16 September 2024, Monday
KSFE Galaxy Chits Banner 2

ജമ്മു കശ്‍മീർ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ

ടി കെ മുസ്തഫ
September 7, 2024 4:45 am

രണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. 2018ൽ നിയമസഭ പിരിച്ചുവിട്ടതിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ്, അതുകൊണ്ടുതന്നെ രാജ്യം ഒന്നടങ്കം ഉറ്റുനോക്കുകയാണ്. മൂന്ന് ഘട്ടമായുള്ള വോട്ടെടുപ്പ് ബിജെപിക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. കശ്മീരിനെ കീറിമുറിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ ബിജെപിയെ തെരഞ്ഞെടുപ്പ് ഫലം എങ്ങനെ ബാധിക്കും എന്നതാണ് കാതലായ ചോദ്യം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി അവകാശപ്പെടുന്ന ഇന്ത്യയിൽ, ബിജെപി ഭരണത്തിൽ ജനാധിപത്യം പ്രഹസനമായി മാറിയതിന്റെ ഉത്തമോദാഹരണമായിരുന്നു അനുച്ഛേദം 370 റദ്ദ് ചെയ്ത നടപടി. എല്ലാ പാർലമെന്ററി മര്യാദകളും കാറ്റിൽപ്പറത്തി, പാർലമെന്റംഗങ്ങളെയാകെ ഇരുട്ടിൽ നിർത്തിയാണ് അമിത്ഷാ 2019ൽ ജമ്മു കശ്മീരിനെ സംബന്ധിച്ച ഭരണഘടനയുടെ 370–ാം വകുപ്പും 35 എ വകുപ്പും റദ്ദ് ചെയ്യുകയും ആ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തത്. അങ്ങനെ ചെയ്യുന്നതിന് ബന്ധപ്പെട്ട നിയമസഭയുടെ അംഗീകാരം വേണമെന്ന വ്യവസ്ഥ മറികടക്കാൻ ജമ്മു കശ്മീർ നിയമസഭ മുൻകൂട്ടി പിരിച്ചുവിട്ടിരുന്നു. അപ്രകാരം തികച്ചും ജനാധിപത്യവിരുദ്ധമായി സംഘ്പരിവാറിന്റെ ഹിന്ദുത്വ അജണ്ടകളിലൊന്ന് നടപ്പാക്കപ്പെടുകയായിരുന്നു.

ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലകളിലൊന്നായ ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന തീരുമാനത്തിൽ സംസ്ഥാനത്തെ കീറിമുറിച്ച് കേന്ദ്ര ഭരണപ്രദേശമാക്കിയതു സംബന്ധിച്ച ഭരണഘടനാ സാധുതയിലേക്ക് കടക്കാതെ രാജ്യത്തിന്റെ പരമോന്നത നീതിപീഠം ജനാധിപത്യവിരുദ്ധമായ നീക്കത്തോട് കണ്ണടച്ചുവെന്നതാണ് ദൗർഭാഗ്യകരമായ വസ്തുത. ജമ്മു കശ്മീരിനുള്ള ഭരണഘടനാപരമായ പ്രത്യേക പദവി ഇന്ത്യൻ ഭരണകൂടവും സംസ്ഥാനവും തമ്മിലുണ്ടായ സമഗ്രമായ കൂടിയാലോചനകളെ തുടർന്ന് 1947 ഒക്ടോബർ 26 ന് ഔദ്യോഗികമായി രൂപപ്പെട്ടതാണ്.

പാകിസ്ഥാന്റെ പിന്തുണയോടെ മേഖലയിൽ നടന്നുകൊണ്ടിരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ ഹിന്ദു മഹാരാജാവായിരുന്ന ഹരിസിങ്ങും ഇന്ത്യൻ സര്‍ക്കാരും അന്ന് ഒപ്പുവച്ച ലയനക്കരാറിനോടനുബന്ധിച്ച് ചേർത്ത ഷെഡ്യൂളനുസരിച്ച് മൂന്ന് വിഷയങ്ങളിൽ മാത്രമാണ് ഇന്ത്യൻ പാർലമെന്റിന് നിയമനിർമ്മാണം നടത്താനുള്ള അധികാരം നൽകുന്നത്; പ്രതിരോധം, വിദേശകാര്യം, വിവരവിനിമയം.

