28 April 2024, Sunday

ചണ്ഡീഗഢ് നല്‍കുന്നത് ഉപാധികളില്ലാത്ത ഐക്യാഹ്വാനം

Janayugom Webdesk
February 1, 2024 5:00 am

ണ്ഡീഗഢ് മുനിസിപ്പൽ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പുഫലം രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുന്നത് അത് ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ബിജെപിയും പ്രതിപക്ഷ ഇന്ത്യ സഖ്യവും തമ്മിൽ നടന്ന ആദ്യത്തെ നേരിട്ടുള്ള രാഷ്ട്രീയ തെരഞ്ഞെടുപ്പ് മത്സരം ആയിരുന്നു എന്നതും, അവിടെ തെരഞ്ഞെടുപ്പ് സമവാക്യങ്ങൾ വ്യക്തമായും അട്ടിമറിക്കപ്പെട്ടു എന്നതുകൊണ്ടുമാണ്. 35 അംഗ കോർപറേഷൻ കൗൺസിലിൽ എഎപിയും കോൺഗ്രസും ഉൾപ്പെട്ട ഇന്ത്യ സഖ്യത്തിന് 20 അംഗങ്ങളും ബിജെപി-ശിരോമണി അകാലിദൾ സഖ്യത്തിന് 14 അംഗങ്ങളുമാണ് ഉള്ളത്. മേയർ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള ബിജെപിയിൽ പെട്ട സ്ഥലം ലോക്‌സഭാംഗമടക്കം ആ സഖ്യത്തിന് 16 വോട്ടുകളാണുള്ളത്. ഇന്ത്യ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരിക്കെ വരണാധികാരിക്ക് അസുഖമാണെന്ന കാരണംപറഞ്ഞ് ജനുവരി 18നു നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് 30ലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച നടന്ന മേയർ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെയും അവരുടെ ഏജന്റുമാരെയും ഒഴിവാക്കി വരണാധികാരി നേരിട്ട് നടത്തിയ വോട്ടെണ്ണലിൽ ഇന്ത്യ സഖ്യത്തിന്റെ എട്ട് വോട്ടുകൾ അസാധുവായി പ്രഖ്യാപിക്കുകയും ബിജെപിയുടെ സ്ഥാനാർത്ഥിയെ മേയറായി അവരോധിക്കുകയുമാണ് ഉണ്ടായത്. ഇന്ത്യ സഖ്യത്തിന്റെ മേയർ സ്ഥാനാർത്ഥി ഇപ്പോൾ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പുകളിൽ കേന്ദ്രഭരണം കയ്യാളുന്ന ബിജെപി കൃത്രിമങ്ങളും അട്ടിമറികളും നടത്തുന്നത് ഇത് ആദ്യമല്ല. ഒരുതരത്തിലും തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിൽ കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും അധികാരം പിടിച്ചെടുക്കാനും അവർ മടിക്കില്ലെന്ന് വിവിധ സംസ്ഥാനങ്ങളിലായി ഒരുഡസനോളം തവണ അവർ നടത്തിയ രാഷ്ട്രീയ, അധികാര അട്ടിമറികൾ സാക്ഷ്യപ്പെടുത്തുന്നു. നിതീഷ് കുമാറിന്റെ കാലുമാറ്റത്തിലൂടെ ബിഹാറിൽ നടത്തിയ രാഷ്ട്രീയ നാടകവും, അതിനുമുമ്പ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടത്തിയ ശ്രമം കോടതി ഇടപെടലിലൂടെ തടഞ്ഞതും, അത്തരം ജനാധിപത്യവിരുദ്ധ രാഷ്ട്രീയക്കളികളുടെ അവസാന ഉദാഹരണങ്ങളാണ്.

