27 April 2024, Saturday

Related news

June 7, 2023
January 31, 2023
July 28, 2022
July 25, 2022
June 14, 2022
January 5, 2022
December 31, 2021
December 3, 2021
September 5, 2021

ഇന്ന് ലോക രക്തദാത ദിനം; രക്തദാനത്തിലൂടെ ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കാം

Janayugom Webdesk
June 14, 2022 8:40 am

ഇന്ന് ലോക രക്തദാത ദിനം. ജീവന്‍ രക്ഷിക്കുക മാത്രമല്ല, രക്തം നല്‍കുന്നവര്‍ക്കും നിരവധി ഗുണങ്ങള്‍ ലഭിക്കുന്ന പ്രവര്‍ത്തനമാണ് രക്തദാനം. ആവർത്തിച്ചുള്ള രക്തദാനം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ മൂന്നുമാസത്തിലൊരിക്കൽ വിവിധ രോഗങ്ങൾക്കുള്ള പരിശോധനയും ഇതിലൂടെ നടത്തപ്പെടുന്നു. ‘രക്തദാനം ചെയ്യുന്നത് ഐക്യദാർഢ്യമാണ്. പരിശ്രമത്തിൽ പങ്കുചേരൂ, ജീവൻ രക്ഷിക്കൂ’ എന്നതാണ് ഈ വർഷത്തെ രക്തദാത ദിന സന്ദേശം. നിത്യേനയുണ്ടാകുന്ന റോഡപകടങ്ങൾ, ആവർത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ, ശസ്ത്രക്രിയകൾ, പ്രസവം തുടങ്ങിയ സന്ദർഭങ്ങളിലും, കാൻസർ, ഡെങ്കി, ഹീമോഫീലിയ, തലസീമിയ തുടങ്ങിയ രോഗാവസ്ഥകളിലും, ജീവൻ നിലനിർത്തുന്നതിനുവേണ്ടി രക്തമോ, രക്തഘടകങ്ങളോ ആവശ്യമായി വരുന്നു. ഇത്തരം സന്ദർഭങ്ങളിൽ രക്തം ആവശ്യമായി വരുന്നവരുടെ ആരോഗ്യകരമായ ജീവിതം നിലനിർത്താൻ സന്നദ്ധരക്തദാനത്തിലൂടെ മാത്രമേ കഴിയൂ എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ഈ ദിനാചരണം സഹായകമാകുന്നു. പ്രതിഫലേച്ഛയില്ലാതെ കൃത്യമായ ഇടവേളകളിൽ ആവർത്തിച്ച് രക്തം ദാനം ചെയ്യുന്നതിലൂടെ മാത്രമെ രക്തത്തിന്റെ ലഭ്യതയും സുരക്ഷിതത്വവും ഉറപ്പാക്കാൻ കഴിയൂ.

18നും 65നും ഇടയിൽ പ്രായവും ശാരീരികവും, മാനസികവുമായ ആരോഗ്യവുമുള്ള ഏതൊരു വ്യക്തിക്കും മൂന്നുമാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യാവുന്നതാണ്. സാങ്കേതിക വളർച്ചയുടെ ഫലമായി ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ്, പിആർബിസി, ക്രയോപെസിപ്പിറ്റേറ്റ് എന്നീ ഘടകങ്ങളായി വേർതിരിച്ച് നാല് പേരുടെ വരെ ജീവൻ രക്ഷിക്കാൻ ഉപയോഗിക്കുന്നു. രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവൃത്തിയാണെന്നും സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന രക്തബാങ്കുകളിലും, രക്തദാന ക്യാമ്പുകളിലും രക്തം ദാനം ചെയ്യാവുന്നതാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ മെഡിക്കൽ കോളജുകൾ, ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, തിരഞ്ഞെടുക്കപ്പെട്ട താലൂക്കാശുപത്രികൾ എന്നിവിടങ്ങളിലായി 42 രക്തബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, 142 രക്തബാങ്കുകൾ സ്വകാര്യ ആശുപത്രികളിലും, ആറ് എണ്ണം സ­ഹകരണ ആശുപത്രികളിലും പ്രവർത്തിക്കുന്നുണ്ട്. സന്നദ്ധ രക്തദാന പ്രോത്സാഹന പരിപാടിയുടെ ഭാഗമായി ‘സഞ്ചരിക്കുന്ന രക്തബാങ്ക്’ വഴിയും രക്തശേഖരണം നടത്തുന്നുണ്ട്. ലോക രക്തദാത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.

Eng­lish sum­ma­ry; Today is World Blood Donor Day; Lifestyle dis­eases can be con­trolled through blood donation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.