26 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 25, 2025
January 25, 2025
January 17, 2025
January 15, 2025
December 4, 2024
November 25, 2024
October 16, 2024
August 13, 2024
August 3, 2024
August 1, 2024

വന്യ ജീവി ആക്രമണം തടയാനുള്ള പ്രധാന തടസം കേന്ദ്ര നിയമം; വനനിയമ ഭേദഗതിയിൽ ആശങ്ക പരിഹരിക്കാതെ മുന്നോട്ടില്ലെന്നും മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
January 15, 2025 5:40 pm

വന നിയമ ഭേദഗതി സംബന്ധിച്ച നിർദേശങ്ങളെക്കുറിച്ച് പല ആശങ്കകളും ഉയർന്നിട്ടുള്ളതിനാൽ അത്തരം ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ പ്രയാസപ്പെടുത്തുന്നതോ ആശങ്കയില്‍ ആക്കുന്നതോ ആയ ഒരു നിയമ ഭേദഗതിയും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും വനം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടരാന്‍ തല്‍ക്കാലം സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 1961ലെ കേരള വനനിയമത്തിന്റെ ഇപ്പോഴത്തെ ഭേദഗതി നിർദേശങ്ങൾ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. അഡീഷണൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ തയ്യാറാക്കിയ കരട് ബില്ലിലാണ് തുടക്കം. മനഃപൂർവം വനത്തിൽ കടന്നുകയറുക എന്ന ഉദ്ദേശ്യത്തോടെ വനമേഖലയിലൂടെ സഞ്ചരിക്കുന്നവർ വനത്തിനുള്ളിൽ വാഹനം നിര്‍ത്തുക, വനത്തിൽ പ്രവേശിക്കുക എന്നതെല്ലാം കുറ്റമാക്കുന്നത് ആണ് ഈ ഭേദഗതി. അതിന്റെ തുടർനടപടികളാണ് പിന്നീട് ഉണ്ടായത്.

ഇപ്പോൾ വനനിയമ ഭേദഗതി സംബന്ധിച്ച നിര്‍ദേശങ്ങളെക്കുറിച്ച് പല ആശങ്കകളും ഉയർന്നിട്ടുണ്ട്. അതിനാല്‍ ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വകുപ്പുകളിൽ നിക്ഷിപ്തമാകുന്ന അധികാരം ദുർവിനിയോഗം ചെയ്യാനിടയുണ്ടെന്ന ആശങ്കകൾ സർക്കാർ ഗൗരവമായി കാണുന്നു. കർഷകർക്കും മലയോര മേഖലയിൽ വസിക്കുന്ന ജനവിഭാഗങ്ങളുടെയും ന്യായമായ താല്പര്യത്തിനെതിരെ ഒരു നിയമവും ഈ സർക്കാരിന്റെ ലക്ഷ്യമല്ല. ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയാവണം എന്നതാണ് സര്‍ക്കാര്‍ നിലപാട്.

കേരളത്തിന്റെ ആകെ വിസ്തൃതി 38,863 ചതുരശ്ര കിലോമീറ്ററാണ്. അതിൽ 11,309 ചതുരശ്ര കിലോമീറ്റർ വനമേഖലയാണ്. 1525.5 ചതുരശ്ര കിലോമീറ്റർ തോട്ടങ്ങളാണ്. നമ്മുടെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 860 ആണ്. തമിഴ്‌നാട്ടിലേത് 555 ഉം കർണാടകയില്‍ 319 ഉം ആണ്. സംസ്ഥാനത്തിന്റെ ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ സവിശേഷതകളും ജീവിത രീതികളും കണക്കിലെടുക്കുന്നതാവണം വനനിയമങ്ങൾ എന്നാണ് ഇടതുപക്ഷ നിലപാട്.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങൾ സംരക്ഷിക്കപ്പെടണം. അതേസമയം നീതിരഹിതമായ രീതിയിൽ വനവും വനവിഭവങ്ങളും ചൂഷണം ചെയ്യപ്പെടാനും പാടില്ല. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വെള്ളം ചേർക്കരുതെന്ന സമീപനമാണ് സർക്കാരിന്റേത്. അതിൽ ഒരു മാറ്റവും വരുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ഈ പ്രശ്നത്തിൽ സംസ്ഥാനത്തിന്റെ യാഥാർത്ഥ്യങ്ങൾ മനസിലാക്കി നടപടികൾ സ്വീകരിക്കണം. അതിനായി കേരളത്തില്‍ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

തടസം കേന്ദ്രനിയമം

വന്യജീവി ആക്രമണങ്ങൾ നേരിടുന്നതിന് പ്രധാന തടസം 1972ലെ കേന്ദ്രനിയമവും വന്യജീവികളെ നേരിടുന്നതിന് കേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള കർശന വ്യവസ്ഥകളുമാണ്. ഈ നിയമം ഭേദഗതി ചെയ്യാൻ സംസ്ഥാനത്തിന് മാത്രം സാധിക്കില്ല എന്നും ഓർക്കണം. ക്രിമിനൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് പ്രകാരം ആക്രമണകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ നിലവിൽ സാധ്യമല്ല. കേന്ദ്ര സർക്കാരും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിട്ടിയും പുറപ്പെടുവിച്ച, ജനവാസമേഖലകളിൽ എത്തുന്ന കടുവകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദീകരിക്കുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ (എസ്ഒപി), കാട്ടാനകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദീകരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയും ഇതിന് തടസമാണ്.
ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രമേ ഒരു വന്യജീവിയെ കൊല്ലാനാകൂ. കാട്ടുപന്നിയെ കൊല്ലുന്നതിന് നിരവധി തവണ സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രം ആവർത്തിച്ച് അനുമതി നിഷേധിച്ചു. അതിനാലാണ് കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച എല്ലാ കർശന നിയന്ത്രണങ്ങളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്നും നിയമസഭ പ്രമേയം പാസാക്കിയത്.

TOP NEWS

January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 25, 2025
January 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.