 


ഇതുകൂടി വായിക്കൂ;  എട്ടു വോട്ടുകൾ അസാധുവാക്കി; ചണ്ഡീഗഢില്‍ ബിജെപിയുടെ ജനാധിപത്യ വഞ്ചന


ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ നടന്ന ബിജെപി, ഉദ്യോഗസ്ഥ ഗൂഢാലോചനയും രാഷ്ട്രീയ അട്ടിമറിയും വരാൻപോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നീതിപൂർവവുമായ നടത്തിപ്പിനെപ്പറ്റിയും ഫലത്തെപ്പറ്റിയും സാമാന്യജനങ്ങളിലും രാഷ്ട്രീയ പാർട്ടികളിലുമുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ഭരണഘടനാ സ്ഥാപനത്തെ മോഡി ഭരണകൂടം ഭരണഘടനാ ഭേദഗതിയിലൂടെ കൈപ്പിടിയിൽ ഒതുക്കിയിരുന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഉൾപ്പെട്ട സമിതി നിർദേശിക്കുന്ന ആൾ എന്ന സുപ്രീം കോടതി നിർദേശത്തിന് പകരം പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മറ്റൊരംഗവും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സമിതിയെന്ന ഭേദഗതി വഴി ഈ സുപ്രധാന ഭരണഘടനാ പദവിയിൽ തന്റെ ആജ്ഞാനുവർത്തികളെ പ്രതിഷ്ഠിക്കാനുള്ള വ്യവസ്ഥ മോഡി ഉറപ്പുവരുത്തി. തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവരുന്ന കാലപ്പഴക്കംചെന്ന ഇലക്ട്രോണിക് യന്ത്രങ്ങൾക്ക് പകരം വിവിപാറ്റ് സംവിധാനത്തോടുകൂടിയ പുത്തൻ യന്ത്രങ്ങളും, അവ രേഖപ്പെടുത്തുന്ന പേപ്പർ ട്രയലുകൾ പൂർണമായും എണ്ണി തിട്ടപ്പെടുത്തണമെന്ന പ്രതിപക്ഷാവശ്യവും അപ്പാടെ തിരസ്കരിക്കപ്പെട്ടു. ജനാധിപത്യത്തിന്റെ സത്യസന്ധവും നീതിപൂർവവുമായ നിർവഹണത്തിന്റെ ഉരകല്ലാണ് തെരഞ്ഞെടുപ്പ്. അത് ഉറപ്പുവരുത്തേണ്ട ഭരണനിർവഹണ സംവിധാനവും അതിനായുള്ള ഉപാധികളും വിശ്വസനീയമല്ലെന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നിയമനിർമ്മാണത്തിലൂടെ ബിജെപി ആർജിച്ച അളവറ്റ വിഭവശേഷിയും ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്ത വർഗീയ വിദ്വേഷരാഷ്ട്രീയവും സൃഷ്ടിക്കുന്ന അന്തരീക്ഷവും നീതിപൂർവമായ തെരഞ്ഞെടുപ്പ് എന്ന സങ്കല്പത്തിനുമേൽ നിഴൽ വീഴ്ത്തിയിരിക്കുന്നു.

 


ഇതുകൂടി വായിക്കൂ;  വയോജന സംരക്ഷണത്തിന്റെ കേന്ദ്രമാതൃക


മേല്പറഞ്ഞ വസ്തുനിഷ്ഠ സാഹചര്യങ്ങളെ മറികടക്കാൻ ഭരണഘടനയിലും അത് ഉറപ്പുനൽകുന്ന ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളിലും പ്രതിബദ്ധരായ ജനതയുടെ ധീരമായ ചെറുത്തുനില്പിലും പോരാട്ടവീര്യത്തിലുമാണ് രാജ്യം പ്രതീക്ഷയർപ്പിക്കുന്നത്. ചണ്ഡീഗഢ് കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് പ്രതിപക്ഷ പാർട്ടികൾക്ക് നൽകുന്ന പാഠം സുവ്യക്തമാണ്. ഒരുമിച്ചുനിൽക്കുകയല്ലാതെ മറ്റൊരു മാർഗവും അവശേഷിക്കുന്നില്ല. സ്വന്തം കരുത്തിലുള്ള അതിരുകടന്ന ആത്മവിശ്വാസം സ്വയം വിനാശത്തിലേക്ക് മാത്രമല്ല മറ്റെന്തിനെക്കാളും വിലമതിക്കുന്ന ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെതന്നെ ശവപ്പറമ്പിലേക്കായിരിക്കും രാജ്യത്തെ തള്ളിവിടുക. ചണ്ഡീഗഢ് നൽകുന്നത് ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും നിയമവാഴ്ചയ്ക്കും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി ഉപാധികളില്ലാത്ത ഐക്യത്തിനുള്ള ആഹ്വാനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.