27 April 2024, Saturday

Related news

March 14, 2024
February 10, 2024
February 2, 2024
January 30, 2024
January 25, 2024
January 10, 2024
December 13, 2023
December 2, 2023
November 2, 2023
October 23, 2023

കേന്ദ്രം സെസും സർചാർജും കൂട്ടിയതാണ്‌ ഇന്ധനവില ഉയരാൻ കാരണം :ധനമന്ത്രി കെ എൻ ബാലഗോപാൽ

Janayugom Webdesk
തിരുവനന്തപുരം
April 28, 2022 10:25 am

സംസ്ഥാനങ്ങൾ നികുതി കുറയ്‌ക്കാത്തതിനാലാണ്‌ പെട്രോൾ, ഡീസൽ വില കുറയാത്തതെന്ന പ്രധാനമന്ത്രിയുടെ വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന്‌ സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ആറു വർഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല. ഒരു തവണ കുറച്ചു. കേന്ദ്രം സെസും സർചാർജും ലക്കുംലഗാനുമില്ലാതെ കൂട്ടിയതാണ്‌ ഇന്ധനവില ഉയരാൻ കാരണം.

ഇത്‌ നിർത്തിയാൽ ഇന്ധനവില കുറയും. അല്ലാതെ ചില സംസ്ഥാനങ്ങളെ കുറ്റപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശ്രമം അങ്ങേയറ്റം ഖേദകരമാണ്‌‌. സംസ്ഥാനത്തിന്റെ ഈ നിലപാട്‌ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും അറിയിക്കുമെന്നും ധനമന്ത്രിറഞ്ഞു.ഇന്ധന നികുതിയിൽനിന്ന്‌ 42 ശതമാനം സംസ്ഥാനങ്ങൾക്ക്‌ വീതംവയ്‌ക്കുന്നുവെന്നാണ്‌ പ്രധാനമന്ത്രി അവകാശപ്പെട്ടത്‌. എന്നാൽ, ഇന്ധനവിലയുടെ ഗണ്യമായ ഭാഗം സെസും സർചാർജുമാണ്‌. ഇത്‌ മൂന്നു രൂപയിൽനിന്ന്‌ 31 രൂപയാക്കി. ഇതിൽ ഒരു രൂപപോലും സംസ്ഥാനങ്ങൾക്ക്‌ നൽകുന്നില്ല.

സംസ്ഥാനങ്ങൾക്ക്‌ വിഭജിക്കുന്ന നികുതിയുടെ 1.92 ശതമാനമാണ്‌ കേരളത്തിന്‌ അനുവദിക്കുന്നത്‌. 3.5 ശതമാനമുണ്ടായിരുന്നത്‌ വെട്ടിക്കുറയ്‌ക്കുകയായിരുന്നു. ജിഎസ്‌ടി നഷ്ടപരിഹാരവും ജൂൺ 30നു നിലയ്‌ക്കും. ഇത്തരത്തിൽ വലിയ സാമ്പത്തിക പ്രയാസം നേരിടുന്ന സംസ്ഥാനത്തെ കുറ്റപ്പെടുത്തി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ്‌ പ്രധാനമന്ത്രി നോക്കുന്നത്‌. ഇത്‌ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്‌. ചില സംസ്ഥാനം ഇന്ധന നികുതി കുറച്ചെന്ന്‌ അവകാശപ്പെടുന്നു. ഇവർക്ക്‌ കേന്ദ്ര നികുതിയിലെ ഉയർന്ന വിഹിതം ലഭിക്കുന്നത്‌ ചർച്ചയാകുന്നില്ല.