എൻ ഗോപാലസ്വാമി അയ്യങ്കാർ 1949 ഒക്ടോബർ 17ന് അനുഛേദം 306 എയുടെ കരട്, ഭരണഘടനാ നിർമ്മാണസഭയിൽ അവതരിപ്പിക്കുകയും, അത് അനുച്ഛേദം 370 ആയി അംഗീകരിക്കുകയും ചെയ്തതാണ്. അതോടൊപ്പം ജമ്മു കശ്മീർ സംസ്ഥാനത്തിനുമേലുള്ള കേന്ദ്രത്തിന്റെ അധികാരപരിധി നിർണയിക്കുന്നത് ഭരണഘടനാ നിർമ്മാണസഭയിലൂടെ പ്രകടമാക്കപ്പെടുന്ന ജനങ്ങളുടെ അഭിലാഷമായിരിക്കുമെന്നും വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ ഇത് സംബന്ധിച്ച കേസിൽ കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന 370-ാം അനുച്ഛേദം താൽക്കാലികമാണോ, അനുച്ഛേദം ഭേദഗതി വരുത്തി രാഷ്ട്രപതി പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാപരമായി സാധുവാണോ എന്നതടക്കമുള്ള ചോദ്യങ്ങൾ പരിഗണിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഒടുവിൽ സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ ഇടപെടാൻ താല്പര്യമില്ലെന്ന് പ്രഖ്യാപിച്ച് സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ അംഗീകരിക്കുകയായിരുന്നു.

പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കുകയോ നിലവിലുള്ള സംസ്ഥാനങ്ങളുടെ അതിർത്തികൾ പുനർനിർണയിക്കുകയോ ചെയ്യുമ്പോൾ പിന്തുടരേണ്ട മാർഗനിർദേശങ്ങൾ അടങ്ങിയ ഭരണഘടനയുടെ അനുച്ഛേദം മൂന്നിന്റെ സമ്പൂർണമായ ലംഘനവും ജമ്മു കശ്മീരിന്റെ വിഷയത്തിൽ ഉണ്ടായി. ഈ അനുച്ഛേദ പ്രകാരം ഒരു സംസ്ഥാനത്തെ മൊത്തത്തിൽ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ കഴിയില്ല; ഭാഗികമായ പ്രദേശങ്ങൾ മാത്രമേ അങ്ങനെ പ്രഖ്യാപിക്കാൻ സാധിക്കുകയുള്ളൂ. ഇവിടെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞ് ജമ്മു കശ്മീർ എന്നും ലഡാക്ക് എന്നും പേരുള്ള രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്.

ഭരണഘടനയുടെ അനുച്ഛേദം 356 പ്രകാരം ഒരു സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം ഒരു വർഷത്തിലധികം അധികരിക്കാൻ പാടില്ലെന്നും അങ്ങനെ വേണ്ടിവന്നാല്‍ ആ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാൽ ജമ്മു കശ്മീരിന്റെ കാര്യത്തിൽ അത്തരം ഒരു പ്രഖ്യാപനം നടത്തിയിരുന്നില്ലെന്ന് മാത്രമല്ല സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം അടിച്ചേല്പിക്കുകയും ചെയ്തു. നിയമനിർമ്മാണ സഭ ചെയ്യേണ്ട ഉത്തരവാദിത്തം ഏകപക്ഷീയമായി ഗവർണറെക്കൊണ്ട് നിർവഹിപ്പിച്ച് രാഷ്ട്രപതിക്ക് പ്രത്യേക വിജ്ഞാപനം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നു.

ഏറ്റവും ഒടുവിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ സമയപരിധി നിശ്ചയിച്ച ഡിസംബർ 11ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീർ സന്ദർശിച്ച കമ്മിഷൻ സുരക്ഷാ സാഹചര്യങ്ങൾ കൂടി വിലയിരുത്തിയ ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഒരു ജനതയുടെ പൗരാവകാശങ്ങളെ അപ്പാടെ ചങ്ങലയ്ക്കിട്ട് അടിച്ചമർത്താൻ ശ്രമിച്ച് പരാജയപ്പെട്ടുപോയ ബിജെപി, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്തൊക്കെ ഹീനമായ വഴികളാണ് തേടുകയെന്ന് കാത്തിരുന്നു കാണണം.

അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ ഭീകരാക്രമണങ്ങൾ കുറഞ്ഞുവെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാൽ, ഭീകരാക്രമണങ്ങളിൽ സൈനികർക്കും സാധാരണക്കാർക്കും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം വർധിക്കുകയാണ് ചെയ്തത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019 ഓഗസ്റ്റ് മുതൽ ജമ്മു കശ്മീരിലെയും ലഡാക്കിലെയും സ്ഥിതിഗതികൾ മാറ്റമില്ലാതെ തന്നെ തുടരുകയാണ്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ മാത്രം തീവ്രവാദികളുടെ വെടിയേറ്റ് വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം 48 ആണ്. നിരവധി പൗരന്മാരും ഭീകരരുടെ തോക്കിനിരയായി.

സൈനിക കേന്ദ്രങ്ങളുടെ കൃത്യമായ വിവരം, ചെക്ക്പോസ്റ്റ്-പട്രോളിങ് ക്രമീകരണം എന്നിവ കൃത്യമായി മനസിലാക്കിയുള്ള ആക്രമണമാണ് പലപ്പോഴും കശ്മീരിലും ലഡാക്കിലും സംഭവിക്കുന്നത്. ഈ വർഷം ഇതുവരെ 16 സുരക്ഷാ ഉദ്യോഗസ്ഥരും, ഒരു വില്ലേജ് ഡിഫൻസ് ഗാർഡും, അഞ്ച് ഭീകരരും ഉൾപ്പെടെ 32 പേരാണ് കൊല്ലപ്പെട്ടത്. 2023 സെപ്റ്റംബറിൽ തെക്കൻ കശ്മീരിലെ കോകർനാഗ് മേഖലയിൽ നടന്ന വെടിവയ്പിൽ ഒരു ആർമി കേണലും ഒരു മേജറും ജമ്മു കശ്മീർ പൊലീസിലെ ഡിവെെഎസ്‌പിയും കൊല്ലപ്പെടുകയുണ്ടായി. ജമ്മു കശ്മീർ ശാന്തമാണെന്ന സര്‍ക്കാരിന്റെ അവകാശവാദത്തിന്റ മുനയൊടിക്കുന്നതായിരുന്നു സുരക്ഷാസേനകൾക്ക് നേരെയുണ്ടാകുന്ന നിരന്തര ആക്രമണങ്ങൾ. രണ്ടാം മോഡി സർക്കാർ ജൂൺ ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെയാണ് ജമ്മുവിലെ റിയാസിയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് ഒരു സംഘം ഭീകരർ പതിയിരുന്നാക്രമിച്ച് ഒമ്പതുപേരെ കൊലപ്പെടുത്തിയത്.

രാജ്യം പിന്തുടര്‍ന്നുവരുന്ന ഭരണഘടനാ മൂല്യങ്ങളും നിയമവാഴ്ചയും അട്ടിമറിച്ചുകൊണ്ട്, ജനാധിപത്യത്തെ സജീവമാക്കുന്ന വിയോജിപ്പുകളെയും ചിന്തകളെയും ഇല്ലായ്മ ചെയ്യുകയും രാജ്യത്തിന്റെ വൈവിധ്യത്തെ തകർക്കുന്ന നയങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘ്പരിവാർ ഈ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടാണ് ഏവരും ഉറ്റു നോക്കുന്നത്. തെരഞ്ഞെടുപ്പുകളെ ലക്ഷ്യംവച്ചുള്ള വർഗീയ ധ്രുവീകരണ അജണ്ടയിൽ നിന്നുടലെടുക്കുന്ന ജനാധിപത്യവിരുദ്ധ ഏകീകരണം പ്രഖ്യാപിത അജണ്ടയായി സ്വീകരിച്ചവരുടെ ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേദിയാകുമോ ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് എന്നതും ആശങ്കയുളവാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.