28 April 2024, Sunday

Related news

June 7, 2023
January 31, 2023
July 28, 2022
July 25, 2022
June 14, 2022
January 5, 2022
December 31, 2021
December 3, 2021
September 5, 2021

ഇടുക്കി മെഡിക്കല്‍ കോളജിന് അംഗീകാരം

Janayugom Webdesk
July 28, 2022 8:32 pm

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അനുമതി ലഭ്യമാക്കുന്നതിനായി കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമമാണ് നടത്തിയത്. മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാനാവശ്യമായ സജ്ജീകരണങ്ങളൊരുക്കി ആവശ്യമായ ജീവനക്കാരെ നിയമിച്ചു.

പുതിയ കെട്ടിടം പൂര്‍ത്തീകരിച്ച് ഐപി ആരംഭിച്ചു. അംഗീകാരം നേടിയതോടെ മറ്റ് മെഡിക്കല്‍ കോളജുകള്‍ പോലെ ഇടുക്കി മെഡിക്കല്‍ കോളജിനേയും ഉന്നത നിലവാരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മുമ്പത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇടുക്കി മെഡിക്കല്‍ കോളജിന് തുടക്കം കുറിച്ചെങ്കിലും മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാല്‍ 2016ല്‍ എംസിഐ അംഗീകാരം റദ്ദാക്കിയിരുന്നു.

വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നു കണ്ട് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവിടെയുള്ള വിദ്യാര്‍ത്ഥികളെ മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റി തുടര്‍പഠനം ഉറപ്പാക്കുകയും അതിന് എംസിഐയുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. അന്ന് 50 എംബിബിഎസ് സീറ്റുകള്‍ക്കാണ് അനുമതിയുണ്ടായിരുന്നെങ്കില്‍ ഇന്ന് 100 സീറ്റുകള്‍ക്ക് അനുമതി നേടിയെടുക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഇടുക്കി മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കാന്‍ തുടക്കം മുതല്‍ ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഹൈറേഞ്ചില്‍ മികച്ച ആശുപത്രി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. മെഡിക്കല്‍ കോളജിന്റെ ന്യൂനതകള്‍ ഘട്ടംഘട്ടമായി പരിഹരിച്ചാണ് നാഷണല്‍ മെഡിക്കല്‍ കമ്മിഷന് അനുമതിയ്ക്കായി ശ്രമിച്ചത്.

മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മന്ത്രി വീണാ ജോര്‍ജ് നിരവധി തവണ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചും അല്ലാതെയും മീറ്റിങ് വിളിച്ചുചേര്‍ത്തു. സമയബന്ധിതമായി സൗകര്യങ്ങള്‍ ഉറപ്പുവരുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. അത്യാഹിത വിഭാഗം ആരംഭിച്ചു.

കൂടുതല്‍ സൗകര്യങ്ങളോടെയാണ് ഒപി വിഭാഗം പുതിയ ആശുപത്രി സമുച്ചയത്തിലേക്ക് മാറ്റിയത്. സിടി സ്‌കാന്‍, ഡിജിറ്റല്‍ എക്സ്റേ, മാമോഗ്രാം, കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളോടൊപ്പം രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ച് സൂക്ഷിക്കാനുള്ള ജില്ലയിലെ ആദ്യത്തെ ബ്ലഡ് സെന്ററും ആരംഭിച്ചു. ഇനിയും കൂടുതല്‍ സൗകര്യങ്ങളൊരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish summary;Approval for Iduk­ki Med­ical College

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.