സംസ്ഥാനങ്ങളുടെ രക്ഷിതാവായി പ്രവർത്തിക്കേണ്ട കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും വിപരീതഫലമാണ്‌ ചെയ്യുന്നതെന്ന്‌ ആക്ഷേപിച്ചാൽ കുറ്റപ്പെടുത്താനാകില്ല. ഏഴു സംസ്ഥാനത്തിന്റെ പേര്‌ എടുത്തുപറഞ്ഞ്‌ കേരളത്തെയും വിമർശിക്കാനാണ്‌ പ്രധാനമന്ത്രി ശ്രമിച്ചത്‌.സെസും സർചാർജും പിൻവലിക്കണമെന്നത്‌ ജിഎസ്‌ടി കൗൺസിലിൽ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാ സംസ്ഥാനവും ആവശ്യപ്പെട്ടു. ഇതിനോട്‌ കണ്ണടയ്‌ക്കുന്നത്‌ കേന്ദ്ര സർക്കാരാണ്‌. അവകാശമില്ലാത്ത പണമാണ്‌ കേന്ദ്രം പിരിക്കുന്നത്‌‌. ഇത്‌ മറച്ചുവച്ചുള്ള കുറ്റപ്പെടുത്തലുകൾ ഗുണം ചെയ്യില്ലെന്നും ധനമന്ത്രി പറഞ്ഞു.

ആറു വർഷത്തിനിടെ ഇന്ധന നികുതി ഇനത്തിൽ കേന്ദ്ര സർക്കാരിന്‌ ലഭിച്ചത്‌ 23 ലക്ഷം കോടിയോളം രൂപ. 2016–- 17 സാമ്പത്തിക വർഷംമുതൽ 2021–-22 വരെയുള്ള വരുമാനമാണ് ഇത്‌. ഈ കാലയളവിൽ വിൽപ്പന നികുതിയിനത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആകെ ലഭിച്ചത്‌ 11 ലക്ഷം കോടി രൂപ മാത്രമാണ്‌.ജിഎസ്‌ടി നിരക്കുകൾ യുക്തിഭദ്രമാക്കുന്നതു സംബന്ധിച്ച്‌ പഠിക്കാൻ ജിഎസ്‌ടി കൗൺസിൽ നിയോഗിച്ച മന്ത്രിതല സമിതി അഭിപ്രായം അറിയിച്ചിട്ടില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. കർണാടക ധനമന്ത്രി ചെയർമാനായ സമിതിയിൽ കേരളവും അംഗമാണ്‌.

ഈ സമിതി രണ്ടുവട്ടം പ്രാഥമിക ചർച്ച നടത്തിയതല്ലാതെ റിപ്പോർട്ട്‌ സമർപ്പിച്ചിട്ടില്ല. വ്യക്തമായ പഠനത്തിനുശേഷം നിർദേശങ്ങൾ നൽകുകയാണ്‌ സമിതി നിലപാട്‌. കേരളം 25 ഇനത്തിന്റെ നികുതിനിരക്കുകളിൽ പഠനം നടത്തിയിരുന്നു. ഫ്രിഡ്‌ജ്‌ ഉൾപ്പെടെയുള്ളവയുടെ മൂല്യവർധിത നികുതി ജിഎസ്‌ടി ആയപ്പോൾ കുറഞ്ഞു. ഈ നികുതി കുറവ്‌ ഫലത്തിൽ ഉൽപ്പാദക കമ്പനികൾക്കാണ്‌ പ്രയോജനപ്പെട്ടത്. ഉപഭോക്താക്കളുടെ വിലയിൽ കുറവുണ്ടായില്ല. അമിത ലാഭം തടയൽ അതോറിറ്റിയും ഇക്കാര്യങ്ങൾ പരിശോധിച്ചിട്ടില്ല. ഇതെല്ലാം കണക്കിലെടുത്തുള്ള ശുപാർശകളായിരിക്കും ഉപസമിതി നൽകുകയെന്നും ധനമന്ത്രി പറഞ്ഞു

Eng­lish Sum­ma­ry: Cen­ter rais­es cess and sur­charge: Fuel prices rise: Finance Min­is­ter KN Balagopal

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.