സർവകലാശാല വൈസ് ചാൻസലർ നിയമനങ്ങൾ കേന്ദ്ര സർക്കാർ നിയന്ത്രണത്തിൻ കീഴിലാക്കിക്കൊണ്ട് വിദ്യാഭ്യാസ മേഖലയെ സമ്പൂർണമായി കാവിവല്‍ക്കരിക്കാനുള്ള നീക്കമാണ് ആർഎസ്എസ് നേതൃത്വത്തിലുള്ള സംഘ്പരിവാർ ഭരണകൂടം നടത്തുന്നത്. സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങളെ കവർന്നെടുത്തു കൊണ്ടാണ് വിസി നിയമനങ്ങളിൽ ഗവർണർമാർക്ക് അമിതാധികാരം നൽകുകയും അതുവഴി ഉന്നത വിദ്യാഭ്യാസമേഖലയിൽ പിടിമുറുക്കാനുമുള്ള ശ്രമം കേന്ദ്രം നടത്തുന്നത്.
യുജിസി പുറത്തിറക്കിയ പരിഷ്കരിച്ച കരട് ചട്ടങ്ങൾ രാജ്യത്തെ സർവകലാശാലാ വൈസ് ചാൻസലർമാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള അധികാരങ്ങൾ ഗവർണർമാരിൽ കേന്ദ്രീകരിക്കുന്നതാണ്. വൈസ് ചാൻസലർമാരുടെ നിയമനം അഖിലേന്ത്യാ തലത്തിലുള്ള പബ്ലിക് നോട്ടിഫിക്കേഷൻ വഴിയും തെരഞ്ഞെടുപ്പ് സമിതിയുടെ ടാലന്റ് സെർച്ച് വഴിയുമാകാമെന്ന നിയമഭേദഗതി പ്രകാരം ചാൻസലർ നിർദേശിക്കുന്ന ആളാകും തെരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷൻ. തന്നെയുമല്ല യുജിസി നോമിനിയും വൈസ് ചാൻസലറെ ആവശ്യമുള്ള യൂണിവേഴ്സിറ്റിയുടെ പ്രതിനിധിയും ഇതിൽ അംഗങ്ങളായിരിക്കും.
വിസി നിയമനങ്ങൾ സംസ്ഥാനങ്ങൾ പാസാക്കിയ നിയമത്തിന്റെയും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപ്പിലാക്കേണ്ടതെന്ന 2013ലെ യുജിസി റെഗുലേഷൻ ഇതോടെ അപ്രസക്തമാവുകയാണ്. ചുരുക്കത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതിനിധികളുടെ നിയന്ത്രണത്തിൻകീഴിലുള്ള സമിതിയിൽ സംസ്ഥാന സർക്കാരിന് പ്രാതിനിധ്യം ഉണ്ടാവുകയില്ല.
അധ്യാപനവും ഗവേഷണവും പരീക്ഷയും മാത്രമാണ് യുജിസിയുടെ അധികാര പരിധിയിൽ പെടുന്നത് എന്നിരിക്കെ സർവകലാശാലകളുടെ ഭരണപരമായ കാര്യങ്ങളിൽ യുജിസിക്ക് നിയന്ത്രണം നൽകുക വഴി സംസ്ഥാന സർക്കാരിന്റെ അധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് കേന്ദ്രം നടത്തുന്നത്. നിലവിൽ യുജിസിയുടെ നിയമാവലികളിൽ വീഴ്ച വരുത്തിയാൽ സർവകലാശാലകൾക്ക് നൽകുന്ന ധനസഹായത്തിൽ കുറവുണ്ടാവുകയോ തടസമുണ്ടാവുകയോ മാത്രമായിരുന്നു ശിക്ഷണ നടപടിയെങ്കിൽ ഭേദഗതി പ്രകാരം സർവകലാശാലകൾ നൽകുന്ന ബിരുദങ്ങളുടെ അംഗീകാരം എടുത്തുകളയാനും നിലനില്പ് തന്നെ തടസപ്പെടുത്തുന്ന രീതിയിൽ തീരുമാനങ്ങളെടുക്കാനും യുജിസിക്ക് കഴിയുമെന്നതാണ് വസ്തുത.
ഇന്ത്യയിൽ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ മുക്കാൽ ഭാഗവും വഹിക്കുന്നത് സംസ്ഥാനങ്ങളാണെന്നിരിക്കെ വിദ്യാഭ്യാസ മേഖലകളിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനുള്ള അവകാശങ്ങളെ അട്ടിമറിക്കുന്ന കേന്ദ്രം, ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ തത്വങ്ങളെയാണ് നിരാകരിക്കുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ വകുപ്പുകൾ 2020–21 വർഷത്തിൽ ആകെ ചെലവാക്കിയ 6.25 ലക്ഷം കോടി രൂപയിൽ 85 ശതമാനവും സംസ്ഥാനങ്ങൾ നേരിട്ട് ചെലവഴിച്ചതാണെന്നാണ് 2022ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയ ‘Analysis of Budgeted Expenditure on Education’ റിപ്പോർട്ട് പറയുന്നത്.
