാക്കാൻ കഴിഞ്ഞു.
വിദ്യാസമ്പന്നരായ രക്ഷാകർത്തൃസമൂഹമാണ് ഇന്നത്തെ കേരളത്തിന്റേത്. കുട്ടിക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം തേടുന്നവരാണവർ. സമൂഹമാഗ്രഹിക്കുന്ന തരത്തിൽ പുതിയ അറിവുകൾ സൃഷ്ടിക്കപ്പെടുന്ന ലോകത്ത് വെല്ലുവിളികളെ അതിജീവിക്കാൻ ആവശ്യമായ അറിവും കഴിവും നൈപുണിയും കുട്ടികളിൽ വളർത്താൻ കഴിയുന്ന വിദ്യാഭ്യാസം പ്രദാനം ചെയ്യാൻ കഴിയണം. പാഠ്യപദ്ധതിയും അത് വിഭാവനം ചെയ്യുന്ന പാഠപുസ്തകങ്ങളും ആ തലത്തിലേക്ക് വളരണം. കേരളം അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പുതിയ പാഠപുസ്തകങ്ങൾ മത നിരപേക്ഷ, ജനാധിപത്യ, സ്ഥിതി സമത്വ സമദർശനങ്ങളെ ഉൾച്ചേർത്തുകൊണ്ട് പുറത്തിറങ്ങുകയാണ്.

 


ഇതുകൂടി വായിക്കൂ; ഇന്ത്യന്‍ തൊഴിലാളികള്‍ ഇസ്രയേല്‍ കുരുതിക്കളത്തിലേക്ക്


ദേശീയവിദ്യാഭ്യാസ നയമുയർത്തുന്ന വെല്ലുവിളികൾ നേരിടാൻ കേരളത്തെ പ്രാപ്തമാക്കുക എന്ന അക്കാദമിക രാഷ്ട്രീയദൗത്യമാണ് നമുക്കടിയന്തരമായി നിർവഹിക്കാനുള്ളത്. പുതിയകാലത്തിനൊത്ത് കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് തീരുമാനമെടുക്കേണ്ട സമയമാണിത്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ പന്ത്രണ്ടാംതരം വരെയുള്ള ഏകോപനം നാളുകളായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ്. കമ്മിഷനുകളും കമ്മിറ്റികളും നല്കിയ റിപ്പോർട്ടുകൾ മാധ്യമചർച്ചകൾക്കുള്ള വിഭവങ്ങൾ മാത്രമാകരുത്. പുതിയകാലത്തെ കുട്ടിയെയും അധ്യാപികയെയും കണ്ടുകൊണ്ട് കാലഹരണപ്പെട്ട വിദ്യാഭ്യാസചട്ടങ്ങൾ പരിഷ്കരിക്കണം. എയ്ഡഡ് മാനേജർമാരുടെ അമിതാധികാരങ്ങളും കോഴവാങ്ങിയുള്ള അധ്യാപക നിയമനങ്ങളും നിയമംമൂലം നിരോധിക്കണം.
വിദ്യാലയത്തിൽ ഓരോകുട്ടിക്കും വ്യക്തിഗത
പരിഗണന ലഭിക്കുക എന്നത് പ്രധാനമാണ്. അതിനനുസൃതമായി അധ്യാപക വിദ്യാർത്ഥി അനുപാതം പുനഃനിർണയിക്കണം. അത് പ്രൈമറിതൊട്ട് ഹയർസെക്കന്‍ഡറി വരെ വേണം. കേരളത്തിൽ എല്ലായിടത്തും ക്ലാസുകളിലെ കുട്ടികളുടെ എണ്ണം ഒരുപോലെയല്ല. ഓരോരുത്തർക്കും ശ്രദ്ധകിട്ടത്തക്ക രീതിയിൽ, അതിന്റെ ലാഭനഷ്ടങ്ങൾ നോക്കാതെ എണ്ണം നിജപ്പെടുത്തണം. കൗമാരക്കാർ തിങ്ങിനിറഞ്ഞിരിക്കുന്ന ഹയർസെക്കന്‍ഡറി ക്ലാസുകൾ ആധുനികകാലത്തെ ബോധന മനഃശാസ്ത്രരീതികൾക്ക് യോജിച്ചതല്ല. വിദ്യാലയപ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം വിലയിരുത്തി ‘ഭാവിവിദ്യാലയത്തെ‘കണ്ടുകൊണ്ടുള്ള തീരുമാനമാണിവിടെ വേണ്ടത്. സ്കൂൾ പ്രായത്തിലുള്ള മുഴുവൻകുട്ടികളും പൊതുവിദ്യാലയത്തിൽ എന്നലക്ഷ്യമാണ് നാംകൈവരിക്കേണ്ടത്. എങ്കിൽ മാത്രമേ പൊതുവിദ്യാഭ്യാസ പുരോഗതിക്കായി കേരളം നടത്തിയിട്ടുള്ള അടിസ്ഥാന സൗകര്യനിക്ഷേപങ്ങളും പദ്ധതികളും സാർത്ഥകമാകൂ.
ഇന്ന് മുതൽ മൂന്നു വരെ പാലക്കാട് വച്ച് ചേരുന്ന എകെഎസ്‌ടിയു 27 -ാമത് സംസ്ഥാന സമ്മേളനം ഇവയെല്ലാം ചർച്ചചെയ്യുന്ന, കേരളീയ പൊതുവിദ്യാഭ്യാസത്തിന്റെ പ്രയാണത്തിന് ഊർജം പകരുന്ന അധ്യാപക മുന്നേറ്റമാകുമെന്നുറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.