പ്രൊവിഡന്റ് ഫണ്ടിലെ അപാകത പരിഹരിച്ചതിന് പ്രതിഫലമായി അധ്യാപികയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തുവാൻ ശ്രമിച്ച പിഎഫ് (ഗെയിൻ) വിഭാഗം സംസ്ഥാന നോഡൽ ഓഫീസർ കോട്ടയത്ത് ഇന്റലിജൻസ് പിടിയിൽ.
കാസർകോട് സ്വദേശിയും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷനിലെ ജൂനിയർ സൂപ്രണ്ടുമായ വിനോയ് ചന്ദ്രൻ സി ആർ(41) നെയാണ് വിജിലൻസ് എസ്‌പി വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാന ഗവ. എയ്ഡഡ് ഇൻസ്റ്റിറ്റ്യൂഷണൽ വിഭാഗം പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡൽ ഓഫീസറാണ് വിനോയ് ചന്ദ്രൻ.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം സ്വദേശിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയെ അശ്ലീല താല്പര്യത്തോടുകൂടി ഇയാൾ സമീപിക്കുകയായിരുന്നു. വീട് നിർമ്മാണത്തിനായി പിഎഫിൽ നിന്നും വായ്പ എടുക്കുന്നതിനായാണ് ജീവനക്കാരി അപേക്ഷ നൽകിയിരുന്നത്. ഈ അപേക്ഷ വിനോദ് ഒരു മാസത്തോളം തടഞ്ഞുവച്ചു. തുടർന്ന്, അപേക്ഷയിൽ തീരുമാനം ആകാതെ വന്നതോടെ ഫോണിൽ വിളിച്ച യുവതിയോട് വാട്സ് ആപ് കാളിൽ വിളിക്കാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ജീവനക്കാരിയോട് ബാത്ത് റൂമിൽ കയറിയശേഷം വീഡിയോ കാളിൽ വരാനായിരുന്നു നിർദ്ദേശം. ഇതിന് തയ്യാറാകാതെ വന്നതോടെ താൻ അടുത്ത ദിവസം കോട്ടയത്ത് വരുന്നുണ്ടെന്നും ഈ സമയം, ഹോട്ടലിൽ മുറി എടുക്കാമെന്നും ഇവിടേക്ക് വരണമെന്നും നിർദ്ദേശിച്ചു. ഇതോടെ യുവതി വിജിലൻസിനെ സമീപിക്കുകയായിരുന്നു.
മുറിയിലേക്കെത്തുമ്പോൾ പുതിയ ഷർട്ടും വാങ്ങിക്കൊണ്ടു വരണമെന്നും പ്രതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് യുവതി വാങ്ങിയ ഷർട്ടിൽ ഫിനോഫ്തലിന്‍ പൗഡറിട്ടാണ് വിജിലൻസ് സംഘം കൊടുത്തുവിട്ടത്. ഹോട്ടൽ മുറിയിൽ എത്തിയ ശേഷം യുവതി ഉള്ളിലേക്ക് കയറിയതിന് പിന്നാലെ വിജിലൻസ് സംഘം മുറിക്കുള്ളിലേക്ക് കയറി. പിന്നാലെ, ഇയാളെ കസ്റ്റഡിൽ എടുക്കുകയായിരുന്നു. യുവതിക്ക് പ്രതി അയച്ച വാട്സ് ആപ് സന്ദേശങ്ങളടക്കം വിജിലൻസിന് ലഭിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.
English Summary: Attempted harassment against loan applicant; PF officer arrested
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.