‘അങ്ങനെ പവനായി ശവമായി, എന്തൊക്കെ ബഹളമായിരുന്നു. മലപ്പുറം കത്തി, മെഷീൻ ഗൺ, ബോംബ്, ഒലക്കേടെ മൂട്…’ പാർലമെന്റിന്റെ പുതിയ മന്ദിരത്തിലെ സഭാതലത്തിലേക്ക് ഡിസംബർ 13ന് രണ്ട് യുവാക്കൾ എല്ലാ സുരക്ഷാമാനദണ്ഡങ്ങളെയും വെല്ലുവിളിച്ച് കടന്നുകയറി ഗ്യാസ് കാനിസ്റ്റർ (പുകക്കുറ്റി) പൊട്ടിച്ച സംഭവം ഓര്‍മ്മിപ്പിച്ചത് നാടോടിക്കാറ്റ് എന്ന ചലച്ചിത്രത്തിലെ തിലകന്റെ ഈ സംഭാഷണങ്ങളാണ്. 2001ൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ ഭീകരവാദികളാൽ ആക്രമിക്കപ്പെടുകയും ഒമ്പതുപേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്ത സംഭവം നടന്ന് 22 വർഷം കഴിയുമ്പോൾ അതേദിനത്തിൽ മറ്റൊരു കടന്നേറ്റത്തിന് പുതിയ മന്ദിരം സാക്ഷ്യംവഹിച്ചിരിക്കുന്നു. 2001ലെ ആക്രമണത്തിന്റെ രൗദ്രതയോ വിധ്വംസക സ്വഭാവമോ ഒന്നും 23ലെ കടന്നേറ്റത്തിന് ഇല്ലായിരുന്നുവെങ്കിലും അതിന്റെ ഗൗരവത്തെ ഒട്ടും ലഘൂകരിച്ചു കാണാനാവില്ല. ആദ്യത്തെ ആക്രമണത്തിൽ സഭയ്ക്കുള്ളിലേക്ക് പ്രവേശിക്കുവാനുള്ള ഭീകരരുടെ ശ്രമത്തെ ജീവൻ കൊടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ചെറുക്കാനായി. എന്നാൽ ഇപ്പോൾ അതിക്രമികൾ സഭയുടെ സന്ദർശക ഗാലറിയിലേക്ക് അനായാസം പ്രവേശനം നേടുകയും പുകക്കുറ്റി പൊട്ടിക്കുകയുമായിരുന്നു. ആ കുറ്റികളിൽ അവർ കരുതിവച്ചിരുന്നത് മാരകമായ വിഷവാതകമായിരുന്നെങ്കിൽ അത് തോക്കിനെക്കാൾ അപകടകാരിയാകുമായിരുന്നു. പഴുതടച്ച സുരക്ഷാസംവിധാനമാണ് പുതിയ മന്ദിരത്തിലുള്ളതെന്ന അവകാശവാദമാണ് പൊളിഞ്ഞിരിക്കുന്നത്.
മനോരഞ്ജനെന്നും സാഗർ ശർമ്മയെന്നും പേരുള്ള കടന്നേറ്റക്കാർ ആളപായം ഒന്നും ഉണ്ടാക്കാൻ ശ്രമിച്ചില്ലായെന്നത് വലിയ ആശ്വാസമായി. പക്ഷെ അവർ എല്ലാ സുരക്ഷാസംവിധാനത്തെയും ഞെട്ടിക്കുകയും വെല്ലുവിളിക്കുകയുമാണ് ചെയ്തിരിക്കുന്നത്. “ഏകാധിപത്യം അനുവദിക്കില്ല. ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുക, ഭാരത് മാതാ കീ ജയ്, ജയ് ഭീം ജയ് ഭാരത് ” എന്നീ മുദ്രാവാക്യങ്ങളാണ് അവർ സഭയ്ക്കുള്ളിൽ ഉയർത്തിയത്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ പോരാടിയ വിപ്ലവകാരി ഭഗത്‌സിങ് ഡൽഹി അസംബ്ലിയിൽ ബോംബെറിഞ്ഞ സംഭവത്തെ അനുസ്മരിപ്പിക്കുന്നു ഈ യുവാക്കളുടെ അക്രമപ്രവർത്തനം. ഭഗത്‌സിങ് സുഹൃത്ത് ബടുകേശർ ദത്തിനൊപ്പം സന്ദർശക ഗാലറിയിൽ നിന്ന് ബോംബെറിഞ്ഞത് ആരെയും പരിക്കേല്പിക്കാതെയായിരുന്നു. പ്രതിഷേധം പ്രകടിപ്പിക്കുകയും ആവശ്യങ്ങൾ ലഘുലേഖകളായി സഭയിൽ വാരിയെറിയുകയുമായിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിലെ സഭയിൽ പിടിയിലായ യുവാക്കളും മനുഷ്യന് ഹാനികരമല്ലാത്ത വാതകക്കുറ്റികളാണ് സഭയിൽ പൊട്ടിച്ചത്. രാജ്യത്തെ തൊഴിലില്ലായ്മയുടെ ദുരവസ്ഥ വെളിപ്പെടുത്തുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നാണ് അവർ വിളിച്ചുപറഞ്ഞത്.
