21 January 2025, Tuesday
KSFE Galaxy Chits Banner 2

ചേർത്തല ശ്രീനാരായണ സ്മാരക സ്കൂൾ 
സംരക്ഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Janayugom Webdesk
October 15, 2022 11:44 am

ആലപ്പുഴ: ശ്രീനാരായണഗുരു 1921 ൽ ചേർത്തലയിൽ സർക്കാർ വിദ്യാലയം സ്ഥാപിക്കാൻ കൈമാറിയ ആശ്രമ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ മെമ്മോറിയൽ സർക്കാർ ഹയർസെക്കന്ററി സ്കൂൾ കാലതാമസം കൂടാതെ പൂർണ്ണമായ അർത്ഥത്തിൽ സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഭൗതിക സാഹചര്യങ്ങളുടെ അഭാവവും കൃത്യമായി സംരക്ഷണ ജോലികൾ ചെയ്യാത്തതും സ്കൂൾ കെട്ടിടങ്ങളുടെ പരിതാപകരമായ അവസ്ഥക്ക് കാരണമായതായി കമ്മീഷൻ അംഗം വി കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.

ശ്രീനാരായണഗുരുവിന്റെ സ്മരണ പുന:പ്രകാശിപ്പിക്കാൻ ഉതകുന്ന വിദ്യാലയത്തിൽ ചരിത്ര, ശാസ്ത്ര- സാങ്കേതിക മ്യൂസിയം സ്ഥാപിക്കണമെന്ന ആവശ്യത്തിന് മുൻഗണന നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്കൂൾ സംബന്ധിച്ച വിവരശേഖരണത്തിന് റീജിയണൽ ഡപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ സർക്കാരിനെ അറിയിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 1000 ത്തിനടുത്ത് കുട്ടികളും 40 ജീവനക്കാരുമുള്ള സ്കൂളിലെ പല കെട്ടിടങ്ങളും പ്രവർത്തനക്ഷമമല്ലെന്ന് സ്കൂളിലെ പ്രഥമാധ്യാപിക സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ നിന്നും മനസിലാക്കുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഓഫീസ് മുറി പ്രവർത്തിക്കുന്നത് ചോർന്നൊലിക്കുന്ന മുറിയിലാണ്. കുട്ടികൾക്കും ജീവനക്കാർക്കും ശുചിമുറി സuകര്യം പോലുമില്ലെന്ന് റിപ്പോർട്ടിൽ നിന്നും വ്യക്തമാണെന്ന് ഉത്തരവിൽ പറഞ്ഞു. പ്രദേശവാസിയായ പി രാജേന്ദ്രപ്രസാദ് സമർപ്പിച്ച പരാതിയിലാണ് നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.