സംസ്ഥാന നിയമസഭകൾ പാസാക്കിയ നിയമങ്ങളിൽ സർവകലാശാലാ വിസി നിയമനരീതി, സെർച്ച് കമ്മിറ്റിയുടെ ഘടന, അംഗങ്ങളുടെ നിയമനം എന്നിവയെപ്പറ്റി കൃത്യമായിത്തന്നെ വ്യവസ്ഥ ചെയ്യുന്നുണ്ട്. സംസ്ഥാനങ്ങൾ പാസാക്കുന്ന നിയമങ്ങളുടെ പരമാധികാരവും നിയമസഭകൾക്കാണ്. എന്നാൽ സംസ്ഥാനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമനങ്ങളിൽ സംസ്ഥാനത്തിന് പങ്കില്ലെന്ന വിചിത്ര വാദഗതിയാണ് കേന്ദ്രത്തിന്റേത്.
2017ല്‍ പ്രാജ്ഞ പ്രവാഹ് എന്ന ആർഎസ് എസ് സംഘടനയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംഘ്പരിവാർ അജണ്ട ലക്ഷ്യം വച്ചുകൊണ്ട് സംഘടിപ്പിച്ച ദ്വിദിന സെമിനാറിൽ ആർഎസ്എസ് സർ സംഘ ചാലക് മോഹൻ ഭാഗവത് ഉൾപ്പെടെയുള്ളവർ വിദ്യാഭ്യാസ മേഖലയെ കൂടുതൽ വർഗീയവല്‍ക്കരിക്കപ്പെടേണ്ടതിനാവശ്യമായ നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. രാജ്യത്തെ 51 വൈസ് ചാൻസലർമാരും എഴുന്നൂറിലധികം അധ്യാപകരുമാണ് അന്ന് സെമിനാറിൽ പങ്കെടുത്തത്.
സർവകലാശാലകളുടെ ചാൻസലർ എന്ന അധികാരത്തെ ദുർവിനിയോഗം ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ നിരന്തരം വർഗീയവല്‍ക്കരിച്ചുകൊണ്ടുള്ള മുൻ കേരള ഗവർണറുടെ ഇടപെടലുകളെല്ലാം ഇപ്രകാരമുള്ള ബിജെപി സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരുന്നു. ബിജെപി ഇതര മന്ത്രിസഭകൾ നിലവിലുള്ള സംസ്ഥാനങ്ങളിൽ സങ്കുചിത രാഷ്ട്രീയ വീക്ഷണത്തോടെ സർവാധിപത്യം ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങള്‍ നടത്തുന്നു.
രാജ്യത്തിന്റെ ഫെഡറലിസത്തിനും സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾക്ക് മേലുമുള്ള കടന്നാക്രമണത്തിനുമെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. കേന്ദ്ര ‑സംസ്ഥാന സർവകലാശാലകളുടെ ഭരണം പൂർണമായും കൈപ്പിടിയിലൊതുക്കാനുള്ള നീക്കം രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സർവകലാശാലകളുടെ അധികാരങ്ങളിൽ അനധികൃതമായി ഇടപെടാൻ കാലങ്ങളായി കേന്ദ്രവും യുജിസിയും നടത്തുന്ന നീക്കങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ വിവാദ ഭേദഗതി. അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണവും വർഗീയവല്‍ക്കരണവും മുഖമുദ്രയാക്കി യുജിസിയും കേന്ദ്ര സർക്കാരും അടിച്ചേല്പിക്കുന്ന വികല നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് എഐഎസ്എഫ് നേതൃത്വം കൊടുക്കും.
എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാജ് ഭവനിലേക്ക് വിദ്യാർത്ഥി മാർച്ച് നടത്തുകയാണ്. വൈസ് ചാൻസലർ നിയമനങ്ങളിൽ ചാൻസലർക്ക് കൂടുതൽ അധികാരം നൽകുന്നതിനുള്ള യുജിസിയുടെ ഏകപക്ഷീയ നീക്കം പിൻവലിക്കുക, ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫാക്കൽറ്റി നിയമനവും സ്ഥാനക്കയറ്റവും സംബന്ധിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) പുറത്തിറക്കിയ കരട് മാർഗരേഖ പിൻവലിക്കുക, യുജി ബിരുദവും പിഎച്ച്ഡിയും മാത്രം മാനദണ്ഡമാക്കി സർവകലാശാലാതലത്തിൽ അധ്യാപന പ്രവേശനം അനുവദിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.