മുൻ പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനമായ ഡിസംബർ 13നോ മുമ്പോ പാർലമെന്റ് ആക്രമിക്കുമെന്ന് സിഖ്സ് ഫോർ ജസ്റ്റിസ് എന്ന നിരോധിത സംഘടനയുടെ തലവൻ ഗുർപത്വന്ത് സിങ് പന്നൂൻ ഭീഷണി മുഴക്കിയിരുന്ന പശ്ചാത്തലത്തിലാണ് കടന്നേറ്റം നടന്നത്. ഇത് ആകസ്മികമോ, യാദൃച്ഛികമോ ആകാൻ സാധ്യതയില്ല. പിടിയിലായവർ ആരും തന്നെ മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരോ അത്തരം പശ്ചാത്തലം ഉള്ളവരോ അല്ല. ഇവർ മുസ്ലിം നാമധാരികളല്ലാത്തത് ആരുടെയൊക്കെയോ ഭാഗ്യം. അല്ലെങ്കിൽ ആ വഴിക്കുള്ള നിർവചനങ്ങള്‍ ചമയ്ക്കപ്പെട്ടേനെ. പാർലമെന്റിൽ കടന്നുകയറി പ്രതിഷേധിച്ച സംഘത്തിന്റെ സൂത്രധാരൻ ലളിത് മോഹൻ ഝായ്ക്കും കളങ്കിത ഭൂതകാലമൊന്നുമില്ലെന്ന് പൊലീസ് പറയുന്നു. നിഷ്കളങ്കരെ ദൗത്യത്തിനായി തിരഞ്ഞെടുക്കുന്നതിനും നിയോഗിച്ചതിനും പിന്നിൽ ഇരുണ്ട ശക്തികളുടെ രാജ്യാന്തര ശൃംഖലകൾ മറഞ്ഞിരിപ്പുണ്ടോയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. 2001ലെ ആക്രമണത്തിൽ ഉൾപ്പെട്ടവർ യുക്തിക്ക് നിരക്കാത്ത, മനുഷ്യവിരുദ്ധമായ മതസംഹിതയ്ക്ക് അടിമപ്പെട്ടവരും മസ്തിഷ്കപ്രക്ഷാളനത്താൽ ബുദ്ധിമരവിച്ച മതഭ്രാന്തൻമാരുമായിരുന്നു. എന്നാൽ ഇപ്പോഴത്തെ യുവാക്കൾ തൊഴിലിനും അസമത്വങ്ങൾക്കുമെതിരെയാണ് ശബ്ദമുയർത്തിയിരിക്കുന്നത്.
