21 December 2024, Saturday
KSFE Galaxy Chits Banner 2

അതിക്രമങ്ങള്‍ക്ക് തട: മെഡിക്കോ ലീഗൽ പ്രോട്ടോകോളിന് മന്ത്രിസഭ അംഗീകാരം

സ്വന്തം ലേഖകൻ
തിരുവനന്തപുരം
May 6, 2022 10:48 pm

പൊലീസ് സ്റ്റേഷനുകളിലെ മൂന്നാംമുറയും കസ്റ്റഡി മരണവും തടയുന്നതിന് മെഡിക്കോ ലീഗൽ പ്രോട്ടോകോൾ നിലവിൽ വന്നു. ഇനിമുതൽ അറസ്റ്റ് ചെയ്യപ്പെടുന്നവർ, റിമാൻഡ് തടവുകാർ എന്നിവരുടെ പൂർണ ആരോഗ്യവിവരങ്ങൾ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും മുമ്പ് നിർദിഷ്ട ഫോർമാറ്റിൽ മെഡിക്കൽ ഓഫീസർമാർ രേഖപ്പെടുത്തും. വൈദ്യപരിശോധന നടപടിക്രമങ്ങൾ സംബന്ധിച്ച് നിയമവകുപ്പ് നിർദേശിച്ച ഭേദഗതിയോടെയുള്ള മെഡിക്കോ ലീഗൽ പ്രോട്ടോകോളിന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി.

മെഡിക്കോ ലീഗൽ പരിശോധനക്കുള്ള അപേക്ഷ കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ സേവനത്തിലുള്ള മെഡിക്കൽ ഓഫീസർക്കാണ് നൽകേണ്ടത്. അവരുടെ അഭാവത്തിൽ മാത്രം സ്വകാര്യ ആശുപത്രിയിലെ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർക്ക് നൽകാം. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതിനാൽ വൈദ്യപരിശോധനയ്ക്ക് കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കണം.

സ്ത്രീകളെ സർക്കാർ വനിതാമെഡിക്കൽ ഓഫീസറോ വനിതാ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിലോ വേണം പരിശോധന നടത്തേണ്ടത്. അവരുടെ അഭാവത്തിൽ മാത്രം സ്വകാര്യ ആശുപത്രികളിലെ വനിതാ മെഡിക്കൽ ഓഫീസറെ സമീപിക്കാം.

കസ്റ്റഡിയിലിരിക്കെ ഏതെങ്കിലും പീഡനങ്ങളോ ശാരീരിക അക്രമങ്ങളോ ഉണ്ടായെങ്കിൽ മെഡിക്കൽ ഓഫീസർ നിർബന്ധമായും രേഖപ്പെടുത്തണം. മുറിവുകളോ അക്രമം മൂലമുള്ള അടയാളങ്ങളോ ഉണ്ടെങ്കിൽ ഏകദേശ സമയം ഉൾപ്പെടെ മെഡിക്കൽ എക്സാമിനേഷൻ റിപ്പോർട്ട് തയ്യാറാക്കണം. നിലവിൽ അസുഖ ബാധിതരാണോ, മുൻകാല രോഗബാധയുണ്ടോ, മരുന്ന് കഴിക്കുന്നുണ്ടോ എന്നതും രേഖപ്പെടുത്തണം. പീഡനത്തെ സൂചിപ്പിക്കുന്ന മുറിവുകൾ, സ്വകാര്യ ഭാഗങ്ങളിലെ മുറിവുകൾ എന്നിവ ഉണ്ടോ എന്നറിയാൻ സമഗ്ര ശരീരപരിശോധന നടത്തണം. ശാരീരിക ബലപ്രയോഗം തുടങ്ങിയവ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ രേഖപ്പെടുത്തണം. ഗുരുതര പരിക്കാണെങ്കിൽ ലഭ്യമായ പരിശോധനകൾ കാലതാമസം കൂടാതെ നടത്താൻ മെഡിക്കൽ ഓഫീസർ ഉത്തരവ് നൽകണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

അറസ്റ്റിലായ വ്യക്തിയുടെ ജീവൻ രക്ഷിക്കേണ്ട സാഹചര്യത്തിലൊഴികെ പരിശോധനയ്ക്കായി അപേക്ഷ നൽകിയ ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ അഡ്മിറ്റ് ചെയ്യുകയോ റഫർ ചെയ്യുകയോ അരുത്. എന്നാൽ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം തേടാം. പരിശോധനയ്ക്ക് കൊണ്ടുവന്ന സ്ഥാപനത്തിൽ വിദഗ്ധരോ ജീവൻരക്ഷാ സൗകര്യങ്ങളോ ഇല്ലെങ്കിൽ മെഡിക്കൽ ഓഫീസർ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. വൈദ്യപരിശോധന, ക്ലിനിക്കൽ പരിശോധന എന്നിവ സൗജന്യമായി നൽകണം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ സ്വകാര്യ ലാബിന്റെ സേവനം തേടാം.

പരിശോധനാ റിപ്പോർട്ടിന്റെ ഒറിജിനൽ ബന്ധപ്പെട്ട പൊലീസ് ഓഫീസർക്കോ അന്വേഷണ ഉദ്യോഗസ്ഥനോ പരിശോധന പൂർത്തിയാക്കിയ ഉടൻ നൽകണം. രണ്ടാം പകർപ്പ് അറസ്റ്റിലായ വ്യക്തിക്കോ അദ്ദേഹം നിർദേശിക്കുന്ന വ്യക്തിക്കോ സൗജന്യമായി നൽകുകയും വേണം.

റിമാന്‍ഡ് തടവുകാരുടെ വൈദ്യ പരിശോധന

 

റിമാൻഡ് തടവുകാരന്റെ ആരോഗ്യ പരിശോധന നടത്തേണ്ടത് ജയിൽ മെഡിക്കൽ ഓഫീസറായിരിക്കണം. കിടത്തി ചികിത്സ ആവശ്യമായി വന്നാൽ കാലതാമസമില്ലാതെ നൽകുകയും വേണം. ആശുപത്രിയിൽ പ്രവേശിപ്പിച്ച റിമാൻഡ് തടവുകാരുടെ ചികിത്സയ്ക്കുള്ള ചുമതല ഹയർ മെഡിക്കൽ സെന്ററിലെ റസിഡന്റ് മെഡിക്കൽ ഓഫീസർക്കായിരിക്കും. റിമാൻഡ് തടവുകാർക്കും ഗാർഡ് ഡ്യൂട്ടിയിൽ ഉള്ള സിപിഒയ്ക്കുമുള്ള സൗകര്യങ്ങൾ തടവുകാരുടെ വാർഡിൽ ഏർപ്പെടുത്തിയെന്ന് ആശുപത്രി മേധാവി ഉറപ്പാക്കുകയും വേണം.

Eng­lish Sum­ma­ry: Cab­i­net approves Medico-Legal Protocol

You may like this video also

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.