June 11, 2023 Sunday

Related news

May 18, 2023
April 25, 2023
April 16, 2023
April 11, 2023
April 6, 2023
March 29, 2023
March 18, 2023
March 7, 2023
December 25, 2022
November 24, 2022

ആര്‍ട്ടിസ്റ്റ് വിവാൻ സുന്ദരം അന്തരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2023 11:00 pm

പ്രമുഖ ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ വിവാൻ സുന്ദരം (79) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഈ മാസം ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചിത്രങ്ങൾ, ശില്പങ്ങൾ, പ്രിന്റുകൾ, ഫോട്ടോഗ്രഫി, ഇൻസ്റ്റലേഷൻ, വീഡിയോ ആർട്ട് എന്നിങ്ങനെ കലയുടെ വിവിധ മേഖലകളില്‍ വിവാൻ തന്റെ വ്യക്തിമുദ്ര തെളിയിച്ചു. ചരിത്ര കലാകാരിയും ക്യൂറേറ്ററുമായ ഗീത കപൂറാണ് ഭാര്യ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ഡല്‍ഹിയിലെ ലോധി ശ്മശാനത്തില്‍ നടക്കും. 

പ്രമേയപരമായും രാഷ്ട്രീയമായും കാലികമായി നിരന്തരം ചോദ്യമുയര്‍ത്തുന്നവയാണ് വിവാന്‍ സുന്ദരത്തിന്റെ കലാസൃഷ്ടികള്‍. അതാത് കാലഘട്ടങ്ങളിലെ സാമൂഹ്യ പ്രശ്നങ്ങളെ കൃത്യമായി ഇവ അഭിസംബോധന ചെയ്യുന്നുണ്ട്. സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ്, കസൗലി ആർട്ട് സെന്റർ തുടങ്ങിയവയുടെ സ്ഥാപകാംഗം കൂടിയാണ്.
മുന്‍ നിയമകമ്മിഷന്‍ ചെയര്‍മാനായിരുന്ന കല്യാണസുന്ദരത്തിന്റെയും ഇന്ദിരാ ഷേര്‍ഗിലിന്റെയും മകനായി 1943ല്‍ സിംലയിലാണ് ജനനം. പ്രശസ്ത ഫോട്ടോഗ്രഫർ ഉമ്രാവോ ഷേർഗില്‍ മുത്തച്ഛനാണ്. അമ്മയുടെ സഹോദരിയും പ്രമുഖ ചിത്രകാരിയുമായ അമൃതാ ഷെർഗിലിന്റെ സൃഷ്ടികളും വിവാന്റെ പ്രതിഭയെ സ്വാധീനിച്ചിരുന്നു. ബറോഡയിലെ എംഎസ് യൂണിവേഴ്സിറ്റിയിലെ ഫൈൻ ആർട്സ് കോളജില്‍ നിന്ന് ചിത്രരചന പഠിച്ച അദ്ദേഹം ലണ്ടനിലെ സ്ലേഡ് സ്കൂളിൽ തുടർവിദ്യാഭ്യാസം നേടി. 

1966ൽ ലണ്ടനിലാണ് വിവാൻ തന്റെ സൃഷ്ടികളുടെ ആദ്യ പ്രദർശനം നടത്തുന്നത്. 1971ല്‍ ലണ്ടനില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. അടിയന്തരാവസ്ഥയുടെ നാളുകളില്‍ കലാകാരന്മാരുടെയും വിദ്യാര്‍ത്ഥികളുടെയും ഗ്രൂപ്പുകളുമായി ചേര്‍ന്ന് പരിപാടികളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. ദ ഹൈറ്റ്സ് ഓഫ് മാച്ചു പീച്ചു, ദ ഡിസ്ക്രീറ്റ് ചാം ഓഫ് ദ ബൂർഷ്വാസി ആന്റ് ദ ഇന്ത്യൻ എമർജൻസി എന്നീ പരമ്പരകൾ രാഷ്ട്രീയാഭിമുഖ്യം കൊണ്ട് ശ്രദ്ധനേടി. ലോകത്തെ നിരവധി നഗരങ്ങളില്‍ കലാപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.
ആദ്യ കൊച്ചി- മുസിരിസ് ബിനാലെയിൽ വിവാൻ ‘ബ്ലാക്ക് ഗോൾഡ് ’ എന്ന ഇൻസ്റ്റലേഷൻ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ കൊച്ചിയിലും ഷാർജയിലും നടക്കുന്ന ബിനാലെയിലും വിവാന്റെ ദ ഹൈറ്റ്സ് ഓഫ് മാച്ചു പീച്ചു എന്ന ഇന്‍സ്റ്റലേഷൻ പ്രദർശനത്തിനുണ്ട്‌. 

Eng­lish Sum­ma­ry: Artist Vivan Sun­daram passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.