പാർലമെന്റ് മന്ദിരത്തിന്റെ പ്രതീകാത്മക മൂല്യത്തെ സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനും ബാധ്യസ്ഥരാണ്. മന്ദിരനിർമ്മാണത്തിന്റെ മുഖ്യകാരണങ്ങളിലൊന്നായി കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ന്യായം കുറ്റമറ്റ സുരക്ഷാസംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയായിരുന്നു. വൻ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നാണ് 2023 മേയിൽ മന്ദിരം രാജ്യത്തിന് സമർപ്പിച്ചപ്പോൾ കേന്ദ്രഭരണകൂടം പറഞ്ഞത്. ത്രിതല സുരക്ഷാസംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാർലമെന്റ് സെക്യൂരിറ്റി സർവീസ്, പാർലമെന്റ് ഡ്യൂട്ടി ട്രൂപ്പ്, ഡൽഹി പൊലീസ് കൂടാതെ സപ്പോര്‍ട്ടേഴ്സ് ആയി ഡെപ്യൂട്ടി ഉദ്യോഗസ്ഥരും. ആധുനിക ആന്റി ടെററിസ്റ്റ് വാഹനങ്ങളും ആയുധങ്ങളും സുരക്ഷാ വിഭാഗം ഉപയോഗിക്കുന്നു. എന്നിട്ടും സാധാരണക്കാർക്ക് പുകക്കുറ്റിയുംകൊണ്ട് മന്ദിരത്തിനുള്ളിലേക്ക് കടക്കാൻ ഇത്രയും പഴുതുകളോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്!
അതിക്രമം നടന്ന ശേഷം പാർലമെന്റ് ജീവനക്കാരുടെ കുറവിനെക്കുറിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർള സർവകക്ഷി യോഗത്തിൽ പരാമർശിച്ചതും വിവാദമായിരുന്നു. 301 തസ്തികകളിൽ 176 എണ്ണത്തിൽ മാത്രമാണ് ഉദ്യോഗസ്ഥരുള്ളതെന്നും പുതിയ നിയമനങ്ങൾ നടത്തിയിട്ട് പത്ത് വർഷമായെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആനയെ വാങ്ങാൻ കാശുണ്ട് തോട്ടി വാങ്ങാൻ പണമില്ല എന്നു പറയുന്നതുപോലെയാണിത്.
ഇന്ത്യൻ ജനാധിപത്യത്തിൽ വീണ്ടും ഒരു കറുത്തദിനം ഉണ്ടായപ്പോൾ സഭകളിൽ പ്രതിഷേധിച്ചവരിൽ നിന്ന് 146 എംപിമാരെയാണ് സഭാധ്യക്ഷൻമാർ പുറത്താക്കിയിരിക്കുന്നത്. സുരക്ഷാവീഴ്ച സംബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ പാർലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന അവതരിപ്പിക്കുക, സംയുക്ത പാർലമെന്ററി സമിതി അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന നിഷേധാത്മക നിലപാടിലാണ് കേന്ദ്രം. പവിത്രമായ നിയമനിർമ്മാണ സഭയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്ക് ആരാണ് ഉത്തരം നൽകുക?
ഒരു ജനാധിപത്യ ഭരണകൂടത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അവരെ തെരഞ്ഞെടുക്കുന്നവരുടെ നാവാണ്. ആ ശബ്ദങ്ങൾക്ക് ഭരണനേതൃത്വം ചെവികൊടുക്കുന്നില്ലെങ്കിൽ അത് കർണകഠോരമായ ഒച്ചയാകാനും കായികമായ വികാരവിക്ഷോഭങ്ങളായി പരിണമിക്കാനും അധികകാലം വേണ്ടിവരില്ല. ആ സന്ദർഭത്തിൽ സമ്മതിദായകന്റെ അവകാശങ്ങൾ അവതരിപ്പിക്കാനെത്തുന്നത് പ്രതിനിധികളായിരിക്കില്ല പകരം ജനക്കൂട്ടം തന്നെയായിരിക്കും. ഭരണകൂടം കണ്ടിട്ടും കാണാതിരിക്കുകയും കേട്ടിട്ടും കേൾക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് മുഖമില്ലാത്ത ജനത്തിന്റെ പരാധീനതകൾ മൂർത്തരൂപം പൂണ്ട് തീവ്ര വിപ്ലവങ്ങളാകുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ, പരിഗണിച്ചില്ലെങ്കിൽ അവർ എല്ലാ സിംഹാസനങ്ങളെയും കടപുഴക്കും. അത് അപ്രതിരോധ്യവുമായിരിക്കും.
ഒരു രാഷ്ട്രം, ഒരു നേതാവ്, ഒരു തെരഞ്ഞെടുപ്പ്, ഒരു ജനത എന്നിവയ്ക്കൊപ്പം ഒരു ശബ്ദം മാത്രം മതിയെന്ന് ചിന്തിച്ചാൽ ഇളകുന്നത് ജനാധിപത്യത്തിന്റെ ആധാരശിലകളായിരിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.